റഷ്യയുടെ ദേശീയനദിയായ വോള്‍ഗ (Volga), യൂറോപ്പിലെ ഏറ്റവും നീളമുള്ള നദിയും, ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്റെ അളവും നദീതടവിസ്തീര്‍ണ്ണവുംപ്രകാരം യൂറോപ്പിലെ ഏറ്റവും വലിയ നദിയുമാണ്. മോസ്‌കോയ്ക്ക് വടക്കുപടിഞ്ഞാറേ വാല്‍ഡൈ കുന്നുകളില്‍ സമുദ്രനിരപ്പില്‍നിന്ന് 225 മീറ്റര്‍ ഉയരത്തിലാണ് വോള്‍ഗയുടെ ഉദ്ഭവം. ഇരുനൂറോളം കൈവഴികളില്‍നിന്നു ജലം സ്വീകരിച്ച് വോള്‍ഗ സുന്ദരിയായി, സുഭഗയായി ഒഴുകുന്നു. തലസ്ഥാനനഗരമായ മോസ്‌കോ ഉള്‍പ്പെടെ പതിനൊന്നു വലിയ നഗരങ്ങളെ പുല്‍കിയാണ് വോള്‍ഗയുടെ സഞ്ചാരം. 3530 കി. മീറ്റര്‍ യാത്രയുടെ അവസാനം വോള്‍ഗ, കാസ്പിയന്‍കടലില്‍ പതിക്കുന്നു.
പടിഞ്ഞാറന്‍ റഷ്യയിലെ ജനങ്ങളുടെ ജീവിതം വോള്‍ഗാനദിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. വളരെ ഫലഭൂയിഷ്ഠമാണിതിന്റെ തീരപ്രദേശങ്ങള്‍. മാത്രമല്ല, പെട്രോളിയംപോലെയുള്ള പ്രകൃതിവിഭവങ്ങള്‍കൊണ്ടും സമ്പുഷ്ടമാണ് ഈ പ്രദേശങ്ങള്‍. സ്റ്റേജന്‍ (Sturgeon) എന്ന വലിയ ഇനം മീനുകള്‍കൊണ്ടും ഈ നദി പേരുകേട്ടതുതന്നെ. റഷ്യയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും സമ്പദ്‌വ്യവസ്ഥയിലും നിര്‍ണായകപങ്കു വഹിച്ച് വോള്‍ഗ റഷ്യക്കാരുടെ മനസ്സിലൂടെയും ഒഴുകുന്നു, റഷ്യക്കാര്‍ക്ക് ഒട്ടേറെ നന്മകള്‍ ഒഴുക്കി നല്കിക്കൊണ്ട്.