•  5 Dec 2024
  •  ദീപം 57
  •  നാളം 39
ഇസ്രയേലിന്റെ വഴികളിലൂടെ

നിലയ്ക്കാത്ത വിലാപം

ഹൂദജനത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയ പല സംഭവങ്ങളില്‍ ഒന്നുമാത്രമായിരുന്നു സിനഗോഗിനു മുമ്പില്‍ നടന്നത്. 
ഒരു സാധാരണ യഹൂദപൗരന്‍ റോമാസാമ്രാജ്യത്തിനു നല്‍കേണ്ട നികുതിപ്പണം അവനു താങ്ങാവുന്നതിലുമധികമായിരുന്നു. മാത്രവുമല്ല, നികുതി പിരിച്ചെടുക്കാന്‍ നിയോഗിപ്പെട്ടിരുന്ന ചുങ്കക്കാര്‍, പിരിച്ചെടുക്കുന്നതിന്റെ സിംഹഭാഗവും തട്ടിയെടുക്കുന്നതില്‍ വിരുതരുമായിരുന്നു. ചുങ്കക്കാരില്‍ പ്രമാണിയും ധനികനുമായിരുന്ന സക്കേവൂസിന്റെ മാനസാന്തരകഥ പുതിയ നിയമഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത് ഒരു ദൃഷ്ടാന്തമാണ്. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു (ലൂക്കാ 19:8). ഭൂമിയിലെയും അതിലെ സര്‍വവസ്തുക്കളുടെയും യഥാര്‍ഥ ഉടമസ്ഥന്‍ സ്രഷ്ടാവായ യഹോവമാത്രമായതിനാല്‍ സൃഷ്ടികളായ മറ്റാര്‍ക്കും കരം നല്‍കേണ്ടതില്ലെന്ന നിലപാടാണ് യഹൂദജനം സ്വീകരിച്ചത്. യഹൂദരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യൂദയായില്‍ പലയിടങ്ങളിലും സംഘര്‍ഷത്തിനു കാരണമായി.
സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ എന്ന നിയമജ്ഞരുടെയും പ്രധാനപുരോഹിതരുടെയും ചോദ്യത്തിനു കര്‍ത്താവായ യേശു നല്‍കിയ ഉചിതമായ മറുപടിയും വിശുദ്ധഗ്രന്ഥത്തിലുണ്ട്. അവരുടെ കൗശലം മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ഒരു ദനാറ എന്നെ കാണിക്കുവിന്‍. ആരുടെ രൂപവും ലിഖിതവുമാണ് ഇതിലുള്ളത്? സീസറിന്റേത് എന്ന് അവര്‍ പറഞ്ഞു. അവന്‍ അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുവിന്‍ (ലൂക്കാ 20:23-25, മത്തായി 22:18-21). ഇവിടെ, സീസറിനു നികുതി കൊടുക്കരുതെന്ന് യേശു പറഞ്ഞിട്ടില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, യേശുവും ശിഷ്യരും ദൈവാലയനികുതി കൊടുത്തിരുന്നുവെന്നതിനു വിശുദ്ധഗ്രന്ഥത്തില്‍ തെളിവുണ്ട്. കഫര്‍ണാമില്‍വച്ച് ദൈവാലയനികുതി പിരിക്കുന്നവര്‍ പത്രോസിനോടു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ? അവന്‍ പറഞ്ഞു: ഉവ്വ് (മത്തായി 17:24-25). എങ്കിലും, അവര്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കാന്‍ നീ കടലില്‍ പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കുംവേണ്ടി അവര്‍ക്കു കൊടുക്കുക (മത്തായി 17:27). ദൈവാലയശുശ്രൂഷയ്ക്കായി വര്‍ഷംതോറും ഓരോ വ്യക്തിയും നല്‍കേണ്ട തുകയെക്കുറിച്ച് മോശവഴി ദൈവം യഹൂദജനത്തിനു നല്‍കിയ കല്പനയെയാണ് ഈ വചനം അനുസ്മരിപ്പിക്കുക: ജനസംഖ്യക്കണക്കില്‍ ഉള്‍പ്പെടുന്ന 20 വയസും  അതിനുമേലും പ്രായമുള്ള ഓരോ വ്യക്തിയും അര ഷെക്കല്‍ വീതം കര്‍ത്താവിനു കാണിക്കയായി നല്‍കണം. ഇസ്രയേല്‍ ജനത്തില്‍നിന്നു പാപപരിഹാരത്തുക സ്വീകരിച്ച് സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കണം (പുറ. 30:14-16). നൂറ്റാണ്ടുകളായി യഹൂദജനം അക്ഷരംപ്രതി അനുഷ്ഠിച്ചുവന്ന ദൈവകല്പനയാണിത്.
ഒരു നൂറ്റാണ്ടിലേറെക്കാലമായി റോമന്‍ ഗവര്‍ണര്‍മാരുടെ കിരാതഭരണത്തില്‍ പൊറുതിമുട്ടിയ യഹൂദര്‍ അസ്വസ്ഥരായി കഴിയുകയായിരുന്നു. യേശുവിന്റെ ജീവിതകാലത്ത് പൊന്തിയോസ് പീലാത്തോസ് ചെയ്ത ഒരു ക്രൂരകൃത്യത്തെക്കുറിച്ച് യേശുതന്നെ പരാമര്‍ശിച്ചിട്ടുള്ളത് ലൂക്കാസുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്: ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു. അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13:1-3).
അസംതൃപ്തരായിരുന്ന യഹൂദജനത്തിന്റെ രോഷം മുഴുവന്‍ ഏല്‌ക്കേണ്ടിവന്നത് ക്രൂരരും അഴിമതിക്കാരും ദുര്‍ന്നടത്തക്കാരുമായ ഗവര്‍ണര്‍മാരും റോമന്‍ സൈനികനേതൃത്വവുമായിരുന്നു. ഗലീലിയിലും, സമരിയായിലും, യൂദയായിലുമുള്ള പല നഗരങ്ങളിലും ജനങ്ങളും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. ബി സി 64 മുതല്‍ യൂദയാ ഗവര്‍ണറായിരുന്ന ഫ്‌ളോറസിനെതിരേ ശബ്ദമുയര്‍ത്തുകയും അയാളെ അവഹേളിക്കുകയും ചെയ്തു. റോമന്‍ചക്രവര്‍ത്തിയായിരുന്ന നീറോയെ ദൈവമായി ആരാധിക്കണമെന്നും, റോമന്‍ ദേവന്മാര്‍ക്കു ബലിയര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഫ്‌ളോറസ് ഇറക്കിയ ഉത്തരവു നിരാകരിച്ച യഹൂദജനം ജറുസലെമിലെ സൈനികത്താവളം പിടിച്ചെടുക്കുകയും റോമന്‍ സൈന്യത്തെ നഗരത്തില്‍നിന്നു തുരത്തിയോടിക്കുകയും ചെയ്തു. ജറുസലെമില്‍നിന്നു പലായനം ചെയ്ത് ഗവര്‍ണറും ഹേറോദ് അഗ്രിപ്പയും ഗലീലിയില്‍ അഭയം തേടി.
തങ്ങളുടെ ഇടയിലുണ്ടായിരുന്ന വിഭാഗീയതകളെല്ലാം മറന്ന് ഒറ്റക്കെട്ടായി പൊരുതിയതിനാലാണ്  യഹൂദജനത്തിന് വിജയം നേടാനായത്. മിതവാദികളും തീവ്രവാദികളും ഒരുമിച്ചുനിന്നു പോരാടി. പ്രധാനപുരോഹിതനായിരുന്ന അനാനസ്, ജോസഫ് ബെന്‍ഗമ്‌ല, ജോസഫ് ബെന്‍ഗൂരിയോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു താത്കാലികസര്‍ക്കാരിനും രൂപം നല്‍കി. പടയാളിയും, പിന്നീട് ചരിത്രകാരനുമായി അറിയപ്പെട്ട ഫ്‌ളാവിയസ് ജോസഫസ് സേനാതലവനായി നിയമിക്കപ്പെട്ടു. ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന ബേത്‌ഹൊറോണ്‍ എന്ന പട്ടണത്തില്‍ 6,000 റോമന്‍സൈനികരാണ് കൊല്ലപ്പെട്ടത്. സിറിയന്‍പ്രവിശ്യയുടെ തലസ്ഥാനവും തുറമുഖനഗരവുമായ കേസറിയയില്‍ പതിനായിരത്തിലധികം യഹൂദരും വധിക്കപ്പെട്ടു.
വെസ്പാസിയനും ടൈറ്റസും
യഹൂദകലാപം മൂര്‍ധന്യത്തിലെത്തുമ്പോള്‍ നീറോയോടൊപ്പം ഗ്രീസിലായിരുന്ന റോമന്‍ ജനറല്‍ വെസ്പാസിയന്‍ എ ഡി 67 ല്‍ നാലു ലീജിയന്‍ സൈന്യവുമായി ഗലീലിയിലെത്തി. ഒരു റോമന്‍ ലീജിയനില്‍ കാലാള്‍പ്പടയും കുതിരപ്പടയാളികളുമുള്‍പ്പെടെ 6,000 സൈനികരുണ്ടാകും. അക്കാലത്ത് അലക്‌സാന്‍ഡ്രിയായിലുണ്ടായിരുന്ന വെസ്പാസിയന്റെ മകന്‍ ടൈറ്റസും പിതാവിന്റെ അഭീഷ്ടപ്രകാരം ആറു ലീജിയന്‍ സൈന്യവുമായി ഗലീലിയില്‍ എത്തിച്ചേര്‍ന്നു. ഹേറോദ് അഗ്രിപ്പാ രാജാവിന്റെ പടയാളികളും റോമന്‍സൈന്യത്തോടു ചേര്‍ന്നപ്പോള്‍ അവരെ പ്രതിരോധിക്കാന്‍ യഹൂദര്‍ക്കു കഴിയാതെപോയി. ഗലീലിയില്‍ മാത്രം ഒരുലക്ഷം യഹൂദരുടെ ജീവന്‍ നഷ്ടമായി. ആയിരക്കണക്കിനു യഹൂദര്‍ തടവുകാരാക്കപ്പെടുകയും അടിമകളായി വില്‍ക്കപ്പെടുകയും ചെയ്തു.
ധൂര്‍ത്തനും സ്ത്രീലമ്പടനും സുഖലോലുപനുമായിരുന്ന നീറോ, ഖജനാവു മുടിപ്പിച്ച് 300 മുറികളുള്ള ഒരു ബ്രഹ്‌മാണ്ഡന്‍ കൊട്ടാരം നിര്‍മിച്ചത് റോമന്‍ സെനറ്റര്‍മാരുടെ അപ്രീതിക്കു കാരണമായി. മുറികളുടെ ഉള്‍ഭാഗങ്ങള്‍ സ്വര്‍ണം പൊതിഞ്ഞാണു നിര്‍മിച്ചത്. റോമാനഗരത്തെ വിഴുങ്ങിയ അഗ്നി അണയുംമുമ്പ് കൊട്ടാരത്തിന്റെ നിര്‍മാണം തുടങ്ങിയത് അഗ്നിബാധയ്ക്കുപിന്നില്‍ നീറോ ആണെന്ന സംശയം ബലപ്പെടുത്തുകയും ചെയ്തു. 98 അടി ഉയരമുള്ള സ്വന്തം വെങ്കലപ്രതിമ കൊട്ടാരത്തിനു മുമ്പില്‍ സ്ഥാപിച്ച് വീമ്പുകാട്ടിയതും സെനറ്റര്‍മാരെ ചൊടിപ്പിച്ചു. രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെട്ട നീറോ, റോമില്‍നിന്നു പലായനം  ചെയ്യുകയും എ ഡി 68 ല്‍ സ്വയം ജീവനൊടുക്കുകയും ചെയ്തത് ആഭ്യന്തരകലാപത്തിലേക്കും അധികാരവടംവലിയിലേക്കും നയിച്ചു. യഹൂദരുടെ കലാപം വിജയകരമായി അമര്‍ച്ച ചെയ്തുവെന്ന ഖ്യാതി നേടിയെടുത്ത വെസ്പാസിയനെ കേസറിയയിലുണ്ടായിരുന്ന സൈനികവ്യൂഹം ഒന്നടങ്കം റോമന്‍ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്. ജറുസലെം നഗരത്തിലേക്കു പിന്‍വലിഞ്ഞ യഹൂദസൈന്യത്തെ ഉന്മൂലനം ചെയ്യാന്‍ പുത്രനായ ടൈറ്റസിനെ ചുമതലപ്പെടുത്തിയശേഷമായിരുന്നു ജനറല്‍ വെസ്പാസിയന്‍ റോമിലേക്കു യാത്ര തിരിച്ചത്.
കല്ലിന്മേല്‍  കല്ലുശേഷിക്കാതെ...
ലോകചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ഒരു ദുരന്തകഥയുടെ മുഖ്യസൂത്രധാരനാണ് വെസ്പാസിയനുശേഷം  റോമന്‍ ചക്രവര്‍ത്തിയായ ടൈറ്റസ്. വിശുദ്ധനഗരം മാത്രമല്ല, യഹൂദജനം പരിപാവനമായി കാത്തുപോന്നിരുന്ന ജറുസലെം ദൈവാലയവും അഗ്നിക്കിരയാക്കിയത് ടൈറ്റസിന്റെ നേതൃത്വത്തിലാണ്. ''ദൈവാലയം നശിപ്പിക്കരുതേ'' എന്ന് ടൈറ്റസ് വിളിച്ചുപറഞ്ഞിരുന്നെങ്കിലും സൈനികര്‍ അദ്ദേഹത്തെ അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുണ്ട്. 'തൂവെള്ള മഞ്ഞുമൂടിയ ഒരു പര്‍വതംപോലെ ഉയര്‍ന്നുനിന്ന മാര്‍ബിള്‍ സൗധം' എന്ന് ഫ്‌ളാവിയസ് ജോസഫസ് വിശേഷിപ്പിച്ചിട്ടുള്ള ദൈവാലയസമുച്ചയം അഗ്നിനാളങ്ങള്‍ വിഴുങ്ങി. ജറുസലെം നഗരം പൂര്‍ണമായും കീഴടക്കാന്‍ റോമന്‍ സൈന്യത്തിന് ഏഴു മാസം വേണ്ടിവന്നു എന്നാണു ചരിത്രം. 
ബി സി 586 ല്‍ നശിപ്പിക്കപ്പെട്ട ആദ്യദൈവാലയം പുനര്‍നിര്‍മിച്ചത് മഹാനായ ഹെറോദുരാജാവായിരുന്നു. ബി സി 20 ല്‍ തുടങ്ങി 46 വര്‍ഷമെടുത്താണ് രണ്ടാമത്തെ ദൈവാലയം പൂര്‍ത്തിയാക്കിയത്. പുതിയനിയമഗ്രന്ഥത്തില്‍ ഇതേക്കുറിച്ചുള്ള സൂചനയുണ്ട്. യഹൂദര്‍ ചോദിച്ചു: ഈ ദൈവാലയം പണിയുവാന്‍ 46 സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ? എന്നാല്‍ അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ് (യോഹ. 2:20-21).
2 മുതല്‍ 5 വരെ ടണ്‍ ഭാരമുണ്ടായിരുന്ന ഭീമാകാരമായ കല്ലുകള്‍കൊണ്ടാണ് ദൈവാലയത്തിന്റെ ചുറ്റുമതില്‍ നിര്‍മിച്ചത്. ചുറ്റുമതിലിന്റെ ശരാശരി ഉയരം 150 അടിയായിരുന്നു. റോമാക്കാര്‍ നശിപ്പിക്കാതെ അവശേഷിപ്പിച്ച പടിഞ്ഞാറേമതിലിന്റെ ഉയരം 131 അടിയാണ് (40 മീറ്റര്‍).  ഇടിച്ചുനിരത്തിയ മതിലുകളിലെ കല്ലുകളെല്ലാം കഷണങ്ങളാക്കി നഗരവീഥികളില്‍ നിരത്തി. ദൈവാലയത്തിന്റെ നാശത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം അങ്ങനെ അന്വര്‍ഥമായി. വിശുദ്ധ ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: യേശു ദൈവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍ ശിഷ്യന്മാരില്‍ ഒരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്മയകരമായ സൗധങ്ങള്‍! അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും (മര്‍ക്കോസ് 13:1-2, മത്തായി 24:1-2). എ ഡി 70 സെപ്റ്റംബര്‍ 8-ാം തീയതി നടന്ന ആ മഹാദുരന്തത്തെയോര്‍ത്ത് ലോകം ഇന്നും വിലപിക്കുന്നു.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)