മറവിരോഗം പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരിലും ഇപ്പോള്‍ കണ്ടുവരുന്നു. ന്യൂറോളജിക്കല്‍രോഗമായ ഡിമന്‍ഷ്യ, അല്‍ഷിമേഴ്‌സ്ബാധിതരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരികയാണ്. ദൈനംദിനജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തടസ്സമാകുംവിധം മറവിയുണ്ടെങ്കില്‍ അതു മറവിരോഗത്തിന്റെ ആരംഭമാണ്.
എന്താണ് ഡിമന്‍ഷ്യ? മസ്തിഷ്‌കകോശങ്ങള്‍ നശിക്കുന്നതാണ് ഡിമന്‍ഷ്യയുടെ പ്രധാനകാരണം. മസ്തിഷ്‌കകോശങ്ങളെ ശരിയായി ബന്ധിപ്പിക്കാന്‍ കഴിയാത്തവിധം തകരാറിലാകുമ്പോള്‍ ബുദ്ധിപരമായ കാര്യങ്ങള്‍, സംസാരം, ചിന്ത, നടത്തം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളെ അതു ബാധിക്കുന്നു. കാലക്രമേണ വഷളാകാന്‍ സാധ്യതയുള്ള രോഗാവസ്ഥകൂടിയാണിത്. അമിതമായ ഉത്കണ്ഠ, തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രശ്‌നം, അമിതമദ്യപാനം, വിറ്റാമിനുകളുടെ കുറവ്, പക്ഷാഘാതം, വാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ രോഗത്തിനു കാരണമാകാം.
എന്താണ് അല്‍ഷിമേഴ്‌സ്? ഒരു പ്രത്യേക രീതിയിലുള്ള ഡിമന്‍ഷ്യയാണ് അല്‍ഷിമേഴ്‌സ്. രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്ത രീതിയിലാകും അനുഭവപ്പെടുക. സാധാരണ 65 വയസ്സിനു മുകളിലുള്ളവരെയാണ് അല്‍ഷിമേഴ്‌സ് ബാധിച്ചിരുന്നത്. ചുരുക്കം സന്ദര്‍ഭങ്ങളില്‍ 40-50 പ്രായക്കാരിലും അല്‍ഷിമേഴ്‌സ് കണ്ടുവരുന്നു. വളരെ സാവധാനമാണ് ഈ രോഗം ഉണ്ടാകുന്നത്. ന്യുറോളജിക്കല്‍ ഡിസോഡറിന്റെ ഭാഗമായി മസ്തിഷ്‌കം ചുരുങ്ങുകയും, മസ്തിഷ്‌കകോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. കാലക്രമേണ രോഗിയുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങളുണ്ടാകും. ഏറ്റവും പുതിയ കാര്യങ്ങള്‍ ആദ്യംതന്നെ മറന്നുതുടങ്ങും. പലതരത്തിലുള്ള ജോലി ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, പരിചയമുള്ള വഴികള്‍ തെറ്റുക, മാനസികാവസ്ഥയില്‍ മാറ്റം നേരിടുക, സമയം തെറ്റിയുള്ള പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാനരഹിതമായി സംശയങ്ങള്‍ ഉണ്ടാകുക, ആവര്‍ത്തിച്ചു ചോദ്യങ്ങള്‍ ചോദിക്കുക, ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടു നേരിടുക, ബന്ധുക്കളെ ഉള്‍പ്പെടെ തിരിച്ചറിയാന്‍ കഴിയാതെവരിക, അലഞ്ഞു തിരിയുക തുടങ്ങിയവയെല്ലാം അല്‍ഷിമേഴ്‌സ്‌രോഗികളില്‍ കണ്ടുവരുന്നു. പുതിയ കാര്യങ്ങളാകും വേഗത്തില്‍ മറന്നുതുടങ്ങുക. കാലക്രമേണ പഴയ കാര്യങ്ങളും മറന്നുതുടങ്ങും.
രോഗം തിരിച്ചറിഞ്ഞാല്‍
എന്തു ചെയ്യണം?
മറവിരോഗം തിരിച്ചറിഞ്ഞുതുടങ്ങിയാല്‍ വിദഗ്ധഡോക്ടറെ കാണണം. രോഗിയുടെ മുഴുവന്‍ വിവരങ്ങളും പഠിച്ചശേഷം ലബോറട്ടറി പരിശോധന, വിവിധ പത്തോളജിക്കല്‍ പരിശോധന, എംആര്‍ഐ സ്‌കാനിങ്ങുകള്‍, തൈറോയ്ഡ് പരിശോധന, ബി 12, ബുദ്ധിപരമായ വിവിധ പരിശോധനകള്‍, രോഗിയുടെ പെരുമാറ്റരീതികള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് രോഗനിര്‍ണയം സാധിക്കുക. വ്യക്തമായ കാരണങ്ങള്‍ കണ്ടെത്തിയശേഷം മരുന്നുകള്‍ ആരംഭിക്കും. സ്‌ട്രോക്ക്, ഹൈപ്പോതൈറോയ്ഡ് തുടങ്ങിയ കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന മറവിരോഗം മികച്ച ചികിത്സയിലൂടെ നിയന്ത്രണത്തിലാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെറുപ്പത്തില്‍ വിദ്യാഭ്യാസത്തില്‍ ലഭിക്കുന്ന കുറവ് ഭാവിയില്‍ മറവിയിലേക്കു നയിക്കുന്ന കാരണങ്ങളില്‍ അഞ്ചു ശതമാനം പങ്കു വഹിക്കുന്നു.
അമിതമദ്യപാനം, വിഷാദം, ഹൈപ്പര്‍ ടെന്‍ഷന്‍, കേള്‍വിയിലെ കുറവ്, പുകവലി, പ്രമേഹം, ശാരീരികമായ അധ്വാനമില്ലായ്മ, തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവ മധ്യവയസ്സില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ മറവിരോഗത്തിലേക്കു നയിക്കാതിരിക്കും. 30 ശതമാനത്തോളം ആളുകളില്‍ മറവിരോഗത്തിന് ഇവ കാരണമാകുന്നുണ്ട്.
പ്രായമായവരില്‍ കേള്‍വിയിലെ കുറവ്, വായുമലിനീകരണം, സാമൂഹിക ഇടപെടലിലെ കുറവ് എന്നിവ മറവിയിലേക്കു നയിക്കുന്നു.
പോഷകാഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. നടത്തം, സൈക്ലിങ് ഉള്‍പ്പെടെ വ്യായാമങ്ങള്‍ വേണം. മാനസികമായും സാമൂഹികമായും സജീവമായിരിക്കുകയും വേണം.
ലേഖകന്‍ പാലാ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോളജിവിഭാഗം കണ്‍സള്‍ട്ടന്റാണ്.