•  21 Nov 2024
  •  ദീപം 57
  •  നാളം 37
കരുതാം ആരോഗ്യം

കുട്ടികളിലെ ദന്തസംരക്ഷണം

കുരുന്നുബാല്യങ്ങളുടെ കുഞ്ഞിളം പുഞ്ചിരികള്‍ ഏവര്‍ക്കും ആഹ്ലാദം പകരുന്നതാണ്. ഈ മനോഹരമായ പുഞ്ചിരി എന്നും നിലനില്‍ക്കണമെങ്കില്‍ ചെറുപ്പംമുതലേ അവരുടെ ദന്തപരിപാലനം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് മാതാപിതാക്കളാണ്. പാല്‍പ്പല്ലുകളുടെ ശരിയായ വിന്യാസവും സംരക്ഷണവും സ്ഥിരദന്തങ്ങളുടെ സ്വാഭാവികവളര്‍ച്ചയ്ക്കും കുട്ടികളുടെ ശാരീരികമാനസികവളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. പാല്‍പ്പല്ലുകള്‍ വന്നുതുടങ്ങുന്നതുമുതല്‍ ദന്തസംരക്ഷണം ആരംഭിക്കാവുന്നതാണ്. 

സാധാരണഗതിയില്‍ കുട്ടികള്‍ക്ക് ജനിച്ച് 6-ാം മാസം മുതല്‍ പാല്‍പ്പല്ലുകള്‍ വന്നുതുടങ്ങും. പാല്‍പ്പല്ലുകള്‍ ഇരുപതും സ്ഥിരദന്തങ്ങള്‍ 32 മാണുള്ളത്. ഏകദേശം രണ്ടര വര്‍ഷം പ്രായമാകുമ്പോള്‍  20 പാല്‍പ്പല്ലുകളും വളര്‍ന്നുവരണം. 3 മുതല്‍ 6 വരെ മാസം ഏറ്റക്കുറച്ചില്‍ കാണാറുണ്ട്. പാല്‍പ്പല്ലുകളുടെ ശരിയായ വളര്‍ച്ചയും സംരക്ഷണവും ശരിയായി ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നതിനും ഇതിലൂടെ ശരിയായ ശാരീരികവളര്‍ച്ചയ്ക്കും ശബ്ദസ്ഫുടതയ്ക്കും മുഖത്തെ എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കും ആവശ്യമാണ്. ശരിയായ ഉച്ചാരണം രൂപപ്പെട്ടുവരാനും മുഖത്തെ എല്ലുകള്‍ കൃത്യമായി വളരാനും പാല്‍പ്പല്ലുകള്‍ സഹായിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ മൃദുവായ തുണി ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കിത്തുടങ്ങാം. മുമ്പിലെ പല്ലുകള്‍ എല്ലാം വന്നു കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കായുള്ള (മുതിര്‍ന്നവരുടെ വിരലില്‍ വച്ച് ഉപയോഗിക്കാവുന്ന) ബ്രഷുകള്‍ ഉപയോഗിക്കാം. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്  ബ്രഷില്‍ ഒരു പാട കനത്തില്‍ (smear layer) പേസ്റ്റ് ഉപയോഗിക്കാം. 2-6 വര്‍ഷക്കാലയളവില്‍ പയറുമണി വലുപ്പത്തിലും പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. Fluoridated tooth paste  ആണ് മുകളില്‍ പറഞ്ഞ അളവില്‍ കുട്ടികള്‍ക്കുപയോഗിക്കുന്നതിനു നല്ലത്. 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 പല്ലുവന്നതിനുശേഷം കുപ്പിപ്പാല്‍ / മുലപ്പാല്‍ കൊടുത്ത് ഉറക്കുന്ന ശീലം ഒഴിവാക്കുക. നിര്‍ബന്ധമാണെങ്കില്‍ പാല്‍ കൊടുത്തതിനുശേഷം വെറും വെള്ളം കൊടുത്ത് അവസാനിപ്പിക്കുക. 
 ഓരോ പ്രാവശ്യവും ഭക്ഷണം കഴിച്ചതിനുശേഷം പല്ലു വൃത്തിയാക്കുക. ധാരാളം വെള്ളം ഉപയോഗിച്ച് വായ കഴുകുക.
 ദിവസം 2 നേരമെങ്കിലും 2 മിനിട്ട് എടുത്ത് ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുക.
 മധുരമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ പരമാവധി കുറയ്ക്കുക.
 ഒട്ടിപ്പിടിക്കുന്ന ഭക്ഷണങ്ങള്‍ കുറയ്ക്കുക.
 പല്ലുകള്‍ കേടാകുന്നതു തടയാന്‍ ഇപ്പോള്‍ fluoride varnish ദന്തല്‍ക്ലിനിക്കില്‍ ലഭ്യമാണ്. പല്ലു കേടുവരാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ ഇതുപയോഗിക്കേണ്ടതാണ്.

ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, ദന്തല്‍ ആന്‍ഡ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറിവിഭാഗം കണ്‍സള്‍ട്ടന്റാണ് 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)