•  4 Jul 2024
  •  ദീപം 57
  •  നാളം 17
സാഹിത്യവിചാരം

സുഗന്ധം പരത്തുന്ന കഥകള്‍

ചെറുകഥ, മറ്റേതൊരു സാഹിത്യരൂപത്തെയും പോലെ, അത് എഴുതപ്പെടുന്ന കാലഘട്ടത്തിനനുസരിച്ചു വ്യത്യാസപ്പെടുന്നു, എന്നാല്‍, കെട്ടുകഥകള്‍, മൃഗകഥകള്‍, യക്ഷിക്കഥകള്‍, അന്യാപദേശം തുടങ്ങി കഥയുടെ മുന്നോടിയായിട്ടുള്ള മറ്റു നിരവധി കഥാകഥനസമ്പ്രദായങ്ങളുടെ സമ്മിശ്രത സംരക്ഷിക്കാനും എപ്പോള്‍ വേണമെങ്കിലും ഓര്‍മിപ്പിക്കാനും ചെറുകഥയ്ക്ക് ഒരു അതുല്യമായ കഴിവുണ്ട്. വ്യക്തിഗതമായിരിക്കെത്തന്നെ ചെറുകഥകള്‍ അവയുടെ മുന്‍ഗാമികളുമായുള്ള അടുപ്പം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാല്‍, ഈ വിഭാഗത്തിന്റെ ഒരു കൃത്യമായ നിര്‍വചനം മിക്കവാറും അസാധ്യമാണ്. നിര്‍വചനമാകാവുന്ന ഒരു സംഗ്രഹവാക്യത്തിനും സാധ്യമായ കഥാഗണങ്ങളുടെയും കഥനങ്ങളുടെയും സമീപനങ്ങളുടെയും വൈവിധ്യം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. തല്‍ഫലമായി, ചെറുകഥയുടെ രൂപത്തെക്കുറിച്ചുള്ള ഒരു സിദ്ധാന്തവും നിലവിലില്ല. കഥയുടെ ഭൂരിഭാഗം വിവരണങ്ങളും വാഷിങ്ടണ്‍ ഇര്‍വിങ്, എഡ്ഗാര്‍ അലന്‍ പോ, നഥാനിയല്‍ ഹാത്തോണ്‍ എന്നിവരെപ്പോലുള്ള കഥാഭ്യാസികളില്‍നിന്നാണു വന്നത്. കൂടാതെ, അവരുടെ പക്ഷപാതത്തെക്കുറിച്ചും കാഴ്ചപ്പാടിന്റെ അപൂര്‍ണതയെക്കുറിച്ചും വ്യക്തമായ സൂചനകള്‍ അവയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ശ്രദ്ധാപൂര്‍വം രചിക്കുന്ന ചെറുകഥയുടെ ആധുനികരൂപം വേറിട്ട ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. എന്നിരുന്നാലും അതിനെ നിര്‍വചിക്കാന്‍ ഒരൊറ്റ പദവുമില്ല, ചെറുകഥയെ നിര്‍വചിക്കാന്‍ പുറപ്പെടുന്ന ഏതൊരാളും ഒട്ടൊന്നു പതറിപ്പോകും. ഒന്നാമതായി, സാദൃശ്യം പറയാവുന്ന പദാവലികള്‍ക്കെല്ലാം അടിസ്ഥാനപരമായി കഥയുമായി ചില പ്രശ്‌നങ്ങളുണ്ട്.   മലയാളത്തില്‍ കഥയ്ക്കുണ്ടായിട്ടുള്ള ഏറ്റവും മൗലികമായ നിര്‍വചനം എം. അച്യുതന്‍ നല്‍കിയ കാമരൂപമായ കല എന്നതാണ്. വളരെ ശ്രദ്ധാപൂര്‍വം രൂപകല്പന ചെയ്ത കഥകള്‍ക്ക് സമാനപദത്തിന്റെ ഉപയോഗമല്ല ഉള്ളതെങ്കിലും അവയ്ക്കും കഥകള്‍ എന്നു വിളിക്കപ്പെടാന്‍ അര്‍ഹതയുണ്ട്, കാരണം, എഴുത്തുകാരന്‍ അവതരിപ്പിക്കുന്ന വിഷയം ഒരു മനുഷ്യനു പറയുന്നയാളുടെ ബോധം നല്‍കുന്നു.
ഗദ്യത്തിലെഴുതുന്ന ആഖ്യാനസാഹിത്യത്തിന് ഫിക്ഷന്‍ എന്ന പേരു പറയുന്നു. യഥാര്‍ഥ വ്യക്തികളുടെയോ സാമൂഹികജീവിതത്തിന്റെയോ ഏതെങ്കിലും പ്രത്യേക സംഭവങ്ങളുടെയോ സംഭവപരമ്പരകളുടെയോ കൃത്യമായ പുനര്‍നിര്‍മാണമല്ലാത്ത മനുഷ്യജീവിതത്തിന്റെയും സമൂഹത്തിന്റെയും ആവിഷ്‌കാരമാണത്. ചരിത്രപരമായ കൃത്യതയില്‍നിന്നുള്ള വ്യതിയാനം ചെറുതായിരിക്കാം അല്ലെങ്കില്‍ വളരെ വിദൂരത്തിലേക്കു വ്യാപിച്ചേക്കാം. എന്നാല്‍, കഥയെ ചരിത്രപരമായ വിവരണങ്ങളുടെ വിഭാഗത്തില്‍നിന്ന് ഒഴിവാക്കുന്നതിനു മതിയായ കാരണങ്ങള്‍ നല്‍കണം. തീര്‍ച്ചയായും, ചരിത്രങ്ങള്‍ എന്നു വിളിക്കപ്പെടുന്ന പലതും യഥാര്‍ഥത്തില്‍ കഥകളാണ്; കൂടാതെ, പല ചരിത്രനോവലുകളും കൃത്യമായ ചരിത്രരേഖകളേക്കാള്‍ ചരിത്രമെന്ന നിലയില്‍ വിലപ്പെട്ടതുമാണ്. എന്തായിരിക്കും ചരിത്രവും കഥയും തമ്മിലുള്ള വ്യത്യാസമെന്നു ചോദിച്ചാല്‍ കഥയുടെ അവസാനസന്ദര്‍ഭങ്ങളില്‍, എഴുത്തുകാരന്‍ കേവലം സത്യവും സങ്കല്പവും വേര്‍പെടുത്തുന്നതിനുള്ള ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന വായനക്കാരന്റെമേല്‍ ആ ദൗത്യം ഏല്പിക്കുമെന്നതാണ്. 
പ്രതിഭാധനന്മാരായ പുതിയ കഥയെഴുത്തുകാര്‍ക്ക് പ്രഫ. എം. അച്യുതന്‍ നല്‍കുന്ന ഒരു ഉപദേശമുണ്ട്. പുതിയ കാലത്തിന്റെ കഥയെഴുതുമ്പോള്‍ ജീവിക്കുന്ന മനുഷ്യരെ നിങ്ങള്‍ മുമ്പില്‍ കാണണം. അങ്ങനെ കഥയെഴുതുന്ന പ്രതിഭാധനനായ ഒരു കഥാകൃത്ത് നമുക്കുണ്ട്, സോക്രട്ടീസ് കെ. വാലത്ത്. ജീവിതത്തിലെ ദുരന്തസന്ധികളെ അഭിമുഖീകരിക്കുന്ന മനുഷ്യരുടെ കഥകളാണ് അദ്ദേഹം ആവിഷ്‌കരിക്കുന്നത്. വീട്, കുടുംബം, നീതി, നന്മ എന്നിവയ്ക്ക് ഈ കഥാകൃത്ത് മുന്തിയ പരിഗണന നല്‍കുന്നു. ദുരന്തങ്ങളില്‍ തളരുന്നവരെക്കാള്‍ അതിജീവനപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്കാണ് അദ്ദേഹത്തിന്റെ കഥകളില്‍ ഇടം ലഭിക്കുന്നത്. സോക്രട്ടീസ് കെ. വാലത്ത് എന്ന കഥാകൃത്തിന് ചില നിഷ്‌കര്‍ഷകളുണ്ട്. കഥയെഴുത്ത് ഉത്തരവാദിത്വത്തോടെ ചെയ്യുന്ന ഒരു കാര്യമായിരിക്കണം. ഉത്തരവാദിത്വം വായനക്കാരോടാണ്. ഓരോ കഥയും താന്‍ എഴുതിയ മറ്റൊരു കഥയുടെ ആവര്‍ത്തനം ആവാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്റെ 13 കഥകളുടെ സമാഹാരമാണ് സാഹിത്യപ്രവര്‍ത്തകസഹകരണസംഘം കഥനം എന്ന പരമ്പരയില്‍ പ്രസിദ്ധീകരിച്ച കഥ എന്ന ഗ്രന്ഥം. നിരവധി കഥാസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. 'മദനെല്ലൂരിലെ പെണ്‍പന്നികള്‍' ആണ് ആദ്യ കഥാസമാഹാരം. പതിനഞ്ചു കഥകളുടെ സമാഹാരമാണ് കവചിതം. ന്യായവിധി, ജയഹേ, അപ്പൂപ്പന്‍ കൊന്ന മരം എന്നിവയാണ് മറ്റു ചില കഥാസമാഹാരങ്ങള്‍. ആനന്ദലഹരി എന്ന ഒരു നോവലും സോക്രട്ടീസ് കെ. വാലത്ത് എഴുതിയിട്ടുണ്ട്.
സമൂഹത്തെക്കാള്‍ വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നവയാണ് സോക്രട്ടീസ് കെ. വാലത്തിന്റെ കഥകള്‍. സമൂഹത്തിലാണു വ്യാപരിക്കുന്നതെങ്കിലും വ്യക്തി എന്ന നിലയില്‍ അനുഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സമ്മര്‍ദങ്ങളിലേക്കാണ് വായനക്കാരെ അദ്ദേഹം ആനയിക്കുന്നത്. ആഗസ്റ്റ് 15 എന്ന കഥയിലെ സ്ത്രീയും അവളെ പിന്തുടരുന്ന അജ്ഞാതനും തമ്മിലുള്ള സംഭാഷണത്തിലൂടെ ഭയത്തെ മാന്ത്രികമായി നിലനിര്‍ത്തുന്ന ആഖ്യാനതന്ത്രം ഈ കഥാകൃത്തിന്റെ കഥനവൈഭവത്തെ വെളിപ്പെടുത്തുന്നു. വെറുതെ ജീവിതത്തെ ആവിഷ്‌കരിക്കുന്നതല്ല ചെറുകഥയെന്ന് സോക്രട്ടീസ് കെ. വാലത്തിന്റെ കഥകള്‍ ഓര്‍മിപ്പിക്കുന്നു. 
ഇരുതലമൂരി എന്ന കഥ ഒരു രതിവിജ്ഞാനഗ്രന്ഥം എഴുതാന്‍ നിര്‍ബന്ധിതനാകുന്ന ജോസ്‌സാറിന്റെ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്നു. അദ്ദേഹത്തിന് ഒരേയൊരു മകളേയുള്ളു, നീന. നീനയുടെ കല്യാണത്തിനു കേവലം ഏഴു ദിവസങ്ങള്‍ക്കുമുമ്പാണ് അദ്ദേഹം അങ്ങനെ ഒരു തീരുമാനമെടുത്തത്. റിസ്‌കാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം അതിനു തുനിയുന്നത്. മകള്‍ അതു വായിച്ചിരിക്കണം. കാര്യങ്ങളെക്കുറിച്ച് ഒരേകദേശധാരണ നേടണം. തന്റെ ഗതി മരുമകനും വരരുത്. അതേ അദ്ദേഹത്തിന് ഉദ്ദേശ്യമുള്ളൂ. എന്നാല്‍, നിരവധി പ്രശ്‌നങ്ങളാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. കല്യാണത്തിനു നാലു ദിവസംമുമ്പേ അയാള്‍ കൈപ്പുസ്തകം പൂര്‍ത്തിയാക്കി. എങ്ങനെ അത് മകളിലേക്ക് എത്തിക്കുമെന്നതാണ് ഒരു പ്രധാന പ്രശ്‌നം. കൈയക്ഷരം മനസ്സിലാവുമല്ലോ. അതിനെന്താണു വഴി? ഡിടിപി എടുക്കാം. പരിസരത്തെങ്ങും കൊടുക്കാനാവില്ല. പഠിപ്പിച്ച പിള്ളേരുണ്ട്. ഒടുക്കം പത്തു കിലോമീറ്റര്‍ അകലെയുള്ള ഡിടിപി സെന്ററില്‍ കൊടുക്കാം എന്നു തീരുമാനിച്ചു. കൈയെഴുത്തുപ്രതി തന്റെ കിടപ്പുമുറിയില്‍ ഭദ്രമായി വച്ചു. കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നതാണ് പിന്നീടു കാണുന്നത്. വൈകുന്നേരമായപ്പോഴേക്കും അതിഥികള്‍ ഓരോരുത്തരായി വന്നു. ജോസ്‌സാറിന് കിടപ്പുമുറിയില്‍ കയറാനേ സാധിച്ചില്ല. എന്നു മാത്രമല്ല, പത്തായപ്പുരയില്‍ കിടന്നുറങ്ങേണ്ടിയും വന്നു. ഉറങ്ങി എണീറ്റപ്പോഴേക്കും കുട്ടിപ്പട കൈയെഴുത്തുപ്രതി പരസ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു. ജോസ് സാര്‍ ഒരശ്ലീലസാഹിത്യകാരനായിത്തീര്‍ന്നപോലെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. സകലമുഖങ്ങളിലും പരിഹാസം, പുച്ഛം. നാട്ടിലും പാട്ടായി. ജോസ്‌സാര്‍ അതൊന്നും വിഷയമാക്കാതെ ഉഷാറായി കല്യാണച്ചടങ്ങു നടത്തി. രതിസംബന്ധമായി എന്തു നല്ല കാര്യം ചെയ്താലും ദുരനുഭവമാണല്ലോ എന്നദ്ദേഹം ദുഃഖിച്ചു. കൈയെഴുത്തുപ്രതിയും കിട്ടിയില്ല. അതിനിടെ മകളും മരുമകനും ആദ്യത്തെ വിരുന്നിനു വന്നു. അന്നു രാത്രി മരുമകന്‍ കൈയെഴുത്തുപ്രതി ജോസ്‌സാറിനെ ഏല്പിച്ചിട്ടു പറഞ്ഞു, ഗ്രേറ്റ് പപ്പാ. പുസ്തകമാക്കി ഇറക്കിയിട്ട് കാര്യമില്ലെന്നും ഇത് വിഷ്വലായിട്ട് അവരിരുവരും മോഡലായി ചെയ്താലോന്നാലോചിക്കുവാണെന്നും കൂടി കേട്ടപ്പോള്‍ അയാള്‍ക്ക് ഒരു തലമയക്കമുണ്ടായി. അയാള്‍ കണ്ടു, തന്റെ ഭാര്യയുടെയും മകളുടെയും രൂപങ്ങള്‍ പരസ്പരം ചേര്‍ന്ന് ഒറ്റ ഉടല്‍. അതിനു പക്ഷേ, രണ്ടു തലകള്‍ ഉണ്ട്. ലാഘവത്തോടെ കഥ പറയുന്ന സോക്രട്ടീസ് കെ. വാലത്ത് ദുരനുഭവങ്ങളെ ചിരിയാക്കി മാറ്റുന്ന തന്ത്രം ഈ ആഖ്യാനത്തില്‍ പരീക്ഷിക്കുന്നു. 
ആനന്ദ്‌നഗറിലെ കാറ്റ് ആനന്ദന്‍മാഷിനു സംഭവിച്ച ദുരന്തത്തിന്റെമാത്രം കഥയല്ല. ആനന്ദ് നഗറില്‍ വിരിഞ്ഞ കടുംനിറവും മാസ്മരസുഗന്ധവുമുള്ള പനിനീര്‍പ്പൂക്കളുടെ കഥയും ആനന്ദന്‍ മാഷിന്റെ ദുരന്തത്തിനു കാരണക്കാരായവരുടെ വീഴ്ചയുടെ കഥയുംകൂടിയാണ്. കാര്യവും കാരണവും തേടാതെയും കാണാതെയും അറിയാതെയും സ്ഥിരീകരണം നടത്തുകയും ചെയ്യുന്നവര്‍ക്കിടയില്‍ സത്യം വിറങ്ങലിച്ചുനില്‍ക്കുന്നു. പതിന്നാലുകാരിയായ ജെമ്മ എന്ന ജോലിക്കാരിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം ലൈംഗികോപയോഗത്തിനിരയാക്കി എന്ന പരാതിയിലാണ് താന്‍ ജയിലിലായതെന്നുപോലും അദ്ദേഹം സ്റ്റേഷനിലെത്തി ചാര്‍ജുഷീറ്റ് കേട്ടപ്പോഴാണ് അറിഞ്ഞത്. ചാനലുകളും പോര്‍ട്ടലുകളും ലോകമെങ്ങും വാര്‍ത്ത എത്തിച്ചു. സത്യാനന്തരകാലത്തെയും മാധ്യമങ്ങളുടെ വിചാരണയെയും വിമര്‍ശിക്കുന്ന ഒരു കഥകൂടിയായി ആനന്ദ്‌നഗറിലെ കാറ്റ് മാറുന്നുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യം ജയില്‍പ്പുള്ളികളില്‍ വലിയ മാറ്റം വരുത്തി. ജാമ്യം നേടി തിരിച്ചെത്തിയ ആനന്ദന്‍ മാഷിന്റെ വീട്ടില്‍ നിന്നുവരുന്ന സുഗന്ധത്താല്‍ അവിടെയെങ്ങും ഒരു ലാഘവത്വം അനുഭവപ്പെട്ടു. തടവുകാലം കഴിഞ്ഞു മാഷ് വന്നതോടെ പനിനീര്‍ച്ചെടികള്‍ തളിര്‍ത്തു. ആനന്ദന്‍ മാഷ് നിരപരാധിയാണെന്നും സമീപവാസികള്‍ പിതാവിനെ സ്വാധീനിച്ച് ഒപ്പുവയ്പിച്ചതാണെന്നും കുറിപ്പെഴുതിവച്ച് ജെമ്മ ആത്മഹത്യ ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞ് മാഷിന്റെ വിയോഗമറിഞ്ഞ് എത്തിയവരില്‍ പുരുഷന്മാര്‍ ആ വീട്ടില്‍നിന്നു മുറിച്ചു കൊണ്ടുപോയ കമ്പു നട്ട് വളര്‍ന്നു പൂത്ത് ആ പ്രദേശം മുഴുവന്‍ സുഗന്ധം പരന്നു. ആനന്ദന്‍മാഷിന്റെ വീട് പിന്നീട് ഇടിഞ്ഞുപൊളിഞ്ഞുപോയെങ്കിലും ആ പനിനീര്‍ച്ചെടികള്‍ ഓരോ വീട്ടിലും സുഗന്ധം പരത്തിക്കൊണ്ടിരുന്നു. അവിടങ്ങളില്‍ ചെല്ലുന്നവര്‍ക്കെല്ലാം ആനന്ദം ലഭിച്ചു. അങ്ങനെ ആനന്ദനഗര്‍ എന്ന പേരും ആ പ്രദേശത്തിനു ലഭിച്ചു. ആനന്ദം പകരുന്നവയാണ്   സോക്രട്ടീസ് കെ. വാലത്തിന്റെ കഥകള്‍. സത്യത്തിന്റെ സുഗന്ധം അതില്‍ പ്രസരിക്കുന്നു.
വല്യപ്പാപ്പന്‍ കൊച്ചുമകന് അതിജീവനത്തിന്റെ പാഠം പറഞ്ഞുകൊടുക്കുന്ന ഒരു കഥ സോക്രട്ടീസ് കെ. വാലത്ത് എഴുതിയിട്ടുണ്ട്, കഥയുടെ പേര് പാമരം. കൊച്ചുമകനില്‍ പ്രതിരോധസജ്ജീകരണത്തിനുതകുന്ന മനോനില രൂപപ്പെടുത്തുകയായിരുന്നു മര്‍ത്യാസ് അപ്പാപ്പന്റെ ലക്ഷ്യം. ഫാക്ടറിയില്‍നിന്നു വിഷവാതകം ചോര്‍ന്നു എന്നു കേട്ടും ഒഴിഞ്ഞുപോകാനുള്ള അധികാരികളുടെ കല്പന മാനിച്ചും വീടു പൂട്ടിയും പൂട്ടാതെയും കിട്ടിയതൊക്കെ വാരിയെടുത്ത് പലായനം ചെയ്യുന്നവര്‍ക്കിടയില്‍ മര്‍ത്യാസ് അപ്പാപ്പന്‍ വേറിട്ടുനില്‍ക്കുന്നു. പണ്ട് പൊന്തിവരുന്ന പ്രളയത്തിലും വീടൊഴിയാതെ പോരടിച്ചു ജയിച്ച അപ്പന്‍ ചീക്കുവാണ് മര്‍ത്യാസിന്റെ മാതൃകാപുരുഷന്‍. മനോബലത്തിന്റെ ആദിമസൗന്ദര്യത്തെ ഈ കഥയില്‍ കഥാകൃത്ത് ആവാഹിക്കുന്നു. ന്യായവിധി എന്ന കഥയാരംഭിക്കുന്നത് കിടപ്പുമുറിയുടെ ചുവരിലിരുന്ന് ഒരു പല്ലി അംബ്രോസ് ഇന്ന് രാത്രി ഈ വീടിനകത്തുവച്ചു കൊല്ലപ്പെടുമോ എന്നു ദൈവത്തോടു ചോദിക്കുന്ന സന്ദര്‍ഭത്തിലാണ്. പല്ലി, പാറ്റ, ചിലന്തി, ഈച്ച എന്നിവരുടെ സംഭാഷണങ്ങളിലൂടെ അംബ്രോസിന്റെയും ഭാര്യയുടെയും ഗൃഹാന്തരജീവിതത്തെ അവതരിപ്പിക്കുന്ന കഥയാണ് ന്യായവിധി. കുടുംബജീവിതത്തിന്റെ അന്തര്‍ലോകങ്ങള്‍ അവര്‍ക്കേ കാണാനാകുന്നുള്ളൂ. അതേസമയം, മനുഷ്യരെക്കാള്‍ നന്മ ജന്തുകഥാപാത്രങ്ങളില്‍ കാണാം. അവര്‍ കുടുംബജീവിതത്തെ നിരീക്ഷിക്കുന്നു, വായിക്കുന്നു, വ്യാഖ്യാനിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇടപെടലിനു തുനിയുന്നു. സോക്രട്ടീസ് കെ. വാലത്തിന്റ കഥകളോരോന്നും ഒന്നിനൊന്നു മികച്ചവയാണ്. ഓരോന്നും വായിച്ചുതന്നെ അനുഭവിക്കേണ്ടവയാണ്.

 

Login log record inserted successfully!