കരള്‍രോഗങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് സമൂഹത്തില്‍ വളരെയധികം വര്‍ധിച്ചുവരികയാണ്. കരള്‍വീക്കം അഥവാ സിറോസിസ്, കരളിലെ അര്‍ബുദം എന്നിവയാണ് കരള്‍രോഗങ്ങളില്‍ പ്രധാനം. ഏവര്‍ക്കും അറിയാവുന്നതുപോലെ മദ്യപാനമാണ് കരള്‍വീക്കത്തിനു മുഖ്യകാരണം. ഈ വസ്തുത നിലനില്‍ക്കുമ്പോള്‍ത്തന്നെ മറ്റു കാരണങ്ങളും ഒരു ഘടകമാണ്.
ഫാറ്റിലിവറിന് പ്രത്യേകിച്ച് ഒരു രോഗലക്ഷണം ഉണ്ടായിരിക്കണമെന്നില്ല. എന്നാല്‍, കരളിലെ വര്‍ധിച്ച അളവിലുള്ള കൊഴുപ്പിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ദൂരവ്യാപകമായ പ്രതിസന്ധി ഉണ്ടാക്കാറുണ്ട്. പല രോഗികള്‍ക്കും ഫാറ്റിലിവര്‍ കരള്‍ വീക്കത്തിനും കരളിലെ കാന്‍സറിനും കാരണമായിത്തീരുന്നു. കരള്‍രോഗത്തിനു പുറമേ ഫാറ്റിലിവര്‍രോഗികളില്‍ അസാമാന്യമായ പ്രമേഹം, അമിതരക്തസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടുവരുന്നു. സമൂഹത്തില്‍ ഏകദേശം 50 ശതമാനം ആളുകള്‍ക്കുമുകളില്‍ ഫാറ്റിലിവര്‍ കണ്ടുവരുന്നു. ഇത് ഭാവിയില്‍ സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കുന്നു.
താരതമ്യേന ലക്ഷണമൊന്നും കാണിക്കാത്ത ഫാറ്റിലിവര്‍ ലളിതമായ ലിവര്‍ ഫങ്ഷന്‍ പരിശോധനകൊണ്ടും അള്‍ട്രാസോണോഗ്രാഫിയുംകൊണ്ട് നേരത്തേ തിരിച്ചറിയാന്‍ സാധിക്കും. ഫലപ്രദമായ രീതിയില്‍ വ്യായാമവും, ഭക്ഷണക്രമത്തില്‍ നിയന്ത്രണവും പാലിച്ചാല്‍ പില്‍ക്കാലത്തുണ്ടാകുന്ന ഗുരുതര പ്രതിസന്ധി- കരള്‍വീക്കം, കരള്‍ കാന്‍സര്‍ എന്നിവ - ഒഴിവാക്കാന്‍ സാധിക്കും. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും വഴി ഫാറ്റിലിവര്‍ നിയന്ത്രിച്ചു നിര്‍ത്തിയാല്‍ രോഗികള്‍ക്കു പിന്നീടുണ്ടാകാവുന്ന പ്രമേഹം, അമിതരക്തസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയവയും കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന മറ്റു രോഗങ്ങളും പ്രതിരോധിക്കാന്‍ സാധിക്കും.
കരള്‍രോഗത്തിന്റെ ലക്ഷണങ്ങള്‍
കരള്‍രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് മഞ്ഞപ്പിത്തമാണ്. ചര്‍മവും കണ്ണുകളുമുള്‍പ്പെടെ മഞ്ഞനിറത്തിലാകും. മൂത്രത്തിന്റെ നിറംമാറ്റം, വയറുവേദന, വയറിനു വീക്കം, കാലുകളില്‍ വീക്കം, ചൊറിച്ചില്‍, അമിതമായ ക്ഷീണം, തുടര്‍ച്ചയായ ഛര്‍ദ്ദിയും ഓക്കാനവും, വിശപ്പില്ലാതെ വരിക തുടങ്ങിയവയും കരള്‍രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
കരളിന്റെ സംരക്ഷണം
ഉറപ്പാക്കാന്‍ വേണ്ടത്
കൊഴുപ്പും മധുരവും കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. എണ്ണയില്‍ വറുത്തു പൊരിച്ച ആഹാരങ്ങള്‍, റെഡ്മീറ്റ്, പ്രോസസ്ഡ് മീറ്റ്, ബേക്കറിപലഹാരങ്ങള്‍ എന്നിവ പരിമിതമായി മാത്രം ഉപയോഗിക്കുക. അമിതവണ്ണം ഒഴിവാക്കുകയും വ്യായാമം ശീലമാക്കുകയും വേണം. മദ്യപാനവും, പുകവലിയും പൂര്‍ണമായി ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരങ്ങള്‍ ശീലമാക്കുക. പ്രോട്ടീന്‍ അടങ്ങിയതും നാരുകള്‍ ഉള്ളതുമായ ആഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഡോ. രമേശ് എം.
