കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണത്തിന്-Nicene Creed രൂപംകൊടുത്തത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത നിഖ്യാസൂനഹദോസിലാണ്.
യേശുക്രിസ്തു സര്‍വശക്തനായ ഏകദൈവത്തില്‍നിന്ന് ഉദ്ഭവിച്ചവനാണെന്നും, അവന്‍ മനുഷ്യകുലത്തിന്റെ പാപപരിഹാരാര്‍ഥം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ കന്യകയില്‍നിന്നു ജനിച്ചവനാണെന്നും വിശ്വാസപ്രമാണത്തിലൂടെ സ്ഥിരീകരിച്ചു.
ദൈവം ഏകനാണെങ്കിലും അവിടുത്തെ സത്തയില്‍ മൂന്നു വ്യക്തികളുണ്ടെന്നും, പുത്രനായ യേശു പിതാവിനോട് സമനാണെന്നും സൂനഹദോസിലൂടെ ഉദ്‌ബോധിപ്പിച്ചു. യേശുവിന്റെ പീഡാസഹനങ്ങളെയും, മരണത്തെയും, ഉയിര്‍പ്പിനെയും വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുന്നു. നിഖ്യയില്‍ രൂപംകൊടുത്ത അതേ വിശ്വാസസത്യങ്ങളാണ് സഭ ഇന്നും പിന്തുടരുന്നത്.
യഹൂദരുടെ പെസഹാത്തിരുനാളിനു ശേഷമുള്ള ആദ്യഞായറാഴ്ച ഈസ്റ്റര്‍ ദിനമായി ആഘോഷിക്കാനുള്ള തീരുമാനവും നിഖ്യാസൂനഹദോസിലുണ്ടായി. അതിന്‍പ്രകാരം, എ ഡി 326 ഏപ്രില്‍ 4-ാം തീയതി റോമന്‍സാമ്രാജ്യത്തിലെ ആദ്യത്തെ ഈസ്റ്റര്‍ ആചരിച്ചു. യഹൂദരുടെ സാബത്തില്‍തന്നെ ഈസ്റ്റര്‍ ആഘോഷിക്കേണ്ടെന്ന് കോണ്‍സ്റ്റന്റൈന്‍ ശഠിച്ചു. അക്കാലത്തെ സഭാതലവനായിരുന്ന സില്‍വെസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പ നിഖ്യയില്‍ എത്തിയിരുന്നില്ലെങ്കിലും രണ്ടു പേപ്പല്‍പ്രതിനിധികള്‍ സൂനഹദോസില്‍ പങ്കെടുക്കുകയുണ്ടായി.
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ക്രിസ്തുമതത്തിലുള്ള അടിയുറച്ച വിശ്വാസവും പ്രതിബദ്ധതയുമാണ് തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലെ ക്രിസ്തുമതത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറപാകിയത്. നികൃഷ്ടരും വെറുക്കപ്പെടേണ്ടവരുമായ ഒരു ജനവിഭാഗമായി വിജാതീയറോമാക്കാര്‍ വീക്ഷിച്ചിരുന്ന ക്രിസ്ത്യാനികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്തിയത് അദ്ദേഹം നടപ്പാക്കിയ ധീരമായ നടപടികളാണ്. ഭരണസിരാകേന്ദ്രങ്ങളിലും സൈന്യത്തിലുമുള്ള പ്രമുഖസ്ഥാനങ്ങളിലേക്കു ക്രിസ്ത്യാനികളെ നിയമിച്ചു. ക്രൈസ്തവപുരോഹിതരെ കരം അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കിയ ചക്രവര്‍ത്തി, ദൈവാലയങ്ങള്‍ നിര്‍മിക്കുന്നതിന് ആളും അര്‍ഥവും നല്‍കി സഹായിച്ചു. പത്രോസ് ശ്ലീഹയുടെ കല്ലറയ്ക്കുമുകളില്‍ എ ഡി 326 ല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നിര്‍മാണം തുടങ്ങിവച്ചത് കോണ്‍സ്റ്റന്റൈനാണ്. ആദ്യകാലത്തെ മാര്‍പാപ്പമാരുടെ ഔദ്യോഗികവസതിയായിരുന്ന ലാറ്ററന്‍കൊട്ടാരത്തോടുചേര്‍ന്ന് വിശുദ്ധ ജോണ്‍ ലാറ്ററന്റെ പേരിലുള്ള ആര്‍ച്ചുബസലിക്കയും അദ്ദേഹം നിര്‍മിച്ചു. അള്‍ജീറിയയിലെ സിര്‍ട്ടയിലും, ഈജിപ്തിലെ അലക്‌സാണ്ട്രിയയിലും, കൂടാതെ, ഗാസയിലും മാമ്‌റെയിലും ജറുസലെമിലും, ജര്‍മനിയിലെ ട്രയറിലും, തുര്‍ക്കിയിലെ നിഖ്യയിലും അന്ത്യോക്യയിലും ദൈവാലയങ്ങള്‍ നിര്‍മിച്ചത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ്. ക്രൈസ്തവസമൂഹം വേരൂന്നിയ ഇടങ്ങളിലെല്ലാം ആരാധനയ്ക്കായി ഒത്തുചേരാന്‍ ദൈവാലയങ്ങള്‍ നിര്‍മിച്ചുനല്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. 'ബൈസാന്റിയം' എന്ന പേരില്‍ അദ്ദേഹം സ്ഥാപിച്ചതും, പില്‍ക്കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന് അറിയപ്പെട്ടതുമായ 'പുതിയ റോമാ' നഗരത്തില്‍ 'മെഗലെ എക്ലേസിയ' എന്ന വലിയ ഒരു ദൈവാലയവും അദ്ദേഹത്തിന്റെ നിര്‍മിതിയാണ്. 'ഡിവൈന്‍ വിസ്ഡം' (മലയാളത്തില്‍ 'ദൈവികജ്ഞാനം') എന്നു നാമകരണം ചെയ്ത ദൈവാലയത്തിന്റെ പേര് പിന്നീട് 'ഹാഗിയ സോഫിയ' എന്നാക്കി മാറ്റി. 'ദൈവികജ്ഞാനം' എന്ന വാക്കിന്റെ ഗ്രീക്കുഭാഷ്യമാണ് ഹാഗിയ സോഫിയ.
മിലാന്‍ വിളംബരത്തിലൂടെ ക്രിസ്ത്യാനികള്‍ക്കു നല്കിയ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്തുവന്ന കിഴക്കന്‍സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ലിസിനിയസിനെ എ ഡി 324 ല്‍ അഡ്രിയാനോപ്പിളിലും ക്രിസോപ്പോളിസിലും നടന്ന യുദ്ധങ്ങളില്‍ തോല്പിച്ചതോടെ കോണ്‍സ്റ്റന്റൈന്‍ മുഴുവന്‍ റോമാസാമ്രാജ്യത്തിന്റെയും ചോദ്യം ചെയ്യപ്പെടാത്ത ചക്രവര്‍ത്തിയായി. മഹാനായ കോണ്‍സ്റ്റന്റൈന്റെ പിന്നീടുള്ള 13 വര്‍ഷഭരണകാലം ക്രിസ്തുമതത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കു നിമിത്തമായി.
തെക്കേ അര്‍മേനിയയിലെ സെബാസ്‌തെ എന്ന നഗരത്തില്‍ റോമന്‍ സൈനികരായിരുന്ന 40 ക്രിസ്തുമതവിശ്വാസികള്‍ രക്തസാക്ഷിത്വമകുടം ചൂടിയത് ലിസിനിയസിന്റെ ഭരണകാലത്താണ്. അവരെയെല്ലാം പൂര്‍ണനഗ്‌നരാക്കി ഐസായി മാറിയ ഒരു തടാകത്തില്‍ ഒരു രാത്രി മുഴുവന്‍ നിര്‍ത്തി മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു. പിറ്റേന്ന്, മരിക്കാതെ അവശേഷിച്ചവരെ മരിച്ചവരോടൊപ്പം ചിതയിലേക്കെറിഞ്ഞു വധിക്കുകയും ചെയ്തു. 40 രക്തസാക്ഷികളുടെയും തിരുനാള്‍ കത്തോലിക്കാസഭ മാര്‍ച്ച് 10-ാം തീയതി ആചരിക്കുന്നു.
എ ഡി 329 ല്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച മൂന്നു പ്രഖ്യാപനങ്ങള്‍ കോണ്‍സ്റ്റന്റൈന്‍ നടത്തി. ക്രൈസ്തവരെ തടവില്‍ വയ്ക്കുകയോ അടിമകളായി വില്ക്കുകയോ ചെയ്യുന്നതില്‍നിന്നു യഹൂദരെ വിലക്കുന്നതായിരുന്നു ആദ്യത്തെ പ്രഖ്യാപനം. ക്രിസ്തുമതം സ്വീകരിച്ച യഹൂദരെ യഹൂദമതത്തിലേക്കു തിരികെക്കൊണ്ടുവരുന്നത് മരണശിക്ഷയര്‍ഹിക്കുന്ന കുറ്റമാണെന്നു വിധിക്കുകയും, സാമ്രാജ്യമൊന്നാകെ മിശ്രവിവാഹം നിരോധിക്കുകയും ചെയ്തു.
ബൈസന്റൈന്‍ സാമ്രാജ്യം
ഒരു സഹസ്രാബ്ദത്തിലധികം നിലനിന്ന ബൈസന്റൈന്‍സാമ്രാജ്യസ്ഥാപകന്‍കൂടിയാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി. റോം ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ സാമ്രാജ്യംപോലും അഞ്ചു നൂറ്റാണ്ടുകളേ നിലനിന്നുള്ളൂ എന്ന് ഓര്‍മ്മിക്കണം. എ ഡി 330 മേയ് 15 മുതല്‍ എ ഡി 1453 മേയ് 29 ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ കീഴടക്കുംവരെയുള്ള 1123 വര്‍ഷം ബൈസന്റൈന്‍ സാമ്രാജ്യം നിലനിന്നു.
ഈജിയന്‍കടലിനും കരിങ്കടലിനും ഇടയിലുള്ള ബോസ്‌ഫോറസ് കടലിടുക്കിനിരുപുറവുമായി ആറു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ബൈസാന്റിയം എന്ന തലസ്ഥാനനഗരം പിന്നീടു സ്ഥാപകന്റെ ബഹുമാനാര്‍ഥം കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നു നാമകരണം ചെയ്യപ്പെട്ടു (ഇപ്പോഴത്തെ ഇസ്താംബൂള്‍). യൂറോപ്യന്‍ഭൂഖണ്ഡവും ഏഷ്യന്‍വന്‍കരയും സംഗമിക്കുന്ന ഏറ്റവും തന്ത്രപ്രധാനമായ സ്ഥാനത്തു നിര്‍മിക്കപ്പെട്ട കോണ്‍സ്റ്റാന്റിനോപ്പിള്‍ ചുരുങ്ങിയ കാലംകൊണ്ട് പൗരസ്ത്യദേശത്തെ ഏറ്റവും സമ്പന്നമായ നഗരമായി വളര്‍ന്നു.
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അധികാരമേറ്റു മൂന്നു ദശകങ്ങള്‍ തികയുംമുമ്പുതന്നെ സാമ്രാജ്യത്തിലെ 50 ശതമാനം ജനങ്ങളും ക്രിസ്തുമതം സ്വീകരിച്ചുകഴിഞ്ഞിരുന്നു. വിശ്വാസികളുടെ ബാഹുല്യമാണ് പുതിയ ദൈവാലയങ്ങളുടെ നിര്‍മിതിക്കു ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചത്. ഹാഗിയ സോഫിയയുടെ നിര്‍മാണം പൂര്‍ത്തിയാകുംമുമ്പ് ഹാഗിയ ഐറിന്‍ Church of Peace പണിതുകഴിഞ്ഞിരുന്നു. ഇവയ്ക്കുപിന്നാലെ വിശുദ്ധ ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള Church of Holy Apostles ഉം, കോണ്‍സ്റ്റാന്റിനോപ്പിളിനു പുറത്ത് പ്രശാന്തമായ ഒരു സ്ഥലത്ത് ദിവ്യരക്ഷകനായ യേശുവിന്റെ പേരില്‍ Church of the Holy Saviour എന്ന ഒരു സന്യാസാശ്രമവും നിര്‍മിച്ചു. അമ്മയായ ഹെലേന രാജ്ഞി നിര്‍ദേശിച്ച വിശുദ്ധ സ്ഥലങ്ങളില്‍ പണികഴിപ്പിച്ച എല്ലാ ദൈവാലയങ്ങള്‍ക്കും കോണ്‍സ്റ്റന്റൈന്‍ അനുമതി നല്‍കി. സാമ്രാജ്യത്തിന്റെ ഭരണാധികാരിയും സര്‍വസൈന്യാധിപനുമായിരിക്കുമ്പോഴും സഭയുടെ സുപ്രധാന തീരുമാനങ്ങളിലെല്ലാം ചക്രവര്‍ത്തിയുടെ ഇടപെടലുണ്ടായിരുന്നു. കേസറിയയിലെ മെത്രാനായിരുന്ന യൗസേബിയസ് തയ്യാറാക്കിയ വിശുദ്ധ ബൈബിളിന്റെ 50 വാല്യങ്ങള്‍ എ ഡി 332 ല്‍ പ്രസിദ്ധീകരിച്ചത് കോണ്‍സ്റ്റന്റൈനാണ്. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാന്മാരുടെയും പുരോഹിതരുടെയും ഉപയോഗത്തിനുവേണ്ടിയാണ് അവ തയ്യാറാക്കിയത്.
ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികള്‍ ഏറ്റവും പൂജ്യമായിക്കരുതുന്ന ജറുസലെമിലെ തിരുക്കല്ലറയുടെ ദൈവാലയത്തിന്റെ സമര്‍പ്പണം എ ഡി 335 സെപ്റ്റംബര്‍ 13-ാം തീയതിയായിരുന്നു. അതേ വര്‍ഷംതന്നെയായിരുന്നു ടയറിലെ (Tyre) സിനഡും കോണ്‍സ്റ്റന്റൈന്‍ വിളിച്ചുചേര്‍ത്തത്. ടയറില്‍ ഒത്തുകൂടിയ 60 മേലധ്യക്ഷന്മാരോടൊപ്പം അലക്‌സാണ്ട്രിയയിലെ പാത്രിയര്‍ക്കീസായിരുന്ന മാര്‍ അത്തനേഷ്യസുമുണ്ടായിരുന്നു. കത്തോലിക്കാസഭയുടെ നെടുംതൂണുകളിലൊരാളായിരുന്നു മാര്‍ അത്തനേഷ്യസെന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരേ ധീരമായി പോരാടിയ അദ്ദേഹം പില്‍ക്കാലത്ത് വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുകയും വേദപാരംഗതനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
യേശുവിന്റെ ജനനത്തിരുനാള്‍ ഡിസംബര്‍ 25 ന് ആചരിച്ചുതുടങ്ങിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കല്പനപ്രകാരമാണ്. ലോകം സൃഷ്ടിക്കപ്പെട്ടത് മാര്‍ച്ചുമാസം 25-ാം തീയതിയാണെന്നു വാദിച്ച ചരിത്രകാരനായ സെക്സ്റ്റസ് ജൂലിയസ് കന്യകയായ മറിയത്തിന്റെ ഉദരത്തില്‍ ഉണ്ണിയേശു ഉരുവായത് അതേദിവസമാണെന്നു കണ്ടെത്തുകയും അക്കാര്യം ചക്രവര്‍ത്തിയെ അറിയിക്കുകയും ചെയ്തു. അന്നുമുതല്‍ 9 മാസം പൂര്‍ത്തിയാകുന്നത് ഡിസംബര്‍ 25 നാണെന്നു കണക്കാക്കുകയും, സാമ്രാജ്യമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ ആദ്യത്തെ ക്രിസ്തുമസ് എ ഡി 336 ഡിസംബര്‍ 25 ന് സാഘോഷം കൊണ്ടാടുകയും ചെയ്തു.
രണഭൂമിയിലായിരിക്കുമ്പോഴും കോണ്‍സ്റ്റന്റൈന്‍ ഒരു പ്രാര്‍ഥനാമുറി (chapel) തന്നോടൊപ്പം കൊണ്ടുനടന്നിരുന്നുവെന്നു പറയപ്പെടുന്നുണ്ട്. യുദ്ധത്തിന്റെ ഇടവേളകളില്‍ പ്രാര്‍ഥനാമുറിയില്‍ പ്രതിഷ്ഠിച്ചിരുന്ന കുരിശില്‍ നോക്കി അദ്ദേഹം പ്രാര്‍ഥിക്കും. മില്‍വിയന്‍ പാലത്തിനടുത്തുവച്ചുണ്ടായ കുരിശിന്റെ പ്രത്യക്ഷീകരണം അദ്ദേഹത്തെ അത്രമാത്രം സ്വാധീനിച്ചിരുന്നു. തന്നോടൊപ്പം യുദ്ധത്തിനിറങ്ങുന്ന സൈനികര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും തയ്യാറാക്കി നല്‍കി. ബൈസന്റൈന്‍ സാമ്രാജ്യം സ്ഥാപിച്ചതും, കോണ്‍സ്റ്റാന്റിനോപ്പിളിനെ അതിന്റെ തലസ്ഥാനമായി നിശ്ചയിച്ചതും സര്‍വശക്തനായ ദൈവത്തിന്റെ അഭീഷ്ടപ്രകാരമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
സാമ്രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ യുദ്ധത്തിനെത്തിയ പേര്‍ഷ്യന്‍ സൈന്യത്തെ നേരിടാന്‍ ഹെലെനോപ്പോളിസിലെത്തിയ കോണ്‍സ്റ്റന്റൈന്‍ അവിടെവച്ചു രോഗബാധിതനാവുകയാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു തിരികെപ്പോകാന്‍ ആഗ്രഹിച്ചു. ചക്രവര്‍ത്തിക്കു നല്‍കിയ ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോള്‍ യാത്രാമധ്യേയുള്ള നിക്കൊമിഡിയയില്‍ തങ്ങി. അന്നുവരെ മാമ്മോദീസ സ്വീകരിച്ചിട്ടില്ലാതിരുന്നതിനാല്‍ അവിടത്തെ മെത്രാനായിരുന്ന യൗസേബിയസിനെ വിളിച്ചുവരുത്തുകയും മരണക്കിടക്കയില്‍ കിടന്നുകൊണ്ട് മാമ്മോദീസ സ്വീകരിക്കുകയുമായിരുന്നു. കൂദാശ സ്വീകരിച്ചതിനുശേഷം ഒരു പാപവും ചെയ്യാന്‍ അവസരംകൊടുക്കാതെ വിട പറയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എ ഡി 337 മേയ് മാസം 22-ാം തീയതി 65-ാമത്തെ വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം കോണ്‍സ്റ്റാന്റിനോപ്പിളിലെത്തിച്ച് അദ്ദേഹം പണികഴിപ്പിച്ച വിശുദ്ധ ശ്ലീഹന്മാരുടെ ദൈവാലയത്തില്‍ സംസ്‌കരിച്ചു. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭ വിശുദ്ധനായി പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ തിരുനാള്‍ മേയ് മാസം 21-ാം തീയതി ആചരിക്കുന്നു.
പിന്‍ഗാമി ആരെന്നു നിശ്ചയിക്കാതെ മരിച്ചതിനാല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മക്കളായ കോണ്‍സ്റ്റന്റൈന്‍ രണ്ടാമനും, കോണ്‍സ്റ്റന്‍ഷ്യസ് രണ്ടാമനും, കോണ്‍സ്റ്റന്‍സും സാമ്രാജ്യം മൂന്നായി വിഭജിച്ചു ഭരിച്ചു. പിന്നീട്, രണ്ടു സഹോദരങ്ങളുടെയും മരണശേഷം കോണ്‍സ്റ്റന്‍ഷ്യസ് രണ്ടാമന്‍ മുഴുവന്‍ റോമന്‍ സാമ്രാജ്യത്തിന്റെയും ഭരണാധികാരിയായി. എ ഡി 379 ല്‍ തിയോഡോഷ്യസ് ഒന്നാമന്‍ ചക്രവര്‍ത്തിയാകുംവരെ റോമന്‍സാമ്രാജ്യം ആഭ്യന്തരകലാപത്തില്‍ ആടിയുലഞ്ഞു. (തുടരും)