•  12 Jun 2025
  •  ദീപം 58
  •  നാളം 14
കരുതാം ആരോഗ്യം

കുട്ടികളില്‍ തലവേദന തുടര്‍ച്ചയായാല്‍

   സ്‌കൂളുകള്‍ തുറന്നു. കുട്ടികളില്‍ പലരും വൈകുന്നേര മെത്തുമ്പോള്‍  ആദ്യം പറയുന്ന പരിഭവങ്ങളില്‍ ഒന്ന് തലവേദന എന്നാകും. മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും കൂടുതലായി കാണപ്പെടുന്ന പ്രശ്‌നമായി തലവേദന മാറിക്കൊണ്ടിരിക്കുന്നു. ഏതു വയസ്സിലും തലവേദന ഉണ്ടാകാമെങ്കിലും അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. പലപ്പോഴും വിശ്രമംകൊണ്ടു മാറുമെങ്കിലും തുടര്‍ച്ചയായ തലവേദനകള്‍ ഉണ്ടായാല്‍ കുട്ടികള്‍ അസ്വസ്ഥരാകാനും പഠനത്തെ ബാധിക്കാനും സാധ്യതയുണ്ട്. 
കൊച്ചുകുട്ടികളിലെ തലവേദന
    കൊച്ചുകുട്ടികളും തലവേദനയുടെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാറുണ്ട്. അഞ്ചു വയസ്സിനുമുമ്പ് കുട്ടികളില്‍ തലവേദനയുടെ സ്വഭാവം വ്യത്യസ്തമായിരിക്കും. കുട്ടിക്ക് ഇടവിട്ടുണ്ടാകുന്ന ഛര്‍ദ്ദി അല്ലെങ്കില്‍ വയറുവേദന തുടങ്ങിയ അസ്വസ്ഥതകളോടെയാകാം തലവേദന പ്രകടമാകുന്നത്. ഇതിനെ സൈക്ലിക് വൊമിറ്റിങ് സിന്‍ഡ്രോം അല്ലെങ്കില്‍ അബ്‌ഡൊമിനല്‍ മൈഗ്രെയ്ന്‍ എന്നു വിളിക്കുന്നു. 
കുട്ടികളില്‍ അനുഭവപ്പെടുന്ന പ്രധാന തലവേദനകള്‍

  •  ടെന്‍ഷന്‍ തലവേദന

കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന തലവേദനയാണിത്. പുതിയ സ്‌കൂള്‍ കാലഘട്ടത്തിലേക്കു പ്രവേശിച്ചുകഴിയുമ്പോള്‍ പഠനകാര്യങ്ങള്‍ ഉള്‍പ്പെടെ ചിന്തിച്ചുകൂട്ടി മാനസികസമ്മര്‍ദം വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് ഈ രീതിയില്‍ തലവേദനയുണ്ടാകാം. തലയുടെ ഇരുവശത്തും വരിഞ്ഞു മുറുകിക്കെട്ടിയപോലെ അനുഭവപ്പെടുന്ന വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. മാനസികസമ്മര്‍ദം, ഉറക്കക്കുറവ്, സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയ ഘടകങ്ങളും ഈ തലവേദനയ്ക്കു കാരണമാകുന്നു. 

  •  മൈഗ്രെയ്ന്‍ 

സാധാരണമായി ചെന്നിക്കുത്ത് അല്ലെങ്കില്‍ കൊടിഞ്ഞി എന്ന പേരില്‍ ഇതറിയപ്പെടുന്നു. ജനിതകകാരണങ്ങള്‍കൊണ്ടും പാരമ്പര്യമായും ഇതുണ്ടാകാം. തലയുടെ രണ്ടു വശങ്ങളിലും ചിലപ്പോള്‍ ഒരു വശത്തും മാത്രമായി അനുഭവപ്പെടുന്ന തലവേദനയാണിത്. വേദനയുടെ കൂടെ ഓക്കാനം,ഛര്‍ദ്ദി, വെളിച്ചത്തിലേക്കു നോക്കുമ്പോഴുള്ള ബുദ്ധിമുട്ട്, ശബ്ദം കേള്‍ക്കുമ്പോഴുള്ള അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചില കുട്ടികളില്‍ തലവേദന തുടങ്ങുന്നതിനുമുമ്പായി കണ്ണിന്റെ കാഴ്ചമങ്ങല്‍ അല്ലെങ്കില്‍ കണ്ണിനു മുമ്പില്‍ പ്രകാശകിരണങ്ങള്‍ കാണുക, കൈകാലുകളില്‍ മരവിപ്പുണ്ടാകുക എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്. 

  •  സെക്കന്‍ഡറി തലവേദനകള്‍

ടെന്‍ഷന്‍ തലവേദന, മൈഗ്രെയ്ന്‍ തുടങ്ങിയ തലവേദനകള്‍ കൂടാതെ മറ്റ് അസുഖങ്ങളുടെ ഭാഗമായും തലവേദന കുട്ടികളില്‍ അനുഭവപ്പെടാറുണ്ട്. ജലദോഷം, കഫക്കെട്ട് എന്നിവയെത്തുടര്‍ന്നുവരുന്ന സൈനസെറ്റിസ്, കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍, മെനിഞ്ചൈറ്റിസ്, തലയിലുണ്ടാകുന്ന മുഴകള്‍, മസ്തിഷ്‌കത്തിലെ ദ്രവസമ്മര്‍ദം ഉയരുക തുടങ്ങിയ വിവിധ കാരണങ്ങളുടെ ഭാഗമായും തലവേദന അനുഭവപ്പെടാം. 
രോഗനിര്‍ണയം 
കുട്ടികളിലെ തലവേദനയുടെ രോഗനിര്‍ണയം നടത്തുന്നത് ലക്ഷണങ്ങള്‍ നോക്കിയും വിശദമായ ശാരീരികപരിശോധനയിലൂടെയുമാണ്. ചിലപ്പോള്‍ എം.ആര്‍.ഐ സ്‌കാനും വേണ്ടി വരാറുണ്ട്.
സൂക്ഷിച്ചുവയ്ക്കാം ഒരു ഹെഡേക്ക് ഡയറി 
തലവേദന പൂര്‍ണമായും മാറ്റുന്നതിനു ജീവിതശൈലിയിലെ മാറ്റങ്ങളും അനിവാര്യമാണ്. മതിയായ ഉറക്കം, സന്തുലിതമായ ഭക്ഷണം, പോഷകാഹാരങ്ങള്‍, കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നത്, പതിവായുള്ള വ്യായാമങ്ങള്‍, മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ സമയം കുറയ്ക്കല്‍ എന്നിവ പാലിക്കണം. ഒരു മാസത്തില്‍ മൂന്നോ നാലോ തവണ  തലവേദന അനുഭവപ്പെടുകയാണെങ്കില്‍ പ്രതിരോധമരുന്നുകള്‍ കഴിക്കേണ്ടിവരും. ഇവ ചുരുങ്ങിയ കാലത്തേക്കു മതിയാകും. തലവേദന വരുന്ന ദിവസങ്ങള്‍ കൃത്യമായി ഓര്‍ത്തുവയ്ക്കാനും കാരണങ്ങള്‍ തിരിച്ചറിയുന്നതിനുമായി ഒരു ഹെഡേക്ക് ഡയറി കൈവശം സൂക്ഷിക്കുന്നതു നല്ലതാണ്. 
ജാഗ്രത പുലര്‍ത്തേണ്ട തലവേദനയുടെ ലക്ഷണങ്ങള്‍
    തുടര്‍ച്ചയായ തലവേദന കുട്ടികളില്‍ നിലനില്‍ക്കുകയാണെങ്കില്‍ ന്യൂറോളജിസ്റ്റ്, പീഡിയാട്രീഷന്‍ എന്നിവരെ കണ്ട് ചികിത്സകള്‍ തേടേണ്ടതുണ്ട്. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണം:  

  •  തുടര്‍ച്ചയായി നില്‍ക്കുന്നതും തീവ്രത വര്‍ദ്ധിക്കുന്നതുമായ രീതിയിലുള്ള തലവേദന
  •  തലവേദനയോടൊപ്പം പനി, അല്ലെങ്കില്‍ കഴുത്തിനു പിറകില്‍ ശക്തമായ വേദന
  •  തലവേദനയോടൊപ്പം അപസ്മാരം അല്ലെങ്കില്‍ പെരുമാറ്റത്തില്‍ വ്യതിയാനങ്ങള്‍
  •  തലവേദനയോടൊപ്പം കാഴ്ചയ്ക്കു മങ്ങല്‍ അല്ലെങ്കില്‍ രണ്ടായി കാണുക
  •  രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ തലവേദന അല്ലെങ്കില്‍ ഛര്‍ദ്ദി.

ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)