അവസാനം തെരുവുനായ്ക്കള്‍ക്കു തുടലു പണിയാന്‍ സുപ്രീംകോടതിതന്നെ വേണ്ടിവന്നു. ഇനിയെങ്കിലും പാവങ്ങളുടെ പട്ടിണിമാറ്റി അവര്‍ക്കു സ്വര്‍ഗരാജ്യം പണിയാന്‍ പാടുപെടുന്ന പരിഷ്‌കൃത സര്‍ക്കാരുകള്‍ ഈ പട്ടിശല്യത്തില്‍നിന്ന് അവരെ മോചിപ്പിക്കുമോ?
പൊതുസ്ഥലങ്ങളില്‍നിന്നു തെരുവുനായ്ക്കളെ ഉടനടി നീക്കം ചെയ്യണമെന്നാണു സുപ്രധാന ഉത്തരവിലൂടെ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ബസ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, റെയില്‍വേസ്റ്റേഷനുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍നിന്നു തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ഹോമുകളിലേക്കു മാറ്റണം. തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്നതില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. വിഷയം പരിഗണിച്ച ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത, എന്‍.വി. അഞ്ചാരിയ എന്നിവരുടെ ബഞ്ച് അലഞ്ഞുതിരിയുന്ന കന്നുകാലികളെയും മറ്റു മൃഗങ്ങളെയും റോഡുകളില്‍നിന്നും ഹൈവേകളില്‍നിന്നും നീക്കം ചെയ്യാനുള്ള നിര്‍ദേശങ്ങളും നല്കിയിട്ടുണ്ട്. ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ.) ഉള്‍പ്പെടെയുള്ള അധികൃതര്‍ സംയുക്തമായി സഹകരിച്ചുള്ള നടപടികളിലൂടെ ഇത്തരം മൃഗങ്ങളെ നീക്കം ചെയ്യണമെന്നാണു കോടതിയുടെ നിര്‍ദേശം.
നായ്ക്കളെ വന്ധ്യംകരണത്തിനു വിധേയമാക്കിയശേഷം പിടികൂടിയ സ്ഥലത്തേക്കുതന്നെ തുറന്നുവിടുന്നതിലെ പൊള്ളത്തരം സുപ്രീംകോടതി ഉത്തരവില്‍ തുറന്നുകാട്ടിയിട്ടുണ്ട്. അതു നടപടിയുടെ ഉദ്ദേശ്യശുദ്ധിയെത്തന്നെ പരാജയപ്പെടുത്തും-കോടതി നിരീക്ഷിച്ചു. തെരുവുനായവിഷയത്തില്‍ ഇത്രനാളും പരസ്പരം പഴിചാരി തടിതപ്പിനിന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയെങ്കിലും നട്ടെല്ലുനിവര്‍ത്തുമെന്നു കരുതാം. സംസ്ഥാനമൃഗസംരക്ഷണവകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം 9 ലക്ഷത്തിലെത്തിയിരിക്കുകയാണ്. അതുപോലെതന്നെ കേരളത്തില്‍ പത്തുവര്‍ഷത്തിനിടെ നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നത്. 2014 ല്‍ 1.19 ലക്ഷം പേര്‍ക്കു കടിയേറ്റെങ്കില്‍ 2024 ല്‍ 3.16 ലക്ഷം പേര്‍ക്കാണു കടിയേറ്റത്. ഈ വര്‍ഷം ഓഗസ്റ്റു 31 വരെ 2.52 ലക്ഷം പേര്‍ക്കു കടിയേറ്റുകഴിഞ്ഞു. ഈ കണക്കെല്ലാം വായിച്ചിട്ട് സ്വസ്ഥമായി ഉറങ്ങാന്‍ ജനക്ഷേമം പ്രസംഗിക്കുന്ന ഏതെങ്കിലുമൊരു സര്‍ക്കാരിനു കഴിയുമോ? എന്തായാലും, തെരുവുനായപ്രശ്‌നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറിമാര്‍ എട്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്കണമെന്നു കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ പിഴ നല്‌കേണ്ടി വരും. ഇക്കാര്യത്തില്‍ കേരളത്തില്‍ വീഴ്ചകളുണ്ടെന്ന്, സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളും പോരായ്മകളും സംബന്ധിച്ച കേസിലെ അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരുകള്‍ പിഴച്ചിടത്ത് ജനമനസ്സ് വായിച്ചറിഞ്ഞ സുപ്രീംകോടതിയുടെ ഈ ഇടപെടല്‍ ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ്. വിവിധ സംസ്ഥാനങ്ങളിലുണ്ടായ തെരുവുനായആക്രമണങ്ങള്‍ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്ത ആറ് ആക്രമണങ്ങള്‍ കോടതി ശ്രദ്ധയില്‍കൊണ്ടുവരികയുണ്ടായി. വയനാട് പനമരത്ത് മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ ക്ലാസ്‌റൂമില്‍വച്ച് നായ കടിച്ചതും എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗിയുള്‍പ്പെടെ അഞ്ചുപേര്‍ക്കു തെരുവുനായയുടെ കടിയേറ്റതും കോടതി പരാമര്‍ശിച്ചു. റെയില്‍വേസ്റ്റേഷനുകളിലെ ആക്രമണങ്ങളെക്കുറിച്ചു സൂചിപ്പിക്കവേ, കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ 18 പേര്‍ക്കു കടിയേറ്റതും പിന്നീട് ഈ നായയ്ക്കു പേവിഷബാധയുണ്ടെന്നു കണ്ടെത്തിയതും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ആലപ്പുഴ റെയില്‍വേസ്റ്റേഷനില്‍ കഴിഞ്ഞ ആറു മാസത്തിനിടെ മുപ്പതോളം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റതും കണ്ണൂര്‍ ബസ്റ്റാന്‍ഡില്‍ 500 ലധികം പേര്‍ക്കു കടിയേറ്റതും കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ തെരുവുനായ ആക്രമണവും കോടതി പരാമര്‍ശിച്ചു. ഇതും ഇതിലപ്പുറവും കണക്കുകളറിയാവുന്ന സംസ്ഥാനത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് അതും തലയ്ക്കുകീഴില്‍വച്ച് ഇത്രനാളും ഉറങ്ങിയിരുന്നതെന്നു നാമോര്‍ക്കണം. ഇനിയെങ്കിലും ഉണരുമോ ഇവര്‍?
തെരുവുനായശല്യം നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗമെന്നു നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പദ്ധതിയാണ് എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍). നായ്ക്കളെ വന്ധ്യംകരിച്ച് പേവിഷപ്രതിരോധകുത്തിവയ്പു നടത്തുക. എന്നാല്‍, 25 കൊല്ലം പിന്നിട്ട ഈ പദ്ധതികൊണ്ട്, കോടികള്‍ ചെലവഴിച്ചതല്ലാതെ കണക്കില്‍ കൊള്ളിക്കാവുന്ന ഒരു മെച്ചവും അതില്‍നിന്നുണ്ടായിട്ടില്ലെന്നതാണു സത്യം. അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ അടുത്ത കാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നും ഈയടുത്തനാളില്‍ പറഞ്ഞത് മറ്റാരുമല്ല, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ കേരളഘടകമാണ്. എന്നിട്ടും മുടന്തന്‍ന്യായം പറഞ്ഞു നായപ്രേമികളുടെ തോളില്‍ ചാരാനാണ് മന്ത്രിമാര്‍ക്ക് ഉത്സാഹം. തെരുവുനായ്ക്കളെ പൊതുഇടങ്ങളില്‍നിന്നു പൂര്‍ണമായി മാറ്റുക അപ്രായോഗികമാണെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞതിന്റെ പൊരുള്‍ അതാണല്ലോ.
ഒരു കാര്യം ഉറപ്പ്. കോടതിവിധി തിരുത്തിക്കാന്‍ കപടരാഷ്ട്രീയ-പരിസ്ഥിതി-നായവാദികള്‍ രംഗത്തുവരാതിരിക്കില്ല. അപ്പോള്‍ അവരുടെ മുഖത്തുനോക്കി 'ഇവിടെ വളര്‍ത്തുനായ്ക്കള്‍ മതി. തെരുവുനായ്ക്കള്‍ വേണ്ട' എന്നു പറയാനുള്ള തന്റേടവും അതു നടത്തിയെടുക്കാനുള്ള ഇച്ഛാശക്തിയും സര്‍ക്കാരുകള്‍ക്കുണ്ടാവണം. അല്ലാത്തപക്ഷം നിസ്സഹായരായ മനുഷ്യജന്മങ്ങളുടെ നിലവിളികളും ഉടയവനില്ലാത്ത നായ്ക്കളുടെ ക്രൂരതകളും ഇവിടെ ഇടതടവില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കും.
ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
