•  19 Sep 2024
  •  ദീപം 57
  •  നാളം 28
കരുതാം ആരോഗ്യം

സ്‌ട്രോക്കിനുശേഷം ശ്രദ്ധിക്കേണ്ടത്

സ്‌ട്രോക്ക് വന്നതിനുശേഷം പൂര്‍ണമായും കിടപ്പിലാകുമോ? പരസഹായംകൂടാതെ സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമോ? ഈ ചിന്തകള്‍ പലരിലും ആകുലത ഉണ്ടാക്കാറുണ്ട്. തലച്ചോറില്‍ ഏതു ഭാഗത്താണ് സ്‌ട്രോക്കുണ്ടാകുന്നത് എന്നതനുസരിച്ചാണ് രോഗിക്കുണ്ടാകുന്ന ലക്ഷണങ്ങളുടെ തോതു നിര്‍ണയിക്കുന്നത്. പക്ഷാഘാതം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ആഹാരം കഴിക്കാന്‍ പറ്റാത്ത അവസ്ഥ, മുഖം കോടിപ്പോകുക എന്നിവയാണ് ഏറ്റവും കൂടുതലായി കാണുന്ന ലക്ഷണങ്ങള്‍. ഇതോടൊപ്പം, അബോധാവസ്ഥയില്‍നിന്നു സ്വബോധത്തിലേക്കു വരാന്‍ കൂടുതല്‍ സമയം എടുക്കുക, തോളിനു വേദന, സ്പര്‍ശനസംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റു വേദനകള്‍ എന്നിങ്ങനെ പല ലക്ഷണങ്ങളും ഉണ്ടാകാം. 

സ്‌ട്രോക്കിനുശേഷം 
    അത്യാസന്നനില തരണം ചെയ്തുകഴിഞ്ഞാല്‍ ന്യൂറോവിഭാഗം ഡോക്ടര്‍മാരുടെ ചികിത്സയോടൊപ്പംതന്നെ ഒരു ഫിസിയാട്രിസ്റ്റ് അല്ലെങ്കില്‍ പിഎംആര്‍ ഡോക്ടറുടെ നേതൃത്വത്തില്‍ പുനരധിവാസചികിത്സ ആരംഭിക്കേണ്ടതാണ്. ന്യൂറോവിഭാഗത്തിന്റെ പ്രാഥമികചികിത്സയ്ക്കുശേഷം രോഗിയെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വകുപ്പിലേക്കു മാറ്റണം. തുടര്‍ചികിത്സകള്‍ ഈ വകുപ്പിനു കീഴിലാണു ചെയ്യുക. അബോധാവസ്ഥയിലുള്ള രോഗിയോ, ബോധം കുറവുള്ള രോഗിയോ ആണെങ്കില്‍ തിരിച്ചുവരവിനായി മരുന്നുകള്‍ തുടങ്ങേണ്ടതുണ്ട്. മരുന്നുകള്‍ക്കൊപ്പം ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന തെറാപ്പികള്‍ ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ തുടങ്ങണം. പക്ഷാഘാതംമൂലം മാംസപേശികള്‍ ശോഷിച്ചുപോകാതെ ബലപ്പെട്ടുവരുന്നതിനും ഫിസിയോതെറാപ്പിവ്യായാമങ്ങള്‍ തുടങ്ങണം. ഇതിനായി അനുയോജ്യരായ രോഗികളില്‍ ഇലക്ട്രിക്കല്‍ സ്റ്റിമുലേഷനും ചെയ്യാറുണ്ട്. 
ഭക്ഷണകാര്യം ശ്രദ്ധിക്കണം
   പലപ്പോഴും സ്‌ട്രോക്കുവന്ന രോഗികള്‍ക്കു തനിയെ ആഹാരം കഴിക്കാന്‍ സാധിക്കാറില്ല. വായിലെയും നാവിലെയും മസിലിന്റെ ബലക്കുറവു കാരണം ഭക്ഷണം അന്നനാളത്തിലേക്കു പോകുന്നതിന്റെകൂടെ ശ്വാസകോശത്തിലേക്കും പോകുന്നു. ഇതിനെ അസ്പിരേഷന്‍ എന്നു പറയുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ അസ്പിരേഷന്‍ ന്യുമോണിയ ഉണ്ടായേക്കാം. ഇക്കാരണത്താല്‍ രോഗിയുടെ സുരക്ഷയ്ക്കുവേണ്ടി മൂക്കിലൂടെ ഫീഡിംഗ് ട്യൂബ് ഇടാറുണ്ട്. അതുപോലെതന്നെ, കൂടുതല്‍ ദിവസം വെന്റിലേറ്ററില്‍ കിടക്കേണ്ടിവരുന്ന രോഗികള്‍ക്കു കഴുത്തിലൂടെ ട്രക്കിയോസ്റ്റമി ട്യൂബ് ഇടേണ്ടതായി വരാറുണ്ട്. ട്യൂബിലൂടെ ഭക്ഷണം കഴിക്കുന്ന രോഗിക്കു പല വിധത്തിലുള്ള ആഹാരവും പാനീയങ്ങളും മരുന്നും ഘട്ടംഘട്ടമായി നല്‍കി സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തണം. ഇതിനുവേണ്ടി വായിലെ പേശികളുടെ ചലനശേഷി പൂര്‍വസ്ഥിതിയിലാകാന്‍ സഹായിക്കുന്ന തെറാപ്പി തുടങ്ങണം. അന്നനാളത്തിലേക്കുതന്നെ ഭക്ഷണം പോകാന്‍ സഹായിക്കുന്ന ചില ആധുനികരീതികള്‍ രോഗിയെ പരിശീലിപ്പിക്കാറുണ്ട്. എല്ലാ ഭക്ഷണവും മരുന്നുകളും വേണ്ടത്ര അളവില്‍ കഴിക്കാറാകുമ്പോളാണ് ഫീഡിംഗ് ട്യൂബ് ഊരിമാറ്റുക. ട്രക്കിയോസ്റ്റമി ട്യൂബ് ഉള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ടിന്റെ ആവശ്യം ഇല്ലാതായാല്‍ നിലവിലുള്ള ട്രക്കിയോസ്റ്റമി ട്യൂബ് മാറ്റി ചെറിയ വലുപ്പത്തിലുള്ള ട്രക്കിയോസ്റ്റമി ട്യൂബ് ആക്കണം. സാവധാനം ട്രക്കിയോസ്റ്റമി ട്യൂബ് അടച്ച് രോഗിയുടെ ഓക്‌സിജന്‍ ലവല്‍, ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടോ എന്നിവയുടെ മോണിട്ടറിങ് ആവശ്യമാണ്. ട്യൂബ് ഊരിമാറ്റാന്‍ സുരക്ഷിതമാണോയെന്നു പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനുശേഷം രോഗി സുരക്ഷിതമെങ്കില്‍ ട്യൂബ് ഊരിമാറ്റാം. 
തെറാപ്പികള്‍
    സംസാരശേഷി, ഓര്‍മ, ഭാഷയുടെ ഉപയോഗം, കണക്കുകൂട്ടാനുള്ള കഴിവ്, പലവിധ സാഹചര്യങ്ങളിലുള്ള പ്രതികരണം, ജഡ്ജ്‌മെന്റ് എന്നിങ്ങനെ ഓരോ ഘടകവും വിശദമായി പരിശോധിച്ച് പിഎംആര്‍ ഡോക്ടര്‍ അല്ലെങ്കില്‍ ഫിസിയാട്രിസ്റ്റ് വേണ്ടുന്ന സാഹചര്യങ്ങളില്‍ മരുന്നുകളും അതിനൊപ്പംതന്നെ തെറാപ്പികളും തുടങ്ങുന്നു. ഓരോ ഘട്ടത്തിലും തെറാപ്പിക്കു വേണ്ടുന്ന മാറ്റങ്ങള്‍ കൃത്യമായി ചെയ്യേണ്ടതുണ്ട്. കൈയിലെ മസിലുകളുടെ ബലക്ഷയംകാരണം തോള്‍വേദനയും, അതിനെത്തുടര്‍ന്ന് കൈപ്പത്തിയില്‍ നീര്, വിരലുകളിലെ ചെറിയ ജോയിന്റ്‌സിനു വേദന എന്നിവയും ഉണ്ടാകാറുണ്ട്. ഇതിനു സമയോചിതമായ ചികിത്സ ആവശ്യമാണ്. ശരീരത്തിന്റെ ഒരു പകുതിയില്‍ ചലനശേഷി ഇല്ലാതെയാകുമ്പോള്‍ സ്വാഭാവികമായും ബാലന്‍സ്പ്രശ്‌നങ്ങള്‍ ഉണ്ടാകും. ബാലന്‍സ് വീണ്ടെടുക്കാന്‍ പ്രത്യേകം പരിശീലനം ആവശ്യമാണ്. പക്ഷാഘാതംമൂലം ഒരു വശത്ത് പൂര്‍ണമായും ചലനശേഷി നഷ്ടമായ ആളിനെയും ശരിയായ റീഹാബിലിറ്റേഷനിലൂടെ നടത്താനും ഒരു പരിധിവരെ സ്വന്തം കാര്യങ്ങള്‍ പരസഹായം ഇല്ലാതെ ചെയ്യാനും പരിശീലിപ്പിക്കാന്‍ സാധിക്കും. നില്‍ക്കാനും നടക്കാനും സപ്പോര്‍ട്ട് ചെയ്യുന്ന പലവിധത്തിലുള്ള സ്പ്‌ളിന്‍സ് / ഓര്‍ത്തോസിസ് ഉണ്ട്. ഓരോരുത്തരുടെയും മസിലിന്റെ ശക്തിയും ബലക്കുറവും അനുസരിച്ചാണ് ഏത് ഓര്‍ത്തോസിസാണു വേണ്ടതെന്നു തീരുമാനിക്കുന്നത്. പക്ഷാഘാതമുള്ള ആള്‍ നടക്കുമ്പോള്‍ സാധാരണരീതിയിലേക്കു നടത്തം ആയിവരാനും ബാലന്‍സ് പോകാതെ നടക്കുക എന്നതും റീഹാബിലിറ്റേഷനിലൂടെ സാധ്യമാണ്. 
     മുന്‍കാലങ്ങളില്‍ സ്‌ട്രോക്കിനുശേഷം ഏതെങ്കിലും നഴ്‌സിംഗ്‌ഹോമില്‍ തുടര്‍ചികിത്സ നടത്തുകയോ അല്ലെങ്കില്‍ വീട്ടില്‍ത്തന്നെ ഹോംനഴ്‌സിനെ നിയോഗിച്ചു പരിഹരിക്കുകയോ ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ, രോഗി ആരോഗ്യപരമായി സ്ഥിരതയായാല്‍ ഫിസിയോതെറാപ്പിമാത്രം ചെയ്യുക എന്നത് ഇപ്പോഴും കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍, ശാസ്ത്രീയമായി നടത്തിയ പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് സ്‌ട്രോക്കുവന്നതിനുശേഷം ആശുപത്രിയില്‍ ആയിരിക്കുന്ന സമയത്തുതന്നെ ഒരു ഫിസിയാട്രിസ്റ്റിന്റെ കീഴില്‍കൂടി ചികിത്സ ആരംഭിക്കുകയും  നിശ്ചയിക്കുന്ന റീഹാബിലിറ്റേഷന്‍ തെറാപ്പീസ് സംയോജിതമായി നടത്തുകയും ചെയ്യുമ്പോള്‍ തിരിച്ചുവരവ് വേഗത്തിലാകുന്നു എന്നാണ്. ഇതുവഴി, ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പല ഗുരുതരപ്രശ്‌നങ്ങളും ഒഴിവാക്കാനും സാധിക്കും. 
ഓരോ രോഗിയുടെയും തലച്ചോറില്‍ ഏതു ഭാഗത്താണ് സ്‌ട്രോക്കുണ്ടായത് എന്നതിനെ ആശ്രയിച്ചാണ് തിരിച്ചുവരവ് ഉണ്ടാകുക. ശരിയായ റീഹാബിലിറ്റേഷന്‍, ചലനശേഷി തിരിച്ചുകിട്ടുന്നതിനും പരസഹായം ഇല്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതിനും രോഗിയെ പ്രാപ്തനാക്കും.

(ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ വിഭാഗം കണ്‍സള്‍ട്ടന്റാണ്)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)