•  20 Nov 2025
  •  ദീപം 58
  •  നാളം 37
സാഹിത്യവിചാരം

ആയിരവല്ലിതന്‍ തിരുനടയില്‍

   സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ഏതാനും പതിറ്റാണ്ടുകളില്‍, സിനിമയിലെ ഗാനങ്ങളായിരുന്നു ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കപ്പെട്ടതും, ബഹുജനമാധ്യമങ്ങളിലൂടെ പ്രചരിച്ചതുമായ ഏക ജനപ്രിയസംഗീതം. ശബ്ദസിനിമകള്‍ വന്നിട്ടും മൂന്നു വര്‍ഷത്തോളം നിശ്ശബ്ദസിനിമകള്‍ നിര്‍മിക്കപ്പെട്ടിരുന്നുവെങ്കിലും, കൂടുതല്‍ ബുദ്ധിശാലികളായ ചലച്ചിത്രനിര്‍മാതാക്കള്‍ക്കു ബോക്‌സ് ഓഫീസ് സ്വീകാര്യതയുടെ പ്രശ്‌നത്തിനുള്ള ഉത്തരം ഗാനങ്ങളാണെന്നു മനസ്സിലായി. ഒരു സിനിമയിലെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ എന്ന എക്കാലത്തെയും റെക്കോര്‍ഡ് ഇന്ദ്രസഭ (1932) എന്ന സിനിമയുടെ പേരിലാണ്. 69 ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ അത് ഇന്ത്യയുടെ വാണിജ്യപരവും ക്ലാസിക് സ്വഭാവമുള്ളതുമായ സിനിമാനിര്‍മാണസംവിധാനത്തില്‍ അടിയുറച്ചതായിരുന്നു. വാസ്തവത്തില്‍, സിനിമാവ്യവസായം മൊത്തത്തില്‍ അടഞ്ഞ ഒരു ലോകത്ത് ഭ്രാന്തമായ വേഗത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നിരുന്നാലും, 1980കളുടെ അവസാനത്തില്‍ സാമ്പത്തികഉദാരവത്കരണം ആരംഭിക്കുന്നതിനുതൊട്ടുമുമ്പോ അല്ലെങ്കില്‍ അതിനുശേഷമോ ഉണ്ടായ സംഗീതപരവും വ്യാവസായികവുമായ മാറ്റങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന വൈവിധ്യവത്കരണത്തിനുംശേഷം മാത്രമാണ്  എത്‌നോമ്യൂസിക്കോളജിസ്റ്റുകള്‍ (സാംസ്‌കാരികസംഗീത ശാസ്ത്ര ജ്ഞര്‍) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനപ്രിയസംഗീതത്തില്‍ ശ്രദ്ധിച്ചുതുടങ്ങിയത്.

ഇന്ത്യന്‍ ജനപ്രിയസംഗീതസംസ്‌കാരത്തെക്കുറിച്ചു പഠിക്കുമ്പോള്‍, സിനിമകളാണ് അതിന്റെ വാണിജ്യപരമായ രൂപമെന്നു നമ്മള്‍ മനസ്സിലാക്കണം. ചലച്ചിത്രഗാനങ്ങള്‍ക്കു സിനിമകളില്‍നിന്നു സ്വതന്ത്രമായ ഒരു പാരമ്പര്യമില്ല എന്ന കാഴ്ചപ്പാട് പണ്ഡിതന്മാര്‍ പതുക്കെ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍സിനിമയിലെ ഗാനങ്ങള്‍ക്കു ലോകമെമ്പാടുമുള്ള ജനപ്രിയഗാനങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ധര്‍മമാണുള്ളത്. യുവാക്കള്‍ക്കും അതുപോലെതന്നെ പ്രായമായവര്‍ക്കും പ്രണയവികാരങ്ങള്‍ പ്രകടിപ്പിക്കാനാണ് അവ പ്രധാനമായും ഉപയോഗിച്ചിരുന്നത്.  അവ പ്രണയസംഭാഷണങ്ങള്‍ക്കും സാധാരണസാമൂഹികഇടപെടലുകള്‍ക്കുമുള്ള പദാവലിയായിരുന്നു. ഈ ഗാനങ്ങള്‍ ആളുകള്‍ സ്വകാര്യസമ്മേളനങ്ങളിലും സാമൂഹികമായ ഒത്തുചേരലുകളിലും ആലപിച്ചു.  സ്റ്റേജുകളിലും നൃത്തം ചെയ്യുന്ന വേളകളിലും അവ ഉപയോഗിച്ചു. ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു
ഹിന്ദി സിനിമയിലെന്നപോലെ  മറ്റു ദക്ഷിണേന്ത്യന്‍ വാണിജ്യസിനിമകളിലും ഗാനങ്ങള്‍ക്കും നൃത്തരംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നത് അതിലെ കഥാപരമായ ആഖ്യാനരീതികളെ പരിഷ്‌കരിക്കാനും, കൂട്ടിച്ചേര്‍ക്കാനും, സംയോജിപ്പിക്കാനും, പൂരകമാക്കാനും, പുതിയ പ്രമേയപരമായ വിഷയങ്ങള്‍ നല്‍കാനും സഹായിക്കുന്നതിനുവേണ്ടിയാണ്. ചില  ഗാനങ്ങള്‍  കഥാപരമായ ആഖ്യാനങ്ങളെ ചുരുക്കാനും മുന്‍കൂട്ടി അറിയിക്കാനും സഹായിക്കുന്നു. സിനിമാഗാനങ്ങള്‍ക്ക് കഥാതന്തുവിനോടു നേരിട്ടു ബന്ധമില്ലാത്ത അധികധര്‍മങ്ങള്‍ ഉണ്ടെന്നു പറയാറുണ്ട്. അത്   മിത്തുകള്‍, മതപരമായ, രാഷ്ട്രീയപരമായ ലോകവീക്ഷണങ്ങള്‍ എന്നിവയെ കഥാപാത്രങ്ങളിലേക്കും ഇതിവൃത്തത്തിലേക്കും കൊണ്ടുവരുന്നു.  ചിലപ്പോള്‍ ഗാനങ്ങള്‍ കഥയുടെ തുടര്‍ച്ചയെ താത്കാലികമായി മാറ്റി നിര്‍ത്തി മറ്റൊരു തലത്തില്‍ സംസാരിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. ഏതു സന്ദര്‍ഭത്തിനുമിണങ്ങുന്ന ഗാനങ്ങള്‍ രചിക്കുന്നതില്‍ പ്രഗല്ഭരായ നിരവധി ഗാനരചയിതാക്കള്‍ ഓരോ ഭാഷയിലുമുണ്ടായി. മലയാളത്തിലെ ഗാനരചയിതാക്കളില്‍ അങ്ങനെയൊരാളായിരുന്നു ഭരണിക്കാവ് ശിവകുമാര്‍. മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനായിരുന്ന ശിവകുമാര്‍ അകാലത്തില്‍ വിട്ടുപിരിഞ്ഞിട്ട് 2026 ജനുവരി 24 ന് പത്തൊമ്പതു വര്‍ഷമാകും. വയലാറിനെ ആരാധിച്ച ശിവകുമാറിന് വയലാറിനൊപ്പം ഗാനമെഴുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഭാഗ്യമുണ്ടായി. 1973 ല്‍ ചെണ്ട എന്ന ചിത്രത്തിനുവേണ്ടി ഇരുപത്തിയാറാം വയസ്സില്‍ പഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍ എന്ന ഗാനമാണ് അദ്ദേഹം ആദ്യമെഴുതിയത്. ശൃംഗാരഗാനങ്ങളുടെ രചയിതാവായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. മനസ്സു മനസ്സിന്റെ കാതില്‍ മന്ത്രിക്കുന്ന രഹസ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങള്‍. മാദകഗാനങ്ങളായിരുന്നു മിക്കവയും. കാമം ക്രോധം മോഹം (1975) എന്ന ചിത്രത്തിനുവേണ്ടി എഴുതിയ രാഗാര്‍ദ്ര ഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ എന്ന ഗാനത്തില്‍ 
'ഹേമാംഗിയായ് വന്നു നീ പാടുന്നതേതു ഗാനം' എന്ന ചോദ്യത്തിന്
'നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം 
 നമ്മള്‍ പാടുന്ന മാദകഗാനം'
എന്നെഴുതിയത് അക്ഷരാര്‍ഥത്തില്‍ ശിവകുമാറിന്റെ ഗാനങ്ങളുടെ മുദ്രയായിത്തീര്‍ന്നു. മദംകൊണ്ട മോഹങ്ങളെ ഗാനത്തിലാക്കിയ ഗാനരചയിതാവായി ശിവകുമാര്‍ മാറി. സദാചാരകാപട്യത്തെ ബാധ്യതയായി അദ്ദേഹം സ്വീകരിച്ചില്ല. എന്നാല്‍, ഇടതുതോളില്‍ കുരിശും പേറി ഇടറിയിടറി മലകയറി വരുന്ന യേശുദേവനെക്കുറിച്ചു ജീസസ് എന്ന ചിത്രത്തില്‍ ഭരണിക്കാവ് ശിവകുമാര്‍ എഴുതിയ ഗാനം ക്രിസ്തുവിജ്ഞാനീയത്തില്‍ അദ്ദേഹത്തിനുള്ള അറിവിന്റെ അടയാളമായിരുന്നു. 'ധരണിയില്‍ ധര്‍മവും നീതിയും കാട്ടിയ ധന്യനായീടുമാ ദേവന്റെ നിര്‍മലമാം കൈകളില്‍ കാരിരുമ്പാണികള്‍ ആഞ്ഞടിക്കുന്നു' എന്നു തെളിമയുള്ള എഴുത്തായിരുന്നു ശിവകുമാറിനിഷ്ടം. ദുഃഖവെള്ളിയാഴ്ച രാവില്‍ മെഴുകുവിളക്കുമായ് ആകാശപ്പള്ളിയില്‍ കുര്‍ബാന കൊള്ളുന്ന താരങ്ങള്‍ എന്ന് 'അവള്‍ ഒരു ദൈവാലയം' എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ഗാനത്തില്‍ ഈ കവി ഭാവനചെയ്യുന്നുണ്ട്. യേശു എന്ന മഹാവാത്സല്യത്തിന്റെ സൂക്ഷ്മശ്രുതിയറിഞ്ഞ എഴുത്തുകാരനായിരുന്നു ശിവകുമാര്‍. കൃഷ്ണഭക്തിയുടെ ആഴവും പൊരുളും ആവിഷ്‌കൃതമാകുന്ന ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 'ആരുമില്ലെനിക്കിന്ന് അഭയത്തിനായ് നിന്റെ അരവിന്ദനയനങ്ങള്‍ അല്ലാതെ മനസ്സിന്റെ മുരളിയില്‍ നിന്‍ നാമമല്ലാതെ മറ്റൊന്നും ഇല്ലെനിക്കുരിയാടുവാന്‍' (ആരണ്യകാണ്ഡം) എന്ന പാട്ടിലുണ്ട് കൃഷ്ണഭക്തിയുടെ വെളിച്ചം. വൃന്ദാവനം സ്വര്‍ഗമാക്കിയ ശ്രീകൃഷ്ണാ രാഗമന്ദാകിനി തീര്‍ഥമൊരുക്കിയ കാര്‍വര്‍ണാ (അമൃതവാഹിനി) മറ്റൊരു ഭാവപ്രകാശനമായിരുന്നു. പാട്ടില്‍ പല ഭ്രമണപഥങ്ങള്‍ ഈ കവിക്കുണ്ടായിരുന്നു, കരളില്‍ നിറയെ കവിതാലഹരിയും.
ചിരി കേള്‍പ്പിച്ചുതരുന്ന പാട്ടുകള്‍ ശിവകുമാര്‍ എഴുതിയിട്ടുണ്ട്. മണിയാന്‍ ചെട്ടിക്കു മണിമുഠായി ഹനുമാന്‍ കുട്ടിക്ക് പഞ്ചാരമുഠായി ശ്രീരാമ ഭക്തനുക്കു സ്വര്‍ണമുഠായി (അവള്‍ ഒരു ദൈവാലയം), കണ്ടു മാമാ കേട്ടു മാമി (ലവ് ലെറ്റര്‍), കയറൂരിയ കാളകളേ (പ്രിയേ നിനക്കുവേണ്ടി) തുടങ്ങിയ ഗാനങ്ങള്‍ ആ പ്രതിഭയുടെ കരുത്തു കാണിച്ചുതരുന്നു.
അനുരാഗലഹരികള്‍ നിറച്ച നിരവധി ഗാനങ്ങള്‍ ഭരണിക്കാവ് ശിവകുമാറിന്റെ തൂലികയില്‍നിന്നും പിറക്കുകയുണ്ടായി. വെള്ളിത്തേന്‍കിണ്ണം പോല്‍ (പെണ്‍പട), സ്വപ്നം കാണും പെണ്ണേ സ്വര്‍ഗം തേടും  കണ്ണേ (കാമം ക്രോധം മോഹം), മധുരം തിരുമധുരം  (ലവ് ലെറ്റര്‍), ആയിരവല്ലി തന്‍ തിരുനടയില്‍ (ആശീര്‍വാദം) രാഗങ്ങളെ മോഹങ്ങളെ (താരാട്ട്) തുടങ്ങിയ ഗാനങ്ങള്‍ അതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാവുന്നവയാണ്. ശിവകുമാറിനെ എന്നെന്നും മലയാളിക്ക് ഓര്‍മിക്കാന്‍ സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്ത നീലനിശീഥിനി (ആശീര്‍വാദം) എന്ന ഒറ്റ ഗാനം മതി. ലാളിത്യംകൊണ്ടും വ്യക്തതകൊണ്ടും ശിവകുമാറിന്റെ പാട്ടുകള്‍ ആരാധകര്‍ക്ക് അനുഗ്രഹമേകി. അനുഭൂതിക്കു ഭാഷ കണ്ടെത്തുകയായിരുന്നു കവി. അതിനെ ആഴത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു. പാട്ടിന്റെ തിരുനടയില്‍ പ്രണയത്തിന്റെ മധുപാത്രം സമര്‍പ്പിച്ച ശിവകുമാറിനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല.

(ലേഖകന്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിന്‍സിപ്പലാണ്)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)