ഇവള് പാടെന്ററിന്തേയുളന്‍, നവരമാതകലം മുന്നേ (രാമചരിതം, പടലം 119, പാട്ട് 8). ഇവള്‍ക്ക് ആതകലം പിഴയില്ല എന്നു ഞാന്‍ തീര്‍ച്ചയായും മുമ്പുതന്നെ അറിഞ്ഞിരിക്കുന്നു. സംസ്‌കൃതത്തിലെ ആസകലമാണ് പ്രാചീനമലയാളത്തിലെ ആതകലം. ''ആസകല''ത്തിന്റെ തദ്ഭവമാണ് ആതകലം എന്നും പറയാം. ആ + സകലം = ആസകലം. മുഴുവനും (എല്ലാം, ആകെപ്പാടെ) എന്നാണ് ആസകലം എന്ന വാക്കിന്റെ അര്‍ഥം. ''ആസകലം എന്നതിനുതന്നെ മുഴുവനും എന്നര്‍ഥമുള്ളതിനാല്‍ ആസകലവും എന്ന പ്രയോഗം ശരിയല്ല.''* ഇത് കേവലം ഒരു ഭാഷാപദമായി പ്രയോഗിക്കുന്നതിനാല്‍ ഭാഷാകവികള്‍ക്ക് വിരോധമില്ലായിരിക്കാം. ഞാന്‍ അങ്ങനെ പ്രയോഗിക്കയില്ലെന്നേയുള്ളൂ* എന്ന് കേരളവര്‍മയും രേഖപ്പെടുത്തിയിട്ടുണ്ട്.
ആസകലം അര്‍ഥപരമായി സമുച്ചയം നിപാതം ചേര്‍ന്ന പദമാണ്. വീണ്ടും ഉം ചേര്‍ത്ത് ആസകലവും എന്നായാല്‍ അവിടെ പുനരുക്തിദോഷം വന്നുചേരും. സാങ്കേതികമായി പറഞ്ഞാല്‍ പ്രത്യയപൗനരുക്ത്യം. അതായത്, ഉം എന്ന സമുച്ചയനിപാതത്തിന്റെ അനാവശ്യമായ ആവര്‍ത്തനം. ഇതേക്കുറിച്ച് ഭാഷാശാസ്ത്രജ്ഞനായ വി.ആര്‍. പ്രബോധചന്ദ്രന്‍നായരുടെ നിരീക്ഷണം ഇവിടെ ചേര്‍ക്കുന്നു: ''ആസകലം = മുഴുവനും. മറ്റു പല വാക്കുകളോടുമെന്നതിന്‍വണ്ണം 'ആസകല'ത്തോടും ഉം ചേര്‍ക്കാനാണ് മലയാളിക്കിഷ്ടം. മുഴുവന്‍ എന്നു പറഞ്ഞാല്‍ മതി; എങ്കിലും മുഴുവനും എന്നു പറഞ്ഞുപോകുന്നു. മലയാളി സംസ്‌കൃതം എഴുതുമ്പോള്‍ ഈ 'ഉം', 'അപി' എന്ന രൂപത്തിലോ മറ്റോ കടന്നുവരും. 'ഗര്‍വം ആസകലമപിതീരും' (രാവണവിജയം ആട്ടക്കഥ). ആസകലത്തിനുശേഷം വരുന്ന അപി മലയാളത്തിലെ ഉം തന്നെയല്ലേ? എങ്കിലും, അത് സദാ കൂടിയേ തീരൂ എന്നില്ല. ഉദാ. ''ശരീരമാസകലം എണ്ണതേച്ച്...''* ചുരുക്കിപ്പറയട്ടെ: ഒന്നുകില്‍ ആസകലം അല്ലെങ്കില്‍ മുഴുവനും. ആര്‍ഥികമായി ആസകലത്തോട് ഉം ചേര്‍ക്കേണ്ടതില്ലെന്നു പൊരുള്‍.
* ദാമോദരന്‍നായര്‍, പി., അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം - 76
** ഗോപാലപിള്ള, കെ.എന്‍., അപശബ്ദശോധിനി, എന്‍.ബി.എസ്. കോട്ടയം, 2010, പുറം - 25
*** പ്രബോധചന്ദ്രന്‍ നായര്‍, വി.ആര്‍. ഡോ., എഴുത്തു നന്നാവാന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം - 58
ശ്രേഷ്ഠമലയാളം