•  28 Mar 2024
  •  ദീപം 57
  •  നാളം 4
പുഴയൊഴുകും വഴി

യനിസേയ് നദി

ഷ്യയിലെ തണുത്തുറഞ്ഞ  സൈബീരിയയിലൂടെ   ഒഴുകുന്ന നദിയാണ് യനിസേയ്. പൈന്‍മരങ്ങള്‍ നിറഞ്ഞ മനോഹരമായ ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന ഈ നദിക്കു നീളത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമുണ്ട്. വര്‍ഷത്തില്‍ പകുതിയിലേറെക്കാലം മഞ്ഞുറഞ്ഞുകിടക്കുകയാണ് നദി. മഞ്ഞുരുകിയാണ് ജലസമ്പത്തുണ്ടാകുന്നത്. പടുകൂറ്റന്‍ മഞ്ഞുപാളികളുണ്ടായി പലപ്പോഴും നദിയുടെ ഒഴുക്കു തടസ്സപ്പെടുന്നുണ്ട്. തന്മൂലം വെള്ളപ്പൊക്കവും ഉണ്ടാകുന്നു. പ്രത്യേകതരം സ്‌ഫോടകവസ്തുക്കള്‍ പ്രയോഗിച്ച് ഐസ്‌ക്യൂബുകള്‍ പൊട്ടിച്ച് ഇപ്പോള്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നു.
ആര്‍ട്ടിക് സമുദ്രത്തില്‍ ചെന്നുവീഴുന്ന ഏറ്റവും വലിയ നദിയാണ് യനിസേയ്.  മംഗോളിയയില്‍നിന്നാണ് ഉദ്ഭവം. പിന്നീട് വടക്കോട്ടൊഴുകി യനിസേയ് ഉള്‍ക്കടലിലൂടെ ആര്‍ട്ടിക് സമുദ്രത്തിന്റെ അടുത്ത് കാര കടലില്‍ പതിക്കുന്നു. 3487 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന യനിസേയ് നദിയുടെ ഉദ്ഭവസ്ഥാനം മുതല്‍ ആര്‍ട്ടിക് സമുദ്രത്തില്‍ പതിക്കുന്നിടംവരെയൊരു സമ്പൂര്‍ണപര്യവേക്ഷണം നടന്നു. 2001 സെപ്റ്റംബറിലാണ് ആദ്യപര്യവേക്ഷണമുണ്ടായത്. ഓസ്‌ട്രേലിയയും കാനഡയും ചേര്‍ന്നിതു സംഘടിപ്പിച്ചു. 
ബൈക്കല്‍ തടാകത്തില്‍നിന്നൊഴുകിവരുന്ന അംഗാറ ആണ് യനിസേയ് നദിയുടെ പോഷകനദി. ഇത് സ്‌ട്രെല്‍ക എന്ന സ്ഥലത്തുവച്ച് യനിസേയുമായി ചേര്‍ന്നൊഴുകുന്നു. ലോവര്‍ തുംഗസ്‌കയും സ്റ്റോണി തുംഗസ്‌കയും യനിസേയിയുടെ ഇതരപോഷകനദികളാണ്. മധ്യസൈബീരിയന്‍ പീഠഭൂമിയുടെ പശ്ചിമഭാഗത്ത് 25,80,000 ച.കി.മീ. വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് യനിസേയിയുടെ നദീതടപ്രദേശം.
വൈദ്യുതിക്കായി ഒട്ടേറെ അണക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നദിയാണ് യനിസേയ്. ഈ നദീതീരത്ത് പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും നിക്ഷേപമുണ്ട്. ഈ പ്രദേശത്തുനിന്നു സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ ഖനനത്തിലൂടെ ലഭിക്കുന്നുണ്ട്.

 

Login log record inserted successfully!