- ഏകരക്ഷകനും ലോകരക്ഷകനും ഈശോമിശിഹാ മാത്രമാണ് എന്നതാണ് സഭയുടെ അനന്യമായ വിശ്വാസപ്രഘോഷണം. പരിശുദ്ധമറിയം സഹരക്ഷക എന്നു പറയുമ്പോള്‍ മിശിഹായുടെ രക്ഷാകര്‍മം അതില്‍ത്തന്നെ അപൂര്‍ണമെന്നോ മറിയത്തിന്റെ സഹായം കൂടാതെ രക്ഷ സാധ്യമാവുകയില്ലായിരുന്നു എന്നോ, മിശിഹായും പരിശുദ്ധമറിയവുംകൂടിയാണ് രക്ഷ സാധ്യമാക്കിയതെന്നോ എല്ലാം വ്യാഖ്യാനിക്കപ്പെടുവാന്‍ സാധ്യതയുണ്ട്. ഈശോമിശിഹാ ഏകരക്ഷകന്‍ എന്ന സത്യം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ് സഹരക്ഷക എന്ന അഭിസംബോധന മറിയത്തിനു നല്കുന്നില്ല എന്നതിലൂടെ വ്യക്തമാക്കുന്നത്.
ആമുഖം
വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം തയ്യാറാക്കി 2025 നവംബര്‍ ഏഴാം തിയതി ലെയോ പതിന്നാലാമന്‍ പാപ്പയുടെ അംഗീകാരത്തോടുകൂടി പ്രസിദ്ധീകരിച്ചതാണ് '' വിശ്വാസികളുടെ മാതാവ് '' എന്ന് വിവര്‍ത്തനം ചെയ്യാവുന്ന Mater Populi Fidelis മാത്തര്‍ പോപുളി ഫിദേലിസ്) വിശ്വാസികളായ ജനങ്ങളുടെ അമ്മ എന്ന പ്രബോധനരേഖ. കാലാകാലങ്ങളില്‍ സഭയില്‍ ശരിയായ പ്രബോധനങ്ങള്‍ നല്കുന്നതിനും തെറ്റായ പ്രബോധനങ്ങള്‍ക്കെതിരേ ജാഗ്രതപുലര്‍ത്തുന്നതിനും മാര്‍പാപ്പയെ സഹായിക്കുന്നതിനു സ്ഥാപിതമായിട്ടുള്ളതാണ് വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം. ഈ കാര്യാലയം ഇപ്പോള്‍ പ്രസിദ്ധീകരിച്ച പ്രബോധനരേഖയിലൂടെ ഈശോമിശിഹായുടെ രക്ഷാകരസംഭവത്തില്‍ പരിശുദ്ധകന്യാമറിയത്തിന്റെ സ്ഥാനം എടുത്തുപറയുകയും മിശിഹായുടെ അനന്യമായ രക്ഷാകരദൗത്യത്തോടുചേര്‍ത്ത് പരിശുദ്ധമറിയത്തിന്റെ സ്ഥാനം എപ്രകാരം മനസ്സിലാക്കണമെന്ന് ഒരിക്കല്‍ക്കൂടി പ്രബോധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ദൈവദൂതന്‍ മംഗളവാര്‍ത്ത അറിയിച്ചപ്പോള്‍ നല്കിയ സമ്മതം മുതല്‍ കാല്‍വരിയില്‍ കുരിശിന്റെ ചുവട്ടില്‍ നില്ക്കുന്നതുള്‍െപ്പടെ പരിശുദ്ധകന്യാമറിയം അനന്യമായ വിധത്തില്‍ മിശിഹായുടെ രക്ഷാകരചരിത്രത്തോടു സഹകരിച്ചവളാണ്. അതുല്യമായ വിധത്തില്‍ രക്ഷാകരസംഭവത്തോടു സഹകരിച്ചവളായതുകൊണ്ട് മറിയത്തെ സഹരക്ഷക എന്നു വിളിക്കണം എന്ന ആവശ്യം വിശ്വാസികളുടെ ഭാഗത്തുനിന്നും മരിയഭക്തിയുടെ പ്രത്യേക പ്രചാരകരായ ചില സംഘടനകളില്‍നിന്നും സമൂഹങ്ങളില്‍ ഉയര്‍ന്നിരുന്നു. ഔദ്യോഗികമല്ലാതെ പലരും പലയവസരങ്ങളിലും പരിശുദ്ധമറിയത്തെ അപ്രകാരം അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ദീര്‍ഘകാലത്തെ പഠനത്തിന്റെയും ചര്‍ച്ചകളുടെയും മാര്‍പാപ്പമാരുടെ പ്രബോധനങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ വിഷയത്തെക്കുറിച്ച് സഭ ഔദ്യോഗികമായി ഒരു പ്രബോധനം നല്കുന്നത്. 80 ഖണ്ഡികകളിലായി 196 അടിക്കുറിപ്പുകളോടെ തയ്യാറാക്കിയിരിക്കുന്ന പ്രബോധനരേഖയാണിത്. വര്‍ഷങ്ങളായി വത്തിക്കാനില്‍ മാര്‍പാപ്പമാരുടെ പക്കലും, വിവിധ കാര്യാലയങ്ങളിലും ഇതേ വിഷയത്തെക്കുറിച്ചു വന്നിരുന്ന അഭിപ്രായങ്ങളുടെയും ആവശ്യങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. പരിശുദ്ധമറിയത്തെ സഹരക്ഷക എന്ന് അഭിസംബോധന ചെയ്യണമെന്നു പലയിടങ്ങളില്‍നിന്നും ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും സഭയില്‍ ഒരിക്കലും ഔദ്യോഗികമായി ഈ അഭിസംബോധന ഉപയോഗിച്ചിരുന്നില്ല. 1996ല്‍ അന്നു വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്ന കാര്‍ഡിനല്‍ ജോസഫ് റാറ്റ്‌സിങ്ങര്‍ (പിന്നീട് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ) ദൈവശാസ്ത്രപരമായ കാരണങ്ങള്‍കൊണ്ട് പരിശുദ്ധമറിയത്തെ സഹരക്ഷക, സകല കൃപാവരങ്ങളുടെയും നാഥ എന്നിങ്ങനെ വിളിക്കാന്‍ സാധ്യമല്ലെന്നു പ്രഖ്യാപിച്ചിരുന്നു. സഹരക്ഷക എന്ന അഭിസംബോധനയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ പറഞ്ഞിരുന്നത് സ്‌നേഹം കൂടുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അതിശയോക്തി കലര്‍ന്നതായിരിക്കുമെന്നും അത്തരം വാക്കുകള്‍ ഒഴിവാക്കേണ്ടതാണ് എന്നുമാണ്. ഈ സാഹചര്യത്തിലാണ് ലെയോ പതിന്നാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്റെ കാര്യാലയം പുതിയ പ്രബോധനരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇതു സഭയില്‍ ഇതുവരെ പരിശുദ്ധ കന്യകാമറിയത്തിനുള്ള സ്ഥാനത്തിനോ ആദരവിനോ പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥപ്രാര്‍ഥനയ്‌ക്കോ ഒരു കുറവും വരുത്തുന്നതിനല്ല; മറിച്ച്, ഏകരക്ഷകനും മധ്യസ്ഥനുമായ ഈശോമിശിഹായുടെ രക്ഷാകരകര്‍മത്തോടു ചേര്‍ന്ന് പരിശുദ്ധകന്യാമറിയത്തിനുള്ള സ്ഥാനം വ്യക്തമായി എടുത്തുകാണിക്കുന്നതിനുവേണ്ടിയാണ്.
പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വവും മരിയഭക്തിയും സഭയുടെ അനര്‍ഘനിധിയായിട്ടാണ് സഭാമാതാവ് കാണുന്നത്. വിശ്വാസികളുടെ മാതാവ് എന്ന പ്രബോധനരേഖയില്‍ മനുഷ്യകുലത്തിന്റെ രക്ഷകനായ ഈശോമിശിഹായുടെ രക്ഷാകരപദ്ധതിയില്‍ മറിയത്തിനുള്ള അതുല്യമായ സ്ഥാനം എടുത്തുപറയുന്നുണ്ട്.
വിശുദ്ധഗ്രന്ഥത്തിന്റെയും സഭാപാരമ്പര്യത്തിന്റെയും പ്രബോധനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യം ഈ പ്രബോധനരേഖയില്‍ വ്യക്തമാക്കുന്നു. പരിശുദ്ധകന്യാമറിയത്തെക്കുറിച്ചുള്ള നാലു വിശ്വാസസത്യങ്ങളായി സഭ പഠിപ്പിക്കുന്നത് ഒരു കുറവുമില്ലാതെ സഭ ഇപ്പോഴും ഏറ്റുപറയുകയും അനന്യമായ ആദരവുകളോടെ പരിശുദ്ധമറിയത്തെ സഭ വണങ്ങുകയും അവളുടെ മാധ്യസ്ഥ്യം പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പരിശുദ്ധ അമ്മ ദൈവമാതാവാണ് (431 ല്‍ എഫേസൂസ് സൂനഹദോസ്), നിത്യകന്യകയാണ് (649 ല്‍ ലാറ്ററന്‍ സൂനഹദോസ്), അമലോദ്ഭവയാണ് (1854ല്‍ ഒമ്പതാം പീയൂസ് പാപ്പ), സ്വര്‍ഗാരോപിതയാണ് (1950 ല്‍ പന്ത്രണ്ടാം പീയൂസ് പാപ്പ) എന്നിവയാണ്. ഇത് എല്ലാവരും വിശ്വസിക്കാന്‍ കടപ്പെട്ട വിശ്വാസസത്യങ്ങളായി സഭ പഠിപ്പിച്ചിട്ടുള്ളത്. സഭയുടെ ഈ പ്രബോധനങ്ങളോടു ചേര്‍ന്ന് എക്കാലവും സഭയില്‍ പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുകയും ഈശോയുടെ രക്ഷാകരപദ്ധതിയില്‍ പരിശുദ്ധ അമ്മയ്ക്കുള്ള അതുല്യസ്ഥാനം പ്രഘോഷിക്കുകയും ചെയ്യുന്നു.
ഒഴിവാക്കേണ്ട രണ്ടു മരിയന്‍ അഭിസംബോധനകള്‍
പരിശുദ്ധ കന്യാമറിയത്തിന്റെ അതുല്യസ്ഥാനത്തെക്കുറിച്ച് ഈ പ്രബോധനരേഖ എടുത്തുപറയുന്നുവെങ്കിലും മിശിഹായുടെ രക്ഷാകരദൗത്യത്തിന്റെ അനന്യതയോടു ചേര്‍ത്തുകാണുമ്പോള്‍ ഒഴിവാക്കേണ്ട മരിയന്‍ അഭിസംബോധനകളെക്കുറിച്ച് ഈ പ്രബോധനരേഖ പഠിപ്പിക്കുന്നു. മറിയം സഹരക്ഷക, മറിയം സകലകൃപാവരങ്ങളുടെയും മാതാവ് എന്നീ അഭിസംബോധനകള്‍ ഒഴിവാക്കണം എന്നു പഠിപ്പിക്കുമ്പോള്‍ മറിയം മധ്യസ്ഥ എന്നകാര്യം ശരിയായ വിധത്തില്‍ മനസ്സിലാക്കിവേണം ഉപയോഗിക്കേണ്ടതെന്നും വിശ്വാസികളുടെ മാതാവ് എന്ന ഈ പ്രബോധനരേഖയില്‍ പഠിപ്പിക്കുന്നു. മിശിഹായുടെ രക്ഷാകരദൗത്യത്തിന്റെ ഏകതയും അതുല്യതയുമാണ് ഈ പ്രബോധനത്തിന്റെ അടിസ്ഥാനം.
ഈശോമിശിഹാ ഏകരക്ഷകന്‍
ഈ പ്രബോധനരേഖയിലൂടെ സഭ ആവര്‍ത്തിച്ചുറപ്പിക്കുന്ന പ്രബോധനം ഈശോമിശിഹാ ഏകരക്ഷകന്‍ എന്ന സത്യമാണ്. ശ്ലീഹന്മാരുടെ നടപടിപ്പുസ്തകത്തില്‍ പ്രഖ്യാപിക്കുന്നതുപോലെ ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല (ശ്ലീഹ. 4:12). ഏകരക്ഷകനും ലോകരക്ഷകനും ഈശോമിശിഹാ മാത്രമാണ് എന്നതാണ് സഭയുടെ അനന്യമായ വിശ്വാസപ്രഘോഷണം. പരിശുദ്ധമറിയം സഹരക്ഷക എന്നു പറയുമ്പോള്‍ മിശിഹായുടെ രക്ഷാകര്‍മം അതില്‍ത്തന്നെ അപൂര്‍ണമെന്നോ മറിയത്തിന്റെ സഹായം കൂടാതെ രക്ഷ സാധ്യമാവുകയില്ലായിരുന്നു എന്നോ, മിശിഹായും പരിശുദ്ധമറിയവും കൂടിയാണ് രക്ഷ സാധ്യമാക്കിയതെന്നോ എല്ലാം വ്യാഖ്യാനിക്കപ്പെടുവാന്‍ സാധ്യതയുണ്ട്. ഈശോമിശിഹാ ഏകരക്ഷകന്‍ എന്ന സത്യം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ് സഹരക്ഷക എന്ന അഭിസംബോധന മറിയത്തിനു നല്കുന്നില്ല എന്നതിലൂടെ വ്യക്തമാക്കുന്നത്.
ഈശോമിശിഹാ സകല കൃപാവരങ്ങളുടെയും ദാതാവ്
യോഹന്നാന്റെ സുവിശേഷം 1:16 പറയുന്നു: അവന്റെ പൂര്‍ണതയില്‍നിന്ന് നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു. എല്ലാ കൃപകളുടെയും ഉറവിടവും ദാതാവും ദൈവമാണ്; ഈശോമിശിഹായിലൂടെയാണ് അതു നല്കിയത്. സകലകൃപാവരങ്ങളുടെയും മാതാവ് എന്ന് പരിശുദ്ധ അമ്മയെ വിളിക്കുമ്പോള്‍ മറിയമാണ് എല്ലാ കൃപകളുടെയും ഉറവിടമെന്നു തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മറിയത്തെ എല്ലാ കൃപാവരത്തിന്റെയും മാതാവ് എന്നു വിളിക്കുന്നത് ശരിയല്ല എന്ന് ഈ പ്രബോധനരേഖ പഠിപ്പിക്കുന്നു. പരിശുദ്ധ കന്യാമറിയം കൃപനിറഞ്ഞവളാണ് (ലൂക്കാ. 1:28). ദൈവികകൃപയുടെ നിറവ് അവളിലുണ്ട്. ഒരു നദി നിറഞ്ഞൊഴുകുന്നതുപോലെ അവളിലൂടെ കൃപ ഒഴുകുന്നു. എങ്കിലും കൃപയുടെ ഉറവിടം ദൈവമായതുകൊണ്ട് സകലകൃപാവരങ്ങളുടെയും മാതാവ് എന്നു മറിയത്തെ വിളിക്കാനാവില്ല.
ഈശോമിശിഹാ ഏകമധ്യസ്ഥന്‍
പൗലോസ് ശ്ലീഹാ തിമോത്തിയോസിനെഴുതിയ ലേഖനത്തില്‍ പറയുന്നു: എന്തെന്നാല്‍, ദൈവം ഒന്നേയുള്ളു, ദൈവത്തിനും മനുഷ്യനുമിടയില്‍ മധ്യസ്ഥനായി ഒരുവനേയുള്ളൂ-മനുഷ്യനായ ഈശോമിശിഹാ. (1 തിമോ. 2:5). ദൈവത്തിനും മനുഷ്യനുമിടയിലുള്ള ഏകമധ്യസ്ഥനായി ഈശോമിശിഹാമാത്രമാണ്. മിശിഹായുടെ മാധ്യസ്ഥ്യത്തിനു സമാനമായി മറ്റാരുമില്ല. പരിശുദ്ധ മറിയത്തെ മധ്യസ്ഥയായി കാണുമ്പോള്‍ അത് ഈശോമിശിഹായുടെ മധ്യസ്ഥതയ്ക്കു തുല്യമായി കരുതരുതെന്നു സഭ പഠിപ്പിക്കുന്നു. മനുഷ്യകുലത്തെ ദൈവവുമായി രമ്യതപ്പെടുത്തിയ ഏക മധ്യസ്ഥന്‍ (Mediator) ഈശോമിശിഹാ മാത്രമാണ്. പരിശുദ്ധ അമ്മയും വിശുദ്ധരുമെല്ലാം നമുക്കുവേണ്ടി ദൈവത്തിന്റെ പക്കല്‍ പ്രാര്‍ഥിക്കുന്ന മധ്യസ്ഥര്‍ (intercessor) മാത്രമാണ്. ഈ തിരിച്ചറിവോടെ വേണം മറിയം മധ്യസ്ഥയാണെന്നു പറയേണ്ടത് എന്നും ഈ പ്രബോധനരേഖ വ്യക്തമാക്കുന്നു.
ഉപസംഹാരം
ഈ പ്രബോധനരേഖ സഭയില്‍ പരിശുദ്ധ മറിയത്തിന്റെ സ്ഥാനം കുറച്ചുകാണിക്കുന്നതോ, ഇതുവരെ പരിശുദ്ധ അമ്മയ്ക്കു നല്കിയിരുന്ന സ്ഥാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിക്കൊണ്ടോ ഉള്ളതല്ല; മറിച്ച്, ഏകരക്ഷകനും മധ്യസ്ഥനും സകലകൃപാവരങ്ങളുടെയും ദാതാവുമായ ഈശോമിശിഹായുടെ രക്ഷാകരപ്രവൃത്തിയിലുള്ള മറിയത്തിന്റെ സ്ഥാനം എടുത്തുപറയുന്നതാണ്. എന്നാല്‍, ദൈവവും ഏകരക്ഷകനുമായ മിശിഹായുടെ സ്ഥാനത്തിനു സമാനമല്ല മറിയത്തിന്റെ സ്ഥാനമെന്നു സഭ പഠിപ്പിക്കുന്നു. കാരണം, ഈശോമിശിഹാ ദൈവമാണ്. പരിശുദ്ധമറിയം ദൈവത്തോടു സഹകരിക്കാന്‍ വിളിക്കപ്പെട്ട മനുഷ്യസ്ത്രീ മാത്രമാണ്. ദൈവമായ മിശിഹായുടെ മാതാവാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവളും വിശ്വാസികളുടെ മാതാവും മാതൃകയും വിശ്വാസികള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കുന്ന മധ്യസ്ഥയുമാണ്. പുതിയ പ്രബോധനരേഖ പരിശുദ്ധ അമ്മയെക്കുറിച്ചു സഭയ്ക്ക് ഇതുവരെയുമുണ്ടായിരുന്ന പ്രബോധനങ്ങള്‍ ആവര്‍ത്തിച്ചുപ്രഖ്യാപിക്കുന്നതും വ്യക്തത വരുത്തുന്നതുമാണ്.
ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
