•  21 Nov 2024
  •  ദീപം 57
  •  നാളം 37
ഇസ്രയേലിന്റെ വഴികളിലൂടെ

അന്നും ഇന്നും രണഭൂമി

ഗ്വാഗമെലയിലെ ദയനീയപരാജയത്തോടെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭരണത്തിലായിരുന്ന തുര്‍ക്കി, ഇസ്രയേല്‍, ഈജിപ്ത്, ഇറാക്ക്, ഇറാന്‍ തുടങ്ങി ഇന്ത്യയുടെ പടിഞ്ഞാറേ അതിര്‍ത്തിയിലെ ഇന്‍ഡസ് നദിവരെയുള്ള ചെറുതും വലുതുമായ അനേകം രാജ്യങ്ങളുടെ ചോദ്യം ചെയ്യപ്പെടാത്ത ചക്രവര്‍ത്തിയായി അലക്‌സാണ്ടര്‍ ഉയര്‍ന്നു. അക്കാലത്തെ അറിയപ്പെടുന്ന പ്രബലമായ രാജ്യങ്ങളായിരുന്നു അവയെല്ലാം. ഇന്ത്യ കീഴടക്കിയശേഷം കിഴക്കുള്ള മഹാസമുദ്രംവരെ (പസിഫിക്) എത്തണമെന്ന അതിമോഹവും അലക്‌സാണ്ടറിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്നുണ്ട്.
ജറുസലെം ദൈവാലയത്തില്‍ പ്രധാന പുരോഹിതനൊപ്പം ബലിയര്‍പ്പിക്കവേ അലക്‌സാണ്ടറിനുണ്ടായ മറ്റൊരു മോഹത്തെക്കുറിച്ചുള്ള  കഥയും പ്രചാരത്തിലുണ്ട്. പരിശുദ്ധവും അതിമനോഹരവുമായ ദൈവാലയത്തില്‍ തന്റെ ഒരു പൂര്‍ണകായപ്രതിമ സ്ഥാപിക്കണമെന്ന ആഗ്രഹമാണ് പ്രധാനപുരോഹിതനുമായി അദ്ദേഹം പങ്കുവച്ചത്. പ്രധാനപുരോഹിതനായിരുന്ന ജദ്ദൂസ് ഇപ്രകാരം മറുപടി പറഞ്ഞു: ''മഹാരാജാവേ! വെള്ളികൊണ്ടോ സ്വര്‍ണംകൊണ്ടോ മണ്ണുകൊണ്ടോ കല്ലുകൊണ്ടോ തടികൊണ്ടോ പ്രതിമകള്‍ നിര്‍മിക്കരുതെന്നും, അവയുടെ മുന്‍പില്‍ കുമ്പിടരുതെന്നുമുള്ള യഹോവയുടെ കല്പന ലംഘിക്കാന്‍ ഞങ്ങള്‍ക്കാവില്ല. പകരം, ഈ വര്‍ഷം ഞങ്ങള്‍ക്കു ജനിക്കാന്‍ പോകുന്ന ആണ്‍സന്തതികള്‍ക്ക്  അങ്ങയുടെ പേരു നല്കിക്കൊള്ളാം.'' പ്രധാന പുരോഹിതന്റെ ഉത്തരം ജാള്യതയോടെ കേട്ടുനിന്ന ഇരുപത്തിനാലുകാരനായ  അലക്‌സാണ്ടര്‍ പ്രധാന പുരോഹിതന്റെ ഇംഗിതത്തിന് അനുമതി നല്കി. ('അലക്‌സാണ്ടര്‍' എന്ന പേര് യഹൂദരുടെയിടയില്‍ സര്‍വസാധാരണമായിരിക്കുന്നത് ഇക്കാരണത്താലാണ്.) യഹൂദജനത്തെ അനുഭാവപൂര്‍വം വീക്ഷിച്ച ചക്രവര്‍ത്തി മറ്റൊരാനുകൂല്യംകൂടി  അവര്‍ക്കനുവദിച്ചു, ഓരോ വര്‍ഷവും ഖജനാവില്‍ ഒടുക്കേണ്ട കരം ഏഴാം വര്‍ഷം ഒഴിവാക്കി അലക്‌സാണ്ടര്‍ ഉത്തരവിറക്കി. നൂറ്റാണ്ടുകളായി തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ പാലിച്ചുപോന്ന മോശയുടെ നിയമങ്ങളും ചട്ടങ്ങളും അതേപടി പിന്‍ചെല്ലാനുള്ള അനുവാദവും കല്പിച്ചുനല്കി.
ഇരുപതാമത്തെ വയസ്സില്‍ തുടങ്ങിയ അലക്‌സാണ്ടറുടെ വിഖ്യാതമായ പടയോട്ടങ്ങള്‍ ബി സി 326 ല്‍ ഇന്‍ഡസ് നദിയുടെ കൈവഴിയായ ഹൈഡാസ്പസ് നദിക്കരയിലെ ഘോരയുദ്ധത്തോടെ അവസാനിച്ചു. ഝലം/ചിനാബ് നദികളുടെ ഇടയിലുള്ള പ്രദേശങ്ങളടങ്ങിയ പൗരവരാജ്യം കീഴടക്കാതെ അലക്‌സാണ്ടറിന് ഇന്ത്യയിലേക്കു കടക്കാനാകുമായിരുന്നില്ല. പൗരവരാജാവായിരുന്ന പോറസിന്റെ (സംസ്‌കൃതത്തില്‍ പുരവരസ്) 20,000 കാലാള്‍പ്പടയെയും  3,000 അശ്വാരൂഢരെയും 1,000 രഥയോദ്ധാക്കളെയും  കൂടാതെ, ശത്രുക്കളെ നേരിടാന്‍ പ്രത്യേക പരിശീലനം നല്കിയ 200 ആനകളെയും അലക്‌സാണ്ടറിനു മറികടക്കണമായിരുന്നു. അതിനാല്‍, ഒരു യുദ്ധത്തില്‍പ്പോലും പരാജയപ്പെടാത്ത അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ധീരനായ പോറസിനെ തോല്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി. 12-ാമത്തെ വയസ്സുമുതല്‍ അലക്‌സാണ്ടറോടൊപ്പമുണ്ടായിരുന്ന ബ്യൂസിഫാലസ് എന്ന കുതിര  ഹൈഡാസ്പസിലെ  യുദ്ധത്തിലാണ് തലയ്ക്കു മാരകമായ പ്രഹരമേറ്റു മരണമടഞ്ഞത്. മാസിഡോണിയമുതല്‍ ഈജിപ്തും വിശുദ്ധനാടുകളും ഉള്‍പ്പെടെയുള്ള അനേകം രാജ്യങ്ങള്‍ കീഴടക്കാന്‍ തന്നെയും വഹിച്ചുകൊണ്ട് പതിനായിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ച പ്രിയങ്കരനായ ബ്യൂസിഫാലസിന്റെ വേര്‍പാടില്‍ മനംനൊന്ത് അലക്‌സാണ്ടര്‍ വാവിട്ടുകരഞ്ഞുവെന്നാണു ചരിത്രം.  ബ്യൂസിഫാലസിന്റെ നഷ്ടംകൂടാതെ 40,000 സൈനികരില്‍ 1,000 പേര്‍ വധിക്കപ്പെടുകയും ചെയ്തു. ബ്യൂസിഫാലസിനെ അടക്കം ചെയ്ത സ്ഥലത്തിന് അവന്റെ പേരു നല്കിയിട്ടാണ് അലക്‌സാണ്ടര്‍ ബാബിലോണിലേക്കു മടങ്ങിയത്. ഝലം മുതല്‍ ജമ്മുകഷ്മീരിലെ പൂഞ്ച് വരെയുള്ള പ്രദേശങ്ങളുടെ ഭരണാധികാരിയായി പോറസിനെ നിയമിച്ചശേഷമായിരുന്നു അലക്‌സാണ്ടറിന്റെ മടക്കം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധംമൂലം മനസ്സും ശരീരവും തളര്‍ന്ന സൈനികരുടെ നിര്‍ബന്ധത്തിന് അലക്‌സാണ്ടര്‍ വഴങ്ങുകയായിരുന്നു. മടക്കയാത്രയില്‍ ടൈഫോയ്ഡ് ബാധിച്ച് രോഗബാധിതനായ അലക്‌സാണ്ടര്‍ ബി സി 323 ജൂണ്‍ 10-ാം തീയതി ബാബിലോണില്‍ അന്തരിച്ചു. വിശ്വസ്തനായ അംഗരക്ഷകന്‍ പെര്‍ഡിക്കാസിന് മുദ്രമോതിരം കൈമാറി തന്റെ പിന്‍ഗാമിയായി നിയോഗിച്ചതിനുശേഷമാണ് അലക്‌സാണ്ടര്‍ വിടപറഞ്ഞത്. അലക്‌സാണ്ടറിനു ജനിക്കുന്ന അനന്തരാവകാശി പ്രായപൂര്‍ത്തിയാകുംവരെ ഒരു റീജന്റായി ഭരണം നിര്‍വഹിക്കാനായിരുന്നു പെര്‍ഡിക്കാസിന്റെ നിയോഗം.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടയോട്ടങ്ങളെയും മരണത്തെയുംകുറിച്ച് മക്കബായരുടെ ഒന്നാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്: ഗ്രീസിന്റെ രാജാവായിരുന്ന അലക്‌സാണ്ടര്‍, പേര്‍ഷ്യയുടെയും മെദിയയുടെയും രാജാവായ ദാരിയൂസിനെ കീഴടക്കി ഭരണം ഏറ്റെടുത്തു. അവന്‍ നിരവധി യുദ്ധങ്ങള്‍ ചെയ്തു; കോട്ടകള്‍ പിടിച്ചടക്കി; രാജാക്കന്മാരെ വധിച്ചു. ഭൂമിയുടെ അതിര്‍ത്തികള്‍ വരെ അവന്‍ മുന്നേറി. അസംഖ്യം രാജ്യങ്ങള്‍ കൊള്ളയടിച്ചു. ലോകം മുഴുവന്‍ തനിക്ക് അധീനമായപ്പോള്‍ അവന്‍ അഹങ്കാരോന്മത്തനായി. സുശക്തമായൊരു സൈന്യത്തെ ശേഖരിച്ച് അവന്‍ രാജ്യങ്ങളുടെയും ജനങ്ങളുടെയും നാടുവാഴികളുടെയുംമേല്‍ ആധിപത്യം സ്ഥാപിച്ചു. അങ്ങനെയിരിക്കെ അവന്‍ രോഗബാധിതനായി; മരണം ആസന്നമായെന്ന് അവന്‍ മനസ്‌സിലാക്കി. തന്റെ പാര്‍ശ്വവര്‍ത്തികളായിരുന്ന സേനാധിപന്മാരെ വിളിച്ചുവരുത്തി അവര്‍ക്ക് താന്‍ മരിക്കുന്നതിനുമുമ്പ് അവന്‍ രാജ്യം വിഭജിച്ചുകൊടുത്തു. സേനാധിപന്മാര്‍ താന്താങ്ങളുടെ പ്രദേശങ്ങളില്‍ ഭരണം തുടങ്ങി. അലക്‌സാണ്ടറുടെ മരണത്തിനുശേഷം അവര്‍ സ്വയം കിരീടം ധരിച്ച് രാജാക്കന്മാരായി (മക്കബായര്‍ 1:1-9). ചക്രവര്‍ത്തിയുടെ മരണശേഷം സാമ്രാജ്യം നാലായി വിഭജിക്കപ്പെടുമെന്ന ദാനിയേല്‍പ്രവാചകന്റെ ദര്‍ശനം അങ്ങനെ നിറവേറി: പിന്നെ ശക്തനായൊരു രാജാവു വരും. അവന്‍ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാകും. സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കുകയും ചെയ്യും. അവന്‍ ഉച്ചകോടിയില്‍  എത്തുമ്പോള്‍ അവന്റെ സാമ്രാജ്യം തകര്‍ന്ന് നാലു കാറ്റുകളിലും ലയിക്കും. അത് അവന്റെ സന്താനങ്ങള്‍ക്കു ലഭിക്കുകയില്ല. അവന്റെ പ്രാബല്യം പിന്‍ഗാമികള്‍ക്ക് ഉണ്ടായിരിക്കുകയില്ല. അവന്റെ സാമ്രാജ്യം പിഴുതെടുത്ത് അന്യര്‍ക്കു നല്കപ്പെടും (ദാനിയേല്‍ 11:3-4).
'അത് അവന്റെ സന്താനങ്ങള്‍ക്കു ലഭിക്കുകയില്ല' എന്ന വചനം യാഥാര്‍ഥ്യമാകുമാറ് അലക്‌സാണ്ടറിന്റെ പ്രധാന സേനാധിപന്മാരായ കസ്‌സാണ്ടര്‍, ടോളമി, ആന്റിഗോണസ്, സെല്യൂക്കസ് എന്നിവര്‍ യഥാക്രമം മാസിഡോണിയ, ഈജിപ്ത്, ഏഷ്യാമൈനര്‍, മധ്യേഷ്യ എന്നിവിടങ്ങളില്‍ ഭരണാധികാരികളായി. ചക്രവര്‍ത്തിയുടെ മരണസമയത്ത് സന്താനങ്ങള്‍ ജനിച്ചിട്ടില്ലാതിരുന്നത് നാലു സേനാധിപന്മാരെയും പെര്‍ഡിക്കാസിനെയും കുഴക്കി. പിന്നീട്, ബാക്ട്‌റിയ (ഇപ്പോഴത്തെ താജിക്കിസ്ഥാന്‍ പ്രദേശം) സ്വദേശിനിയായ ഭാര്യ റൊക്‌സാനയില്‍ ജനിച്ച അലക്‌സാണ്ടര്‍ നാലാമനെയും അവന്റെ അമ്മയെയും കസ്‌സാണ്ടര്‍ മാസിഡോണിയയിലേക്കു വിളിച്ചവരുത്തി തടവിലാക്കുകയും, ബി സി 309 ല്‍ കൊലപ്പെടുത്തുകയുമായിരുന്നു. റീജന്റായി സേവനം ചെയ്തിരുന്ന വിശ്വസ്തനായ പെര്‍ഡിക്കാസിനെ നേരത്തേ തന്നെ ഇല്ലായ്മ ചെയ്തിരുന്നു.
ഈജിപ്തിന്റെ ഭരണാധികാരികളായിരുന്ന ടോളമി രാജവംശവും സെല്യൂസിഡ് സാമ്രാജ്യത്തിലെ രാജാക്കന്മാരും തമ്മില്‍ ഇസ്രയേലും യൂദയായും ഉള്‍പ്പെടെയുള്ള ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്താനുള്ള ചെറുതും വലുതുമായ ഒന്‍പതുയുദ്ധങ്ങള്‍ക്കു ചരിത്രം സാക്ഷിയായി. ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തിലെ 11-ാം അധ്യായം മുഴുവന്‍ ഈ യുദ്ധങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. രണ്ടു രാജവംശങ്ങളും മാറിമാറി ജയപരാജയങ്ങള്‍ ഏറ്റുവാങ്ങിയ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്നു. രണ്ടു ശത്രുരാജ്യങ്ങളുടെയും ഇടയില്‍കിടന്നു വീര്‍പ്പുമുട്ടിയ യഹൂദജനത്തിന്റെ ദുരിതകാലമായിരുന്നു അത്. 
  
                (തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)