അനുഭൂതികള്‍കൊണ്ട് എഴുതപ്പെടുന്ന ചരിത്രമായിട്ടാണ് കെ.ജി. ശങ്കരപ്പിള്ള കവിതയെ നിര്‍വചിക്കുന്നത്. നൈതികജാഗ്രതയുടെ കവിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. രാഷ്ട്രീയ ബോധത്തിന്റെ വിവേകസംഹിതയാണ് അദ്ദേഹം എഴുതിയതൊക്കെയും. നീതിബോധത്താല്‍ നീറിപ്പിടയുന്ന മനസ്സുമായി കവിതയെ കൊണ്ടു നടക്കുന്ന കവി. അഗാധവും ലോകോന്മുഖവുമായ അശാന്തിയില്‍നിന്നു കവിത നിര്‍മിച്ച കുമാരനാശാനെപ്പോലെ മനുഷ്യവേദനകളാണ് ഈ കവിയെ ആകുലനാക്കിയത്. ആ ആകുലതകളെ കവിതയായി മാത്രമല്ല ഈ കവി അവതരിപ്പിച്ചിട്ടുള്ളത്. പല കാലത്തായി പല ഓര്‍മകളെ അദ്ദേഹം ഗദ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കെ.ജി.എസിനെ ഒരു ഗദ്യകാരനായി അടയാളപ്പെടുത്തിയിട്ടില്ല. മരിച്ചവരുടെ മേടാണ് അദ്ദേഹത്തിന്റെ പ്രഥമ ഗദ്യഗ്രന്ഥം. 2015 ലാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. മരിച്ചവരെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു മേടു നിറയെ. മിത്തായി മാറിയ ജോണ്‍ എബ്രാഹവും മഹാനടന്മാരായ പ്രേംജിയും മുരളിയും സമകാലികന്‍ എന്നു കവി വിശേഷിപ്പിക്കുന്ന പി. കുഞ്ഞിരാമന്‍ നായരും നിര്‍മമനായ ആര്‍. രാമചന്ദ്രനും പിന്നെ പാബ്ലോ നെരൂദയുമൊക്കെ ആ മേട്ടിലുണ്ടായിരുന്നു. അയ്യപ്പപ്പണിക്കരെക്കുറിച്ചും ഒക്ടോവിയോ പാസിനെക്കുറിച്ചും മലയാളത്തിലെഴുതപ്പെട്ട ഏറ്റവും നല്ല പഠനങ്ങള്‍ മരിച്ചവരുടെ മേടിലാണു വായിച്ചിട്ടുള്ളത്. യാത്രയും കെ.ജി. ശങ്കരപ്പിള്ളയ്ക്കിഷ്ടപ്പെട്ട എഴുത്തുവിഷയമാണ്. ഇനി വേണ്ട തരിശ് 2024 ല്‍ പ്രസിദ്ധീകരിച്ച ഉപന്യാസസമാഹാരമാണ്. പുതിയതു കേള്‍ക്കാനും പഴയത് ഓര്‍ക്കാനും ചിലതു തിരുത്താനും കെ.ജി.എസിന്റെ ലേഖനങ്ങള്‍ വായിച്ചാല്‍ മതി. ചരിത്രവും കഥയും സന്ധിക്കുന്നുണ്ടതില്‍. അനുഭവസത്യവും കാണാച്ചരിത്രവും അതില്‍ വെളിപ്പെടുന്നുണ്ട്.
ആവേശത്തോടെയും അകല്‍ച്ചയോടെയും ഉള്ളിലേക്കും പുറത്തേക്കും നോക്കാന്‍ കഴിയുന്നുവെന്നതാണ് കവി കെ. ജി. ശങ്കരപ്പിള്ളയുടെ നോട്ടത്തിന്റെ അപൂര്‍വനേട്ടം. കണ്ടുതീരാത്ത ഭൂമിയും വായിച്ചുതീരാത്ത കാലവുമാണ് കവിയെ ദാര്‍ശനികനാക്കുന്നത്. അദ്ദേഹം ചില ചിത്രങ്ങളും ചരിത്രങ്ങളും ഓര്‍മയുടെ വന്‍കരയില്‍നിന്നു കൊണ്ടുവരുന്നു. അവ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, ഉദ്ഭവം തേടുകയും പൊരുള്‍ കണ്ടെത്തുകയും ചെയ്യുന്നു. ചില ചിത്രങ്ങള്‍ ഓര്‍മയെ നിശ്ചലമാക്കുന്നു. ചിത്രത്തിനു ചരിത്രമാകാന്‍ കഴിയുമെന്ന് ആഘോഷിക്കപ്പെട്ട ചിത്രങ്ങള്‍ കാണുന്നു. തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ ആത്മകഥയുടെ ഘടകങ്ങളുണ്ട്. ചരിത്രത്തിന്റെ ജ്ഞാനവുമുണ്ട്. ചില ഫോട്ടോകള്‍ വഴികാട്ടിനക്ഷത്രങ്ങള്‍. 'ഒരു മനുഷ്യനെ നിര്‍വചിക്കുന്നത് അവന്‍ എന്താണു ചിന്തിക്കുന്നത് എന്നതിനെക്കാള്‍ അവന്‍ വിശ്വസിക്കുന്ന കാര്യങ്ങളാണ്' എന്നു കവി ഒക്ടോവിയോ പാസ് പറയുന്നുണ്ടല്ലോ. ചിന്തയുടെ വൈദ്യുതി അദ്ദേഹത്തിന്റെ എഴുത്തില്‍ പ്രവഹിച്ചിരുന്നു. സദാ ജാഗരൂകമായ മനസ്സുമായി ജീവിച്ച ഒരാള്‍. അയാള്‍ എഴുതിയ ഗദ്യത്തിലും കവിത തുളുമ്പി. കവിതകളും ലേഖനങ്ങളുമായി ഇരുപതില്‍പ്പരം കൃതികള്‍ രചിച്ചിട്ടുള്ള കെ.ജി. ശങ്കരപ്പിള്ളയെന്ന കെ.ജി. എസും ഒക്ടോവിയോ പാസിന്റെ പാസ്‌വേഡ് കൈവശമുള്ള കവിയാണ്. ഉളിയന്നൂര്‍ തച്ചനെപ്പോലെ കണ്ണാല്‍ അളക്കുന്ന കവി. മഷിനോട്ടത്തിലും തെളിയാത്തവയെ തേടുന്ന മനുഷ്യന്‍. അദ്ദേഹം മനസ്സില്‍ കണ്ടതിലും വലുതു നേരില്‍ കണ്ടപ്പോള്‍ ഉണ്ടായ അനുഭവത്തെ എഴുതുന്നു. അതിലുണ്ട് പരിചയപ്രപഞ്ചം. ആഴവും അകലവും തുല്യമാകുന്ന ഒരു ലോകബോധം കവിയുടെ ഉള്ളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. എഴുത്തിലൂടെ തന്റെ ലോകത്തെയും ചരിത്രത്തെയും പുതുതായി കാണാന്‍ ശ്രമിക്കുകയാണ് കവി. ഒരു ചിത്രജ്ഞനും ചരിത്രജ്ഞനും അദ്ദേഹത്തിന്റെയുള്ളില്‍ സംഗമിക്കുന്നു. എഴുതുമ്പോള്‍ ഭാവുകത്വം കാല്പനികമാവുന്ന അനുഭവം കവിക്കുണ്ട് എന്ന് കെ.ജി.എസ്. സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മൂങ്ങയെ നിരീക്ഷണക്യാമറയായി കാണുന്നതിലുമുണ്ട് ഉള്‍വെളിച്ചം. കവിക്കു വേണ്ടത് ഉള്‍വെളിച്ചം. അതു കെട്ടാല്‍ കെട്ടുപോകും കവിയുടെ ലോകം. കവി ഒരു സ്വതന്ത്ര യാത്രികനാകുന്നു. കണ്ടിട്ടുള്ള കരയിലെ കാണാത്ത കരകള്‍ തേടുന്നു. തേനെടുത്തു തിരിച്ചെത്തി പൂമണത്തെപ്പറ്റി വാചാലനാകുന്ന ഒരു തേനീച്ച. ഓരോ വാക്കിലും പുതിയ ജ്ഞാനതീരം.
'നിലക്കണ്ണാടിയും പഴയ ഫോട്ടോകളും' കവി കെ.ജി. ശങ്കരപ്പിള്ളയുടെ ജീവിതമെഴുത്താണ്. ഓര്‍മയുടെയും അനുഭവത്തിന്റെയും ചരിത്രത്തിന്റെയും സഹായത്തോടെ കാലത്തെ വീണ്ടെടുക്കുകയാണ് കവി. വ്യക്തിനിഷ്ഠവും സംസ്‌കാരബദ്ധവുമായ കവിജീവിതം അവിടെ കാവ്യശില്പമായി മാറുന്നു. ഭാഷാപോഷിണിയില്‍ മൈത്രി എന്ന പേരില്‍ വന്ന പരമ്പരയാണ് ഈ പുസ്തകം. ഭൂതകാലത്തിന്റെ സൗന്ദര്യവത്കരണം എന്ന് ഈ ജീവിതമെഴുത്തിനെ വിശേഷിപ്പിക്കാം. കണ്ണാടിയെ ചിന്തയുടെ ഉല്‍പ്രേരകമായി കവി കണ്ടെടുക്കുന്നു. ഓരോന്നും അതതായി കാണുന്ന തെളിമയാണല്ലോ കണ്ണാടിയുടെ കരുത്ത്. കണ്ണാടിയില്‍ നോക്കുന്നവരും മുഖം കണ്ട് കണ്ടെത്തുന്നതു സ്വന്തം മനസ്സിലാണെന്നു കവി ഓര്‍മിപ്പിക്കുന്നു. വന്ന വഴികള്‍ പടര്‍ന്ന ഭൂമിയില്‍ താന്‍ കാണുന്ന ലോകത്തെക്കാള്‍ തന്നെ കാണുന്ന ലോകം നോട്ടങ്ങളെ നിര്‍ണയിക്കുന്ന ചോദനകളായി മാറുന്നു. കണ്ണാടി ഒരു രൂപവും രൂപകവുമായിത്തീരുന്നു. നിലക്കണ്ണാടിക്കുമുന്നിലെ നില അവരവരെ നേരിടാന്‍ കഴിയാത്ത ആത്മഭീരുക്കള്‍ക്ക് ഒരു ധൈര്യചികിത്സയാണ്. അവരവരെ മെരുക്കുന്ന ഇച്ഛാചികിത്സ. കന്നിനെ കയവും ആത്മരതിക്കാരെ കണ്ണാടിയും കാണിക്കരുത്. തിരിച്ചുകിട്ടില്ല. എല്ലാ കണ്ണാടിയും നാര്‍സിസിന്റെ പൊയ്കയല്ല. നോക്കുന്നവര്‍ക്ക് അനുസരിച്ചാണ് കണ്ണാടിയുടെ സ്വത്വം. കാണിക്കുന്നതിനേക്കാള്‍ ചിന്തിപ്പിക്കുന്നതാണ് കണ്ണാടി എന്ന് ശ്രീനാരായണഗുരുവിന് അറിയാമായിരുന്നു. ആത്മപ്രകാശമാണ് കണ്ണാടിയുടെ അധികപ്രകാശത്തിനുള്ള അവകാശം. തൃശൂര്‍ ഗവണ്‍മെന്റ് കോളജില്‍ ജോലിചെയ്യുന്ന അവസരത്തില്‍ കഥാകൃത്ത് വി.പി. ശിവകുമാറുമൊത്ത് കവി താമസിക്കുന്ന ചിറക്കര വീടിന്റെ മുന്നിലെത്തി. മൂന്നാണ്ടായി കവി അവിടെയാണു താമസം. ഇരുനിലവീടാണ്. പഴയ വീടാണ്. തടിപ്പടികള്‍ കയറി മേലേവരാന്തയില്‍ എത്തി. വലംചുമരില്‍ ഒരു കൂറ്റന്‍ നിലക്കണ്ണാടി. ബെല്‍ജിയത്തില്‍നിന്നു വരുത്തിയ നിലക്കണ്ണാടിയാണ്. ആഢ്യന്മാര്‍ പലരും ഇതുപോലൊരു നിലക്കണ്ണാടി അവരുടെ ദര്‍ബാറുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വീട്ടുടമ പെരുമ പറഞ്ഞു. നിലക്കണ്ണാടി വീട്ടുകാരണവരെപ്പോലെ ഒരു കഥയായി മാറുന്നു. ചരിത്രത്തില്‍ കഥയും കഥയില്‍ ചരിത്രവും ലയിക്കുന്നു. നിലക്കണ്ണാടിക്കും ഫോട്ടോകള്‍ക്കും ഇടയിലായി നമ്മുടെ ജീവിതം എന്നോര്‍മിപ്പിക്കുന്നു. ഓര്‍മകള്‍ കൊണ്ടെഴുതുന്ന പന്ത്രണ്ടു ലേഖനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
എറണാകുളം മഹാരാജാസ് കോളജിലെ മലയാളവിഭാഗം. കവി അവിടെ അധ്യാപകനായി ഉണ്ടായിരുന്ന പന്തീരാണ്ടിലേറെക്കാലവും രണ്ടു മരങ്ങള്‍ക്കിടയിലായിരുന്നു മലയാളവിഭാഗം. തെക്കു രുദ്രാക്ഷം. വടക്കു ബദാം. പഠിപ്പിനു കൂട്ടുനില്‍ക്കാന്‍ പണ്ടു പണ്ടേയുണ്ട് മരങ്ങള്‍ക്ക് ഉത്സാഹം. പഠിച്ചുവളരുകയും വളര്‍ന്നുപടരുകയും ചെയ്യണം എന്നോര്‍മിപ്പിക്കാറുണ്ട് കുട്ടികളെ. കാറ്റുകള്‍ എന്ന ലേഖനത്തിലേക്കുകൂടി കടന്നു കൊണ്ട് ഈ എഴുത്ത് നിര്‍ത്തണമെന്നു ഞാന്‍ കരുതുന്നു. കാരണം പറയാനുള്ളതല്ല വായിക്കാനുള്ളതാണ് നിലക്കണ്ണാടിയും പഴയ ഫോട്ടോകളും; വായിച്ചു കാണാനുള്ളതാണ്. കാണാ നാവാത്ത കാറ്റിനെക്കുറിച്ച് എഴുതുന്നതാണ് കാറ്റുകള്‍. കാറ്ററിവിനെക്കുറിച്ച് കാറ്റുകളില്‍ കവി എഴുതുന്നു. കാറ്റു സഞ്ചരിക്കാത്ത വഴികളില്ല. നിത്യസഞ്ചാരി. ഓരോ വരവും ഓരോ കാറ്റ്. ആരെക്കാളും കൂടുതല്‍ വന്നിട്ടുണ്ടെവിടെയും കാറ്റ്. ആരെക്കാളും കൂടുതല്‍ എങ്ങോട്ടും പോയിട്ടുമുണ്ട് കാറ്റ്. ഓരോ ജീവനും ഓരോ കാറ്റ്. ഓരോ സഞ്ചാരിയും ഓരോ കാറ്റ്. ഹുയാന്‍സാങ് പ്രകാശവര്‍ഷിയായ ഒരു വലിയ കാറ്റായിരുന്നു. ഹുയാന്‍സാങ്ങിനെ കൊള്ളക്കാര്‍ പിടിച്ചു വധിക്കുവാന്‍ ശ്രമിച്ച ഒരു കഥയുണ്ട്. അപ്പോള്‍ ഒരു കൊടുങ്കാറ്റുണ്ടായത്രേ. പ്രകൃതിക്ഷോഭത്തിനു കാരണം ഹുയാന്‍സാങ്ങിനെ വധിക്കാന്‍ ശ്രമിച്ചതാണെന്നു കരുതി കൊള്ളക്കാര്‍ അദ്ദേഹത്തെ കെട്ടഴിച്ചുവിട്ടു. അപ്പോള്‍ വീശിയത് രക്ഷകക്കാറ്റാണെന്ന് കെ.ജി.എസ്. രക്ഷകക്കാറ്റു മാത്രമല്ല, പൊള്ളിക്കുന്ന തീക്കാറ്റുമുണ്ട്. കാറ്റിനുമുണ്ട് മുഖമെന്നും കാറ്റിനെപ്പോലെ ജോലി ചെയ്യുന്നവര്‍ വേറേ ആരുണ്ടെന്നും അദ്ദേഹം എഴുതുന്നു. കടമ്പനാട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ സംഭവിക്കുന്ന മര്‍ദവ്യത്യാസമാണ് വായുവില്‍ ചലനം സൃഷ്ടിക്കുന്നതെന്ന് ലക്ഷ്മിക്കുട്ടി റ്റീച്ചറുടെ ക്ലാസ്സില്‍നിന്നും കവി തിരിച്ചറിഞ്ഞു. പ്രകൃതിയിലെ ഒരു നിഗൂഢപ്രതിഭാസം എന്ന പദവി കാറ്റിന് അന്നു നഷ്ടമായി. കാറ്റുകള്‍ ചരിത്രം രചിക്കുന്ന കാലത്തെപ്പറ്റിയും നശിപ്പിക്കുന്ന കാലത്തെപ്പറ്റിയും സുമാത്രര്‍ക്കു പല കഥകള്‍ ഉണ്ട് എന്ന് അറിഞ്ഞു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അറിവിന്റെ കാറ്റുകള്‍ അങ്ങോട്ടുമിങ്ങോട്ടും വീശിക്കൊണ്ടിരുന്നു. ഭാവുകത്വവും കാറ്റുപോലെയാണ്. തന്റെ ഇന്നോളമുള്ള ജീവിതത്തിനിടയില്‍ എവിടെ എല്ലാം, എന്നത്തെ എല്ലാം, എത്രയെത്ര കാറ്റുകള്‍ താന്‍ കണ്ടുകാണും, കൊണ്ടുകാണും, കേട്ടു കാണും, തൊട്ടു കാണും എന്ന് കെ.ജി.എസ് ചിന്തിക്കുന്നു. എല്ലാ ദേശത്തെയും സാഹിത്യത്തിലും സിനിമയിലും സ്വപ്‌നത്തിലും ധാരാളം കാറ്റുകള്‍ കാണും. കടല്‍ത്തിരകളെപ്പോലെ എണ്ണിയാലൊടുങ്ങാത്ത കാറ്റുകള്‍. എല്ലാറ്റിനും പ്രാണവായു എത്തിക്കുന്ന തിരക്കില്‍ കാറ്റ് ഓടിനടക്കുകയാണ്. കാറ്റിനെന്നപോലെ കവിതയ്ക്കുമുണ്ട് ലോകസഞ്ചാരം. സ്വാതന്ത്ര്യത്തിന്റെ സര്‍വഭാഷയും കാറ്റിനുണ്ട്. മരവും മണവും നാടും നഗരവും നെഹ്‌റുവും കെന്നഡിയും ദാന്തേയും എലിയറ്റും പുഴയും പുരയും പട്ടാമ്പിയും ചൈനയും എല്ലാം കണ്ടും കേട്ടും അറിഞ്ഞും പോകുന്ന കവിക്ക് ഒപ്പം സഞ്ചരിക്കാന്‍ നിങ്ങള്‍ നിലക്കണ്ണാടിയും പഴയ ഫോട്ടോകളും വായിക്കണം. അബോധത്തില്‍നിന്ന് ഒഴുകിവരുന്ന ഓര്‍മകള്‍, അനുഭവങ്ങള്‍. പറുദീസാനഷ്ടത്തിന്റെ കഥകള്‍. ആഴത്തിലേക്കുള്ള ചുവടുകള്‍. ആത്മബന്ധത്തിന്റെ ധ്യാനവിത്തുകള്‍.