കുട്ടികളിലെ പഠനവൈകല്യങ്ങള്‍ മാതാപിതാക്കളെ ആശങ്കാകുലരാക്കുന്ന കാര്യമാണ്. കുട്ടികള്‍ പഠനത്തില്‍ പിന്നോട്ടുപോകാന്‍ പല കാരണങ്ങളുണ്ട്. ഐക്യുവില്‍ ഉള്ള കുറവ്, കാഴ്ചയിലോ കേള്‍വിയിലോ ഉള്ള തകരാര്‍, വീട്ടിലെയും സ്‌കൂളിലെയും സാഹചര്യങ്ങള്‍, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി തുടങ്ങിയ അവസ്ഥകള്‍, പഠനവൈകല്യം എന്നിവയൊക്കെ കാരണങ്ങളാണ്. നോര്‍മല്‍ ഐക്യു ഉള്ള ഒരു കുട്ടിക്ക് പഠനത്തില്‍ മുന്നേറാന്‍ സാധിക്കാത്തത് പഠനവൈകല്യമായേക്കാം.
വിവിധതരം പഠനവൈകല്യങ്ങള്‍
ഡിസ്‌ലക്‌സിയ (Dyslexia):വായിക്കാന്‍ പ്രയാസം, സംസാരശബ്ദങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അക്ഷരങ്ങളും വാക്കുകളും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നതിനെ വായനവൈകല്യമെന്നും പറയുന്നു. ഇത് മസ്തിഷ്‌കത്തിലെ ഭാഷ കൈകാര്യം ചെയ്യുന്ന ഭാഗത്തെയാണു ബാധിക്കുക.
ഡിസ്ഗ്രാഫിയ (Dysgraphia): കുട്ടികളില്‍ എഴുതാനുളള കഴിവിനെ ബാധിക്കുന്ന വൈകല്യമാണിത്. അക്ഷരത്തെറ്റ്, വേഗത്തില്‍ എഴുതാന്‍ പ്രയാസം, വാക്കുകള്‍ തമ്മിലുള്ള അകലം എന്നിവയും ഉണ്ടാകാം.
ഡിസ്‌കാല്‍കുലിയ (Dyscalculia): ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട വൈകല്യമാണിത്. ഇവര്‍ കണക്കില്‍ പിറകോട്ടാ യിരിക്കും. ചെറിയ ഗണിതശാസ്ത്രപ്രശ്‌നങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്കു കൂടുതല്‍ സമയം വേണ്ടിവരും.
ഡവലപ്‌മെന്റ് ഓഫ് കോ-ഓര്‍ഡിനേഷന്‍ ഡിസോര്‍ഡര്‍ (DCD): ശാരീരികമായ കോ-ഓര്‍ഡിനേഷനെ ബാധിക്കുന്ന അവസ്ഥയാണിത്. പ്രായത്തില്‍ കുറഞ്ഞ മസ്തിഷ്‌കപ്രവര്‍ത്തനവും ഊര്‍ജമില്ലായ്മയും ഇതിന്റെ ലക്ഷണങ്ങളാണ്.
ചികിത്സ
കുട്ടികളില്‍ ഇത്തരത്തിലുള്ള പഠനവൈകല്യങ്ങള്‍ ഉണ്ടോ എന്നു മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുക എന്നതാണു പ്രധാനം. പഠനവൈകല്യത്തിനു മരുന്നുപയോഗിച്ചു ചികിത്സയില്ല. കുട്ടികളില്‍ അസാധാരണവും അമിതവുമായ ദേഷ്യം, വാശി, പരിഭ്രമം എന്നിവ കണ്ടെത്തിയാല്‍ പഠനവൈകല്യത്തിന്റെ തുടക്കമായിരിക്കും. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പഠനവൈകല്യം കണ്ടെത്താന്‍ സാധിക്കും. കുട്ടികള്‍ പിറകോട്ടുനില്‍ക്കുന്ന മേഖല കണ്ടെത്തി ഒരു പ്രത്യേക പരിശീലകന്റെ സഹായം നല്‍കിയാല്‍ അവരെ മികച്ച രീതിയിലേക്ക് എത്തിക്കാന്‍ സാധിക്കും.
ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് & ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ കോ-ഓര്‍ഡിനേറ്ററാണ്.