കല്ലറയില്‍ അടക്കപ്പെട്ടശേഷം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ പ്രഘോഷിച്ചുകൊണ്ടു വിവിധ ദേശങ്ങളിലേക്കു യാത്ര ചെയ്ത അപ്പസ്‌തോലന്മാര്‍ അനേകരെയാണു സത്യവിശ്വാസത്തിലേക്കു കൊണ്ടുവന്നത്.
ശിഷ്യപ്രമുഖനും തന്റെ കുഞ്ഞാടുകളെ മേയ്ക്കാന്‍ യേശു നിയോഗിച്ചവനുമായ പത്രോസ്, പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി നടത്തിയ ആദ്യപ്രസംഗം ശ്രവിച്ച ജറുസലെം നിവാസികളില്‍ 3,000 പേരാണ് സ്‌നാനം സ്വീകരിച്ചത്: അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വം പങ്കുചേര്‍ന്നു (അപ്പ. പ്രവ. 2:42).
മറ്റൊരു ദിവസം ജറുസലെം ദൈവാലയത്തിലെ സുന്ദരകവാടത്തില്‍ കിടന്നിരുന്ന മുടന്തനായ ഒരുവനെ പത്രോസ് സുഖപ്പെടുത്തിയെന്നറിഞ്ഞ് അദ്ഭുതപരതന്ത്രരായ ഇസ്രയേല്‍ക്കാരോടായി പത്രോസ് പറഞ്ഞു: ''നിങ്ങള്‍ അദ്ഭുതപ്പെട്ട് ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്? അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങള്‍ പീലാത്തോസിനെ ഏല്പിച്ചു. അവനെ വിട്ടയയ്ക്കാന്‍ പീലാത്തോസ് തീരുമാനിച്ചിട്ടും ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍നിന്നു ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്'' (അപ്പ. പ്രവ. 3:12-15).
അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്മാരും ദൈവാലയസേനാധിപനും സദുക്കായരും അവരെ ചോദ്യം ചെയ്തു. അവരുടെ ചോദ്യങ്ങള്‍ക്കുള്ള പത്രോസിന്റെ മറുപടി അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അവന്‍ പറഞ്ഞു: ''വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല'' (അപ്പ. പ്രവ. 4:11-12).
മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ച് യേശുവിനെ ആധാരമാക്കി ജനത്തെ പ്രബോധിപ്പിച്ചതില്‍ പുരോഹിതന്മാരും ദൈവാലയസേനാധിപനും സദുക്കായരുംചേര്‍ന്നു പത്രോസിനെയും യോഹന്നാനെയും പിടികൂടി കാരാഗൃഹത്തിലടച്ചു. അവരുടെ വചനം കേട്ടവരില്‍ 5,000 പേരുണ്ടായിരുന്നു (അപ്പ പ്രവ 4:2-4).
യേശുവിന്റെ ശത്രുക്കള്‍ അവിടുത്തെ ശിഷ്യരുടെയും എതിരാളികളായതു സ്വാഭാവികം. അവര്‍ക്ക് യേശുവിനോടുള്ള വൈരം അപ്പോഴും അടങ്ങിയിരുന്നില്ല. അവരെ ജയിലിലടച്ചതിന്റെ പിറ്റേദിവസം പ്രധാനാചാര്യന്മാരായ അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്റെ കുലത്തില്‍പ്പെട്ട സകലരുടെയും മധ്യത്തില്‍ അവരെ നിറുത്തി, യേശുവിന്റെ നാമത്തില്‍ സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്പിച്ചു വിട്ടയച്ചു. അവരാകട്ടെ, സഭാസമൂഹത്തിലെത്തി ഏകമനസ്സോടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തികളും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേയെന്നും അവര്‍ പ്രാര്‍ഥിച്ചു. കര്‍ത്താവില്‍ വിശ്വസിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ വര്‍ധിച്ചു. അനേകം രോഗികള്‍ സുഖപ്പെട്ടു, അശുദ്ധാത്മാക്കള്‍ പുറത്തുപോയി. അപ്പസ്‌തോലന്മാരോടുള്ള അസൂയ നിമിത്തം അവരെ കാരാഗൃഹത്തിലടച്ചു. എന്നാല്‍, കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന് അവരെ മോചിപ്പിച്ചു.
സ്‌തേഫാനോസിന്റെ രക്തസാക്ഷിത്വം
സ്‌തേഫാനോസാണ് തിരുസ്സഭയിലെ ആദ്യരക്തസാക്ഷി. അപ്പസ്‌തോലന്മാരുടെ ശിഷ്യഗണത്തില്‍ പ്രധാനിയായ ഒരു ഡീക്കനായിരുന്നു ആ യുവാവ്. ആത്മാവും ജ്ഞാനവും കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും അവന്‍ ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, മോശയ്ക്കും ദൈവത്തിനുമെതിരായി ദൂഷണം പറഞ്ഞുവെന്നു കുറ്റപ്പെടുത്തിയ ചിലര്‍, ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ചു ന്യായാധിപസംഘത്തിന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തു. വിചാരണയ്ക്കിടെ സ്‌തേഫാനോസിനെ സൂക്ഷിച്ചുനോക്കിയവര്‍ക്ക് അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കാണപ്പെട്ടു (അപ്പ. പ്രവ. 6:13). ന്യായാധിപസംഘത്തോട് അവന്‍ പറഞ്ഞു: ''ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തുനില്‍ക്കുന്നതും ഞാന്‍ കാണുന്നു.'' ഇതുകേട്ടു കോപാക്രാന്തരായ അവര്‍ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ. ഈ പാപം അവരുടെമേല്‍ ആരോപിക്കരുതേ. ഇതുപറഞ്ഞ് അവന്‍ മരണനിദ്ര പ്രാപിച്ചു (അപ്പ. പ്രവ. 7:56-60). വിചാരണവേളയില്‍ യേശു അരുള്‍ചെയ്ത വചനവും കുരിശില്‍ കിടന്നുകൊണ്ട് തന്റെ ഘാതകരോടു ക്ഷമിക്കണമേയെന്നു പിതാവിനോടു കേണപേക്ഷിച്ച യേശുവിന്റെ പ്രാര്‍ഥനയും സ്‌തേഫാനോസ് ആവര്‍ത്തിക്കുകയായിരുന്നു. എ ഡി 36 ലായിരുന്നു സ്‌തേഫാനോസിന്റെ രക്തസാക്ഷിത്വം. പൊന്തിയോസ് പീലാത്തോസിന്റെ പിന്‍ഗാമിയായി റോമാക്കാരനായ മാര്‍സെല്ലസ് സ്ഥാനമേറ്റതും അതേ വര്‍ഷമാണ്.
സാവൂളിന്റെ രംഗപ്രവേശം
സ്‌തേഫാനോസിന്റെ വിചാരണയ്ക്കും വധത്തിനും സാക്ഷിയായി സാവൂള്‍ എന്ന ഒരു യുവാവ് ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. സ്‌തേഫാനോസിന്റെ വധത്തെ സാവൂള്‍ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്‌തോലന്മാരൊഴികെ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിയോടി. സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് വീടുകള്‍തോറും കയറിയിറങ്ങി സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ചുകൊണ്ടുവന്നു തടവിലാക്കി (അപ്പ. പ്രവ. 8:1-3).
ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാരില്‍ ആരെ കണ്ടാലും ബന്ധനസ്ഥരാക്കി ജറുസലെമിലേക്കു കൊണ്ടുവരാനുള്ള അധികാരപത്രവുമായി സാവൂള്‍ ദമാസ്‌കസിലേക്കു യാത്ര ചെയ്യുകയായിരുന്നു. നഗരത്തോടടുത്തപ്പോള്‍ ആകാശത്തുനിന്നുള്ള ഒരു മിന്നലേറ്റ് അവന്‍ നിലംപതിച്ചു. അവന്‍ ഒരു സ്വരവും കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? അവന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടിയുണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍. എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്തു ചെയ്യണമെന്ന് അവിടെവച്ചു നിന്നെ അറിയിക്കും. കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നും കാണാന്‍ അവനു കഴിയുമായിരുന്നില്ല (അപ്പ. പ്രവ. 9:2-8).
അനനിയാസ് എന്നു പേരായ ഒരു ശിഷ്യന്‍ ദമാസ്‌കസിലുണ്ടായിരുന്നു. കര്‍ത്താവ് അവനോട് അരുള്‍ചെയ്തപ്രകാരം അനനിയാസ് സാവൂളിനെ സന്ദര്‍ശിക്കുകയും അവന്റെമേല്‍ കൈകള്‍വച്ചു പ്രാര്‍ഥിക്കുകയും ചെയ്തപ്പോള്‍ അവന്റെ നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടി. സാവൂള്‍ എഴുന്നേറ്റ് ജ്ഞാനസ്‌നാനം സ്വീകരിച്ചു.
അധികം താമസിയാതെ യേശു ദൈവപുത്രനാണെന്ന് സാവൂള്‍ പ്രഘോഷിക്കാന്‍ തുടങ്ങി. യേശുതന്നെയാണ് ക്രിസ്തു എന്ന് അവന്‍ വാദിച്ചു. അപ്പസ്‌തോലന്മാരോടൊപ്പം അവന്‍ ജറുസലെമില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട് കര്‍ത്താവിന്റെ നാമത്തില്‍ ധൈര്യത്തോടെ പ്രസംഗിച്ചു. യൂദന്മാരോടൊപ്പം ചേര്‍ന്ന് ഗ്രീക്കുകാരും അവനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നതറിഞ്ഞ സഹോദരന്മാര്‍ അവനെ കേസറിയായില്‍ കൊണ്ടുവന്ന് താര്‍സോസിലേക്ക് അയച്ചു (അപ്പ. പ്രവ. 9:28-30).
സ്‌തേഫാനോസിന്റെ രക്തസാക്ഷിത്വത്തിനുശേഷം ചിതറിക്കപ്പെട്ടവര്‍ ഫിനിഷ്യ, സൈപ്രസ്, അന്ത്യോക്യാ എന്നിവിടങ്ങളിലെത്തി. സാവൂളിനെ അന്വേഷിച്ച് താര്‍സോസിലെത്തിയ ലേവായനായ ബര്‍ണബാസ് എന്ന ശിഷ്യന്‍ അവനെ അന്ത്യോക്യായിലെത്തിച്ചു. അന്തോക്യായില്‍വച്ചാണ് ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികളെന്നു വിളിക്കപ്പെട്ടത് (അപ്പ. പ്രവ. 11:26). പൗലോസ് എന്നുകൂടി പേരുണ്ടായിരുന്ന സാവൂള്‍, അന്ത്യോക്യായിലെ സിനഗോഗില്‍ പ്രവേശിച്ചു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ദൈവവചനം പ്രസംഗിച്ചു. അന്നുമുതല്‍ അവനു വിശ്രമമില്ലാത്ത യാത്രകളായിരുന്നു. അന്ത്യോക്യായില്‍ സുവിശേഷം പ്രസംഗിച്ചശേഷം ഇക്കോണിയം, ലിസ്ത്രാ, ത്രോവാസ്, തെസലോണിക്ക, ബെറോയാ, ആഥന്‍സ്, കോറിന്തോസ്, എഫേസോസ് എന്നിവിടങ്ങളിലും കര്‍ത്താവായ യേശുവിനെ പ്രഘോഷിച്ചു. എ ഡി 66 ല്‍ നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍വച്ച് രക്തസാക്ഷിത്വം വരിക്കുന്നതുവരെയുള്ള മൂന്നു പതിറ്റാണ്ടുകളോളം ഭൂമിയുടെ അതിര്‍ത്തികള്‍വരെ അവന്‍ സത്യവചനം പ്രചരിപ്പിച്ചു.
അപ്പസ്‌തോലന്മാരുടെ ജീവത്യാഗം
ആദ്യരക്തസാക്ഷിത്വമകുടം ചൂടിയ അപ്പസ്‌തോലന്‍ യാക്കോബാണ്. അവന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥവിവരണം ഇപ്രകാരം വായിക്കാം: ഹേറോദുരാജാവിന്റെ പൗത്രനായ ഹേറോദ് അഗ്രിപ്പായുടെ ഭരണകാലത്ത് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി. അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട് അവന്‍ പത്രോസിനെയും ബന്ധനസ്ഥനാക്കി കാരാഗൃഹത്തിലടച്ച് കാവലേര്‍പ്പെടുത്തി (അപ്പ. പ്രവ. 12:1-3). സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഇരുചങ്ങലകളാല്‍ ബന്ധിതനായിരുന്ന പത്രോസിനെ കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹത്തില്‍നിന്നു വിമോചിപ്പിച്ചു പുറത്തുകൊണ്ടുവന്ന അദ്ഭുതകരമായ രക്ഷപ്പെടല്‍ തുടര്‍ന്നുവായിക്കാം. നീറോ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് എ ഡി 66 ലായിരുന്നു പത്രോസിന്റെ തലകീഴായുള്ള കുരിശുമരണം.
പ്രായമെത്തി മരിച്ച യോഹന്നാന്‍ ശ്ലീഹായും ആത്മഹത്യ ചെയ്ത യൂദാസ് സ്‌കറിയോത്തയും ഒഴിച്ച് ബാക്കിയുള്ള എല്ലാ അപ്പസ്‌തോലന്മാരും രക്തസാക്ഷികളായവരാണ്.
മത്തായിയും തോമായും കുന്തത്താല്‍ കുത്തപ്പെട്ടാണു മരണം വരിച്ചത്. അസ്ത്രങ്ങള്‍ എയ്താണ് യൂദാതദേവൂസിനെ വകവരുത്തിയത്. ഹല്‍പെയുടെ പുത്രനായ യാക്കോബിനെ ഗദ കൊണ്ടടിച്ചു കൊലപ്പെടുത്തി. അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയോ, തീക്ഷ്ണമതിയായ ശിമയോന്‍, മത്തിയാസ് എന്നിവരും ഘോരപീഡനങ്ങള്‍ക്കുശേഷം വധിക്കപ്പെട്ടവരാണ്. ജീവനോടെ നിറുത്തി തൊലിയുരിഞ്ഞശേഷം അര്‍മേനിയന്‍ രാജാവായ ആസ്റ്റിയാഗെസാണ് എ ഡി 69 ല്‍ നഥാനിയേല്‍ എന്നുകൂടി പേരുള്ള ബര്‍ത്തലോമിയയെ കഴുത്തറുത്തുവധിച്ചത്.
(തുടരും)