പ്രായഭേദമെന്യേ ഉണ്ടാകുന്ന രോഗമാണ് ന്യുമോണിയ. കുട്ടികളെ ബാധിക്കുന്ന ന്യുമോണിയ അപകടകാരിയാകുമെന്നതിനാല്‍ പെട്ടെന്നു തിരിച്ചറിയേണ്ടതുണ്ട്. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയയ്ക്കു കാരണമാകുന്നത്. മഴക്കാലത്താണ് ന്യുമോണിയ കൂടുതലായി കാണപ്പെടുന്നത്.
ന്യുമോണിയ ബാധിച്ച കുട്ടികളില്‍ വായുസഞ്ചികളില്‍ ദ്രാവകമോ പഴുപ്പോ നിറയും. കടുത്ത പനി, ചുമ, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുട്ടികള്‍ക്കു വിറയല്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം. കുട്ടികളുടെ ശ്വാസോച്ഛ്വാസം നിരീക്ഷിച്ചും ബ്ലഡ്കൗണ്ട്, നെഞ്ചിന്റെ എക്‌സ്‌റേ എന്നിവ നോക്കിയുമാണ് ന്യുമോണിയ തിരിച്ചറിയുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പനിയും ചുമയുമുള്ള കുട്ടികള്‍ക്കു ന്യുമോണിയ ഉണ്ടോയെന്നു മനസ്സിലാക്കാന്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശ്വാസം എടുക്കുന്ന വേഗം, ശ്വാസം എടുക്കുമ്പോള്‍ നെഞ്ച് ഉള്ളിലേക്കു വരിക എന്നീ അവസ്ഥകള്‍ ശ്രദ്ധിക്കണം. ശ്വാസം എടുക്കുന്ന വേഗം രണ്ടു മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് 60 ല്‍ കൂടുതലും രണ്ടു മാസം മുതല്‍ ഒരു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 50 ല്‍ കൂടുതലും ഒരു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് 40 ല്‍ കൂടുതലും ഉണ്ടെങ്കില്‍ ന്യുമോണിയയുടെ ലക്ഷണമായി പരിഗണിക്കാവുന്നതാണ്. കുട്ടികള്‍ തളര്‍ന്നുകിടക്കുന്ന അവസ്ഥ, കടുത്ത പനി, ശരീരം നീലനിറത്തിലാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ കൂടാതെ ശിശുരോഗവിദഗ്ധനെ സമീപിക്കണം.