•  3 Jul 2025
  •  ദീപം 58
  •  നാളം 17
സാഹിത്യവിചാരം

പ്രണയാമൃതം പകരും ഗാനപ്രവാഹിനി

    നിങ്ങള്‍ ഒരു മലയാളിയാണെങ്കില്‍, മലയാളസിനിമാഗാനങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍, കാലത്തിന്റെ മൂടല്‍മഞ്ഞിലൂടെ തിരിഞ്ഞുനോക്കുമ്പോള്‍, നിങ്ങളുടെ മനസ്സിലെവിടെയോ ചില ഗാനങ്ങള്‍ മറഞ്ഞിരിക്കുന്നതായി നിങ്ങള്‍ കണ്ടെത്തും. അത് നിങ്ങളുടെ ആദ്യപ്രണയത്തിന് അര്‍ഥവും നിറവും നല്‍കിയിട്ടുണ്ടാവും. ആ ആനന്ദഗാനോത്സവങ്ങളില്ലായിരുന്നെങ്കില്‍, ആകര്‍ഷണത്തിന്റെയും അഭിനിവേശത്തിന്റെയും ആദ്യ ഉത്തേജനങ്ങള്‍ അനുഭവപ്പെട്ട ആ ഉന്മേഷദായകവും അസ്വസ്ഥവുമായ രാത്രികളെയും പകലുകളെയും നിങ്ങള്‍ എങ്ങനെ നേരിടുമായിരുന്നു? യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്‌മാനന്ദന്‍ തുടങ്ങിയ ഗായകര്‍ ആലപിച്ച പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രാണനുരുകുന്ന ഗാനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, നിങ്ങളുടെ തകര്‍ന്ന ഹൃദയവേദനകളെ  നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു? തിരശ്ശീലയില്‍ പ്രേമശില്പികള്‍. അവര്‍ക്കു പാടാന്‍ പാട്ടുകള്‍ തീര്‍ത്ത രാജശില്പികള്‍, അവ ആലപിച്ച ഗന്ധര്‍വശില്പികള്‍. അവരെ നമുക്കു മറക്കാനാവില്ല. അതേറ്റുപാടാത്തവരില്ല. മനസ്സില്‍നിന്നൊഴിയാതെ, മായാതെ, മറയാതെ, നിറം മങ്ങാതെ നിത്യസുഗന്ധമായ് നില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ നമുക്കുണ്ട്. ഹൃദയംകൊണ്ടെഴുതിയ ഗാനങ്ങള്‍. 'തരംഗമേ ഗാനതരംഗമേ തിരിച്ചുവരില്ലേ നീ? മയങ്ങിവീഴും തന്ത്രിയില്‍ ലയമായ് മടങ്ങിവരില്ലേ നീ?' എന്നെഴുതിയ ശ്രീകുമാരന്‍ തമ്പിയെ ഓര്‍ക്കുന്നു.
    സിനിമാഗാനങ്ങള്‍ സംഗീതസംവിധായകരുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും സൃഷ്ടിയാണെന്നു പറയാറുണ്ട്. ശരിയാണ്, ഗാനരചയിതാക്കള്‍ പലപ്പോഴും കൂടുതല്‍ മികച്ച ഈണങ്ങള്‍ സൃഷ്ടിക്കാന്‍ അവരെ പ്രചോദിപ്പിക്കാറുണ്ട്. പിന്നണിഗായകര്‍ അവരുടെ ശബ്ദങ്ങളിലൂടെ  ആ രചനകളെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നു. എന്നാല്‍, ഗാനത്തിന്റെ സ്രഷ്ടാവ് എല്ലായ്‌പ്പോഴും ഗാനരചയിതാവാണ്. സംഗീതസംവിധായകന്റെ മനസ്സിലാണ് അതിന്റെ സംഗീതം രൂപംകൊള്ളുന്നത്. സംഗീതസംവിധായകന്റെ സര്‍ഗാത്മകപ്രതിഭയില്ലെങ്കില്‍, ഒരു ഗാനവും ഉണ്ടാകുമായിരുന്നില്ല എന്നു പറഞ്ഞ് ഗാനരചയിതാവിനെ രണ്ടാമനാക്കാനാവില്ല.
മലയാളസിനിമാഗാനങ്ങള്‍ സൃഷ്ടിച്ച കാവ്യനിര്‍വൃതി നിസ്സാരമായിരുന്നില്ല. ഗാനരചയിതാക്കളില്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ സവിശേഷ ഭാവഭംഗി ചൊരിയുന്നവയായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പ്രണയിക്കുന്നവരുടെ ആത്മാവില്‍ മധുവര്‍ഷമായി മാറി. ഏറ്റവും മികച്ചതും ഏറ്റവും ആകര്‍ഷകവുമായ ഭാവനാത്മകരചന പ്രണയത്തെക്കുറിച്ചുള്ളതായിരിക്കുമെന്ന് ജോണ്‍ ബെയിലി എഴുതിയിട്ടുണ്ട്. അതില്‍ത്തന്നെ ലൈംഗികപ്രണയത്തോട് ആളുകള്‍ക്ക് അഭിനിവേശം കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രണയത്തിന്റെ അഭാവത്തിലുള്ള സാഹിത്യത്തെ ഭാവന ചെയ്യുകതന്നെ പ്രയാസമായിരിക്കും എന്നും പറയുന്നു. സ്ത്രീപുരുഷന്മാരുടെ സാധ്യതയാണ് പ്രണയം. അതവരെ പരസ്പരം താത്പര്യമുള്ളവരാക്കിത്തീര്‍ക്കുന്നു. പ്രണയം ലൈംഗികതയെക്കാള്‍ ആകര്‍ഷകമാണെന്ന ജോണ്‍ ബെയിലിയുടെ നിരീക്ഷണം ശ്രീകുമാരന്‍തമ്പിയുടെ പ്രണയഗാനങ്ങള്‍ ശരിവയ്ക്കുന്നു.
പ്രേമത്തിന്‍വീണയില്‍ 
സ്വരമുയര്‍ന്നു
ഗാനത്തിന്‍ യമുനയില്‍ 
തിരമറിഞ്ഞു
ഈയനുഭൂതികള്‍ മധുപകര്‍ന്നു. ഇരുതോണികളായി ഒഴുകിയവര്‍ ഒന്നായി. അപ്പോള്‍ സ്വര്‍ഗം മണ്ണില്‍ വന്നു. അവര്‍ പാടിയത് നിത്യമോഹനഗാനങ്ങളായിരുന്നു, നിത്യമാദകഗീതങ്ങള്‍. അതില്‍
'ഓരോ സ്വരവും മധുരതരം 
ഓരോ വര്‍ണവും പ്രണയമയം
സ്വപ്നലഹരിമയം'
അതായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍. നിത്യാനുരാഗത്തിന്റെ നൃത്തനിര്‍ഝരി. ആ ഗാനങ്ങളില്‍ കടലും കരയും കാറ്റും ലതയും വാനവും ഭൂമിയും ആശ്ലേഷിക്കുന്നു.
സിനിമാസംഗീതത്തിന്റെ ഗതി നിര്‍ണയിക്കുന്നതിലും, ആ പ്രക്രിയയില്‍ ഒരു പ്രത്യേക സംഗീതവിഭാഗം സൃഷ്ടിക്കുന്നതിലും സംഗീതസംവിധായകരും നിര്‍ണായക പങ്കുവഹിച്ചു. ആത്മാവിനെ ഉണര്‍ത്തുന്ന ഈണങ്ങള്‍ അവരിട്ടു. നിങ്ങള്‍  1950കളിലോ അറുപതുകളിലോ എഴുപതുകളിലോ ജനിച്ചവരായാലും ജീവിച്ചവരായാലും പുതിയ സഹസ്രാബ്ദത്തിലെ യുവാവായാലും, സിനിമാസംഗീതമില്ലായിരുന്നെങ്കില്‍ നിങ്ങളുടെ ജീവിതം എത്രയോ വരണ്ടതും വര്‍ണരഹിതവുമാകുമായിരുന്നു! ശ്രീകുമാരന്‍തമ്പിയുടെ ഗാനങ്ങള്‍ക്ക് വി. ദക്ഷിണാമൂര്‍ത്തിയും ജി. ദേവരാജനും എം.കെ. അര്‍ജുനനും ബ്രദര്‍ ലക്ഷ്മണനും ബാബുരാജും ശ്യാമും ആര്‍.കെ. ശേഖറുമൊക്കെ സംഗീതം പകര്‍ന്നിട്ടുണ്ട്. പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയുന്ന ആ ഗാനോദയത്തിനു മുമ്പില്‍ ചന്ദ്രോദയം കണ്ടു കൈകൂപ്പിനില്‍ക്കുന്ന സിന്ദൂരമണിപുഷ്പംപോലെ അവര്‍ എല്ലാവരും നിന്നുപോയി.
കാമുകന്റെ കണ്ണുകളിലൂടെ കാമുകിയെ വര്‍ണിക്കുന്നതാണ് ശ്രീകുമാരന്‍തമ്പിയുടെ പ്രണയഗാനങ്ങളുടെ നിത്യവശ്യതയ്ക്കു നിദാനം. ചന്ദനത്തില്‍ കടഞ്ഞെടുത്ത ഒരു സുന്ദരീശില്പം. ചെന്തെങ്ങു കുലച്ചപോലെ! ചെമ്പകം പൂത്ത പോലെ, ചെമ്മാനം തുടുത്തപോലൊരു പെണ്ണ്.
അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍
അവളുടെ ചുണ്ടുകള്‍ ചെണ്ടുമല്ലിപ്പൂക്കള്‍
അവളുടെ കവിളുകള്‍ പൊന്നരളിപ്പൂക്കള്‍
അവളൊരു തേന്മലര്‍വാടിക.
(കാട്ടുമല്ലിക)
ആ മധുഗാത്രത്തെ എത്ര വര്‍ണ്ണിച്ചിട്ടും   കവിക്കു മതിയാകുന്നില്ല. പുഷ്പമിഴി, പവിഴാധരം, തുമ്പപ്പൂപ്പല്ലുകള്‍, അരയന്നനടനം. അങ്ങനെയുള്ള കാമുകിയെ നോക്കി ''തങ്കമേ! നിന്‍മേനി കണ്ടാല്‍ കൊതിക്കാത്ത തങ്കവും വൈരവുമുണ്ടോ?'' (മായ) എന്നു ചോദിച്ചുപോവുകയാണ് കാമുകന്‍. ബാഹ്യസൗന്ദര്യത്തോടു സംവദിക്കുന്നതില്‍ മാത്രമല്ല അദ്ദേഹത്തിന്റെ വൈദഗ്ധ്യപൂര്‍ണമായ ഭാവന വ്യാപരിക്കുന്നത്. 
താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും
ഏകാന്തചിന്തതന്‍ 
ചില്ലയില്‍ പൂവിടും
ഏഴിലംപാലപ്പൂവായിരിക്കും
(ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ള ഒരു നായികയെപ്പോലെയാണ് അവളെ കവി അവതരിപ്പിക്കുന്നത്.
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയരുണിമ നിന്‍ കവിളില്‍ ?
എത്ര സമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍?
എന്നു കവി, സൗന്ദര്യത്തിന്റെ അപാരതയെ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നു. ചന്ദ്രസദൃശവദനമാണവള്‍ക്ക്. മാനത്തെ മായാവനത്തില്‍നിന്നും മണ്ണിലിറങ്ങി വന്ന മാലാഖ. കണ്ണിനു സായുജ്യം നിന്‍ രൂപം എന്നാണ് അയാള്‍ക്കു പറയാനുള്ളത്. നിത്യസുന്ദരനിര്‍വൃതിതന്നെ അവള്‍. കാമുകനെ കാവ്യഗന്ധര്‍വനാക്കുന്നു അവളുടെ ഭാവഗന്ധം. അവളുടെ ശാലീനനാദവും രാഗാലാപനവും അയാള്‍ എങ്ങനെ മറക്കും? ചിന്തകളില്‍ രാഗചന്ദ്രിക ചാലിച്ച മന്ദസ്മിതം തൂകി അവള്‍ വരും. ആത്മാവിന്റെ സൗഭാഗ്യവും അനുരാഗ സൗരഭ്യവുമാണവള്‍. ചാലക്കമ്പോളത്തില്‍വച്ചും  ചേര്‍ത്തല പൂരത്തിനിടയിലും ചെട്ടിക്കുളങ്ങര ഭരണിനാളില്‍ ഉത്സവം കണ്ടു നടക്കുമ്പോഴും അമ്പലപ്പുഴ ഉത്സവത്തിന് പാല്‍പ്പായസം കഴിക്കുമ്പോഴും ഹരിപ്പാട്ടാറാട്ടിന് ആനക്കൊട്ടിലില്‍ നില്‍ക്കുമ്പോഴുമൊക്കെ അവളെ കാണാന്‍ അയാള്‍ കൊതിക്കും. പ്രേമപൂജ ചെയ്യാന്‍ കൊതിക്കുന്ന കാമുകന്മാരും അവര്‍ കാണാന്‍ കൊതിക്കുമ്പോള്‍ കവിതപോല്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഹൃദയേശ്വരിമാരുമാണ് ശ്രീകുമാരന്‍തമ്പിയുടെ ഗാനലോകത്തുള്ളത്. അവരാല്‍ നിത്യസമ്പന്നമായ ഒരു ഗാനലോകം എന്നു പറയാം. പ്രണയാനുഭൂതിയാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കൊണ്ടാടുന്നത്. പ്രണയം തേടിത്തേടിയലയുന്നവന്റെ   സുതാര്യസുന്ദരമായ സ്വപ്നങ്ങളില്‍ അതിന് അഗാധമായ അര്‍ഥം കൈവരുന്നു.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)