ആര്‍ട്ടിക് സമുദ്രത്തില്‍ പതിക്കുന്ന റഷ്യന്‍നദിയാണിത്. റഷ്യയിലെ ബൈക്കല്‍ തടാകത്തിനടുത്തുള്ള പര്‍വതനിരകളില്‍നിന്ന് ഉദ്ഭവിക്കുന്ന ഈ നദിക്ക് 4400 കി.മീറ്റര്‍ നീളം വരും. നീളത്തില്‍ സൈബീരിയന്‍നദികളില്‍ മൂന്നാംസ്ഥാനവും ലോകത്തില്‍ പത്താംസ്ഥാനവും.
2490000 ച.കി.മീറ്റര്‍ നദീതടമുള്ള ലെന റഷ്യയിലെ പ്രധാനദികളിലൊന്നാണ്. വടക്കുകിഴക്കേ സൈബീരിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്നു. ഏറ്റവും വലിയ ആര്‍ട്ടിക് ഡെല്‍റ്റ പ്രദേശമൊരുക്കുന്ന നദിയാണ് ലെന. സംരക്ഷിതപ്രദേശങ്ങളാണ് ഈ നദിയുടെ തീരപ്രദേശങ്ങള്‍. ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെ ഒട്ടേറെ പക്ഷികളുടെയും റെയിന്‍ഡീറുകളുടെയും വാസസ്ഥാനം കൂടിയാണിവിടം.
ലെനനദിയില്‍ വര്‍ഷത്തില്‍ ഏഴുമാസത്തോളം വെള്ളം തണുത്തുറഞ്ഞ് ഐസായിക്കിടക്കുന്നു. 2001 ല്‍ സൈബീരിയയില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ വെള്ളപ്പൊക്കമുണ്ടായി. വമ്പന്‍ മഞ്ഞുകട്ടകള്‍ നദിയിലെ ഒഴുക്കു തടസ്സപ്പെടുത്തിയതുതന്നെ കാരണം.
സൈബീരിയയിലെ വലിയ ടൈഗാകാടുകളെ ഇടയ്ക്കിടെ മുറിച്ചൊഴുകുന്നുണ്ട് ലെനയും പോഷകനദികളും. കസ്തൂരിമാനുകളടക്കം വ്യത്യസ്തയിനം മാനുകളും തവിട്ടുകരടികളുമൊക്കെയുള്ള കാടുകളാണ്. ബീര്‍ച്ച്, ഫിര്‍, പൈന്‍ മരങ്ങളുടെ കാടുകള്‍, സാല്‍മണ്‍ ഉള്‍പ്പെടെ ധാരാളം മീനുകള്‍ ഒക്കെയും സൈബീരിയന്‍ നദിയില്‍ കാണപ്പെടുന്നു.
ലെനനദി ചെന്നുചേരുന്ന ലാപ്‌റ്റെവ് കടല്‍ ലോകത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ താപനിലക്രമീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ലെനനദിയിലെ മഞ്ഞുകട്ടകളാണ് ലാപ്‌റ്റെവ് കടലിനെ ഇതിനു പ്രാപ്തമാക്കുക. ലെനയുടെ പ്രധാനപോഷകനദികള്‍ വിറ്റിം, ഒക്‌ലോക്മ, ആന്‍ഡന്‍, വില്‍യുയി എന്നിവയാണ്.