•  20 Nov 2025
  •  ദീപം 58
  •  നാളം 37
കരുതാം ആരോഗ്യം

അനന്തസാധ്യതകളുമായി ഹോമിയോപ്പതി

    മഴയും മഴക്കാറും, ഇടിയും മിന്നലും,  തണുപ്പും ചൂടും മാറിവരുന്ന കാലാവസ്ഥയും, അതിലെ ജീവിതവും എല്ലാം മുന്‍കാലങ്ങളില്‍ കുട്ടികള്‍ക്കു പരിചിതമായിരുന്നു. മഴ നനയുന്നതും   അരുവിയിലോ നദിയിലോ നീന്തുന്നതും അവരുടെ ദൈനംദിനചര്യകളായിരുന്നു. അമ്മയുടെ ഉദരത്തില്‍ സ്വസ്ഥമായി കഴിഞ്ഞിരുന്ന കുട്ടി വളരെ പെട്ടെന്നുതന്നെ സമൂഹവും പരിസ്ഥിതിയുമായി ഇഴുകിച്ചേരുന്നു. എന്നാലിന്ന്, പൂര്‍ണമായല്ലെങ്കിലും ഒരു കൊച്ചുകുട്ടിക്കു പരിസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ ഒരുപാടു തടസ്സങ്ങള്‍ നാംതന്നെ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ തനതായ രോഗപ്രതിരോധശേഷിയും പ്രതിബന്ധങ്ങളെ നേരിടാനുള്ള നൈസര്‍ഗികമായ കഴിവുകളും താരതമ്യേന താമസിച്ചാണ് കുട്ടികളില്‍ രൂപംപ്രാപിക്കുന്നത്. 
പ്രതിരോധശേഷി വേണം 
   അന്തരീക്ഷത്തിലെ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വരുമ്പോഴാണ് കൂടക്കൂടെയുള്ള ജലദോഷവും ചുമയുമെല്ലാം ഉണ്ടാകുന്നത്. താത്കാലികമായുണ്ടാകുന്ന ഈ ലക്ഷണങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷിയുടെ പോരായ്മയാണെന്നു മനസ്സിലാക്കി അതിനനുസരിച്ചുള്ള മരുന്നുകളാണു കൊടുക്കേണ്ടത്.  വിവിധ തരത്തിലുള്ള രോഗലക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടായിരിക്കുന്ന രോഗാവസ്ഥയുടെ പ്രതിഫലനമാണ്. ആ രോഗലക്ഷണങ്ങള്‍  സമഗ്രമായി പഠിച്ചുനല്‍കുന്ന മരുന്നുകള്‍ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുകയും നമ്മിലെ ജീവശക്തിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇത്രയും ലളിതമായി ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്ന സാഹചര്യമുള്ളപ്പോള്‍ തനതായ പ്രതിരോധശേഷികൊണ്ട് രോഗമുക്തി നേടാന്‍ അനുവദിക്കാതെ ധാരാളം മരുന്നുകള്‍ നല്‍കി അസുഖം ഭേദമാക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യുന്നത്. കുട്ടികളില്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാത്ത ഹോമിയോപ്പതിമരുന്നുകള്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനും സ്ഥായിയായ രോഗവിമുക്തിക്കും സഹായിക്കുന്നു. 
   കാലാവസ്ഥാവ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വരുമ്പോള്‍ കുട്ടികളില്‍ കൂടക്കൂടെ പനി, ചുമ, ജലദോഷം, ശ്വാസംമുട്ടല്‍, മുതലായ രോഗങ്ങള്‍ കാണപ്പെടുന്നു. ഇങ്ങനെയുണ്ടാകുന്ന അസുഖങ്ങള്‍ കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും തുടര്‍ച്ചയായ ചികിത്സ ആവശ്യമായി വരികയും ചെയ്യുന്നു. ഈ രോഗലക്ഷണങ്ങളെല്ലാംതന്നെ പ്രതികൂലസാഹചര്യങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണങ്ങളാണ്. സ്ഥിരമായി ഹോമിയോപ്പതിമരുന്ന് കഴിക്കുന്ന കുട്ടികളില്‍ തുടരെ അസുഖങ്ങള്‍ ഉണ്ടാകാനുള്ള പ്രവണത പൂര്‍ണമായി മാറാനും ആരോഗ്യം വീണ്ടെടുക്കാനും സാധ്യമാകുന്നു. 
ഹോമിയോ ശീലമാക്കാം 
    നമ്മുടെ കുട്ടികളെ പ്രകൃതിയോടി ടപഴുകി മഴയും വെയിലും മഞ്ഞും അനുഭവിച്ചുതന്നെ വളരാന്‍ പ്രാപ്തരാക്കിയാല്‍ ചുരുങ്ങിയ ചെലവുകള്‍ മാത്രമേ ചികിത്സയ്ക്കു വേണ്ടിവരികയുള്ളുവെന്നു മാത്രമല്ല, രോഗചികിത്സയ്ക്കുപരി രോഗപ്രതിരോധവും സ്ഥിരമായ ഹോമിയോപ്പതി ചികിത്സയിലൂടെ സാധ്യമാകുന്നു. മഴക്കാല പൂര്‍വരോഗങ്ങളായ ഇന്‍ഫ്‌ളുവന്‍സ, ഡെങ്കിപ്പനി മുതലായ വൈറസ് രോഗങ്ങള്‍ക്കും ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ മുതലായവയ്ക്കും പാര്‍ശ്വഫലങ്ങളില്ലാത്ത ഹോമിയോപ്പതി ചികിത്സയാണ് അത്യുത്തമം. ശരിയായ രോഗനിര്‍ണയവും ചികിത്സയും നടത്തിയാല്‍ ഇവയെ വളരെ പെട്ടെന്നുതന്നെ ഭേദപ്പെടുത്താന്‍ സാധിക്കുന്നതാണ്. 
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ ശരിയായ രീതിയില്‍ തിരഞ്ഞെടുത്ത ഹോമിയോപ്പതിമരുന്ന് പ്രതിരോധ ഔഷധമായി ഉപയോഗിച്ചുവരുന്നു. ഹോമിയോപ്പതിയുടെ ഈ പ്രത്യേകതയെ വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യങ്ങളിലെല്ലാം ലോകത്തെമ്പാടും ഹോമിയോപ്പതിമരുന്നുകളാണ് പ്രതിരോധ ഔഷധമായി ഉപയോഗിക്കുന്നത്. 
അഡിനോയ്ഡ് ഗ്രന്ഥികളെ സൂക്ഷിക്കാം 
   കുട്ടികളുടെ ഇമ്മ്യൂണിറ്റി നിലനിര്‍ത്തുന്നതിനും വൈറസ് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാണുബാധ തടയുന്നതിനും സ്വതഃസിദ്ധമായ പ്രതിരോധശേഷിയെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് അഡിനോയിഡ് ഗ്രന്ഥികള്‍. ഇവ രോഗാണുക്കളെ ആഗിരണം ചെയ്യുകയും രോഗവിമുക്തി നല്‍കുകയും ചെയ്യുന്നു. മൂക്കടപ്പ്, വായില്‍ക്കൂടി ശ്വാസംവിടുക, കൂര്‍ക്കം വലിക്കുക, ഉറക്കം തടസ്സപ്പെടുക, ശബ്ദം അടയ്ക്കുക, ഇവയെല്ലാം വീക്കം വന്ന അഡിനോയ്ഡ് ഗ്രന്ഥിയുടെ ലക്ഷണങ്ങളാണ്.  രോഗലക്ഷണങ്ങളെ ശരിയായി പഠിച്ച് ചികിത്സിച്ചാല്‍ പൂര്‍ണരോഗവിമുക്തി നേടാനും അഡിനോയ്ഡ് ഗ്രന്ഥികള്‍ നീക്കം ചെയ്യാതെ ചികിത്സിക്കാനും സാധ്യമാകും. 
ശ്രദ്ധിക്കാം കുട്ടികളിലെ ഈ രോഗങ്ങളെ 
  കൂടക്കൂടെയുണ്ടാകുന്ന വയറുവേദന, മനംമറിച്ചില്‍, വയറിളക്കം, അമിതമായ വിളര്‍ച്ച, ക്ഷീണം, മലദ്വാരത്തില്‍ ചൊറിച്ചില്‍, ഉറക്കക്കുറവ്, മലത്തില്‍ കൃമി, വിര, അമിതമായ വിശപ്പ് അല്ലെങ്കില്‍ വിശപ്പില്ലായ്മ ഇവയെല്ലാം വിരശല്യത്തിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ഹോമിയോപ്പതി മരുന്നുകള്‍ നല്‍കിയാല്‍ കുട്ടികള്‍ക്കു വിരശല്യത്തെ ഭേദമാക്കാനും പ്രതിരോധിക്കാനും സാധിക്കുന്നതാണ്.
   അലര്‍ജിക് റൈനിറ്റിസ് എന്നറിയപ്പെടുന്ന ഹെഫീവര്‍, അലര്‍ജിക് ആസ്തമ, ചെങ്കണ്ണ്, സൈനസെറ്റിസ്, ഇവയെല്ലാം അലര്‍ജി മൂലമുണ്ടാകുന്ന വിവിധതരത്തിലുള്ള അസുഖങ്ങളാണ്. അലര്‍ജി ഉണ്ടാക്കുന്ന കാരണങ്ങളെ കണ്ടുപിടിക്കുകയും കൃത്യസമയത്തു ശരിയായ ഹോമിയോപ്പതി ചികിത്സ ചെയ്യുകയും ചെയ്താല്‍ രോഗം ഉണ്ടാകാനുള്ള എല്ലാ സാഹചര്യങ്ങളെയും പ്രതിരോധിക്കാനും ശരിയായ ചികിത്സ നല്‍കാനും സാധിക്കും. ഏതെങ്കിലും വസ്തുവിനോട് അലര്‍ജി ഉള്ളതായി കണ്ടാല്‍ ആ വസ്തു ഒഴിവാക്കുന്നതിലുപരി ആ വസ്തുവിനോടുളള അമിതമായ പ്രതികരണം മാറ്റിയെടുക്കുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്. അന്തരീക്ഷത്തില്‍നിന്ന് ഒളിച്ചോടുകയല്ല, അന്തരീക്ഷവുമായി താദാത്മ്യം പ്രാപിക്കുകയാണ് വളരുന്ന പ്രായത്തില്‍ വേണ്ടത്. രോഗത്തിന്റെ ലക്ഷണമനുസരിച്ച് ബൃഹത്തായ മെറ്റീരിയ മെഡിക്കയില്‍നിന്നു ശരിയായ മരുന്നു കണ്ടുപിടിക്കുന്നത് ഡോക്ടറുടെ കര്‍ത്തവ്യമാണ്. പൂര്‍ണമായി ഭേദമാക്കാവുന്നവയാണ് അലര്‍ജി മൂലമുണ്ടാകുന്ന രോഗങ്ങളും അലര്‍ജി എന്ന പ്രതിഭാസവും. 
   കുട്ടികളില്‍ കണ്ടുവരുന്ന മാനസിക രോഗങ്ങളില്‍ പ്രധാനമായവയാണ് ബുദ്ധിമാന്ദ്യം, പഠനവൈകല്യം, ഓട്ടി സ്റ്റിക് ഡിസോര്‍ഡേഴ്‌സ്, എഡിഎച്ച്ഡി മുതലായവ. ഹോമിയോപ്പതിചികിത്സയോടൊപ്പം മറ്റനുബന്ധചികിത്സകളും കൂടെ നല്‍കിയാല്‍ വളരെ നല്ല ഫലമാണ് മേല്പറഞ്ഞ രോഗങ്ങളില്‍ ലഭിക്കുന്നത്. സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, കൗണ്‍സലിങ് എന്നിവ ഇതില്‍ പ്രധാനമാണ്. മറ്റു ചികിത്സകളെ അപേക്ഷിച്ച് വളരെ ചെറിയ ചികിത്സാച്ചെലവ് മാത്രമേ ഹോമിയോപ്പതിക്കു വേണ്ടിവരികയുള്ളു എന്നത് ദീര്‍ഘകാലം ചികിത്സിക്കേണ്ടിവരുന്ന രോഗികള്‍ക്ക് ആശ്വാസകരമാണ്. അതിനൂതനമായ ശാസ്ത്രതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി അലോപ്പതി ഡോക്ടര്‍മാര്‍തന്നെ വികസിപ്പിച്ചെടുത്ത ഹോമിയോപ്പതി നിലവില്‍ വന്നിട്ട് ഏതാണ്ട് 230 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മരുന്നിന്റെ അതിസൂക്ഷ്മങ്ങളായ കണികകളെയാണ് ചികിത്സയ്ക്കുപയോഗിക്കുന്നത്. വളരെ സമഗ്രമായ ഗവേഷണങ്ങള്‍ പല രാജ്യങ്ങളിലും ശാസ്ത്രീയമായി നടന്നുവരുന്നുണ്ട്. ശരിയായ അവബോധത്തോടെ ശ്രദ്ധിച്ചാല്‍ മനുഷ്യരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന എല്ലാ അസുഖങ്ങളിലും ഹോമിയോപ്പതി ഫലവത്തായി പ്രവര്‍ത്തിക്കുന്നതാണെന്നു മനസ്സിലാക്കാന്‍ സാധിക്കും.

ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹോമിയോപ്പതി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)