യൂറോപ്യന്‍നദികളില്‍ രണ്ടാംസ്ഥാനമുള്ള ഡാന്യൂബ്‌നദി പടിഞ്ഞാറന്‍ ജര്‍മനിയിലെ ബ്ലാക് ഫോറസ്റ്റ് കുന്നുകളില്‍നിന്നുദ്ഭവിക്കുന്ന ബ്രെഗ് എന്ന നദിയില്‍നിന്നാണ് പിറവിയെടുക്കുന്നത്. മധ്യയൂറോപ്പിലും കിഴക്കന്‍ യൂറോപ്പിലുമായി ഡാന്യൂബ് ഒഴുകുന്നു. ജര്‍മ്മനി, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ക്രൊയേഷ്യ, സെര്‍ബിയ, ബള്‍ഗേറിയ, റുമേനിയ, മൊള്‍ഡോവ, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദിയുടെ നീളം 2850 കിലോമീറ്ററാണ്. ഇത് കരിങ്കടലില്‍ പതിക്കുന്നു.
യൂറോപ്പിന്റെ രാഷ്ട്രീയ വിപ്ലവചരിത്രങ്ങളൊക്കെ കണ്ടൊഴുകിയതാണീ ചരിത്രനദി. മാറിമാറിവന്ന സാമ്രാജ്യങ്ങള്‍ കോട്ടകളും കൊട്ടാരങ്ങളും പടുത്തുയര്‍ത്തിയത് ഈ നദിയുടെ തീരങ്ങളില്‍ത്തന്നെ. വലുതും ചെറുതുമായ ഒട്ടനവധി പോഷകനദികളുള്ള ഡാന്യൂബ്‌നദി ജലഗതാഗതത്തിനും പേരുകേട്ടതാണ്. പ്രത്യേകിച്ച്, മധ്യയൂറോപ്പിലെ രാജ്യങ്ങള്‍ തമ്മിലുള്ള ഗതാഗതത്തിന്.