•  14 Aug 2025
  •  ദീപം 58
  •  നാളം 23
സാഹിത്യവിചാരം

മാനവികതയുടെ തിരുവെഴുത്തുകള്‍

വിനായക് നിര്‍മലിന്റെ അമ്മച്ചൂണ്ട എന്ന പുതിയ കഥാസമാഹാരത്തെക്കുറിച്ച്

   എല്ലാ ആഖ്യാനങ്ങളുടെയും അന്തര്‍ലീനസവിശേഷതയായ കഥപറച്ചിലില്ലാതെ, ധാര്‍മികതയുടെ സിദ്ധാന്തമില്ല എന്നു ഹെന്റി മില്ലര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ആദ്യപടി, ഭാഷയുമായും ആഖ്യാനവുമായും ധാര്‍മികതയ്ക്ക് ഒരു പ്രത്യേക ബന്ധമുണ്ടെന്നു സ്ഥാപിക്കുകയായിരുന്നു. അങ്ങനെയാണ് ''കഥപറച്ചിലില്ലാതെ ധാര്‍മികതയുടെ സിദ്ധാന്തമില്ല'' എന്നു മില്ലര്‍ വ്യക്തമാക്കിയത്. തീര്‍ച്ചയായും, ''കഥകളില്‍ ധാര്‍മികസാഹചര്യങ്ങളുടെയും വിധിന്യായങ്ങളുടെയും പ്രമേയപരമായ നാടകവത്കരണം അടങ്ങിയിട്ടുണ്ട്. ധാര്‍മികത ഒരു അന്തര്‍ബലമാണ്. ആഖ്യാനത്തില്‍ മാത്രമേ അതു പ്രകടിപ്പിക്കാന്‍ കഴിയൂ'' എന്നും അദ്ദേഹം വാദിക്കുന്നു.
    ആഖ്യാനങ്ങള്‍ ധാര്‍മികനിയമങ്ങള്‍ നടപ്പിലാക്കുകയല്ല, അവയെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ്. മില്ലറെ സംബന്ധിച്ചിടത്തോളം, ധാര്‍മികമോ സദാചാരപരമോ ആയ നിയമങ്ങള്‍ ആഖ്യാനരൂപത്തില്‍മാത്രമേ വ്യാപ്തി ആര്‍ജിക്കൂവെന്നതായിരുന്നു നിലപാട്. ധാര്‍മികത എന്നത് വെറുമൊരു ഭാഷാരൂപമല്ല; മറിച്ച്, മാനവസ്‌നേഹത്തിന്റെ ഒരു  രീതിയാണ്. ചുരുക്കത്തില്‍ ഒരു കഥയില്‍ ധാര്‍മികത എന്നത് നമ്മള്‍ നമ്മളോടും നമ്മുടെ ചുറ്റുമുള്ളവരോടും പറയുന്ന  കഥകളുടെ ഒരു രൂപമാണ്. മനുഷ്യന്‍ സ്വഭാവത്താല്‍ ഒരു സാമൂഹികജീവിയാണ്. നമ്മുടെ ധാര്‍മികസ്വഭാവം  സാമൂഹികസ്വഭാവത്തില്‍നിന്ന് നേരിട്ടു വളരുന്നു. മറ്റുള്ളവരുടെ ദുരവസ്ഥയില്‍ സഹതാപം പ്രകടിപ്പിക്കുന്നത് അവരുടെ നന്മയെ നമ്മള്‍ വിലമതിക്കുന്നതിനാലാണ്. നമ്മുടെ സഹവാസയോഗ്യമായ ഗുണങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. കാരണം, മറ്റുള്ളവരുടെ കൂട്ടത്തിലല്ലാത്തപ്പോഴും നമുക്ക് അവരുടെ വേദനയനുഭവിക്കാന്‍ കഴിയും. 
    മറ്റുള്ളവരുടെ വികാരങ്ങളോടുള്ള ഈ സഹജമായ സംവേദനക്ഷമത മനുഷ്യരില്‍ വളരെ ശക്തമാണ്. അതു മനസ്സിലാക്കാനും വിശ്വസിക്കാനും കഴിയാതെ ചിലര്‍ ഇരുട്ടില്‍ വീണുപോകുന്നു. മറ്റുള്ളവരുടെ കണ്ണില്‍ നമ്മള്‍ എങ്ങനെ കാണപ്പെടുന്നുവെന്നു ചിന്തിക്കാത്ത ഒരു സമയം ഉണര്‍ന്നിരിക്കുമ്പോള്‍ നമ്മളില്‍ വളരെ കുറവാണ്.   സാമൂഹികത നമ്മുടെ ധാര്‍മികബോധത്തെ സൃഷ്ടിക്കുന്നു. എല്ലാ മനുഷ്യരുടെയും സ്ഥിരമായ നിലനില്പാണ് സാമൂഹികാസ്തിത്വം. ആ സ്ഥിരമായ സാമൂഹികാസ്തിത്വത്തിന്റെ ഉദാത്തമായ കഥകളാണ് വിനായക് നിര്‍മല്‍ എഴുതുന്നത്. ഒരു വ്യക്തി പക്വതയിലെത്തുമ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്വം സ്വീകരിച്ചുകൊണ്ട് പക്വത തെളിയിക്കുന്നതുപോലെ വിനായക് നിര്‍മല്‍ ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കഥാകാരനായി ഈ സമാഹാരത്തില്‍ പക്വത തെളിയിച്ചിരിക്കുന്നു. 
കഥയുടെ പ്രസക്തി  മനുഷ്യാനുഭവങ്ങളുടെ ഉണര്‍വുകള്‍ ആവിഷ്‌കരിക്കുന്നതിലാണ്. കഥകള്‍ പരിവര്‍ത്തനാത്മകമാണെന്നു വിനായക് നിര്‍മലിനു വ്യക്തമായി  അറിയാം. കഥകള്‍ ആളുകളെ അനുഭവങ്ങളെക്കുറിച്ചു ചിന്തിക്കാനും കൂടുതല്‍ ആഴത്തില്‍ അനുഭവിക്കാനും നല്ലതോ ചീത്തയോ എന്നു വിലയിരുത്താനും സഹായിക്കുന്നു. ഭാവനാത്മകപങ്കാളിത്തം ക്ഷണിക്കുന്നതിനും ജീവിതത്തിന്റെ ബദല്‍ദര്‍ശനങ്ങളിലേക്കു ശ്രദ്ധയാകര്‍ഷിക്കുന്നതിനുമുള്ള  കഥയുടെ കഴിവില്‍ അവയുടെ പരിവര്‍ത്തനപരതയും വെളിപ്പെടുത്തല്‍ ശക്തികളും പ്രകടമാണ്. 
ഈ ബദല്‍ ദര്‍ശനങ്ങളെക്കുറിച്ചു ശ്രദ്ധേയമായത്, അവ നമ്മുടെ  സാധാരണജീവിതത്തിലെ കഠിനാധ്വാനത്തിലും വേദനയിലും ഉള്ളതിനേക്കാള്‍ തീവ്രതയോടെ ആഖ്യാനത്തില്‍ കൊണ്ടുവരാനാകുമെന്നതാണ്. ''മറ്റുള്ളവരെക്കുറിച്ചും അവരുടെ പ്രവൃത്തികള്‍ക്കും പ്രതികരണങ്ങള്‍ക്കും പിന്നിലെ പ്രചോദനങ്ങളെക്കുറിച്ചും സഹാനുഭൂതിയോടെ മനസ്സിലാക്കാന്‍ സഹായിക്കുന്നതിലൂടെ സാഹിത്യം പ്രവര്‍ത്തിക്കുന്നു. സാഹിത്യമൂല്യം ചലനാത്മകതയുടെ ഉത്പന്നമാണ്.'' അതിനാല്‍, തിരുവെഴുത്തുകളുമായുള്ള സാഹിത്യത്തിന്റെ ഇടപെടല്‍ മനുഷ്യന്റെ സര്‍ഗാത്മകതയുടെ പ്രതികരണമാണ്.  ബൈബിളിനോടും അതിലെ സന്ദര്‍ഭങ്ങളോടുമുള്ള ചലനാത്മകസമീപനത്തില്‍ ഉള്‍ക്കൊള്ളുന്ന ചൈതന്യം, വ്യത്യസ്ത സാമൂഹികരാഷ്ട്രീയഅജണ്ടകളെ മുന്‍നിര്‍ത്തി ബൈബിള്‍ എന്ന വിശുദ്ധഗ്രന്ഥത്തോടു പ്രതികരിക്കാനും മനുഷ്യാവസ്ഥയിലെ സങ്കീര്‍ണതകള്‍ പര്യവേക്ഷണം ചെയ്യാനും കലാകാരന്മാരെയും സര്‍ഗാത്മകഎഴുത്തുകാരെയും പ്രചോദിപ്പിക്കുന്നു. അത്തരം പ്രചോദനം വിനായക് നിര്‍മലിനുണ്ട്. അദ്ദേഹത്തിന്റെ കഥകള്‍ ദൈവശാസ്ത്രപരമോ ധാര്‍മികമോ ആയ നിര്‍ദേശങ്ങള്‍ക്കായുള്ള തിരയലല്ല. കാരണം, കഥകള്‍ നിര്‍ദേശാത്മകമോ ഉത്തരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യമോ ഉള്ളവയല്ല എന്ന് അദ്ദേഹത്തിനറിയാം. എന്നിരുന്നാലും അവയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന വിഷയങ്ങള്‍ ഉത്തേജിപ്പിക്കുന്ന ധാര്‍മികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഈ സമാഹാരത്തിലെ ഓരോ കഥകള്‍ക്കുമുണ്ട്. തത്ത്വചിന്ത, ദൈവശാസ്ത്രം, മാനസികാവസ്ഥ എന്നിവയില്‍ കാണപ്പെടുന്ന സാംസ്‌കാരികവ്യവഹാരങ്ങളുമായി അദ്ദേഹം കഥകളെ ബന്ധിപ്പിക്കുന്നു.   
   സാഹിത്യനിരൂപകയും ദൈവശാസ്ത്രജ്ഞയുമായ കാതറിന്‍ വാലസ് കവിയുടെയും സര്‍ഗാത്മക എഴുത്തുകാരന്റെയും വിളി എങ്ങനെ കാണുന്നു എന്നതുമായി ഇത് വളരെ യോജിക്കുന്നു. അവരുടെ അഭിപ്രായത്തില്‍, 'യഥാര്‍ഥ വസ്തുതയുടെയും യഥാര്‍ഥ ഓര്‍മയുടെയും സാമുദായികമോ വ്യക്തിപരമോ ആകട്ടെ എല്ലാ കുഴപ്പങ്ങളും വരുത്തുന്ന പൊരുത്തക്കേടുകളുമെടുത്ത് അവയെ തിരഞ്ഞെടുത്തു ക്രമീകരിക്കുക, പരിഷ്‌കരിക്കുക, പുനര്‍നിര്‍മിക്കുക എന്നതാണ്. അതു ദര്‍ശനത്തിനുമാത്രം വെളിപ്പെടുത്താന്‍ കഴിയാത്ത വിശ്വാസത്തെ സൂചിപ്പിക്കുന്നു. വിനായക് നിര്‍മലിന്റെ ചെറുകഥകളില്‍ പ്രകടമാകുന്ന ലോകവീക്ഷണം ഈ വസ്തുതയെ പ്രതിഫലിപ്പിക്കുന്നു എന്നതാണ് അതിന്റെ മഹത്ത്വമെന്നു ചുരുക്കം. കഥയില്‍ ധാര്‍മികതയെ ചാലിച്ച് അദ്ദേഹം എഴുതുന്നു. അവ അന്യോന്യം ആശ്ലേഷിക്കുന്നു. അതിന്റെ സ്വരഭേദവ്യാപ്തിയില്‍ ധര്‍മപാകമായ കഥകള്‍ പിറക്കുന്നു. ധാര്‍മികതയാണ് വിനായക് നിര്‍മലിന്റെ സര്‍ഗാത്മകതയുടെ ഭാവനാധാരം.
ക്രിസ്മസിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കഥയാണ് മധുരം. ക്ഷമയുടെയും സഹനത്തിന്റെയും ദൈവാനുഭവത്തെ വെളിപ്പെടുത്തുന്ന ഒരു കഥയാണത്. വേര്‍പിരിഞ്ഞ ദമ്പതികളെ ഒന്നിപ്പിക്കുന്ന അമ്മയുടെ, അമ്മയുടെ ഇടപെടലില്‍ ജീവിതം തിരികെക്കിട്ടുന്ന ദമ്പതികളുടെ, ലോകത്താരോടു നുണ പറഞ്ഞാലും അമ്മയോടു നുണ പറയാനാവില്ല എന്നു വിശ്വസിക്കുന്ന മകന്റെ ഒക്കെ കഥയാണ് മധുരം. അമ്മയുടെ വാക്കുകളെ അനുസരിക്കുമ്പോള്‍ ജീവിതത്തില്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും നക്ഷത്രം പ്രകാശിച്ചുതുടങ്ങുമെന്നു പറഞ്ഞവസാനിപ്പിക്കുന്ന മനോഹരമായ ഒരു കഥ. കര കുളം എന്ന കഥയില്‍ എല്ലാ മനുഷ്യരുടെയും ജീവിതം മാറിമറിയുന്നത് ഏതെങ്കിലും ഒരു പ്രത്യേകബിന്ദുവില്‍വച്ചായിരിക്കും എന്നു പറയുന്നുണ്ട്. പ്രത്യേകദിവസത്തിലോ സന്ദര്‍ഭത്തിലോ ആയിരിക്കും അതു സംഭവിക്കുന്നത്. അങ്ങനെയൊരു ദിവസമാണ് കര കുളം എന്ന കഥയാരംഭിക്കുന്നത്. സ്വവര്‍ഗലൈംഗികത എന്ന പാപത്തെക്കുറിച്ചുള്ള വിചാരങ്ങളില്‍ ആടിയുലയുന്ന സനലിന്റെ കഥയാണ് കര കുളം. പാപത്തെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ള സനലിന് സ്വവര്‍ഗഭോഗിയാകേണ്ടിവരുന്നത് എന്തുകൊണ്ടാണ്? പാപഭാരം ഇറക്കിവച്ചു ശുദ്ധനാകാന്‍ കൊതിക്കുന്ന സനലിനറിയാം, കര്‍ത്താവിന്റെ ക്രോധത്തില്‍നിന്നു തനിക്കു രക്ഷപ്പെടാനാവില്ല. സതീഷിനെ ഇല്ലാതാക്കി അയാള്‍ ആ ഭൂലോകപാപത്തില്‍ നിന്നു മോചിതനാകുന്നു. 
ധാര്‍മികചിന്തയുള്ള ഒരു മകനെ അമ്മച്ചൂണ്ട എന്ന കഥയിലും കാണാം. അരുവിത്തുറ വല്യച്ചനോടു വലിയ ഭക്തിയുണ്ടായിരുന്ന അമ്മ മരണം കാത്തുകിടക്കുകയാണ്. അമ്മയോടുള്ള മകന്റെ  കടപ്പാടിനെ ഈ കഥ ആവിഷ്‌കരിക്കുന്നു. പാലായുടെ പശ്ചാത്തലത്തിലെഴുതിയ പദ്യം  മായ എന്ന സ്ത്രീയുടെ കഥയാണ്. ചുറ്റുപാടുകളെക്കുറിച്ച് ആധിയില്ലാതെ ജീവിക്കുന്നവളാണ് അവള്‍. ധാര്‍മികത കൈവിടാത്ത ഒരു ജീവിതമാണ് അവള്‍ നയിക്കുന്നത്. അവഗണനപോലെ ഇത്ര വേദന പകരുന്ന ഒരനുഭവമില്ല എന്ന തിരിച്ചറിവില്‍ അവസാനിക്കുന്ന കഥയാണ് രണ്ടാം യാത്ര. നന്മയുടെ പ്രകാശം പരത്തുന്ന കഥകളാണ് വിനായക് നിര്‍മല്‍ എഴുതുന്നത്. 
   കന്യാകുമാരി എന്ന കഥയിലും ആ പ്രകാശം വന്നു വീഴുന്നുണ്ട്. മനുഷ്യര്‍ വിപണിസംസ്‌കാരത്തിന്റെ കാലത്ത് എന്തെല്ലാം പ്രലോഭനങ്ങളിലാണ് ചെന്നകപ്പെടുന്നത്. അവിടെ ജാഗ്രതയോടെ ജീവിക്കാന്‍ അറിവുമാത്രം പോരാ എന്ന് വിനായക് നിര്‍മല്‍ കഥകളിലൂടെ പറഞ്ഞുവയ്ക്കുന്നു. മൂല്യങ്ങളില്ലാത്ത മനുഷ്യര്‍ ആത്മാവില്‍ ദരിദ്രരാണ് എന്ന് ആ കഥകള്‍ പറഞ്ഞുവയ്ക്കുന്നു. അച്ഛനെയും അമ്മയെയും വാര്‍ദ്ധക്യത്തില്‍ ഉപേക്ഷിക്കുന്ന മക്കളെയല്ല, ശുശ്രൂഷിക്കുന്ന മക്കളെയാണ് അദ്ദേഹത്തിന്റെ കഥകളില്‍ നമ്മള്‍ പരിചയപ്പെടുന്നത്.
പരിചിതമായ ജീവിതപരിസരങ്ങളില്‍നിന്നാണ് വിനായക് നിര്‍മല്‍ കഥകള്‍ കണ്ടെടുക്കുന്നത്. ചില വിസ്മയങ്ങള്‍ വിതറി അവ അവസാനിക്കുകയും ചെയ്യുന്നു. ജീവിതത്തോടു ചേര്‍ത്തുനിര്‍ത്തി നീതിബോധത്തെയും സ്‌നേഹത്തെയും ഊര്‍ജസ്വലമായി പ്രതിഫലിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അവയില്‍ ഒളിവിതറി നില്‍ക്കുന്നത് നന്മയും കാരുണ്യവുമാണ്. തിരിച്ചറിവിലേക്കു നയിക്കുന്ന അനുഭവവിചാരങ്ങളാണ് അഴകോടെ അദ്ദേഹം പകര്‍ത്തിവയ്ക്കുന്നത്. അവിടെ വിചാരണകളില്ല. ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും സാരവും സൗന്ദര്യവും വിനായക് നിര്‍മലിന്റെ കഥകള്‍ക്കുണ്ട്. ആഖ്യാനത്തിന്റെ ലാളിത്യം അവയ്ക്കു കാന്തി പകരുന്നു. ജീവിതത്തോടുള്ള പ്രണയവും നൈതികതയോടുള്ള സൗഹൃദവും കഥയില്‍ അദ്ദേഹം വീണ്ടെടുക്കുന്നു. മനസ്സിനെ ക്രിസ്ത്രീയതയുമായി ഗാഢമായി ഇണക്കുന്ന ഭാഷയും ഭാവനയുമാണ് അദ്ദേഹത്തിനുള്ളത് എന്ന് ഈ സമാഹാരത്തിലെ കഥകളോരോന്നും വ്യക്തമാക്കുന്നുണ്ട്. വിശ്വാസത്തെ ശ്വസിച്ചുകൊണ്ടെഴുതിയ കഥകള്‍. ദൈവവും ദൈവാലയവും മാലാഖമാരും പ്രാര്‍ഥനയുമൊക്കെ അതില്‍ കടന്നുവരുന്നു. എന്നാല്‍, പാമ്പ് എന്ന കഥ ഈ സമാഹാരത്തില്‍ വേറിട്ടു നില്ക്കുന്നു. ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുടെ കഥയാണത്. അമ്മു എന്നാണ് ആ കുട്ടിയുടെ പേര്. അവളുടെ അമ്മ ഒരു സൊസൈറ്റി ലേഡിയാണ്. വീടിന്റെ വെളിയിലെ വെളിച്ചംപോലും കാണിക്കാതെ വളര്‍ത്തുന്ന ആ കുട്ടിയെ വീട്ടിലാരുമില്ലാത്തപ്പോള്‍ ഒരു പാമ്പാട്ടി കീഴ്‌പ്പെടുത്തുന്നതാണ് കഥ. മനുഷ്യത്വത്തെ നഷ്ടപ്പെടുത്തുന്നവരോടല്ല, മനുഷ്യവത്കരിക്കപ്പെടുന്നവരോടാണ് ഈ കഥാകൃത്തിന് ആഭിമുഖ്യം. കഥയിലൂടെ നീതിയുടെയും നന്മയുടെയും ഉയരം കൂടിയ കൊടുമുടിയിലേക്കു വായനക്കാരെ കൊണ്ടുപോവുകയാണ് ഈ കഥാകൃത്ത്. മതാത്മകമാകുമ്പോഴും മതേതരമായ മാനവികതയുടെ പുതിയ വിത്തുകള്‍ ഈ കഥകള്‍ വിതയ്ക്കുന്നു.

(ലേഖകന്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിന്‍സിപ്പലാണ്.)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)