കേരളത്തിലെ കാടുകളില്‍ പുഴുവും ശലഭവും മുതല്‍ ആനയും കടുവയും വരെ കാണാനാവും. കടുവയെ കേരളത്തിലെ വനരാജനെന്നു വിശേഷിപ്പിക്കാം. ഒപ്പം മറ്റൊരു പ്രധാന വിശേഷണംകൂടി കടുവയ്ക്കുണ്ട്. കടുവ നമ്മുടെ രാജ്യത്തിന്റെ ദേശീയമൃഗമാണ്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇവ കാണപ്പെടുന്നു. ശക്തിയില്‍ സിംഹത്തെപ്പോലും തോല്‍പിക്കാന്‍പോന്ന മൃഗംതന്നെ കടുവ. കേരളത്തില്‍ ഏതാണ്ട് എല്ലാ കാടുകളിലും കടുവകളെ കണ്ടുവരുന്നു.
വന്യജീവിയാക്രമണം തുടര്‍ക്കഥയാകുന്ന വയനാട്ടില്‍ 2020 ജൂണ്‍മാസത്തില്‍ അതിദാരുണമായൊരു സംഭവം നടന്നു. കടുവ തന്നെ വില്ലന്‍! 24 വയസ്സുള്ള ശിവകുമാറിനെ കടുവ കൊന്നുതിന്നു. പുല്‍പ്പള്ളി കാര്യമ്പാതി ബസവന്‍കൊല്ലി കോളനി ആദിവാസി മാധവന്റെ മകനെയാണിങ്ങനെ കടുവ ഇരയാക്കിയത്. ശിവകുമാറിന്റെ മുഖവും കാലുകളും മാത്രമായിരുന്നു ബാക്കി.
സാധാരണമായി കടുവകളെ വനത്തില്‍ കാണുക പ്രയാസമാണ്. മിക്കവാറും ഇവ ഇടതൂര്‍ന്ന കാട്ടിലോ മറ്റ് ഒളിത്താവളങ്ങളിലോ ആയിരിക്കും. കേരളത്തില്‍ രണ്ടു കടുവാസംരക്ഷണകേന്ദ്രങ്ങളുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വും പറമ്പിക്കുളവും. കടുവകള്‍ക്ക് അനായാസമായി നീന്താനും കരയിലൂടെ അതിവേഗമോടാനും ഒപ്പം ഉയരെ ചാടാനും കഴിയും. മരം കയറാന്‍ കടുവകള്‍ക്കു പ്രയാസം തന്നെ. ചെറുമരങ്ങളില്‍ കയറിക്കൂടിയെന്നും വരും. കരിയിലകള്‍ക്കിടയില്‍ക്കൂടെ നടക്കുമ്പോഴും അവയുടെ പാദപതനശബ്ദം കേള്‍ക്കാറില്ലെന്നതാണു വാസ്തവം. ഇതും ഇരപിടിത്തത്തിനു കടുവയ്ക്കു സഹായകരമാണ്. മ്ലാവ്, മാന്‍, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയാണ് കടുവ വേട്ടയാടുക. കൂടുതലിഷ്ടം മ്ലാവിനോടാണ്. ചെറുജീവികളെ കടുവകള്‍ സാധാരണമായി പിടികൂടാറില്ല.
കടുവകള്‍ക്ക് ഏതാണ്ട് എട്ടടിയോളം നീളം വരും. വാല്‍ ഉള്‍പ്പെടെയാണിത്. ശരീരത്തിന്റെ മൂന്നിലൊന്ന് അളവാണ് വാലിനുണ്ടാകുക. 280 കിലോഗ്രാം വരെ ഭാരമുണ്ടാകും. മനോഹമായ ഓറഞ്ച് നിറത്തില്‍ കറുത്ത വീതിയുള്ള വരകളാണ് കടുവകളുടെ രോമക്കുപ്പായത്തില്‍ കാണുക. വെളുപ്പും ചെമപ്പും നിറങ്ങളും കൂടെ കണ്ടുവരുന്നുണ്ട്. ശരീരത്തിന്റെ അടിഭാഗത്തും പാദങ്ങളിലും ഇതേ നിറങ്ങള്‍ കാണപ്പെടുന്നു.
സൈബീരിയയാണ് കടുവയുടെ ജന്മദേശം. 'പാന്തെറാ ടൈഗ്രിസ്' എന്നാണ് ശാസ്ത്രനാമം. ഇന്ത്യയില്‍ മുപ്പതോളം കടുവസംരക്ഷണകേന്ദ്രങ്ങളുണ്ട്. ശരാശരി 25 വര്‍ഷക്കാലമാണ് കടുവയുടെ ആയുസ്സ്. ഒറ്റയ്ക്കു സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന കടുവ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളിലൊന്നാണെന്നുകൂടി അറിയുക. ഒറ്റയ്ക്കു വേട്ടയ്ക്കിറങ്ങുന്ന ഈ മൃഗം ഉള്‍വനത്തിലെ ജലാശയത്തിനടുത്തുണ്ടാവും. ഒരു ദിവസം കുറഞ്ഞത് ഒരു തവണയെങ്കിലും വെള്ളം കുടിക്കാതെ കഴിയാനാവില്ല.