തിബേരിയൂസ് സീസറിന്റെ ഭരണകാലംമുതല്‍ നീറോയുടെ മരണംവരെയുള്ള അര നൂറ്റാണ്ടിലേറെക്കാലം യഹൂദജനവും ആദിമക്രൈസ്തവസമൂഹവും അനുഭവിക്കേണ്ടിവന്ന നരകയാതനകള്‍ വര്‍ണനാതീതമാണ്.
അഗസ്റ്റസ് സീസറിനുശേഷമുള്ള ജൂലിയോ - ക്ലാവുദിയന്‍ വംശത്തിലെ നാലു ചക്രവര്‍ത്തിമാരും ഏകദൈവവിശ്വാസികളായ യഹൂദരെയും ക്രൈസ്തവരെയും നിര്‍ദയം വേട്ടയാടുകയായിരുന്നു.
റോമന്‍ദേവന്മാരെയും ദേവതകളെയുംമാത്രമല്ല, തങ്ങളെയും ദൈവങ്ങളായി ആരാധിക്കണമെന്ന ചക്രവര്‍ത്തിമാരുടെ കല്പനകള്‍ അനുസരിക്കാത്തത് കൊടിയ മതപീഡനങ്ങളിലേക്കാണു നയിച്ചത്.
അഗസ്റ്റസ് സീസറിന്റെ മരണശേഷം അധികാരമേറ്റ തിബേരിയൂസ് സീസര്‍ എ ഡി 19 ല്‍ റോമിലെ യഹൂദരെ മുഴുവന്‍ നഗരത്തില്‍നിന്നു പുറത്താക്കി. യഹൂദരുടെ വിചിത്രമായ ആചാരാനുഷ്ഠാനങ്ങള്‍ കൈവെടിയുംവരെ നഗരത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു ചക്രവര്‍ത്തിയുടെ ഉഗ്രശാസനം.
യേശുക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ചു ചക്രവര്‍ത്തി അറിഞ്ഞിരുന്നില്ലെങ്കിലും, യേശു മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേറ്റുവെന്ന വാര്‍ത്ത യൂദയാ ഗവര്‍ണറായിരുന്ന പോന്തിയോസ് പീലാത്തോസും ഹേറോദ് അഗ്രിപ്പാ രാജാവും അദ്ദേഹത്തെ അറിയിച്ചിരുന്നതായി കരുതപ്പെടുന്നുണ്ട്. ഭൂമിയിലായിരുന്നപ്പോള്‍ യേശു ചെയ്ത അദ്ഭുതകൃത്യങ്ങളും മരണശേഷമുള്ള ഉയിര്‍പ്പും വിശ്വസിച്ച് യേശുവിനെ ദേവതുല്യനായി കാണണമെന്നാവശ്യപ്പെട്ട് തിബേരിയൂസ് സീസര്‍ റോമന്‍സെനറ്റിനു നല്കിയ ശിപാര്‍ശ നിരസിക്കപ്പെടുകയായിരുന്നു. റോമിന്റെ അധികാരത്തെ ചോദ്യം ചെയ്യാത്തിടത്തോളംകാലം ക്രിസ്തുവിന്റെ അനുയായികളെ ഉപദ്രവിക്കേണ്ടതില്ലെന്ന തീരുമാനമാണ് സെനറ്റു സ്വീകരിച്ചത്. പിന്നീടുള്ള 300 വര്‍ഷക്കാലത്തേക്കു നിയമസാധുത ഉണ്ടായിരുന്നില്ലെങ്കിലും, റോമാസാമ്രാജ്യത്തില്‍ ക്രിസ്തുമതത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ഈ തീരുമാനം നിമിത്തമായി.
തിബേരിയൂസ് സീസറിന്റെ മരണശേഷം എ ഡി 37-ല്‍ അധികാരമേറ്റ 25 കാരനായ കലിഗുല, ലോകചരിത്രത്തിലെ ഏറ്റവും നിഷ്ഠുരനായ റോമന്‍ ചക്രവര്‍ത്തിയായിരുന്നു. അധികാരമേറ്റു മാസങ്ങള്‍ തികയുംമുമ്പ് തന്റെ നാമത്തില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്നും, തന്നെ ദൈവമായി ആരാധിക്കണമെന്നും ചക്രവര്‍ത്തി കല്പന പുറപ്പെടുവിച്ചു. യഹൂദജനം പരിപാവനമായി കരുതിയിരുന്ന ജറുസലെംദൈവാലയത്തില്‍ തന്റെ പ്രതിമ സ്ഥാപിക്കാനുള്ള കലിഗുലയുടെ തീരുമാനം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. യഹോവയെ അല്ലാതെ മറ്റൊരു ദൈവത്തെ ആരാധിക്കുകയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന യഹൂദരെയെല്ലാം കലിഗുല വാളിനിരയാക്കി. തന്റെ സിംഹാസനത്തിനു ഭീഷണിയാകുമെന്നു സംശയിച്ച് അടുത്ത ബന്ധുക്കളെയും ഏതാനും സെനറ്റര്‍മാരെയും കലിഗുല കൊന്നൊടുക്കി. ഒടുവില്‍, സൈനികരില്‍ ചിലര്‍ സംഘംചേര്‍ന്ന് ചക്രവര്‍ത്തിയെ കുത്തിക്കൊലപ്പെടുത്തിയാണ് നാലു വര്‍ഷത്തെ കിരാതഭരണത്തിന് അന്ത്യം കുറിച്ചത്.
കലിഗുലയുടെ പിതൃസഹോദരനായ ക്ലാവുദിയൂസ് ആയിരുന്നു അയാളുടെ പിന്‍ഗാമി. എ ഡി 41-ല്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റ ക്ലാവുദിയൂസ് സീസര്‍, യഹൂദരോടും ക്രൈസ്തവരോടും മൃദുസമീപനം പുലര്‍ത്തി. യഹൂദമതത്തിനു റോമാസാമ്രാജ്യത്തില്‍ നിയമസാധുത ഉണ്ടായിരുന്നതിനാല്‍ അവരുടെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ വിഘ്‌നംകൂടാതെ തുടരാന്‍ ചക്രവര്‍ത്തി അനുമതി നല്കി. ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കണമെന്ന നിബന്ധനയിലും ഇളവുണ്ടായിരുന്നു. സൈന്യത്തിലും പൊലീസിലും ചേരുന്നതില്‍നിന്നു യഹൂദയുവാക്കളെ ഒഴിവാക്കുകയും, ജനത്തില്‍നിന്നു പിരിച്ചെടുക്കുന്ന ചുങ്കം ദൈവാലയനടത്തിപ്പിനായി ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു.
എ ഡി 42 നോടടുത്ത് റോമിലെത്തിയെന്നു കരുതപ്പെടുന്ന അപ്പസ്‌തോലപ്രമുഖനായ പത്രോസ്, സുവിശേഷത്തിന്റെ സദ്വാര്‍ത്ത അറിയിച്ചുകൊണ്ട് 25 വര്‍ഷത്തോളം നഗരത്തില്‍ ചുറ്റിസഞ്ചരിച്ചു. യഹൂദര്‍ കുരിശില്‍ തറച്ചുകൊന്ന യേശുക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവെന്ന യാഥാര്‍ഥ്യമായിരുന്നു പത്രോസിന്റെ പ്രസംഗങ്ങളില്‍ ഊന്നിപ്പറഞ്ഞത്. ജറുസലെമിനു പുറത്തുള്ള പട്ടണങ്ങളില്‍ സുവിശേഷം പ്രഘോഷിച്ച മറ്റ് അപ്പസ്‌തോലന്മാരും ഇതുതന്നെയാണു ചെയ്തത്.
ക്രിസ്തുശിഷ്യരുടെ അഭൂതപൂര്‍വമായ വളര്‍ച്ച റോമന്‍ഭരണാധികാരികള്‍ സംശയദൃഷ്ടിയോടെയാണു വീക്ഷിച്ചത്. 'അന്ധവിശ്വാസികളായ ക്രിസ്ത്യാനികള്‍' അത്യന്തം അപകടകാരികളാകുമെന്നായിരുന്നു റോമാക്കാരുടെ ഭയം. യേശുവിനെ ഒരു കലാപകാരിയും, അവന്റെ അനുയായികളെ പ്രശ്‌നക്കാരുമായിമാത്രമേ റോമാക്കാര്‍ക്കു സങ്കല്പിക്കാനാകുമായിരുന്നുള്ളൂ. യേശുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിച്ചവരില്‍ ഭൂരിഭാഗവും യഹൂദരായിരുന്നതിനാല്‍, നഗരത്തിലെ മുഴുവന്‍ യഹൂദരെയും അവിടെനിന്ന് ഒഴിപ്പിക്കുന്നതിനുള്ള ഒരു കല്പന ക്ലാവുദിയൂസ് സീസര്‍ പുറപ്പെടുവിച്ചു. എ ഡി 49 ല്‍ നടന്ന ഈ കൂട്ട ഒഴിപ്പിക്കലിനെക്കുറിച്ചു വിശുദ്ധഗ്രന്ഥത്തില്‍ സൂചനയുണ്ട്: പൗലോസ് പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കോറിന്തോസില്‍ വച്ചു കണ്ടുമുട്ടി. അവന്‍ തന്റെ ഭാര്യയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലാ യഹൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ കല്പനയുണ്ടായിരുന്നു (അപ്പ പ്രവ 18:1-2). ക്ലാവുദിയൂസിന്റെ മരണം വരെ യഹൂദര്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ നഗരത്തില്‍ പ്രവേശിക്കാനാകുമായിരുന്നില്ല. 'റോം കത്തിയമര്‍ന്നപ്പോള്‍ വീണ വായിച്ചിരുന്നു' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള നീറോയുടെ ഭരണം തുടങ്ങുന്ന എ ഡി 54-ല്‍ മാത്രമേ നഗരത്തില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ക്കു മടങ്ങിവരാനായുള്ളൂ.
റോമാനഗരം കത്തിയമരുന്നു
ഏറ്റവും നീചനും നിഷ്ഠൂരനും ക്രൂരനുമായ ഒരു ഭരണാധികാരിയുടെ അടുത്തേക്കാണ് ബലിയാടുകളെപ്പോലെ തങ്ങള്‍ മടങ്ങിപ്പോവുന്നതെന്ന് അറിയാതെയാണ് യഹൂദരും ക്രിസ്ത്യാനികളും റോമിലേക്കു തിരിച്ചെത്തിയത്.
എ ഡി 60 ല്‍ പൗലോസ് അപ്പസ്‌തോലന്‍ റോമിലെത്തിയത് അവിടത്തെ ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ കരുത്തുപകരുകയും ചെയ്തു. പ്രധാന പുരോഹിതനായ അനനിയാസും ജനപ്രമാണികളും തന്റെമേല്‍ ചുമത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുകാണിച്ച് സീസറിനു നിവേദനം സമര്‍പ്പിക്കാനായി എത്തിയതായിരുന്നു പൗലോസ്. ചക്രവര്‍ത്തിക്കു ബലിയര്‍പ്പിക്കുന്നതിനെയും പൂജിക്കുന്നതിനെയും റോമന്‍ ദേവന്മാരുടെ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനെയും വിമര്‍ശിച്ച് പൗലോസ് നടത്തിയ പ്രസംഗങ്ങള്‍ നീറോയെ അലോസരപ്പെടുത്തുകയും ചെയ്തിരുന്നു.
അങ്ങനെയിരിക്കെയാണ് റോമാനഗരത്തെ വിഴുങ്ങിയ എ ഡി 64-ലെ കുപ്രസിദ്ധമായ തീപിടുത്തം. നഗരം കത്തിച്ചാമ്പലാകുന്നതുകണ്ട് മതിമറന്നാഹ്ലാദിച്ച നീറോ വീണ വായിച്ചുകൊണ്ടു മട്ടുപ്പാവിലിരിക്കുകയായിരുന്നുവെന്നാണ് പിന്നാമ്പുറ കഥ. തനിക്കുവേണ്ടി ഒരു പുതിയ കൊട്ടാരം നിര്‍മിക്കാനുള്ള ഉദ്ദേശ്യത്തോടെ തീ കൊളുത്തിയതു നീറോയാണെന്ന പരാതി ഉയര്‍ന്നതോടെ ആരോപണം മുഴുവന്‍ ക്രിസ്ത്യാനികളുടെമേല്‍ ചുമത്തി റോമാസാമ്രാജ്യം കണ്ട ഏറ്റവും വലിയ മതപീഡനത്തിനു തുടക്കമിടുകയായിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വത്തിലും താറുമാറായ സാമ്പത്തികസ്ഥിതിയിലും പൊറുതിമുട്ടിയ ജനങ്ങളുടെ എതിര്‍പ്പില്‍നിന്നു രക്ഷപ്പെടാനുള്ള ഒരവസരമായി നീറോ ഈ തീപിടുത്തത്തെ മാറ്റിയെടുത്തു. ക്രിസ്തുമതവിശ്വാസികളെല്ലാം ഒറ്റയ്ക്കും കൂട്ടായും ആക്രമിക്കപ്പെട്ടു. കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തി. മനുഷ്യരെ മൃഗങ്ങളുടെ തോലുകള്‍ ധരിപ്പിച്ചശേഷം വേട്ടപ്പട്ടികള്‍ക്കു എറിഞ്ഞുകൊടുത്തു. മറ്റു ചിലരെ കുരിശില്‍ തറച്ചുകൊന്നു. രാത്രികാലങ്ങളില്‍ തെരുവുകളില്‍ വെളിച്ചംകിട്ടാന്‍ മനുഷ്യരെ കമ്പുകളില്‍ കുത്തിനിര്‍ത്തി ടാര്‍ ഒഴിച്ചു കത്തിച്ച് പന്തങ്ങളാക്കി മാറ്റിയതായും ചരിത്രത്തിലുണ്ട്. റോമാനഗരത്തിലെ പതിന്നാലു ജില്ലകളില്‍ പത്തെണ്ണവും വെന്തു വെണ്ണീറായി. ആറു ദിവസത്തെ ഭഗീരഥപ്രയത്‌നംകൊണ്ടാണ് നഗരത്തിലെ തീയണച്ചത്. സഭാതലവനായ പത്രോസും വിജാതീയ അപ്പസ്‌തോലനായ പൗലോസും റോമില്‍വച്ച് രക്തസാക്ഷികളായത് നീറോയുടെ ഭരണകാലത്താണ്.
ബി സി 63 മുതലുള്ള ഒരു നൂറ്റാണ്ടിലേറെക്കാലത്തെ റോമന്‍ ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രയേല്‍ ജനം റോമാസാമ്രാജ്യത്തിനെതിരേ ഉയര്‍ത്തിയ കലാപവും വലിയ ദുരന്തത്തിലേക്കാണ് അവരെ കൊണ്ടെത്തിച്ചത്. അജ്ഞാതനായ ഏതോ ഒരു വ്യക്തി ഒരു പാത്രംനിറയെ മൂത്രം യൂദയായിലെ ഒരു സിനഗോഗിന്റെ പടിവാതില്‍ക്കല്‍ ഒഴിച്ച് വിശുദ്ധസ്ഥലം മലിനമാക്കിയതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിനു കാരണം. ഇതിനെതിരേ യൂദയായില്‍ തുടക്കമിട്ട എ ഡി 66 ലെ യഹൂദകലാപം അമര്‍ച്ച ചെയ്യാന്‍ റോമന്‍ ജനറലായ വെസ്പാസിയനെയാണ് നീറോ നിയോഗിച്ചത്. യൂദയായുടെ ഗവര്‍ണര്‍ സ്ഥാനവും വെസ്പാസിയനു നല്‍കി ചക്രവര്‍ത്തി ഉത്തരവിറക്കി.
(തുടരും)