മേടച്ചൂടില്‍ വലയുകയാണ് ജനം. പകലും രാത്രിയും ചൂട് ഉയര്‍ന്നുനില്‍ക്കുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇതിനാല്‍ ചൂടുകാലത്ത് ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. വീട്ടിനുള്ളില്‍ കഴിയുന്ന രോഗികളെയും ചൂട് പ്രതികൂലമായി ബാധിക്കും. ഇത്തരക്കാരുടെ കാര്യത്തിലും ശ്രദ്ധ വേണം. പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, നാലു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, വൃക്കരോഗികള്‍, പോഷകാഹാരക്കുറവുള്ളവര്‍ എന്നിവര്‍ വേനല്‍ക്കാലത്ത് ആരോഗ്യം ശ്രദ്ധയോടെ കരുതേണ്ടതാണ്.
നേരിട്ട് സൂര്യതാപം ഏല്‍ക്കരുത്
കനത്ത ചൂടില്‍ സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പകല്‍ 11 മണി മുതല്‍ 3 മണിവരെ സമയത്ത്. ഈ സമയത്ത് തുറസായ സ്ഥലങ്ങളിലെ ജോലി ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണം. അന്തരീക്ഷതാപനില പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപനില നിയന്ത്രണസംവിധാനങ്ങള്‍ താളംതെറ്റുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു പോകുന്നതിനു തടസ്സം നേരിടുകയും ചെയ്യുമ്പോളാണ് സൂര്യാഘാതം ഏല്‍ക്കുക. ഉയര്‍ന്ന ശരീരതാപനിലയും അബോധാവസ്ഥയും, തലവേദന, തലകറക്കം, നാഡിമിടിപ്പിലെ മന്ദത എന്നിവയും അനുഭവപ്പെടാം. താപനില കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ കുടിച്ചു വിശ്രമിക്കാന്‍ ശ്രദ്ധിക്കണം. മോശമായ ആരോഗ്യാവസ്ഥ അനുഭവപ്പെട്ടാലുടന്‍ ഡോക്ടറുടെ സേവനം തേടണം.
പുറത്തുപോകുന്നവര്‍ ശ്രദ്ധിക്കുക
• പുറത്തുപോകുന്നവര്‍ കുടിവെള്ളം നിര്‍ബന്ധമായി കരുതണം.
• പരമാവധി ശുദ്ധജലം കുടിക്കണം. ദാഹം തോന്നുന്നില്ലെങ്കില്‍പ്പോലും വെള്ളം കുടിക്കണം.
• വെയിലത്ത് പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ടു മാതാപിതാക്കള്‍ മറ്റ് ആവശ്യങ്ങള്‍ക്കു പോകുന്നത് ഒഴിവാക്കണം.
• അവധിക്കാലമാണെങ്കിലും കുട്ടികള്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന രീതിയില്‍ കളികളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം.
വീടിനുള്ളില്‍ കഴിയുന്നവരും ശ്രദ്ധ പുലര്‍ത്തണം
• ചൂടുകാലത്ത് വീടിനുള്ളില്‍ കഴിയുന്നവര്‍ കട്ടികുറഞ്ഞതും ഇളംനിറത്തിലുമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനു ശ്രദ്ധിക്കണം.
• ഫാന്‍ മുഴുവന്‍ സമയവും ഇട്ടു കിടക്കുന്നത് ശരീരം ഡ്രൈ ആകുന്നതിനു കാരണമാകും. തൊണ്ടയില്‍ അലര്‍ജി ഉണ്ടാകുന്നതിനും ചുമയ്ക്കും സാധ്യതയുണ്ടാക്കും.
• എ.സി. ഉപയോഗിച്ച് പൂര്‍ണസമയവും ഉറങ്ങുന്നവര്‍ 24 - 26 ഡിഗ്രിയില്‍ തണുപ്പ് ക്രമീകരിക്കുന്നതാണ് നല്ലത്.
• എ.സിയുടെ തുടര്‍ച്ചയായ ഉപയോഗംമൂലം ഡിഹൈഡ്രേഷന്‍ അറിയാതെ പോകും. വെള്ളംകുടിക്കുന്നത് കുറയുന്നതിലൂടെ നിര്‍ജലീകരണം മൂലമുള്ള അസുഖങ്ങള്‍, യൂറിനറി ഇന്‍ഫെക്ഷന്‍ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.
• പകല്‍സമയത്ത് തണുത്തവെള്ളത്തില്‍ മുഖം കഴുകണം.
• ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുന്നതു നല്ലതാണ്. മസാലകള്‍ അമിതമായി ഉപയോഗിക്കുന്ന ഭക്ഷണം ഒഴിവാക്കി സാലഡുകള്‍, ശരീരത്തിനു കുളിര്‍മ പകരുന്ന പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കുക.
(ലേഖിക പാലാ മാര്‍ സ്ലീവാ
മെഡിസിറ്റിയില്‍ ഫിസിഷ്യനാണ്.)