•  27 Feb 2025
  •  ദീപം 57
  •  നാളം 50
സാഹിത്യവിചാരം

സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍

   കഥകളിലൂടെ ചിന്തിക്കാന്‍ കഴിയുന്ന ഒരേയൊരു ജീവി മനുഷ്യനാണ്. അതുകൊണ്ട് മനുഷ്യന്‍ സാഹിത്യത്തില്‍ ആനന്ദം കണ്ടെത്തുന്നു. സാഹിത്യം നമുക്കു നല്‍കുന്ന വലിയ ആനന്ദങ്ങളിലൊന്നാണ് പുനര്‍വായന എന്ന് ജോണ്‍ സതര്‍ലാന്‍ഡ് പറയുന്നു. സാഹിത്യത്തിലെ മഹത്തായ കൃതികള്‍ അക്ഷയമാണ്. അതാണ് അവയെ മികച്ചതാക്കുന്നതും. എത്ര തവണ അവയിലേക്കു മടങ്ങിപ്പോയാലും അവയ്ക്ക് എപ്പോഴും പുതുതായി എന്തെങ്കിലും ഒന്നു വാഗ്ദാനം നല്‍കാനുണ്ടാകുമെന്നും സതര്‍ലാന്‍ഡ് അഭിപ്രായപ്പെടുന്നു. പുനര്‍വായനയില്‍ പുതിയ അര്‍ഥം കണ്ടെത്താന്‍ കഴിയുന്ന കൃതികളെ ക്ലാസിക് എന്ന് ഇത്താലോ കാല്‍വിനോ വിശേഷിപ്പിക്കുന്നു. 'ക്ലാസിക്' എന്ന പദം 'ജനപ്രിയം' എന്നതിനു വിപരീതമായി പരിഗണിക്കുന്നവരുണ്ട്.  ''ക്ലാസിക്'' എന്ന പദത്തിന്റെ പൊതുവായ അര്‍ഥം 'കാലാതീതമായ ഗുണനിലവാരം പ്രകടിപ്പിക്കുന്ന ഒന്ന്' എന്നാണ്. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുമെങ്കില്‍ ജനപ്രിയവും ക്ലാസിക് ആകാം. 

  1982 ല്‍ പ്രസിദ്ധീകരിച്ച ലോങ്മാന്റെ ന്യൂ യൂണിവേഴ്‌സല്‍ ഡിക്ഷ്ണറി, 'ജനപ്രിയം' എന്നതിന് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍, അഭിലാഷങ്ങള്‍, അഭിരുചികള്‍, അവബോധം എന്നിവയ്ക്ക് അനുയോജ്യമായത്, പൊതുമൂല്യം ഉള്ളത്, പൊതുവേ ഇഷ്ടപ്പെട്ടതോ അംഗീകരിച്ചതോ എന്നിങ്ങനെ നാല് അര്‍ഥങ്ങള്‍ നല്‍കുന്നുണ്ട്.  മൊറാഗ് ഷിയാച്ച്, 'എ ഹിസ്റ്ററി ഓഫ് ചേഞ്ചിങ് ഡെഫനിഷന്‍സ് ഓഫ് ദി പോപ്പുലര്‍' എന്ന ലേഖനത്തില്‍ നിരവധി ആളുകള്‍ക്കു നന്നായി ഇഷ്ടപ്പെട്ടതോ സാധാരണക്കാര്‍ക്ക് അഭിഗമ്യമായതോ   ആണ്  'ജനപ്രിയം' എന്നു പറയുന്നു. ജനപ്രിയമായത് എന്നതിനു ചിലപ്പോള്‍ നിഷേധാത്മകമായ അര്‍ഥവുമുണ്ട്. ഈ പദം പല തരത്തില്‍ നിര്‍വചിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ഇപ്പോള്‍ ജനപ്രിയമായത് 'നല്ലതിന്റെ പര്യായമായി വളരെ ഗൗരവത്തോടെയും ആത്മാര്‍ഥതയോടെയും' സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഷിയാച്ച് സൂചിപ്പിക്കുന്നു. നിര്‍വചനങ്ങള്‍ പരിഗണിക്കുമ്പോള്‍, ജനപ്രിയമായത് ഒരു പ്രത്യേക ചുറ്റുപാടില്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതും അവരുടെ സമകാലികസംസ്‌കാരത്തിനും അഭിരുചിക്കും ആവശ്യങ്ങള്‍ക്കും ഇഷ്ടത്തിനും അനുയോജ്യമായ ഒന്നാണെന്നും അനുമാനിക്കാം. അതുകൊണ്ട്, ജനപ്രിയനോവലിനെ സാധാരണമായി എല്ലാവരും വായിക്കുന്ന പുസ്തകങ്ങളായി കണക്കാക്കുന്നു. 
ജനപ്രിയനോവലിലെ 'ജനപ്രിയം' കേവലം വില്പനയുടെ കാര്യമാണെന്നു വാദിക്കുന്നതു തെറ്റാണ്. വാസ്തവത്തില്‍, 'ജനപ്രിയം' എന്ന ആശയത്തിന് ദീര്‍ഘവും സങ്കീര്‍ണവുമായ രാഷ്ട്രീയസാംസ്‌കാരികചരിത്രമുണ്ട്. അത് ജനപ്രിയനോവലിനെ മനസ്സിലാക്കിയ രീതികളെയും സ്വാധീനിക്കുന്നു. ഈ വാക്കിന്റെ അമൂല്യമായ ചരിത്രത്തില്‍, മൊറാഗ് ഷിയാച്ച് ചൂണ്ടിക്കാണിക്കുന്നത് പതിനാറാംനൂറ്റാണ്ടിലെ നിയമപരമായ സന്ദര്‍ഭങ്ങളിലാണ് ജനപ്രിയം ആദ്യം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതെന്നാണ്. 'ജനകീയസര്‍ക്കാര്‍' എന്ന ആശയത്തിലെന്നപോലെ എല്ലാവര്‍ക്കും ലഭ്യമായ അവകാശങ്ങളെയോ പ്രത്യേകാവകാശങ്ങളെയോ ജനപ്രിയം പരാമര്‍ശിക്കുന്നു. 
   എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്റ്റ് കലാപങ്ങളെയും പ്രതിഷേധങ്ങളെയും 'ജനകീയകോലാഹലങ്ങള്‍' എന്നു വിശേഷിപ്പിച്ചത്, ജനപ്രിയം  എന്ന സങ്കല്പം ശ്രേഷ്ഠമായതിനു വിപരീതം എന്ന അര്‍ഥത്തില്‍ വിലകുറച്ചുകാണാന്‍ ഇടയാക്കി. അശ്ലീലമായതും തരംതാഴ്ന്നതും വികാരപ്രധാനമായതും  ജനപ്രിയമെന്നു വിവക്ഷിക്കപ്പെട്ടു.  റോജര്‍ ലക്ക്ഹര്‍സ്റ്റ് ചൂണ്ടിക്കാണിച്ചതുപോലെ, ജനപ്രിയനോവലിനെ കേവലം വലിയ തോതിലുള്ള വായനക്കാരുടെ വര്‍ധനയെ ആശ്രയിച്ചല്ല നിര്‍ണയിക്കേണ്ടത്. അതു പുതിയതും ചലനാത്മകവുമായ ഒരു പൊതുമണ്ഡലത്തിന്റെ ഭാഗമായിരുന്നു. അതില്‍ ചര്‍ച്ചകളും സംവാദങ്ങളും സാധ്യമായി. മലയാളത്തില്‍ ജനപ്രിയനോവലുകളെഴുതിയ കാനം ഇ. ജെ. എന്ന നോവലിസ്റ്റിനെയും അത്തരമൊരു പശ്ചാത്തലത്തിലാവണം പുനര്‍വായനയ്ക്കു വിധേയമാക്കേണ്ടത്.
  ജനപ്രിയതയില്‍ മുട്ടത്തുവര്‍ക്കിക്കു സമശീര്‍ഷന്‍ എന്നാണ് ഡോ. ആര്‍. വി.എം. ദിവാകരന്‍ കാനം ഇ.ജെ.യെ വിലയിരുത്തുന്നത്. മലയാളി മെല്ലെ മറന്നുതുടങ്ങിയ ഒരു നോവലിസ്റ്റാണ് കാനം ഇ.ജെ. ഇലവുങ്കല്‍ ജോസഫ് ഫിലിപ്പ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. കാനം എന്ന ഗ്രാമത്തില്‍ ജനിച്ചു. ചെറുപ്പത്തിലേ പട്ടാളത്തില്‍ ചേര്‍ന്നു. മെഡിക്കല്‍ പ്രാക്ടീഷണറാകാന്‍ യോഗ്യത നേടി. അധ്യാപകവൃത്തിയും നിര്‍വഹിച്ചിട്ടുണ്ട്. സാഹിത്യമായിരുന്നു കാനത്തിനെല്ലാറ്റിലും പ്രധാനം. ജീവിതം ആരംഭിക്കുന്നു എന്ന നോവലോടെ സാഹിത്യജീവിതം ആരംഭിച്ചു. ഇരുപത്തിയഞ്ചിലധികം നോവലുകള്‍. പമ്പാനദി പാഞ്ഞൊഴുകുന്നതുപോലെ കാനത്തിന്റെ തൂലികയില്‍നിന്നു നോവലുകളും കഥകളും ഒഴുകി. ഉദയം, ഉന്മാദിനി, കാട്ടുമങ്ക, ദത്തുപുത്രന്‍, നീ ഭൂമിയുടെ ഉപ്പാകുന്നു, പാതിരാത്രി, അധ്യാപിക തുടങ്ങിയ കൃതികള്‍. 
  നീണ്ട കഥകളെഴുതുന്നതില്‍ കാനം ഒരു പ്രഗല്ഭനായിരുന്നു. മലയാളത്തില്‍ നീണ്ട കഥകളുടെ പ്രോദ്ഘാടകനാകാന്‍ ഭാഗ്യമുണ്ടായതും കാനത്തിനാണ്. മനോരാജ്യമെന്നൊരു വാരികയും അതിനിടയില്‍ അദ്ദേഹം തുടങ്ങുകയുണ്ടായി. സിനിമയ്ക്കു കഥയും തിരക്കഥയും സംഭാഷണവുമെഴുതി. ഉദയ നിര്‍മിച്ച ഭാര്യ എന്ന സിനിമ കാനം എഴുതിയ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. ഇരുപത്തിരണ്ടു ചിത്രങ്ങള്‍ക്ക് കാനം തിരക്കഥയെഴുതി. അതില്‍ മൂന്നെണ്ണമൊഴികെ എല്ലാം സ്വന്തം നോവലുകളുടെ തിരക്കഥകളായിരുന്നു. ക്ലാസിക്‌നോവലുകളെക്കാള്‍ ജനപ്രിയനോവലുകളാണ് സിനിമയില്‍ വിജയിക്കുകയെന്നു കാനം കാട്ടിത്തന്നു. യാമിനിയില്‍ തുടങ്ങിയ പാട്ടെഴുത്തിലും കാനം പ്രതിഭ തെളിയിച്ചു. 'അവള്‍ വിശ്വസ്തയായിരുന്നു' എന്ന ചിത്രത്തിനുവേണ്ടി കാനം ഇ.ജെ. എഴുതിയ പാട്ടുകളെല്ലാം ജനമനസ്സ് കീഴടക്കി. 
'തിരയും തീരവും ചുംബിച്ചുറങ്ങി
തരിവളകള്‍ വീണു കിലുങ്ങി                         
നദിയുടെ നാണം നുരകളിലൊതുങ്ങി
നനഞ്ഞ വികാരങ്ങള്‍ മയങ്ങി'
 എന്ന ഗാനത്തിന് ഇന്നും ആരാധകരേറെയുണ്ട്. ചക്രവാളം ചാമരം വീശും, പണ്ടു പണ്ടൊരു കുറുക്കന്‍ തുടങ്ങിയ ഗാനങ്ങളും ഈ ചിത്രത്തിലേതായിരുന്നു. അതിന്റെ കഥയും കാനം ഇ.ജെ. യുടേതായിരുന്നു. എന്നിട്ടും, മലയാളി കാനം ഇ.ജെ.യെ വേണ്ടവിധം തിരിച്ചറിഞ്ഞില്ല. 
സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ് കാനം ഇ.ജെ.യുടെ നോവലുകള്‍ ആവിഷ്‌കരിച്ചത്. അവയേറെയും ദുരന്തപര്യവസായികളായിരുന്നു. അദ്ദേഹം എഴുതിയ അധ്യാപിക എന്ന നോവല്‍ കുടുംബത്തിന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കേണ്ടിവന്ന ഒരു യുവതിയുടെ കഥയാണ്. അവളുടെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും വില പങ്കിട്ടെടുത്തു തടിച്ചുവീര്‍ത്ത ഒരു കടുംബത്തിന്റെ കഥകൂടിയായിരുന്നു അധ്യാപിക. ഭര്‍ത്താവും കുട്ടിയും കുടുംബവും അവളുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തെ അവളുടെ അപ്പന്‍ ബഹുമാനിച്ചില്ല. അനുജത്തിയും ആങ്ങളയും പരിഗണിച്ചില്ല. അവളുടെ ആത്മാവില്‍ അടങ്ങിയിരിക്കുന്ന നീറുന്ന സത്യങ്ങള്‍ അവളാരോടും പറഞ്ഞില്ല. ദൈവം തന്ന ജീവന്‍ നശിപ്പിക്കാന്‍ മനുഷ്യനവകാശമില്ല. അതവള്‍ക്കറിയാമായിരുന്നു. 
സാറാമ്മ ഒരു അധ്യാപികയായിരുന്നു. ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രത്തിനു മുമ്പില്‍ പതിവായി  കൈകൂപ്പി പ്രാര്‍ഥിക്കുന്നവളായിരുന്നു. അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചവര്‍ പലരുണ്ടായിരുന്നു. കൂടെ പഠിച്ച കോശിക്കുഞ്ഞിനും ഹെഡ്മാസ്റ്റര്‍ ചാക്കോസാറിനുമൊക്കെ അവളെ ഇഷ്ടമായിരുന്നു. വിവാഹം ആലോചിച്ചു വന്ന അവരെയൊക്കെ അപ്പന്‍ വറീച്ചന്‍ ഓരോ കാരണം പറഞ്ഞ് ഓടിച്ചു. കുടുംബത്തിന്റെ പുരോഗതിക്ക് അവളുടെ ശമ്പളംമാത്രമേയുണ്ടായിരുന്നുള്ളൂ. കുടുംബത്തില്‍ പട്ടിണി ഉണ്ടാകാതെ അവള്‍ നോക്കി. അനുജത്തിയുടെ വിവാഹം നടത്തി. അച്ചായനു മരുന്ന് മുറയ്ക്കു വാങ്ങിക്കൊടുത്തു. സഹോദരന് മൂന്നുനാലു വര്‍ഷം ഫീസും പുസ്തകവും ബസ് ചാര്‍ജും കൊടുത്തു. ഭാരങ്ങളുടെ വലിയ ചുമട് തലയില്‍ ഏന്തിയ സാറാമ്മയ്ക്ക് എതിരേ അപവാദം പരത്താന്‍ ആളുകളുണ്ടായി. ജനിച്ചുപോയല്ലോ എന്നോര്‍ത്തവള്‍ ദുഃഖിച്ചു. ബേബിക്കു ബാങ്കില്‍ ജോലി കിട്ടി. അവന്റെ വിവാഹം നടക്കാനും അവന്റെ സന്തോഷത്തിനുവേണ്ടിയും അവള്‍ക്കു ത്യാഗം ചെയ്യേണ്ടിവന്നു. എന്നാല്‍, നാത്തൂന്‍ അവള്‍ക്കു നരകം തീര്‍ത്തു. 
അവളൊരു കറവപ്പശുവായിരുന്നു. അവള്‍ക്ക് ആരുമുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും അവള്‍ അന്യയായിരുന്നു. ഭര്‍ത്താവില്ലാത്ത സ്ത്രീ. കുഞ്ഞില്ലാത്ത സ്ത്രീ. സ്‌നേഹത്തിന്റെ ലോകത്തില്‍ അവള്‍ ഒരു ദരിദ്രയായിരുന്നു. വെറുമൊരു പിച്ചക്കാരി. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ. മറന്നതല്ല, അവള്‍ അവളുടെ ജീവിതം മറ്റുള്ളവര്‍ക്കു ദാനം ചെയ്തതാണ്. പക്ഷേ, അത് അംഗീകരിക്കാന്‍ ആരുമുണ്ടായില്ല. ജീവിതത്തില്‍ ആദ്യമായി അവളുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ നേരിയ ചലനങ്ങള്‍ സൃഷ്ടിച്ച ചാക്കോസാറിനെ ഓര്‍ത്ത് അവളുടെ കണ്ണുകള്‍ നിറഞ്ഞുപോയി. കോശിക്കുഞ്ഞിന് സാറാമ്മയോടുള്ള സ്‌നേഹം അറിയാമായിരുന്ന തങ്കമ്മ അവളെ വീട്ടില്‍നിന്ന് ആട്ടിയിറക്കിവിട്ടു. അപരാധിയായി മുദ്രയടിക്കപ്പെട്ട  സാറാമ്മ താനിനി എന്തിനു ജീവിക്കണം എന്നാലോചിച്ചു. ഒരന്യയെപ്പോലെ അവള്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞു. ദിനംപ്രതി അവളുടെ അവശത വര്‍ധിച്ചു. അവള്‍ക്കു ക്ഷയരോഗമാണെന്നു ഡോക്ടര്‍ അറിയിച്ചു. ഒടുക്കം അവള്‍ രക്തം ഛര്‍ദിച്ചു മരിക്കുന്നതോടെ നോവല്‍ അവസാനിക്കുന്നു. 
കഥാപാത്രങ്ങളുടെ മനോവിചാരങ്ങളിലൂടെ വികസിക്കുന്ന ഇതിവൃത്തമാണ് ഈ നോവലിന്റേത്. മനസ്സ് സംസാരിക്കുകയാണ്. സംഭാഷണമെഴുതുന്നതില്‍ കാനത്തിന് അസാധാരണമായ സിദ്ധിയുണ്ടായിരുന്നു. ഹൃദയസ്പര്‍ശിയായ ഒരു ജനപ്രിയനോവലായിരുന്നു അധ്യാപിക. സ്ത്രീകളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും ഇതിവൃത്തത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ച ഒരു നോവല്‍. നീലാ പ്രൊഡക്ഷന്‍സിനു വേണ്ടി പി. സുബ്രഹ്‌മണ്യം ഈ നോവല്‍ ചലച്ചിത്രമാക്കുകയുണ്ടായി. പത്മിനി, ശാന്തി, അംബിക, മധു, തിക്കുറിശ്ശി, കൊട്ടാരക്കര തുടങ്ങിയവരഭിനയിച്ച അധ്യാപിക 1968 ല്‍ പ്രദര്‍ശനത്തിനെത്തി. ജനപ്രിയസംസ്‌കാരത്തിന്റെ പല രൂപങ്ങളും പരിഹാസവും പരാതികളും നേരിടുകയുണ്ടായി. ജനപ്രിയസിനിമകള്‍പോലെ ജനപ്രിയനോവലുകളും അതിനപവാദമല്ല. ജനപ്രിയം എന്നു പറഞ്ഞ് ഏതെങ്കിലും നോവലിനെ തള്ളിക്കളയാനോ ആഘോഷിക്കാനോ തുനിയരുത് എന്നു പറയുന്ന നിരൂപകരുണ്ട്. അവരെങ്കിലും കാനം ഇ.ജെ. യുടെ മഹത്ത്വം തിരിച്ചറിഞ്ഞിരുന്നെങ്കില്‍!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)