•  21 Nov 2024
  •  ദീപം 57
  •  നാളം 37
ഇസ്രയേലിന്റെ വഴികളിലൂടെ

ബലിമൃഗങ്ങളാകാന്‍ വിധിക്കപ്പെട്ടവര്‍

ഡി 66 മുതല്‍ ഏഴു വര്‍ഷം നീണ്ടുനിന്ന ആദ്യ യഹൂദ-റോമന്‍ യുദ്ധത്തില്‍ ആകെ 11 ലക്ഷം യഹൂദരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് ഫ്‌ളാവിയസ് ജോസഫാസിന്റെ നേര്‍സാക്ഷ്യം. പതിനായിരങ്ങളെ അടിമകളായി വിറ്റഴിച്ചു. ഒരു ലക്ഷം പേരെ തടവുകാരായി റോമിലേക്കു കൊണ്ടുപോയി. ദൈവാലയത്തില്‍നിന്നു കവര്‍ന്നെടുത്ത അമൂല്യമായ വിശുദ്ധവസ്തുക്കളും റോമിലേക്കു കടത്തി. ദൈവാലയമുള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട ലക്ഷക്കണക്കിനു യഹൂദര്‍ വിശുദ്ധനാടുകളില്‍നിന്നു പലായനം ചെയ്തു.

റോമന്‍സൈന്യം കവര്‍ച്ച ചെയ്തും ചുട്ടെരിച്ചും നിലംപരിശാക്കിയ നഗരത്തെയോര്‍ത്തുള്ള യേശുവിന്റെ വിലാപം  സുവിശേഷകരായ മത്തായിയും ലൂക്കായും രേഖപ്പെടുത്തിയിട്ടുള്ളത് വിശുദ്ധനഗരത്തെ യേശു എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നതിനു തെളിവാണ്: ജറുസലെം, ജറുസലെം, പ്രവാചകന്മാരെ വധിക്കുകയും നിന്റെയടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായിരിക്കുന്നു (മത്തായി 23:37-38, ലൂക്കാ 13:34-35).
എ ഡി 69 ല്‍ ചക്രവര്‍ത്തിയായി അധികാരമേറ്റ  വെസ്പാസിയന്റെ ആദ്യദൗത്യം ആഭ്യന്തരകലാപത്തില്‍ മുങ്ങിയ റോമാസാമ്രാജ്യത്തില്‍ ക്രമസമാധാനം  പുനഃസ്ഥാപിക്കുകയെന്നതായിരുന്നു. വിവിധ പ്രോവിന്‍സുകളിലെ  ഗവര്‍ണര്‍മാരെയും സേനാധിപന്മാരെയും സൈനികരെയും മാത്രമല്ല, എഴുത്തുകാരെയും കലാകാരന്മാരെയും പാരിതോഷികങ്ങള്‍ നല്കി ആദരിച്ചു. നികുതിയിളവുകള്‍ നല്കി സാധാരണക്കാരുടെ പ്രീതി സമ്പാദിച്ചു. എ ഡി 64 ലെ അഗ്നിബാധയില്‍ നശിച്ച പ്രദേശങ്ങളില്‍ നേരിട്ടെത്തി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. റോഡുകളും പാലങ്ങളും  നിര്‍മിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍, റോമാസാമ്രാജ്യത്തിന്റെ രക്ഷകനായി വെസ്പാസിയന്‍ വിശേഷിപ്പിക്കപ്പെട്ടു.
ബലിമൃഗങ്ങള്‍
വെസ്പാസിയന്‍ ചക്രവര്‍ത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയത് 'കൊളോസിയം' എന്ന രണഭൂമികയുടെ നിര്‍മാതാവ് എന്ന നിലയിലാണ്. യൂദയായില്‍നിന്നു തടവുകാരായി റോമിലെത്തിച്ച ഒരുലക്ഷം യഹൂദരെ ഉപയോഗിച്ചു പണിതുയര്‍ത്തിയ കൊളോസിയത്തിന് 157 അടിയായിരുന്നു ഉയരം (ഇപ്പോഴത്തെ 15 നിലക്കെട്ടിടത്തിനു തുല്യം) കോണ്‍ക്രീറ്റും കല്ലും  തടിയും മാര്‍ബിളും ചുണ്ണാമ്പുമിശ്രിതവും ഉപയോഗിച്ച് ഏഴു നിലകളില്‍ ഉയര്‍ത്തിക്കെട്ടിയ കൊളോസിയം പുരാതനലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയം എന്നതിലുപരി ഏഴു ലോകാദ്ഭുതങ്ങളിലൊന്നായി  ഇപ്പോഴും കണക്കാക്കപ്പെടുന്നു. എ ഡി 70 ല്‍ നിര്‍മാണം  തുടങ്ങിയെങ്കിലും മുഴുവന്‍ പണികളും പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷമെടുത്തു. 50,000 മുതല്‍ 80,000 വരെ കാണികളെ ഉള്‍ക്കൊള്ളാന്‍ കൊളോസിയത്തിനു കഴിയുമായിരുന്നു.
നീറോയുടെ 'സുവര്‍ണകൊട്ടാരം' നിന്നിരുന്ന അതേ സ്ഥാനത്തുതന്നെയാണ് കൊളോസിയം നിര്‍മിച്ചത്. കൊട്ടാരത്തിനടുത്തുണ്ടായിരുന്ന കൃത്രിമത്തടാകം മണ്ണുകൊണ്ടും കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊണ്ടും മൂടി. നീറോ സ്ഥാപിച്ചിരുന്ന ഭീമാകാരമായ സ്വന്തം പ്രതിമയോടു ചേര്‍ത്താണ് 'കൊളോസിയം' എന്ന പേരിന്റെ ഉദ്ഭവം. അടിമകളായി വില്ക്കപ്പെട്ടവരുടെയും തടവുകാരായി പിടിക്കപ്പെട്ടവരുടെയും മരണത്തിനു വിധിക്കപ്പെട്ട കുറ്റവാളികളുടെയും ഇടയിലുള്ള മല്ലന്മാരുടെ ദ്വന്ദ്വയുദ്ധത്തിനുള്ള പ്രധാന വേദിയായിരുന്നു കൊളോസിയം. പോരാളികളിലൊരാള്‍ മരിച്ചുവീഴുംവരെ ഈ ചോരക്കളി തുടരും. ദിവസങ്ങളോളം പട്ടിണിക്കിട്ട വന്യമൃഗങ്ങളെ കളിസ്ഥലത്തേക്കു തുറന്നുവിട്ട് മനുഷ്യന്റെ ജീവനെടുക്കുന്നതും സാധാരണയായിരുന്നു. 'ഗ്ലാഡിയേറ്റര്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മല്ലയുദ്ധക്കാര്‍ കാണികളെയും ചക്രവര്‍ത്തിയെയും ഒരുപോലെ ഹരംപിടിപ്പിച്ചിരുന്നു. ബി സി 246 മുതല്‍ ഇത്തരം വിനോദങ്ങള്‍ റോമാസാമ്രാജ്യത്തില്‍ നിലവിലുണ്ടായിരുന്നുവെന്നാണ് ചരിത്രം.
ഏറ്റവും പ്രശസ്തനായ ഗ്ലാഡിയേറ്ററായി അറിയപ്പെടുന്നത് സ്പാര്‍ട്ടക്കസാണ്. ഗ്രീസിലെ ത്രേസില്‍നിന്നുള്ള ധീരനായ ഈ പോരാളി റോമന്‍സൈന്യത്തില്‍നിന്ന് ഒളിച്ചോടി സാമ്രാജ്യത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ പോരാടിയ 70 അംഗ ഗ്ലാഡിയേറ്റര്‍ സംഘത്തിന്റെ നേതാവായിരുന്നു. സ്പാര്‍ട്ടക്കസിനെയും സഹചരരെയും അവരെ പിന്തുണച്ച 6,000 അനുയായികളെയും  ബന്ധനസ്ഥനാക്കിയ സൈന്യം, കാപ്പുവപട്ടണം മുതല്‍ റോമാനഗരംവരെയുള്ള 192 കിലോമീറ്റര്‍ ദൂരമുള്ള പൊതുനിരത്തിന്റെ ഇരുവശങ്ങളിലുമായി അവരെ കുരിശില്‍ തറച്ചുകൊല്ലുകയായിരുന്നു. ബി സി 71 ലായിരുന്നു ആ ചരിത്രസംഭവം. (സ്പാര്‍ട്ടക്കസിന്റെ ജീവചരിത്രം അതേ പേരില്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.)
സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്ത യഹൂദനേതാക്കന്മാരെയെല്ലാം തടവുകാരാക്കി റോമിലെത്തിച്ചശേഷം മൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുകയോ ക്രൂശിക്കുകയോ ചെയ്തു. യുദ്ധകാലത്ത് യൂദയായില്‍നിന്നു പിടികൂടിയ വിപ്ലകാരികളെ ദിവസവും 500 പേരെയെങ്കിലും ശരാശരി കുരിശില്‍ തറച്ചിരുന്നുവെന്ന് ജോസഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.
യൂദയായും ഗലീലിയുമടങ്ങിയ വിശുദ്ധനാടുകള്‍ പൂര്‍ണമായി കീഴടക്കിയശേഷം  എ ഡി 71 ല്‍ റോമിലെത്തിയ ടൈറ്റസിന് വെസ്പാസിയന്റെ നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണമാണു നല്കിയത്. ജറുസലെം ദൈവാലയത്തില്‍നിന്നും സിനഗോഗുകളില്‍നിന്നും കവര്‍ന്നെടുത്ത ദശലക്ഷക്കണക്കായ പണവും വിലയേറിയ വിശുദ്ധവസ്തുക്കളും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അവര്‍ നഗരവീഥികളിലൂടെ നീങ്ങിയത്. ശുദ്ധമായ സ്വര്‍ണത്തില്‍ തീര്‍ത്ത ഏഴു തണ്ടുകളുള്ള വിശുദ്ധവിളക്കായിരുന്നു (മെനോര) പൂജ്യവസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട ആയിരക്കണക്കിനു യഹൂദതടവുകാര്‍ നിരനിരയായി പിന്നാലെയുണ്ടായിരുന്നു. വിശുദ്ധവസ്തുക്കള്‍ വിറ്റുകിട്ടിയ പണവും തടവുകാരെ അടിമകളായി കച്ചവടം ചെയ്തുകൂട്ടിയ സമ്പത്തും കൊളോസിയത്തിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചുവെന്നാണു നിഗമനം.
വെസ്പാസിയന്റെ പ്രശസ്തമായ മറ്റൊരു നിര്‍മിതി കൊളോസിയത്തിനഭിമുഖമായി പണിതീര്‍ത്ത 'സമാധാനക്ഷേത്ര'മായിരുന്നു. 'പാക്‌സ്' എന്ന റോമന്‍ദേവതയുടെ പേരിലുള്ള ഈ ക്ഷേത്രത്തില്‍ മെനോരയും കാഴ്ചയപ്പത്തിന്റെ മേശയും ബലിയര്‍പ്പണത്തിനുള്ള വെള്ളിപ്പാത്രങ്ങളും വെള്ളിയില്‍ തീര്‍ത്ത കുഴലൂത്തുപകരണങ്ങളുമെല്ലാം  പ്രദര്‍ശിപ്പിച്ചത് യഹൂദജനത്തെ അപമാനിക്കുന്നതിനു തുല്യമായി. എ ഡി 192 ലുണ്ടായ വന്‍ അഗ്നിബാധയില്‍ ക്ഷേത്രത്തിന്റെ ഏതാനും തൂണുകളൊഴികെ ബാക്കിയെല്ലാം കത്തിനശിച്ചു. 1349 സെപ്റ്റംബര്‍ 9-ാം തീയതിയും 1703 ഫെബ്രുവരി 2-ാം തീയതിയുമുണ്ടായ രണ്ടു ഭൂചലനങ്ങളില്‍ കൊളോസിയത്തിനു കാര്യമായ ക്ഷതമേറ്റു. ഫ്‌ളാവിയന്‍ രാജവംശത്തിന്റെ സ്ഥാപകനായ വെസ്പാസിയന്‍ നിര്‍മിച്ചതിനാല്‍ 'ഫ്‌ളാവിയന്‍ ആംഫിതീയേറ്റര്‍' എന്നും കൊളോസിയം അറിയപ്പെടുന്നുണ്ട്.
വെസ്പാസിയന്റെ മരണശേഷം ചക്രവര്‍ത്തിക്കിരീടമണിഞ്ഞ ടൈറ്റസാണ് എ ഡി 80 ല്‍ വിവിധ മത്സരങ്ങള്‍ക്കായി കൊളോസിയം ഔദ്യോഗികമായി തുറന്നുകൊടുത്തത്. ഉദ്ഘാടനച്ചടങ്ങുകള്‍മുതല്‍ ഓരോ മത്സരവും ആസ്വദിച്ചുകൊണ്ട് ടൈറ്റസ് 100 ദിവസം കൊളോസിയത്തില്‍ ചെലവഴിച്ചതായും പറയപ്പെടുന്നുണ്ട്. എ ഡി 79 ലെ വെസൂവിയസ് അഗ്നിപര്‍വതസ്‌ഫോടനസമയത്തും എ ഡി 80 ല്‍ റോമാനഗരത്തില്‍ തീ പടര്‍ന്നപ്പോഴും തികഞ്ഞ ഔദാര്യത്തോടും കരുണയോടുംകൂടി ടൈറ്റസ് ജനങ്ങളോടൊപ്പം നിന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടുവര്‍ഷംമാത്രം ഭരണത്തിലിരുന്ന് എ ഡി 81 ല്‍ പനിബാധിച്ച് ആകസ്മികമായി അന്തരിച്ച ടൈറ്റസിന്റെ പിന്‍ഗാമിയായ അദ്ദേഹത്തിന്റെ അനുജന്‍ ഡൊമിഷ്യന്‍ ക്രൂരതയുടെ പര്യായമായി വിശേഷിപ്പിക്കപ്പെട്ട ചക്രവര്‍ത്തിയാണ്. റോമാസാമ്രാജ്യത്തിനെതിരേ ശബ്ദമുയര്‍ത്താന്‍പോലും കെല്പില്ലാതെ യഹൂദജനത്തെ അടിച്ചമര്‍ത്തിയ ജ്യേഷ്ഠന്റെ ഓര്‍മയ്ക്കായി പ്രധാനതെരുവീഥിയായ 'വിയാ സാക്ര' അവസാനിക്കുന്നിടത്ത് 50 അടി ഉയരമുള്ള മാര്‍ബിളില്‍ തീര്‍ത്ത ഒരു കവാടം സ്ഥാപിച്ചത് ഡൊമിഷ്യനാണ്. അപമാനഭാരം പേറിയ ഒരു യഹൂദനും ഈ കവാടത്തിനടിയില്‍ക്കൂടി സഞ്ചരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല എന്നും പറയപ്പെടുന്നുണ്ട്. മെനോരയും വഹിച്ചുകൊണ്ടു റോമിലേക്കു സഞ്ചരിക്കുന്ന സൈനികരുടെ ചിത്രം കവാടത്തിനുമേല്‍ ആലേഖനം ചെയ്തിരുന്നത് റോമില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് ഇന്നും കാണാനാകും. 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)