നീളത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ ഏഴാം സ്ഥാനവും ലോകത്ത് 12-ാം സ്ഥാനവുമുളള നദിയാണ് മെക്കോങ്. ഇതിന്റെ തീരപ്രദേശങ്ങള്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. 20000 ലധികം സസ്യങ്ങളും 12000 ലധികം മൃഗപക്ഷിജാലങ്ങളും ഇവിടെയുണ്ട്. ചൈനയിലെ ക്വിന്‍ ഹായ് പ്രവിശ്യയുടെ തെക്കുകിഴക്കേ താഴ്‌വരയില്‍നിന്നാണ് മെക്കോങ്ങിന്റെ ഉദ്ഭവം. 4300 കി.മീറ്ററിലധികം നീളമുണ്ട്. തെക്കന്‍ ചൈനാക്കടലിലാണിതു ചെന്നുചേരുന്നത്. ടിബറ്റ്, മ്യാന്‍മര്‍, ലാവോസ്, തായ്‌ലന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലൂടെയാണ് നീണ്ടയാത്ര. 430 ലധികം സസ്തനികളും 800 ലധികം ഇഴജന്തുക്കളും അനവധി ശുദ്ധജലമത്സ്യങ്ങളും അധിവസിക്കുന്നതാണീ നദിയും നദിക്കരയുമൊക്കെ. 1995 ല്‍ ലാവോസ്, കംബോഡിയ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഒരുമിച്ച് മെക്കോങ് റിവര്‍ കമ്മീഷന്‍ രൂപീകരിച്ചു. മെക്കോങ് നദിയിലെ വിഭവങ്ങളുടെ കൃത്യമായ ഉപഭോഗം ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ മുഖ്യോദ്ദേശ്യം.
മെക്കോങ് നദിയുടെ നദീതടത്തെ അപ്പര്‍ ബേസിന്‍ എന്നും ലോവര്‍ ബേസിന്‍ എന്നും രണ്ടായി തിരിക്കാം. ടിബറ്റും സമീപപ്രദേശങ്ങളുമടങ്ങുന്നതാണ് അപ്പര്‍ ബേസിന്‍. മെക്കോങ് നദീതടത്തിന്റെ കാല്‍ഭാഗം വരുന്ന ഈ പ്രദേശം കുത്തനേയുള്ളതും വീതി കുറഞ്ഞതും ദുര്‍ഘടം പിടിച്ചതുമാണ്. ഈ പ്രദേശം പൊതുവേ ഗതാഗതത്തിന് അനുയോജ്യമല്ല. മെക്കോങ്ങിന്റെ പ്രധാന കൈവഴികളിലൊക്കെ ഒത്തുചേരുന്ന ലോവര്‍ ബേസിന്‍ പ്രദേശം പരന്നു ശാന്തമായൊഴുകുന്നതാണ്. ഗതാഗതത്തിനും ജലസേചനത്തിനുമൊക്കെ പറ്റിയ അന്തരീക്ഷമാണിവിടെയുള്ളത്. പലതരം കൃഷിയിടങ്ങള്‍ ഈ നദീതടപ്രദേശത്തുണ്ട്.
മെക്കോങ് നദിയുടെ ലോവര്‍ ബേസിന്‍ ഉള്‍നാടന്‍ മത്സ്യക്കൃഷിക്കും മീന്‍പിടിത്തത്തിനും പ്രശസ്തമാണ്. ഇവിടത്തെ നാലുകോടിയിലധികം ആളുകള്‍ മീന്‍പിടിത്തം ഉപജീവനമാര്‍ഗമായി കഴിയുന്നവരാണ്. നാം ഖാന്‍, താ, നമു, കോക്, മുണ്‍, ടൊണ്‍ലെസാപ്, റുവാക് എന്നിവ മെക്കോങ്ങിന്റെ പ്രധാന പോഷകനദികള്‍.
(ഈ പരമ്പര അവസാനിച്ചു.)