ആഭ്യന്തരകലാപത്തില്‍ ആടിയുലഞ്ഞ കിഴക്കന്‍/പടിഞ്ഞാറന്‍സാമ്രാജ്യങ്ങളെ ഒന്നിപ്പിച്ചു ഭരിച്ച ഏറ്റവും അവസാനത്തെ റോമന്‍ചക്രവര്‍ത്തിയായ തിയോഡോഷ്യസ് ഒന്നാമന്‍ എ ഡി 380 ഫെബ്രുവരി 27 നു പുറത്തിറക്കിയ വിളംബരത്തിലൂടെ ക്രിസ്തുമതം റോമന്‍സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായിത്തീര്‍ന്നു.
തെസലോണിക്കയില്‍ വിളിച്ചുചേര്‍ത്ത വിപുലമായ സമ്മേളനത്തിനുശേഷമായിരുന്നു ചരിത്രപ്രസിദ്ധമായ വിളംബരം. 186 മേലധ്യക്ഷന്മാര്‍ പങ്കെടുത്ത കൗണ്‍സിലില്‍ 55 വര്‍ഷംമുമ്പ് നിഖ്യയില്‍ രൂപംകൊടുത്ത വിശ്വാസപ്രമാണത്തിനു സ്ഥിരീകരണം നല്‍കുകയും ആര്യന്‍പാഷണ്ഡതയെ അപലപിക്കുകയും ചെയ്തു. സാമ്രാജ്യത്തിനുള്ളിലെ എല്ലാ ജനങ്ങളും ക്രിസ്തുമതം സ്വീകരിക്കണമെന്നും, നിലവിലുള്ള എല്ലാ വിജാതീയമതങ്ങളും നിരോധിക്കുകയാണെന്നും ചക്രവര്‍ത്തി ഉത്തരവിട്ടു. ഉത്തരവു പാലിക്കാത്തവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുമെന്നും അവര്‍ക്കു നിയമപരിരക്ഷ ലഭിക്കുകയില്ലെന്നും കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവിലൂടെ മുന്നറിയിപ്പു നല്‍കി. ഡെല്‍ഫിയിലെ ഓറക്കിളിന്റേതുള്‍പ്പെടെയുള്ള വിജാതീയ ക്ഷേത്രങ്ങള്‍ ചക്രവര്‍ത്തിയുടെ കല്പനപ്രകാരം അടപ്പിച്ചു. ഞായറാഴ്ചദിവസം കര്‍ത്താവിന്റെ ദിവസമായി ആചരിക്കണമെന്ന കര്‍ശനനിര്‍ദേശം നല്കിയതും തിയോഡോഷ്യസ് ചക്രവര്‍ത്തിയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും അടങ്ങുന്ന ത്രിതൈ്വകദൈവത്തില്‍ വിശ്വസിക്കാനും അവിടുത്തെ ആരാധിക്കാനും ഓരോ ക്രിസ്ത്യാനിയും കടപ്പെട്ടവനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എ ഡി 381 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചക്രവര്‍ത്തി വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ 150 മെത്രാന്മാര്‍ പങ്കടുത്തു. അക്കാലത്തെ സഭാതലവനായിരുന്ന ഡമാസുസ് ഒന്നാമന്‍ മാര്‍പാപ്പ പേപ്പല്‍പ്രതിനിധികളെ അയയ്ക്കുകയും രണ്ടു സമ്മേളനങ്ങളിലെയും തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. രോഗബാധയെത്തുടര്‍ന്ന് എ ഡി 395 ജനുവരി മാസം 17-ാം തീയതി ഇറ്റലിയിലെ മിലാനില്‍വച്ചായിരുന്നു ചക്രവര്‍ത്തിയുടെ അന്ത്യം. ഒരു തികഞ്ഞ ദൈവഭക്തനായിരുന്ന തിയോഡോഷ്യസ് ഒന്നാമന്റെ ഭൗതികശരീരം കോണ്‍സ്റ്റാന്റിനോപ്പിളിലെത്തിച്ച് വിശുദ്ധ ശ്ലീഹന്മാരുടെ ദൈവാലയത്തിലാണു സംസ്‌കരിച്ചത്. ചക്രവര്‍ത്തിയുടെ മരണശേഷം സാമ്രാജ്യത്തെ രണ്ടായി വിഭജിച്ചുഭരിച്ച അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ആറു പതിറ്റാണ്ടുകള്‍ ഭരണാധികാരികളായിരുന്നു.
സാമ്രാജ്യം ശിഥിലമാകുന്നു
കാലംചെല്ലുന്തോറും ശക്തി ക്ഷയിച്ചുവന്ന റോമന്‍സാമ്രാജ്യത്തിനെതിരേ പല ദിശകളില്‍നിന്നും ആക്രമണങ്ങളുണ്ടായി. ജര്‍മന്‍പ്രദേശത്തുനിന്നെത്തിയ കിരാതരായ വിസിഗോത്തുകളും വാന്‍ഡലുകളും ഓസ്‌ട്രോഗോത്തുകളുമായി ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവിലായിരുന്നു സാമ്രാജ്യത്തിന്റെ പതനം.
എ ഡി 378 ല്‍ വിസിഗോത്തുകളുമായി ആഡ്രിയാനോപ്പിളില്‍ നടന്ന യുദ്ധത്തില്‍ പരാജയപ്പെടുക മാത്രമല്ല, കിഴക്കന്‍ റോമന്‍സാമ്രാജ്യത്തിന്റെ (ബൈസന്റൈന്‍) ചക്രവര്‍ത്തിയായിരുന്ന വാലെന്‍സ് കൊല്ലപ്പെടുകയും ചെയ്തു. എ ഡി 411 ല്‍ വിസിഗോത്തുകളും, 455 ല്‍ വാന്‍ഡലുകളും റോമാനഗരം കൊള്ളയടിച്ചു. 14 ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി കവര്‍ച്ച ചെയ്ത വാന്‍ഡലുകളുടെ കൊള്ളയ്ക്ക് 'വാന്‍ഡലിസം' അഥവാ 'സര്‍വനാശം' എന്നാണര്‍ഥം. നഗരം നിശേഷം കൊള്ളയടിച്ച വാന്‍ഡലുകളുടെ നേതാവായ ജെനെസെറിക്കിനോട് അക്കാലത്തെ സഭാതലവനായിരുന്ന മഹാനായ ലെയോ മാര്‍പാപ്പയ്ക്ക് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ: ''നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളുക. ദയവുചെയ്ത് ഞങ്ങളുടെ നഗരത്തെ നശിപ്പിക്കല്ലേ, ഇവിടത്തെ ജനത്തെയും വെറുതേ വിട്ടേക്കുക.'' നിസ്സഹായനായി തങ്ങളുടെ മുമ്പില്‍ കേഴുന്ന മാര്‍പാപ്പയുടെ വാക്കുകള്‍ കേട്ടിട്ടാകാം, കവര്‍ന്നെടുത്ത വിലപ്പിടിപ്പുള്ള വസ്തുക്കളുമായി വാന്‍ഡലുകള്‍ അവരുടെ സ്വന്തം രാജ്യമായ കാര്‍ത്തേജിലേക്കു കപ്പല്‍ കയറിയെന്നാണു ചരിത്രം. എ ഡി 412 ല്‍ ഇറ്റലിയില്‍നിന്നും പിന്‍വാങ്ങിയ വിസിഗോത്തുകള്‍ സ്‌പെയിനിലേക്കാണ് പോയത്. അവര്‍ സ്ഥാപിച്ച വിസിഗോതിക് രാജവംശം മൂന്നു നൂറ്റാണ്ടുകള്‍ സ്‌പെയിന്‍ ഭരിച്ചു.
ജര്‍മന്‍വംശജന്‍തന്നെയായ ഒഡോസര്‍ എന്ന പോരാളി ഇറ്റലിയുടെ വടക്കന്‍ പ്രവിശ്യ കീഴടക്കുകയും അനുയായികളുമായി എ ഡി 476 സെപ്റ്റംബര്‍ നാലാം തീയതി റോമിലെത്തി ചക്രവര്‍ത്തിയായിരുന്ന റോമുലസ് അഗസ്റ്റുലസിനെ ബന്ധനസ്ഥനാക്കി നഗരം പിടിച്ചെടുക്കുകയും, ബൈസന്റൈന്‍സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന സെനോയുടെ കീഴില്‍ ഇറ്റലിയുടെ ആദ്യത്തെ രാജാവായി അധികാരമേല്ക്കുകയും ചെയ്തു. ബി സി 27 മുതല്‍ എ ഡി 476 വരെയുള്ള 503 വര്‍ഷം ലോകം കീഴടക്കി ഭരിച്ച റോമന്‍സാമ്രാജ്യത്തിന്റെ അസ്തമയം കണ്ട നാളുകളായിരുന്നു പിന്നീടു പിറന്നുവീണത്. ലോകം കണ്ട ഏറ്റവും ശക്തമായ സാമ്രാജ്യത്തിന്റെ ദയനീയമായ പതനത്തെയോര്‍ത്ത് വിശുദ്ധ ജെറോം പ്രലപിച്ചത് ഇപ്രകാരമായിരുന്നു: ''എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയതിനാല്‍ എനിക്കു ശബ്ദിക്കാനാകുന്നില്ല, വിങ്ങലുകളാല്‍ ഞാന്‍ വീര്‍പ്പുമുട്ടുന്നു. ലോകം മുഴുവന്‍ കീഴടക്കിയ നഗരം ഇപ്പോഴിതാ, ശത്രുക്കളുടെ കൈകളില്‍ അകപ്പെട്ടിരിക്കുന്നു!''
ഒഡോസറിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത് ഓസ്‌ട്രോഗോത്തുകളുടെ നേതാവായ തിയോഡോറിക്കാണ്. ഒഡോസറിനെ വധിച്ചശേഷം ഗോഥിക് രാജവംശത്തിനു തുടക്കംകുറിച്ച തിയോഡോറിക്, വിവേകപൂര്‍വം ഭരിക്കുകയും ഇറ്റലിയെ സമ്പദ്‌സമൃദ്ധിയിലേക്കു നയിക്കുകയും ചെയ്തു. ആര്യന്‍പാഷണ്ഡതയിലാണു വിശ്വസിച്ചിരുന്നതെങ്കിലും യഹൂദരുടെയോ ക്രിസ്ത്യാനികളുടെയോ ആചാരാനുഷ്ഠാനങ്ങളില്‍ അദ്ദേഹം വിഘ്‌നം വരുത്തിയില്ല. തലസ്ഥാനമായ റാവെന്നയില്‍ ഒരു ബസിലിക്കയും രണ്ടു ദൈവാലയങ്ങളും തനിക്കുവേണ്ടിത്തന്നെ ഒരു കല്ലറയും അദ്ദേഹം നിര്‍മിച്ചു. 33 വര്‍ഷം ഇറ്റലിയില്‍ ഭരണം നടത്തിയ മഹാനായ തിയോഡോറിക് രോഗബാധിതനായി എ ഡി 526 ല്‍ അന്തരിച്ചു.
മധ്യേഷ്യയില്‍നിന്നും എത്തിച്ചേര്‍ന്ന ഹൂണന്മാര്‍ എന്ന കാട്ടാളക്കൂട്ടത്തിന്റെ നിരന്തരമായ ആക്രമണങ്ങളും റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായി. വാസ്തവത്തില്‍, സര്‍വതും നശിപ്പിച്ചുകൊണ്ട് മുന്നേറിയ അവരുടെ ശല്യം സഹിക്കവയ്യാതെ സാമ്രാജ്യത്തിനുള്ളില്‍ അഭയം തേടിയവരായിരുന്നു വിസിഗോത്തുകളും വാന്‍ഡലുകളും ഓസ്‌ട്രോഗോത്തുകളും. എ ഡി 370 ല്‍ തുടങ്ങിയ അവരുടെ ഭീകരവും കിരാതവുമായ ആക്രമണങ്ങള്‍ സമാനതകളില്ലാത്തവയായിരുന്നു. വിലപ്പിടിപ്പുള്ളതെല്ലാം കവര്‍ന്നെടുത്തും കണ്ണില്‍കണ്ടതെല്ലാം നശിപ്പിച്ചും മുന്നേറിയ ഹൂണന്മാര്‍ക്കു നേതൃത്വം കൊടുത്ത ആറ്റിലയെ 'ദൈവത്തിന്റെ കൈകളിലെ ചമ്മട്ടി' (ടരീൗൃഴല ീള ഏീറ) എന്നാണ് റോമാക്കാര്‍ വിളിച്ചത്. 'നരകത്തില്‍നിന്നെത്തിയ ചെകുത്താന്‍' (റല്ശഹ ളൃീാ വലഹഹ) എന്നു ക്രിസ്ത്യാനികള്‍ അയാളെ വിശേഷിപ്പിച്ചു. എ ഡി 434 മുതലുള്ള 19 വര്‍ഷഭരണകാലത്ത് റോമന്‍സാമ്രാജ്യത്തിന്റെ പകുതിയോളം ആറ്റില സ്വന്തമാക്കി. ഹംഗറി, ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവ കീഴടക്കിയശേഷം എ ഡി 451 ല്‍ ഗൗളും (ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്), ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളും, എ ഡി 452 ല്‍ വടക്കന്‍ ഇറ്റലിയും പിടിച്ചെടുത്തു. റോമാനഗരത്തെ കീഴടക്കാനെത്തിയ ആറ്റിലയുടെ മുമ്പില്‍ അക്കാലത്തെ മാര്‍പാപ്പയായിരുന്ന ലെയോ ഒന്നാമന്‍, തന്റെ ജനത്തോടു കരുണയുണ്ടാകണമേയെന്നു യാചിച്ചുവെന്നും, വയോധികനായ അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ച ആറ്റില ഹംഗറിയിലേക്കു പിന്‍വാങ്ങിയെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 24 വര്‍ഷങ്ങള്‍ക്കുശേഷം ഒഡോസര്‍ റോമാനഗരം കീഴടക്കുമ്പോള്‍ സഭാതലവന്‍ സിംപ്‌ളിസിയസ് മാര്‍പാപ്പയായിരുന്നു. ആത്മാഭിമാനത്തിനു ക്ഷതമേറ്റു വിലപിച്ച റോമന്‍ജനതയെ സാന്ത്വനവാക്കുകള്‍ പറഞ്ഞു സമാശ്വസിപ്പിക്കാന്‍ മാര്‍പാപ്പ പ്രത്യേകശ്രദ്ധ ചെലുത്തി. ലെയോ ഒന്നാമന്‍ പാപ്പയും സിംപ്‌ളിസിയസ് പാപ്പയും പില്‍ക്കാലത്ത് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരാണ്.
ജര്‍മാനിയന്‍ ഗോത്രങ്ങളില്‍ പ്രമുഖമായ ഫ്രാങ്കുകള്‍ ഗൗളും (ഏമൗഹ-ആധുനികഫ്രാന്‍സ്), വടക്കുനിന്നു കടല്‍കടന്നെത്തിയ ആംഗ്ലോ/സാക്‌സന്‍ ഗോത്രങ്ങളും സ്‌കോട്ടുകളും ബ്രിട്ടനും കീഴടക്കി. പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തെ ഇല്ലായ്മ ചെയ്ത ജര്‍മാനിയന്‍ ഗോത്രവിഭാഗങ്ങളെ തുരത്തിയോടിക്കാനുള്ള ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ യുദ്ധങ്ങളും പൂര്‍ണവിജയം കണ്ടുവെന്ന് പറയാനാകില്ല. എ ഡി 527 മുതലുള്ള 38 വര്‍ഷം ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു ലൊംബാര്‍ഡുകളുടെ ആക്രമണം. ആയിരങ്ങളെ കൊന്നൊടുക്കിയ ലൊംബാര്‍ഡുകള്‍ ദൈവാലയങ്ങള്‍ തീവച്ചു നശിപ്പിക്കുകയും നഗരങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. എ ഡി 800 ലെ ക്രിസ്തുമസ്ദിനത്തില്‍ ലെയോ മൂന്നാമന്‍ മാര്‍പാപ്പ ചക്രവര്‍ത്തിയായി വാഴിച്ച ചാര്‍ലിമെയ്ന്‍ കീഴ്‌പ്പെടുത്തുംവരെയുള്ള രണ്ടു നൂറ്റാണ്ടുകള്‍ ലൊംബാര്‍ഡുകളുടെ ഭരണം തുടര്‍ന്നു.
എ ഡി 768 മുതല്‍ ഫ്രാങ്കുകളുടെയും എ ഡി 774 മുതല്‍ ലൊംബാര്‍ഡുകളുടെയും രാജാവായശേഷം പരസ്പരം പോരടിച്ചിരുന്ന ജര്‍മാനിയന്‍ഗോത്രങ്ങളെ ഒരു ഭരണത്തില്‍ കൊണ്ടുവന്നത് ചാര്‍ലിമെയ്ന്‍ ചക്രവര്‍ത്തിയാണ്. കത്തോലിക്കാസഭയോടും സഭാപിതാക്കന്മാരോടും സമരസപ്പെട്ട് എ ഡി 800 മുതലുള്ള 14 വര്‍ഷം അദ്ദേഹം സാമ്രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം മുഴുവന്‍ സഭയുടെ സംരക്ഷകനും കാവലാളുമായിരുന്നു. എ ഡി 476 ല്‍ അന്ത്യംകുറിച്ച പഴയ റോമന്‍സാമ്രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ അന്ത്യംവരെ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. പുരാതനയൂറോപ്പു കണ്ട ഏറ്റവും മികച്ച ഭരണാധികാരായിരുന്ന ചാര്‍ലിമെയ്ന്‍, എ ഡി 814 ജനുവരി 28-ാം തീയതി അന്തരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് 27 കത്തീദ്രല്‍ ദൈവാലയങ്ങളും 417 സന്ന്യാസാശ്രമങ്ങളും നിര്‍മിച്ചു നല്‍കിയതായി ചരിത്രഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പരിശുദ്ധ റോമന്‍ സാമ്രാജ്യത്തിന്റെ ആദ്യചക്രവര്‍ത്തിയായി അറിപ്പെടുന്നതിനുപുറമേ, 'ആധുനികയൂറോപ്പിന്റെ പിതാവ്' എന്നുകൂടി ചാര്‍ലിമെയ്ന്‍ വിശേഷിപ്പിക്കപ്പെടുന്നു.
(തുടരും)