ജോര്‍ജ് ഓണക്കൂറിന്റെ പ്രശസ്തനോവല്‍ ഉള്‍ക്കടല്‍ പ്രസിദ്ധീകരിച്ചിട്ട് അഞ്ചു പതിറ്റാണ്ടാകുന്നു. 1975 ഓഗസ്റ്റിലാണ് സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ആദ്യപതിപ്പായി ഉള്‍ക്കടല്‍ പ്രസിദ്ധീകരിക്കുന്നത്. ഓണക്കൂറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ''എങ്ങും അതിന്റെ സുഗന്ധം നിറഞ്ഞു.'' എത്ര വായിച്ചാലും മതിവരാത്ത നോവല്‍ എന്ന് ഉള്‍ക്കടലിനെ വിശേഷിപ്പിക്കാം. വായനക്കാരോട് ഏറ്റവും അടുത്തും ആഴത്തിലും ഇടപഴകുന്ന ഒരു സാഹിത്യരൂപമാണ് നോവല്‍. നോവലിനെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ വിലയിരുത്താനുള്ള ഏതൊരു ശ്രമവും ആത്മജ്ഞാനം, സ്വാതന്ത്ര്യം, മനസ്സും ലോകവും തമ്മിലുള്ള ബന്ധം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദാര്‍ശനികപ്രതിബദ്ധതയുടെ വീക്ഷണത്തിലായിരിക്കണമെന്ന ചിന്താഗതി ജോര്‍ജ് ലൂക്കാച്ചിനുണ്ടായിരുന്നു. തത്ത്വചിന്തയും സാഹിത്യവും തമ്മിലുള്ള, പ്രത്യേകിച്ച്, ദാര്‍ശനികവീക്ഷണങ്ങളും നോവലും തമ്മിലുള്ള ബന്ധം എങ്ങനെ മനസ്സിലാക്കണം എന്ന ചോദ്യം അനിവാര്യമായും ഉള്‍ക്കടല്‍ ഉയര്‍ത്തുന്നുണ്ട്.
എഡ്വേര്‍ഡോ മെന്‍ഡീറ്റ മനുഷ്യര്‍ ദാര്‍ശനികമൃഗങ്ങളാണ് എന്നു പറയുന്നുണ്ടെങ്കിലും ദാര്‍ശനികനോവലുകളോട് മനുഷ്യര്‍ക്ക് അത്ര പ്രതിപത്തിയില്ലായെന്നു മൈക്കള്‍ എച്ച് മിത്തിയാസ് സൂചിപ്പിക്കുന്നു. ദാര്‍ശനികനോവലിന് വളരെ വ്യക്തമായി നിര്‍വചിക്കാവുന്ന നാലു വിഭാഗങ്ങളുണ്ട്. തത്ത്വചിന്തകള്‍ ഉദ്ധരിക്കുന്നവയെ ദാര്‍ശനികനോവല്‍ എന്നു വിളിക്കാം. കഥാപാത്രങ്ങള്‍ ദാര്‍ശനികവാക്യങ്ങള്‍ ഉദ്ധരിക്കുകയും ദാര്‍ശനികപ്രശ്‌നങ്ങള്‍, പാരമ്പര്യങ്ങള്‍, വ്യക്തിത്വങ്ങള്‍ എന്നിവയെ പരാമര്‍ശിക്കുകയും ചെയ്യുന്ന നോവലുകളാണവ. എന്നാല്‍, അവയില്‍ ദര്‍ശനം ബാഹ്യവും അനുബന്ധവുമായിനില്‍ക്കും. ദാര്‍ശനികനോവലിന്റെ മറ്റൊരു രൂപത്തെ നമുക്ക് 'ദാര്‍ശനികചൈതന്യാരോപിത നോവല്‍' എന്നു വിളിക്കാം. അത്തരം നോവലുകളില്‍ കഥാപാത്രങ്ങളും വ്യക്തികളും തത്ത്വചിന്തയെക്കുറിച്ചു സംസാരിക്കുകയോ തത്ത്വചിന്താപരമായ വാക്യങ്ങള്‍ ഉദ്ധരിക്കുകയോ ചെയ്യുകയില്ല; മറിച്ച്, അതിലെ കഥാപാത്രങ്ങള്‍ തത്ത്വചിന്താപരമായ ആശയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരായിരിക്കും. നോവലില്‍ കഥാപാത്രങ്ങള്‍ ഒരു ദാര്‍ശനികാശയത്തെയോ, പ്രശ്‌നത്തെയോ നിലപാടിനെയോ ദൃഷ്ടാന്തീകരിക്കും. ഈ രണ്ടു വിഭാഗങ്ങളും കലരുന്ന മൂന്നാമതൊരു വിഭാഗവും വിഭാവനം ചെയ്യാം. നാലാമതൊരു സാധ്യതകൂടിയുണ്ട്. ദാര്‍ശനികപ്രശ്‌നങ്ങളെ ഉദ്ധരിക്കുകയോ ദൃഷ്ടാന്തീകരിക്കുകയോ ചെയ്യുന്നതിനേക്കാളും വ്യക്തവും സംശയരഹിതവുമായി ദാര്‍ശനികമാകുന്ന ചില നോവലുകളുണ്ട്. ചില മനുഷ്യപ്രശ്‌നങ്ങളും ജീവിതപ്രതിസന്ധികളും വെല്ലുവിളികളും അടിസ്ഥാനപരമായി ദാര്‍ശനികപ്രശ്നങ്ങളാണെന്നു നമ്മെ ബോധ്യപ്പെടുത്താന്‍ അത്തരം നോവലുകള്‍ക്കു കഴിയും. അങ്ങനെയുള്ള നോവല്‍ തത്ത്വചിന്തയുടെ ചക്രവാളത്തെ വിപുലീകരിക്കുന്നു. അത്തരത്തിലുള്ള ഒരു ദാര്‍ശനികനോവലാണ് ഉള്‍ക്കടല്‍.
ജീവിതമാണ് ഉള്‍ക്കടലിലെ ദാര്‍ശനികപ്രശ്‌നം. എല്ലാം നഷ്ടപ്പെട്ട നിമിഷത്തില്‍ ജീവിതം ദുഃഖമാണെന്നും ആ ദുഃഖത്തെക്കാള്‍ ആശ്വാസകരമാണ് മരണം എന്നും ചിന്തിക്കുന്ന രാഹുലനാണ് ഉള്‍ക്കടലിലെ നായകന്‍. അയാളുടെ ആത്മകഥയാണ് ഉള്‍ക്കടല്‍. രാഹുലനുമായി പ്രണയത്തിലാകുന്ന മൂന്നു പെണ്‍കുട്ടികളുടെകൂടി കഥയാണ് ഉള്‍ക്കടല്‍. മൂന്നുവശവും കരയാല്‍ ചുറ്റപ്പെട്ട കടല്‍പോലെ രാഹുലന്‍. പ്രണയം നഷ്ടപ്പെടാന്‍ വിധിക്കപ്പെട്ട രാഹുലന്റെ മനസ്സില്‍ ശുഭഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ ഇല്ലായിരുന്നു. എന്നാല്‍, അയാള്‍ക്കു സമൂഹത്തിന്റെ അതിരുകള്‍ തകര്‍ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. താനൊരു പാവപ്പെട്ട കവിയും ചിത്രകാരനുമാണ്. തനിക്ക് അതിനൊക്കെയുള്ള കരുത്തുണ്ടാകുമോ? ഇതാണ് രാഹുലനെ അലട്ടുന്ന വിഷയം. അയാളുടെ ആത്മാവിന്റെ തുളസിത്തറയില്‍ കത്തിയെരിഞ്ഞ ഒരു നെയ്ത്തിരിയുണ്ടായിരുന്നു, തുളസി. സ്‌നേഹത്തിന്റെ തുഷാരബിന്ദുവായിരുന്നു തുളസി. അവളെ അയാള്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു. പിന്നീട് അവിടെ പുതിയൊരു ദീപം കൊളുത്തപ്പെട്ടു, റീന. അവളുമായും അയാള്‍ക്കു പിരിയേണ്ടിവന്നു. അവിടേക്കു മറ്റൊരുവള്‍ വരുന്നു, മീര. രാഹുലനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരുന്നതു പ്രണയമാണ്. പ്രണയത്താല്‍ ജീവിതത്തിനു അര്‍ത്ഥമുണ്ടാകുന്നു. പ്രണയം ജീവിതത്തിന് അഭയമാകുന്നു. പ്രണയ നഷ്ടം അയാളെ നിസ്സഹായനാക്കുന്നു.
ജീവിതത്തെ ശ്മശാനത്തോട് ഉപമിക്കുകയും അവിടത്തെ കാവല്‍ക്കാരനാണു താനെന്നു കരുതുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് രാഹുലന്‍. പക്ഷേ, ഈറ്റില്ലത്തിനു പുറത്ത് അസ്വസ്ഥനായി ഉലാത്തുന്ന പുരുഷനാണ് അയാള്‍ക്കു ചേരുന്ന രൂപകമെന്നു നോവലില്‍ വായിക്കാം. ആത്മാവില്‍ ആഴമുള്ള മുറിവുകളുമായി അയാള്‍ ജീവിതത്തോടു പൊരുതുന്നു. വീടിനെയും അച്ഛനെയും രാഹുലന്‍ ഓര്‍ക്കുന്നു. ''വീട് ഒരു കാരാഗൃഹമായിരുന്നു. കുറ്റവാളിയോടെന്നമട്ടില്‍ ഒരേയൊരു മകനുള്ളതിനോടു പെരുമാറുന്ന അച്ഛന്‍. നാട്ടുകാര്‍ക്കെല്ലാം ഉദാരമതിയാണ്; സ്‌നേഹസമ്പന്നനാണ്. എന്റെ മുന്നില്‍മാത്രം ആ വാതില്‍ അടഞ്ഞുകിടക്കുന്നു. ഒരിക്കലും തുറക്കാത്ത ഒരു വാതില്‍. വീടിനു പടിഞ്ഞാറ് ചെരിഞ്ഞുനില്‍ക്കുന്ന പുളിമരം എന്റെ പേടിസ്വപ്നം.'' ഓര്‍മകൊണ്ട് രാഹുലന്‍ ജീവിതത്തെ വരയ്ക്കുകയാണ്. ചിത്രകാരന്റെ ഭാഷ അതിനുണ്ട്. ''കാറ്റില്‍ പൂങ്കുലകള്‍ ഇളകി. എന്റെ കണ്ണുകള്‍ അവയെ ചുറ്റിപ്പറന്നു. ഇപ്പോള്‍ വസന്തമാണ്. ചെടികളെല്ലാം പൂവണിഞ്ഞുനില്‍ക്കുന്നു. ഇലകള്‍ക്കിടയില്‍ എത്രനാള്‍ മറഞ്ഞുകിടന്നതാണ് പുഷ്പം. അത് ലളിതയാണ്. ആകാശത്തില്‍ കാര്‍മേഘങ്ങള്‍. അവ എങ്ങോട്ടാണു യാത്ര ചെയ്യുന്നത്? ഏതെങ്കിലും ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയുമോ? പര്‍വതനിരകള്‍ മാര്‍ഗതടസ്സമുണ്ടാക്കും.'' പിതാവാണ് രാഹുലന്റെ കണ്ണിലെ പര്‍വതം. രാഹുലന്‍ എങ്ങും മരണത്തിന്റെ വലയാണ് കാണുന്നത്. പ്രകൃതിയുടെ മുഖമാകെ ആ മറവിലാണ്. രാഹുലന്‍ പുഴയിലേക്കു നോക്കുന്നു. കലങ്ങിയൊഴുകുന്ന പുഴ. ജലത്തില്‍ വലിയ ഒരു ആമ നീന്തിത്തുടിക്കുന്നു. കഴിഞ്ഞ ദിവസങ്ങള്‍ ആ ആമയെപ്പോലെയായിരുന്നു എന്നു രാഹുലന്‍ ഓര്‍ക്കുന്നു. ഓരോ കാഴ്ചയും രാഹുലനു മനസ്സു തുറക്കാനുള്ളതാകുന്നു. കാഴ്ചകളെല്ലാം മരണത്തെക്കുറിച്ചുള്ള ചിന്തയിലേക്കു നയിക്കുന്നു.
ഏകാന്തതയുടെ ദുഃഖവും പേറി ജീവിതകാലം മുഴുവന്‍ അലയേണ്ടിവരില്ലേ തനിക്കെന്നാണ് രാഹുലന്‍ ചിന്തിക്കുന്നത്. അയാള്‍ എന്നും ഏകനായിരുന്നു. മനസ്സുനിറയെ രക്തം പൊടിക്കുന്ന ഓര്‍മകളുമായി അയാള്‍ ജീവിക്കുന്നു. ജീവിതത്തില്‍ എന്നും ഇരുട്ടുമാത്രമായിരിക്കില്ല. ചിലപ്പോള്‍ ചില വിളക്കുകള്‍ അവിടെ തെളിയും. മീര അങ്ങനെ തെളിഞ്ഞ ഒരു വിളക്കാണ്. കൗമാരപ്രണയത്തിലെ നായിക. അപ്പോഴേക്കും പണ്ടത്തെ പ്രണയനായിക റീന തിരിച്ചുവരുന്നു. റീനയ്ക്കും മീരയ്ക്കുമിടയില്‍ ശാപമോക്ഷം ലഭിക്കാത്ത ശിലപോലെ രാഹുലന്‍ ചൈതന്യമറ്റുനിന്നു. ഒടുവില്‍ മീരയുടെ സ്വപ്നം പൂവണിഞ്ഞില്ല. പക്ഷേ, റീനയുടെ വരവോടെ രാഹുലന്റെ ആകാശത്ത് മഴക്കാറുകള്‍ മാഞ്ഞുപോയിരുന്നു. നക്ഷത്രങ്ങള്‍ ഉദിക്കുന്നതു കണ്ടുപിടിക്കാനായി രാഹുലന്റെ കണ്ണുകള്‍ ആകാശത്തേക്കു പറന്നു.
വിഷാദാത്മകതയും നിരാലംബതയുമാണ് രാഹുലന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്. മരണത്തെ മുക്തിപഥമായി സങ്കല്പിച്ചാല്‍ പ്രത്യാശയ്ക്ക് ഇടമില്ല. സൂക്ഷ്മശോകങ്ങളോടു സംവദിച്ചുകൊണ്ടിരിക്കുകയാണ് അയാളുടെ ഹൃദയം. അതിനുകാരണം പ്രണയപരാജയങ്ങളാണ്. പ്രണയത്താല്‍ കരുത്തനാകുന്ന ഒരാളാണ് രാഹുലന്‍. പക്ഷേ, അയാളുടെ പ്രണയങ്ങള്‍ കായ്കളായിത്തീരുംമുമ്പ് നിലംപതിച്ച പൂക്കള്‍ പോലെയായിരുന്നു. തുളസിയെ വിഴുങ്ങിയ മരണത്തിന്റെ മടിയിലേക്കു കുതിക്കാനുള്ള ആഗ്രഹം രാഹുലനില്‍നിന്ന് അകലുന്നില്ല. ജീവിതത്തിന്റെ അര്‍ഥശൂന്യതയും മരണത്തിന്റെ മഹത്ത്വവുമാണ് രാഹുലനെ നിയന്ത്രിക്കുന്ന ദര്‍ശനങ്ങള്‍. മരണം സൃഷ്ടിച്ച ശൂന്യതയുടെ ഹൃദയത്തില്‍ ദുഃഖാര്‍ത്തരായിക്കഴിയുന്ന മനുഷ്യജീവികളെക്കുറിച്ച് അയാള്‍ക്കു ബോധ്യമുണ്ട്. എങ്കിലും അജ്ഞാത ദുഃഖത്തിന്റെ തീരങ്ങളില്‍ അലഞ്ഞുതിരിയുകയാണ് അയാളുടെ മനസ്സ്. ഇരുണ്ട ചിന്തകളാണ് തന്റെ മനസ്സു മുഴുവനുമെന്നും അയാള്‍ തിരിച്ചറിയുന്നുണ്ട്. റീന പകര്‍ന്നുനല്‍കുന്ന ശക്തിയുടെ ബലത്തില്‍ അയാള്‍ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. അവളെ നഷ്ടപ്പെടുമ്പോള്‍ ജീവിതത്തിന്റെ അര്‍ഥശൂന്യതയെക്കുറിച്ചോര്‍ത്തു ദുഃഖിക്കുന്നു: ''ഒന്നും ആശിക്കരുത്. എന്നാല്‍, ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല.'' കോളജില്‍ ലക്ചററായതോടെ അയാള്‍ ഒരു പുതിയ മനുഷ്യനാകാന്‍ ശ്രമിക്കുന്നു. തത്ത്വചിന്തകനാകാന്‍ ശ്രമിക്കുന്നു. ജീവിക്കാന്‍ മറന്നുപോയ മനുഷ്യന്‍. എന്നിട്ടും അയാള്‍ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. മീരയുടെ സാമീപ്യം അയാളുടെ ജീവിതത്തിനു സംഗീതത്തിന്റെ ശ്രുതി ചേര്‍ത്തു. അവളെ വേദനിപ്പിച്ചുകൊണ്ട് അയാള്‍ റീനയുടേതാകുമ്പോള്‍ നോവല്‍ അവസാനിക്കുന്നു. പുതിയൊരു ജന്മത്തിന്റെ കടവിലേക്ക് അവര്‍ പോകുന്നു. കേവലം കാല്പനികപ്രണയത്തെ ആവിഷ്‌കരിക്കുന്ന ഒരു നോവലായി ഉള്‍ക്കടലിനെ വിലയിരുത്തുന്നത് ഉചിതമാവുകയില്ല. എല്ലാ അര്‍ഥത്തിലും അതൊരു ദാര്‍ശനികനോവലാണ്.
ഡോ. ജോര്‍ജ് ഓണക്കൂര്‍ ഒരു അസാധാരണ എഴുത്തുകാരനാണ്. ഒരു നോവലിസ്റ്റ് എന്ന നിലയില്‍, പ്രശസ്തരായ ഒരു പറ്റം പ്രമുഖ എഴുത്തുകാരുടെ തലമുറയ്‌ക്കൊപ്പമാണ് ഓണക്കൂറും നിലയുറപ്പിച്ചത്. അവര്‍ക്കിടയില്‍ ഉള്‍ക്കടലിലൂടെ വേറിട്ട സ്വരം കേള്‍പ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 'ഗദ്യകവിത' എന്ന പ്രയോഗം മന്ദഗതിയിലുള്ള, ധ്യാനാത്മകമായ, ഇഴയടുപ്പത്താല്‍ സമ്പന്നമായ ഗദ്യത്തെ അര്‍ഥമാക്കാന്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്, എന്നാല്‍, ഓണക്കൂറിന്റെ ഉള്‍ക്കടല്‍ അടിസ്ഥാനപരവും ഔപചാരികവുമായ അര്‍ഥത്തില്‍ കാവ്യാത്മകമാണ്, ഗദ്യകവിതയാണ്. താളമുള്ള ഗദ്യത്തില്‍ വാര്‍ത്തെടുത്ത നോവലാണ് ഉള്‍ക്കടല്‍. സന്ധ്യയെ വര്‍ണിക്കുന്നതു നോക്കുക: ''കാവിയുടുത്തു നില്‍ക്കുന്ന ആകാശത്തിന്റെ കണ്ണുകളില്‍ ശോകച്ഛവി പരന്നു. സൂര്യന്റെ എരിഞ്ഞടങ്ങിയ ചിത. അന്ധകാരം കടന്നുവരുകയാണ്. നരകത്തിന്റെ വാതില്‍ തുറക്കപ്പെടുന്ന നിമിഷം.'' ജീവിതത്തിനുള്ളത് അനിശ്ചിതത്വത്തിന്റെ കാവ്യശാസ്ത്രമാണ്. ആ കാവ്യശാസ്ത്രമാണ് ഉള്‍ക്കടലിന്റെ ഉള്ളിലുള്ളത്. അതിനുതകുന്ന ഒരു കാവ്യഭാഷയാണ് ഉള്‍ക്കടലിനെ സുന്ദരമാക്കുന്നത്. സൂക്ഷ്മസുന്ദരമാണ് ഉള്‍ക്കടലിന്റെ ആഖ്യാനം.