•  18 Jul 2024
  •  ദീപം 57
  •  നാളം 19
സാഹിത്യവിചാരം

ഇരുട്ടും വെളിച്ചവും നിറഞ്ഞ കഥകള്‍

ചെറുകഥ ഏറ്റവും മികച്ച രീതിയില്‍   ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തെ, അത് ആത്മീയപ്രതിസന്ധിയുടേതായാലും   ഗാര്‍ഹികപ്രശ്‌നങ്ങളുടേതായാലും, അചഞ്ചലമായ നോട്ടത്തോടെ പരിശോധിക്കുന്നുവെന്ന് ചെറുകഥയുടെ കലയും വൈദഗ്ധ്യവും എന്ന ഗ്രന്ഥത്തില്‍ റിക്ക് ഡിമാരിനിസ് എഴുതിയിട്ടുണ്ട്. ചെറുകഥകള്‍ നമ്മുടെ അസ്തിത്വത്തിന്റെ കേന്ദ്രമാണെന്നതില്‍ അതിശയിക്കാനില്ല എന്ന് മേരി റോര്‍ബര്‍ഗറും പറയുന്നു. കഥകള്‍ പിറക്കുന്നത് സ്വപ്നങ്ങള്‍, ഉണര്‍വ്, ഉറക്കം എന്നിവയില്‍നിന്നാണ്. അവ ജീവിതത്തില്‍നിന്നാണു വരുന്നത്. മനുഷ്യര്‍ക്കു കഥകളില്ലാതെ ജീവിക്കാന്‍ കഴിയില്ല, സ്വപ്നം കാണാതെ ജീവിക്കാന്‍ കഴിയില്ല. നമ്മള്‍ ലോകത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്നതിന്റെ ഉത്തരമാണ് കഥപറച്ചില്‍. നിഗൂഢതയുടെ ഒരു പശ്ചാത്തലത്തിലാണു നാം ജീവിക്കുന്നതെന്നും, നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതും നമ്മുടെ വിധി നിര്‍ണയിക്കുന്നതുമായ അസ്തിത്വത്തെക്കുറിച്ചുള്ള ഏതു വിശദീകരണവും  നമ്മുടെ അസ്വസ്ഥവും ഏകാന്തവുമായ മനസ്സിനെ പൂര്‍ണമായും ശാന്തമാക്കുമെന്നും നമുക്കോരോരുത്തര്‍ക്കും സഹജമായി അറിയാം. ലോകം അദ്ഭുതപ്പെടുത്തുന്ന അതാര്യമായ പ്രതലങ്ങളാല്‍ നിര്‍മിതമാണെന്നും, വിസ്മൃതിയാല്‍ എല്ലാ വശങ്ങളിലും നാം അരികുകളിലാണെന്നും, നമ്മുടെ സാഹചര്യം എത്ര സുരക്ഷിതമാണെങ്കിലും ഭയപ്പെടുത്തുന്നവിധം ദുര്‍ബലമാണെന്നും നമുക്കറിയാം. ഏത് അലഞ്ഞുതിരിയുന്ന കാറ്റിനും നമ്മുടെ  വീടിനെ തകര്‍ക്കാന്‍ കഴിയും. ജീവിതത്തിലെ പ്രത്യേക വഴിത്തിരിവുകളില്‍ വലയുന്ന, പ്രതിസന്ധികളാല്‍ തളര്‍ന്നുപോയ, അല്ലെങ്കില്‍ തെറ്റായ മൂല്യങ്ങളാല്‍  വഞ്ചിതരായ മനുഷ്യരുടെ ദുരവസ്ഥയിലേക്ക് അനുകമ്പയോടെ നോക്കാന്‍ എഴുത്തുകാരനെ അനുവദിക്കുന്നു. അത്തരം നോട്ടങ്ങളാണ് ടി. പത്മനാഭന്റെ കഥകള്‍. 

കഥയിലെ കഥാപാത്രങ്ങളുടെ ഗതിക്ക് എഴുത്തുകാരന്‍ ഉത്തരവാദിയാണ്. അത്തരം ഉത്തരവാദിത്വങ്ങളെ ഏറ്റെടുക്കുന്ന ഒരു കഥാകൃത്താണ് ടി. പത്മനാഭന്‍. ജീവിതത്തിന്റെ ചെറിയ ഭാഗങ്ങളിലേക്ക് ഒരു നിശിതനോട്ടം ആവശ്യമാണ്. അത് അതിവൈകാരികതയ്ക്കും പ്രണയത്തിനും വഴങ്ങുന്നില്ല. അതേസമയം, ആകാശത്തിലേക്കു നോക്കി തൊണ്ട തുറന്നു പാടുന്ന വണ്ണാത്തിപ്പുള്ളുകളുടെ പാട്ടില്‍ ലയിച്ചു നില്ക്കുന്ന ഒരാളെപ്പോലെ വായനക്കാര്‍ ടി. പത്മനാഭന്റെ കഥകളില്‍ ലയിച്ചുപോകും. വേദനിപ്പിക്കല്‍മാത്രമല്ല ആഹ്ലാദിപ്പിക്കലും അദ്ഭുതപ്പെടുത്തലുമൊക്കെ അദ്ദേഹത്തിന്റെ കഥകളുടെ ദൗത്യങ്ങളാണ്. ജീവിതത്തിന്റെ വിചിത്രമായ ഓരോ ഘട്ടങ്ങളില്‍ സംശയിച്ചുനിന്നിട്ടുള്ള വഴിത്തിരിവുകളില്‍ വെളിച്ചമായിത്തീരുന്ന ഒരു പുസ്തകത്തെക്കുറിച്ച് 'പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്' എന്ന കഥയില്‍ കഥാകൃത്തു പറയുന്നുണ്ടല്ലോ. ടി. പത്മനാഭന്റെ കഥകളും അങ്ങനെ വെളിച്ചമായിത്തീരുന്നവയാണ്. പത്മനാഭന്‍ കഥ എഴുതുകയല്ല, കാണുകയാണ്. 
കാരൂരിന്റെ താവഴിയിലാണ് പത്മനാഭനെയും കല്‍പ്പറ്റ നാരായണന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. നിലയ്ക്കാത്ത ജനപ്രവാഹത്തിലൂടെ ഒഴുകിപ്പോകുമ്പോഴും ചില കാഴ്ചകള്‍ കണ്ണില്‍പ്പെടുന്ന ഒരാള്‍ പത്മനാഭനിലുണ്ട്. ഓര്‍മകളില്‍ ജീവിക്കുന്ന മനുഷ്യര്‍. വാര്‍ദ്ധക്യത്തിലെത്തിയവര്‍. വെറുതെ വെളിയിലേക്കു നോക്കിയിരിക്കുന്ന ഒരു അച്ഛന്‍. വെളിയിലേക്കു നോക്കിത്തന്നെയാണ് ഇരിക്കുന്നതെങ്കിലും അച്ഛന്‍ എങ്ങോട്ടും നോക്കുന്നില്ല, ഒന്നും കാണുന്നില്ല എന്നു തോന്നുന്ന മകള്‍. അച്ഛന്‍ എന്ന കഥയിലെ രണ്ടു കഥാപാത്രങ്ങളാണിവര്‍. 
സച്‌ദേവിന്റെ ബാംസുരിയുടെ ശബ്ദത്തില്‍ ലയിച്ചുപോകുന്ന ഒരമ്മയുടെ ലോകത്തെ 'അമ്മ' എന്ന കഥ ആവിഷ്‌കരിക്കുന്നു. പുല്ലാംകുഴലില്‍നിന്നു വരുന്ന സംഗീതത്തില്‍ വേര്‍പെട്ടവന്റെ വേദനയും വിരഹിയുടെ ദുഃഖവും ആത്മാവിന്റെ അഗാധതകളില്‍നിന്ന് ഉയര്‍ന്നുവരുന്നത് ആ അമ്മ കേള്‍ക്കുന്നു. കഥയുടെ തുടക്കത്തില്‍ വരാന്തയിലെ ചൂരല്‍ക്കസേരയില്‍ വെറുതെ വെളിയിലേക്കു നോക്കിയിരിക്കുന്ന അമ്മയെ അവതരിപ്പിക്കുന്നുണ്ട്. കാഴ്ചകളില്‍ അസ്വസ്ഥമാകുന്ന മനസ്സിനെക്കുറിച്ച് 'ആരുടെയൊക്കെയോ ഒരു ഭാര്യ' എന്ന കഥയില്‍ കഥാകൃത്തു പറയുന്നുണ്ട്. അസ്വസ്ഥമായ ആ മനസ്സ് എവിടെയൊക്കെയോ അലയുകയാണ്. ചില കാഴ്ചകള്‍ കൂടുതല്‍ നോക്കിനില്‍ക്കാന്‍ കഥാകൃത്തിനു കഴിയുന്നില്ല.  
ഇരുട്ടും വെളിച്ചവുമാണ് പത്മനാഭന്റെ കഥകളുടെ ആശയവിസ്തൃതി നിര്‍ണയിക്കുന്ന രണ്ടു പ്രതീകങ്ങള്‍.  മനുഷ്യര്‍ വസിക്കുന്ന ഒരു ലോകമുണ്ട്, അതിനപ്പുറമുള്ള ഒരു ലോകവുമുണ്ട് എന്ന് ഓരോരുത്തരും വിശ്വസിക്കുന്നു. മനുഷ്യര്‍ അവര്‍ വസിക്കുന്നതിനും അപ്പുറമുള്ള ലോകത്തെ ഇരുട്ടും വെളിച്ചവും ഉള്ളതായി സങ്കല്പിക്കുകയും അതെല്ലാം എങ്ങനെ ആരംഭിച്ചു എന്നതില്‍ അജ്ഞരാകയാല്‍ അത് നിഗൂഢമായി തുടരുകയും ചെയ്യുന്നു. അപ്പുറത്തുള്ള ലോകത്തിലേക്ക് എങ്ങനെ നമ്മുടെ വഴി കണ്ടെത്താം എന്നതാണ് മനുഷ്യരെ അലട്ടുന്ന വിഷയം. 'വെളിച്ചം പറയുന്നുണ്ടെപ്പോഴുമെന്തോ, അതു കേട്ടറിഞ്ഞില്ലിന്നോളം ഉള്ളിലെയിരുട്ടുകള്‍' എന്നു റഫീക്ക് അഹമ്മദ് എഴുതിയതോര്‍ക്കാം. ഇരുട്ട് തിന്മ, ദുഃഖം, മരണം, ദുശ്ശകുനം, അജ്ഞത എന്നിവയെ സൂചിപ്പിക്കുന്നു. അതില്‍നിന്നെല്ലാം വെളിച്ചത്തിലേക്കുള്ള ദൂരമാണ് പത്മനാഭന്റെ അന്വേഷണവിഷയം. ''മനുഷ്യനിലെ വെളിച്ചത്തില്‍ വിശ്വസിക്കുകയും ആ വെളിച്ചം പൊലിഞ്ഞുപോകാതെ പുലരാനും ദീപയഷ്ടിയായി വളരാനും തന്റെ കലയെ പ്രാര്‍ഥനയായി പവിത്രീകരിക്കുകയും ചെയ്ത കഥാകൃത്താണ് ടി. പത്മനാഭന്‍'' (എം. തോമസ് മാത്യു).
 വേളാങ്കണ്ണിയമ്മയുടെ മുമ്പില്‍ ഒരു മെഴുകുതിരി വാങ്ങി കത്തിച്ചാല്‍ എല്ലാം ശരിയാകുമെന്ന് 'ഇന്ത്യന്‍ ഘരാനയില്‍ ഒരു കച്ചേരി' എന്ന കഥയില്‍ വായിക്കാം. അതൊരു പ്രതീക്ഷയാണ്. പ്രതീക്ഷയില്‍ പ്രകാശിക്കുന്നതാണ് ജീവിതം. ഡിസംബര്‍ മുപ്പത്തിയൊന്നിന്റെ രാത്രിയില്‍ എങ്ങും വെളിച്ചവും ശബ്ദവുമായിരുന്നുവെന്ന് കഥാനായകന്‍ പറയുന്നു. ഇരുട്ടും ഇരുട്ടിന്റെ നഗരവും പത്മനാഭന്റെ രണ്ടു കഥകളുടെ ശീര്‍ഷകങ്ങളാണ്. പൂട്ടിയിട്ടില്ലാത്ത വീട്ടിലെ എല്ലാ മുറിയിലും വെളിച്ചമുണ്ടായിരുന്നിട്ടും ഭയം അനുഭവിക്കുന്ന ഒരാളെ ഇരുട്ട് എന്ന കഥയില്‍ കാണാം. വിഷാദത്തിന്റെ ഒരു വലിയ സമുദ്രം കണ്ണുകളില്‍ ഒളിപ്പിച്ചുവയ്ക്കുന്ന മനുഷ്യര്‍ വെളിച്ചത്തെ തേടും; എന്നാല്‍, അവരുടെ ലോകത്ത് ഇരുട്ടായിരിക്കും. ഏതു കൂരിരുട്ടിലും പ്രകാശത്തിന്റെ മേഖല ചമയ്ക്കാന്‍ കഴിയുന്ന കൈത്തിരികളുണ്ട്. 'തിരിഞ്ഞുനോട്ടം' എന്ന കഥയിലെ ഈപ്പനെ അങ്ങനെ ഒരു കൈത്തിരിയായിട്ടാണ് കഥാനായകന്‍ ഓര്‍ക്കുന്നത്. 
'ഭോലാറാം' എന്ന കഥയാരംഭിക്കുന്നതുതന്നെ 'ആകാശത്തു നക്ഷത്രങ്ങളുണ്ടായിരുന്നില്ല' എന്നു പറഞ്ഞുകൊണ്ടാണ്.  വെളിച്ചത്തിന്റെ ഒരു കീറുപോലും എവിടെയുമില്ലായിരുന്നു. എങ്ങും കട്ടിപിടിച്ച ഇരുട്ടായിരുന്നു. ഏതു രാത്രിയിലും, ഏത് ഇരുട്ടിലും ആകാശത്തു ഒരു വെളിച്ചമുണ്ടാവും എന്നു കരുതിയിരുന്ന ഒരാള്‍. പക്ഷേ, ഇന്ന് എങ്ങും ഇരുട്ടുമാത്രം. രാത്രി അശുഭകരമായ ഇരുട്ടിന്റെ മേലങ്കി അണിഞ്ഞുനില്‍ക്കുന്നു. ഭോലാറാം എന്നായിരുന്നു അയാളുടെ പേര്. റിസര്‍വോയറിലെ വെള്ളത്തില്‍ അഴുക്കു കലരാതെ നോക്കുന്നതായിരുന്നു അയാളുടെ ജോലി. മകന്‍ പഠിച്ച് വലിയ ആള്‍ ആകണമെന്ന് അയാള്‍ ആഗ്രഹിച്ചു. അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെ അവനെ അയാള്‍ വളര്‍ത്തി. ചെറുക്കനെ നാലക്ഷരം പഠിക്കാന്‍ സ്‌കൂളില്‍ അയച്ചതിന്റെ പേരില്‍ യജമാനന്മാരുടെ ഭാര്യമാര്‍വരെ അയാളോടു കോപിച്ചു. ജാതിയും ഒരു വലിയ വിഷയമായിരുന്നു. പഠനം കഴിഞ്ഞുവന്ന നാഥു ഒടുവില്‍ അവന്റെതന്നെ ഉള്ളിലേക്കു വലിഞ്ഞുകൂടാന്‍ ശ്രമിച്ചു. സ്‌കൂളിലെ ചങ്ങാതികളാണെന്നു കരുതി നാഥു യജമാനന്മാരുടെ മക്കളോട്, പ്രത്യേകിച്ചു പെണ്‍കുട്ടികളോട്, സംസാരിക്കുന്നതും മറ്റും വലിയ ആളുകളുടെ എതിര്‍പ്പിനു കാരണമായി. മകന്റെ മരണം ഭോലാറാമിനെ തകര്‍ത്തുകളഞ്ഞു. അത് തന്റെ കര്‍മദോഷംകൊണ്ടാണെന്ന് മേസ്ത്രി പറഞ്ഞപ്പോള്‍ അയാള്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ല. രാത്രി മഴ തീര്‍ന്നു കഴിഞ്ഞപ്പോള്‍ കനാലിലൂടെ വെള്ളം വന്നു തുടങ്ങിയിരുന്നില്ല. റിസര്‍വോയറിന്റെ മറുകരയില്‍നിന്ന് ആരോ 'എന്നെ കൊല്ലല്ലേ കൊല്ലല്ലേ' എന്നു കരയുന്നതായി അയാള്‍ക്കു തോന്നി. എങ്ങും വെളിച്ചം ഉണ്ടായിരുന്നില്ല. കനാലിലേക്ക് ഇറങ്ങി അയാള്‍ ഇരുമ്പഴികള്‍ക്കുള്ളില്‍നിന്ന് ചവറുകള്‍ വലിച്ചു പുറത്തേക്കിടാന്‍ തുടങ്ങി. മഴയുടെ ശക്തി കൂടിവരുന്നുണ്ടായിരുന്നു. വെള്ളവും കൂടുതലായി വരുന്നുണ്ടായിരുന്നു. കാലില്‍ കനമുള്ള എന്തോ ഒന്നു തടഞ്ഞതായി അയാള്‍ക്കു തോന്നി.  അത് നാഥുതന്നെയെന്ന് അയാള്‍ക്കു തീര്‍ച്ചയായിരുന്നു. അയാള്‍ പിന്നെ ആലോചിച്ചുനിന്നില്ല. മകന്റെ ശരീരം എടുത്തു ചുമലില്‍ വച്ചു കനാലില്‍നിന്നു വെളിയിലേക്കു കയറി. രാത്രി മുഴുവന്‍ മഴ പെയ്തുകൊണ്ടേയിരുന്നു. രാവിലെ കനാലിന്റെ കരയിലൂടെ പോയവര്‍ കാവല്‍പ്പുരയുടെ പടിയില്‍ തലയിടിച്ച് ഭോലാറാം കിടക്കുന്നതു കണ്ടു. അയാളുടെ കണ്ണുകള്‍ അടഞ്ഞിരുന്നില്ല. കണ്ണുകളില്‍ സൂര്യപ്രകാശം ഉണ്ടായിരുന്നു. അയാളുടെ അരികിലായി കനാലിലൂടെ ഒലിച്ചുവന്ന ഒരു വാഴത്തടിയും ഉണ്ടായിരുന്നു. 
ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും സൂക്ഷ്മവിന്യാസങ്ങള്‍കൊണ്ടു വിതാനിച്ച ഭാവാനുഭവസമൃദ്ധിയാണ് ടി. പത്മനാഭന്റെ കഥകളെ വേറിട്ടുനിര്‍ത്തുന്നത്. മനസ്സിന്റെയുള്ളില്‍ മറഞ്ഞിരിക്കുന്ന ചില നോവുകള്‍ കഥയില്‍ ചിറകുനേടി പറന്നുവന്നെത്തുന്നു. ഓരോ കഥയും ആത്മകഥയാകുന്നു. അതേസമയം, ഒരു കഥയും പൂര്‍ണമായും അനുഭവമല്ലെന്ന് അദ്ദേഹംതന്നെ എഴുതിയിട്ടുണ്ട്. ഒരു കഥാപാത്രവും ഏതെങ്കിലും ഒരു അനുഭവസ്ഥനെ പ്രതിനിധീകരിക്കുന്നുമില്ലെന്ന് അദേഹം പറയുന്നു. എങ്കിലും ഓരോ അനുഭവത്തിലും ഒരു കഥ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിയുന്നു. 
സുഖദുഃഖസമ്മിശ്രമായ മനുഷ്യാനുഭവങ്ങളാണ് ടി. പത്മനാഭന്റെ കഥകളുടെ പ്രമേയം. മഴയോടും പുഴയോടും  പൂക്കളോടും പൂച്ചക്കുട്ടികളോടുമൊക്കെയുള്ള അദ്ദേഹത്തിന്റെ  പ്രിയം കഥകളില്‍ വന്നുനിറയുന്നതു നമുക്കു കാണാം. എങ്കിലും, അദ്ദേഹത്തിന്റെ പല കഥകളുടെയും മൂലധാതു യാത്രയാണ്. അതുകൊണ്ട്, കാടിന്റെയും കടലിന്റെയും കുന്നുകളുടെയും മുകളിലൂടെ പറക്കുന്ന പരുന്ത് കേവലമൊരു പക്ഷിയായല്ല കഥയില്‍ വരുന്നത്. ''എനിക്കു വലിയ രണ്ടു ചിറകുകളുണ്ട്. പരുന്തിനെപ്പോലെ ഞാന്‍ പറക്കുകയാണ്. ഉയരത്തില്‍, വട്ടത്തില്‍''  (ഒരു പുതിയ ലോകം). പലപ്പോഴും കഥകളില്‍ യാത്ര ആവര്‍ത്തിച്ചുവരുന്ന പരാമര്‍ശമാകുന്നു. അതുകൂടാതെ യാത്ര, യാത്രയുടെ അവസാനം, യാത്രയുടെ ആരംഭം, വീണ്ടും ഒരു തോണിയാത്ര എന്നിങ്ങനെ യാത്ര ശീര്‍ഷകങ്ങളായി വരുന്ന കഥകളും അദേഹം എഴുതിയിട്ടുണ്ട്. യാത്ര ചെയ്യുന്ന ഒരാളും യാത്ര തുടരുന്ന ഒരാളും പത്മനാഭന്റെ കഥകളില്‍ ഒന്നിക്കുന്നു. പൊള്ളുന്ന കാലുകളുമായി നടക്കുന്ന ഒരാള്‍. കാടും കടലും മലയും പുഴയും താണ്ടി അയാള്‍ ക്ഷീണിക്കുന്നു. അവസാനിക്കാത്ത യാത്രയാകുന്നു അയാള്‍ക്കു ജീവിതം. അവസാനിക്കാന്‍വേണ്ടിയുള്ള യാത്രയാകുന്നു ജീവിതം. കഥയിലൂടെ ആവിഷ്‌കരിക്കുമ്പോള്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഫലിക്കാത്ത ഭാവതീവ്രത ഇത്തരം ജീവിതത്തിനു ലഭിക്കും. പ്രതീകാത്മകമായ പര്യവസാനമാണ് 'പാത്രപാകം' വന്ന കഥയ്ക്കുള്ളത്. മനുഷ്യരെ വിവേകമുള്ളവരാക്കാന്‍കൂടിയുള്ളതാണ് കഥ. കഥയ്ക്ക് കഥയോളമെന്നുമാത്രമല്ല അര്‍ഥം, കാലപ്രമാണംകൂടിയാണ് കഥയെന്ന് ടി. പത്മനാഭന്‍ വിശ്വസിക്കുന്നു.

Login log record inserted successfully!