കളിചിരികളുമായി വീണ്ടും സ്‌കൂളുകള്‍ തുറക്കുന്നു. മഴക്കാലംകൂടി എത്തുന്നതിനാല്‍ കുട്ടികളില്‍ അസുഖങ്ങള്‍ക്കും സാധ്യത കൂടുതലാണ്. ജലദോഷം, പനി, ഇന്‍ഫ്‌ളുവന്‍സ, അണുബാധ, വയറുവേദന തുടങ്ങിയ വിവിധ അസുഖങ്ങള്‍ മഴക്കാലത്ത് കുട്ടികളില്‍ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് വെള്ളം മലിനമാകുന്നത് ജലജന്യരോഗങ്ങള്‍ക്കും സാധ്യതയുണ്ടാക്കാം. കരുതലോടെ നോക്കിയാല്‍ കുട്ടികളെ അസുഖങ്ങളില്‍നിന്നു രക്ഷപ്പെടുത്താന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍
A( Avoid Contact) പനിയോ മറ്റ് അസുഖങ്ങളോ ഉള്ള കുട്ടികളെ പരമാവധി സ്‌കൂളില്‍ വിടാതിരിക്കുക. പനി പടരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതു സഹായിക്കും.
B ( Bacteria) -) ബാക്ടീരിയ, വൈറസ് എന്നിവയ്‌ക്കെതിരേയുള്ള ന്യൂമോകോക്കല്‍ അല്ലെങ്കില്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സീന്‍ കുട്ടികള്‍ എടുത്തു എന്ന് ഉറപ്പു വരുത്തണം. ഇവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ വരാതിരിക്കുന്നതിനു സഹായിക്കും.
C (Change the habit) മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന കുട്ടികളില്‍ സ്‌ക്രീന്‍ ടൈം പരമാവധി ഒരു മണിക്കൂറില്‍ താഴെ നിര്‍ത്തുക. 40 മിനിട്ടെങ്കിലും അവരെ വ്യായാമം ചെയ്യാന്‍ ശീലിപ്പിക്കുക.
D (Drugs) - ഡോക്ടര്‍ നിര്‍ദേശിച്ച അളവിലും പറഞ്ഞകാലയളവിലും മരുന്നുകള്‍ കഴിക്കുക. സ്വയം ഒരു കാരണവശാലും കുട്ടികള്‍ക്കു മരുന്നുകള്‍ നല്‍കരുത്.
E (Environment) കുട്ടികള്‍ക്കുള്ള ചുറ്റുപാടുകള്‍ പരമാവധി അണുവിമുക്തമാക്കുക. പൊടിയില്‍നിന്നു സംരക്ഷിക്കുക.
F (Food) കുട്ടികള്‍ക്ക് പരമാവധി പായ്ക്കറ്റ് ഫുഡ്, ജങ്ക്ഫുഡ് എന്നിവ ഒഴിവാക്കുക, വെള്ളം നന്നായി കുടിപ്പിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴിപ്പിക്കുക.
ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, പീഡിയാട്രിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.