കേരളക്കാടുകള്‍ക്കു രാജാവില്ലെന്നോ? അതുതന്നെ കാര്യം. കാടുകളുടെ രാജാവ് അഥവാ മൃഗങ്ങളുടെ രാജാവാണ് ഇവിടെ പരാമര്‍ശം. കേരളത്തിലെ കാടുകളിലെങ്ങും സിംഹമില്ലെന്നു സാരം. കാട്ടുമൃഗങ്ങളുടെ കാര്യത്തില്‍ കേരളത്തിന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ത്തന്നെ സ്ഥാനം. സിംഹമില്ലെങ്കിലും വന്യജീവികളാല്‍ സമ്പന്നമാണ് നമ്മുടെ കാടുകള്‍. കടുവ മുതല്‍ കാട്ടുപൂച്ചവരെയുള്ള മാര്‍ജാരകുടുംബവും കാട്ടുനായ് മുതല്‍ കുറുക്കന്‍വരെയുള്ള നായ് കുടുംബവും നാടന്‍കുരങ്ങുമുതല്‍ കുട്ടിത്തേവാങ്ക് വരെയുള്ള വാനരവംശവുമൊക്കെ ഉള്‍പ്പെടുന്ന വന്‍കാട്ടുജീവി സമ്പത്ത് കേരളത്തിലുണ്ട്. ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട വന്യമൃഗങ്ങളെല്ലാം കേരളക്കാടുകളിലുണ്ട്, മൃഗരാജനൊഴിച്ച്.
ഒരുകാലത്ത് ലോകത്തിന്റെ പലയിടങ്ങളിലുമുണ്ടായിരുന്ന സിംഹം ഇപ്പോള്‍ സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തും ഇന്ത്യയില്‍ ഗിര്‍വനത്തിലും മാത്രമായി ഒതുങ്ങിയിരിക്കുന്നു! കാട്ടില്‍ എതിരില്ലാത്തവനാണ് സിംഹം. കടുവയ്ക്കുമുമ്പ് ഇന്ത്യയുടെ ദേശീയമൃഗം സിംഹം തന്നെയായിരുന്നുവെന്നോര്‍ക്കുക. പൂച്ച വര്‍ഗ്ഗത്തില്‍ സമൂഹമായി ജീവിക്കുന്ന ഏകമൃഗം സിംഹമാണ്. രണ്ടോ മൂന്നോ ആണ്‍സിംഹങ്ങളും ആറോ ഏഴോ സിംഹികളും കുഞ്ഞുങ്ങളും ചേര്‍ന്ന സംഘങ്ങളായാണ് ജീവിക്കുക. കൂട്ടത്തിലെ കരുത്തന്‍ സംഘത്തലവന്‍. സാധാരണമായി എട്ടടിയോളം നീളവും മുന്നൂറോളം കിലോഗ്രാം ഭാരവുമാകും സിംഹത്തിനുണ്ടാകുക. ശരാശരി 25 വയസ്സ് ആയുസ്സും. ആണ്‍സിംഹത്തിന്റെ കഴുത്തിലെ ജടതന്നെ സവിശേഷകാഴ്ചയല്ലേ? പൊതുവേ ഒന്നു പറയട്ടെ, കാടിന്റെ ശക്തിയും സൗന്ദര്യവും ഗാംഭീര്യവുമൊക്കെ കാണപ്പെടുക സിംഹത്തില്‍ത്തന്നെ! സംശയമില്ല.