ചൈനയുടെ മഞ്ഞനദിയാണ് ഹുയാങ് ഹോ. ഇതിന്റെ തീരത്താണ് ചൈനീസ്‌സംസ്‌കാരം രൂപംകൊണ്ടത്. പുരാതന ചൈനയിലെ ഏറ്റവും സമ്പല്‍സമൃദ്ധമായ പ്രദേശം ഇതായിരുന്നു. ''ലോകത്തിലെ ഏറ്റവും ചെളിനിറഞ്ഞ നദി'' - ഹുയാങ് ഹോ അങ്ങനെ അറിയപ്പെടുന്നു. ലോസ് എന്നറിയപ്പെടുന്ന മഞ്ഞനിറമാര്‍ന്ന പൊടിമണ്ണിലൂടെ അഥവാ ചെളിയിലൂടെ ഒഴുകുന്നതിനാലാണ് മഞ്ഞനിറം കൈവരിക. ഈ മഞ്ഞനിറമാണ് ഇതിനെ മഞ്ഞനദി എന്നു വിളിക്കാന്‍ കാരണം. കുത്തൊഴുക്കില്‍ കണ്ടമാനം മണ്ണുവന്നടിഞ്ഞ് പലപ്പോഴും ഗതിമാറിയൊഴുകിയിട്ടുണ്ട് ഈ നദി.
വെള്ളപ്പൊക്കത്തിനു കുപ്രസിദ്ധി ഉണ്ടാക്കിയിട്ടുള്ളതാണ് ഹുയാങ് ഹോ. ലക്ഷക്കണക്കിനാളുകള്‍ ഈ നദിയിലെ വെള്ളപ്പൊക്കത്തില്‍ മരണമടഞ്ഞിട്ടുണ്ട്. പ്രളയത്താല്‍ ചൈനക്കാരെ എമ്പാടും കഷ്ടപ്പെടുത്തുന്നതിനാല്‍ മഞ്ഞനദിയെ 'ചൈനയുടെ ദുഃഖം' എന്നു വിശേഷിപ്പിക്കാറുണ്ട്. ഏകദേശം 752500 ചതുരശ്രകിലോമീറ്റര്‍ നദീതടമുണ്ട് ഹുയാങ് ഹോയ്ക്ക്. ഈ നദിയെ യാങ്‌സി നദിയുമായി ബന്ധിപ്പിക്കുന്ന ഗ്രാന്‍ഡ് കനാല്‍ നൂറോളം വര്‍ഷംകൊണ്ടാണ് പണിതീര്‍ത്തത്. ബി.സി. 500 ലായിരുന്നു തുടക്കം. യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട നിര്‍മ്മിതിയാണിത്.
'ചൈനീസ് സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍' എന്ന വിശേഷണമുള്ള മഞ്ഞനദിക്ക് നീളത്തില്‍ ചൈനയില്‍ രണ്ടാം സ്ഥാനവും ലോകത്ത് ആറാം സ്ഥാനവും ഉണ്ട്. നീളം 5464 കിലോമീറ്റര്‍. പടിഞ്ഞാറന്‍ ചൈനയിലെ ബായന്‍ ഹാര്‍ പര്‍വതനിരയില്‍നിന്നാണ് ഉദ്ഭവിക്കുക. വടക്കോട്ടൊഴുകുന്ന ഈ നദി ചൈനയിലെ കര്‍ഷകരുടെ ഉറ്റമിത്രമാണ്. പല കാര്‍ഷികവിളകളുടെയും ഉത്പാദനത്തില്‍ ചൈനയെ മുന്നിലെത്തിച്ചതിനു മഞ്ഞനദിക്കു വലിയ പങ്കുണ്ട്. ഈ നദി ബഹായ് കടലില്‍ പതിക്കുന്നു.