അതിവിശാലമായ റോമന്‍സാമ്രാജ്യത്തിന്റെ ഭരണം സുതാര്യമാക്കുന്നതിനും ഭരണസ്ഥിരതയ്ക്കുംവേണ്ടി സാമ്രാജ്യത്തെ നാലു ഭാഗങ്ങളായി വിഭജിച്ച് നാലു ഭരണാധികാരികളെ ചുമതലയേല്പിച്ചത് ഡയോക്ലേഷ്യനാണ്. ഡയോക്ലേഷ്യനും മാക്‌സിമിയനും സീനിയര്‍ ചക്രവര്‍ത്തിമാരും കോണ്‍സ്റ്റന്‍ഷ്യസും ഗലേറിയസും രണ്ടാം സ്ഥാനക്കാരുമായിരുന്നു.
എന്നാല്‍, എ ഡി 305 ല്‍ ചക്രവര്‍ത്തിമാര്‍ രണ്ടുപേരും സ്ഥാനത്യാഗം ചെയ്തപ്പോള്‍ ഉടലെടുത്ത അധികാരവടംവലി ആഭ്യന്തരകലാപത്തിലേക്കാണു നീങ്ങിയത്. മാക്‌സിമിയന്റെ മകനായ മാക്‌സെന്‍ഷ്യസും കോണ്‍സ്റ്റന്‍ഷ്യസിന്റെ പുത്രനായ കോണ്‍സ്റ്റന്റൈനും ചക്രവര്‍ത്തിപദത്തിനായി മത്സരിച്ചു. അന്ന് ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ കോണ്‍സ്റ്റന്റൈനോടൊപ്പമുണ്ടായിരുന്ന പിതാവിന്റെ മരണത്തെത്തുടര്‍ന്ന് സൈനികര്‍ അദ്ദേഹത്തെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ചെറിയൊരു സൈന്യവുമായി റോമിലേക്കു പട നയിച്ച കോണ്‍സ്റ്റന്റൈന്‍ ടൈബര്‍ നദിയുടെ വടക്കേക്കരയില്‍ തമ്പടിച്ചു. മാക്‌സെന്‍ഷ്യസിന്റെ 1,20,000 അടങ്ങുന്ന സൈനികവ്യൂഹത്തെ നേരിടാന്‍ 40,000 സൈനികരേ കോണ്‍സ്റ്റന്റൈനുണ്ടായിരുന്നുള്ളൂ. ഭയാശങ്കയിലായ കോണ്‍സ്റ്റന്റൈന്‍ യുദ്ധത്തിന്റെ തലേന്നാള്‍ ഉച്ചവെയിലില്‍ ആകാശത്തേക്കു കണ്ണുകളുയര്‍ത്തി, സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിനാഥനായ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടിരിക്കേ വിസ്മയകരമായ ഒരു കാഴ്ച കണ്ട് അമ്പരന്നുപോയി. സൂര്യപ്രഭയില്‍ കുരിശാകൃതിയില്‍ ഒരു വെളിച്ചം! അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നതു കണ്ടു: 'കി വേശ െശെഴി രീിൂൗലൃ ഈ അടയാളത്തില്‍ കീഴടക്കുക' അന്നേദിവസം രാത്രി അദ്ദേഹത്തിനുണ്ടായ ഒരു ദര്‍ശനത്തില്‍ ''കുരിശടയാളം മുന്നില്‍ നിറുത്തി യുദ്ധം ചെയ്യുക'' എന്ന് യേശുക്രിസ്തു തന്നോടാവശ്യപ്പെടുന്നതായി അനുഭവപ്പെടുകയും ചെയ്തു. പിറ്റേന്ന്, മില്‍വിയന്‍ പാലം കടന്നെത്തിയ മാക്‌സെന്‍ഷ്യസിന്റെ വമ്പന്‍സൈന്യത്തെ നേരിട്ടത് പരിചകളില്‍ കുരിശടയാളം രേഖപ്പെടുത്തിയ കോണ്‍സ്റ്റെന്റൈന്റെ സൈന്യമാണ്. മില്‍വിയന്‍ പാലത്തിലൂടെ പിന്തിരിഞ്ഞോടിയ മാക്‌സെന്‍ഷ്യസും അദ്ദേഹത്തിന്റെ ഭൂരിഭാഗം സൈനികരും പാലം തകര്‍ന്ന് ടൈബര്‍നദിയിലേക്കു വീണു മരിച്ചുവെന്നാണു ചരിത്രം.
പരിചകളില്‍ രേഖപ്പെടുത്തിയത് ''X'', ''P'' എന്നീ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളാണെന്നു തോന്നാമെങ്കിലും, അവ രണ്ടും ഗ്രീക്കുഭാഷയിലുള്ള യേശുവിന്റെ പേരിന്റെ ആദ്യരണ്ടക്ഷരങ്ങളായിരുന്നു. ലോകചരിത്രത്തിന്റെ ഗതി തിരുത്തിക്കുറിച്ച ആ യുദ്ധം നടന്നത് എ ഡി 312 ഒക്‌ടോബര്‍ 28-ാം തീയതിയായിരുന്നു. യുദ്ധവിജയത്തിന്റെ ഓര്‍മയ്ക്കായി നഗരത്തില്‍ സ്ഥാപിച്ച 21 മീറ്റര്‍ (69 അടി) ഉയരമുള്ള കമാനം Arch of Constentine - എ ഡി 315 ല്‍ രാജ്യത്തിനു സമര്‍പ്പിച്ചു.
പരാജയപ്പെടുമെന്നുറപ്പിച്ച ആ യുദ്ധം വിജയിക്കാന്‍ കഴിഞ്ഞത് യേശുക്രിസ്തുവിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണെന്നു തിരിച്ചറിഞ്ഞ കോണ്‍സ്റ്റന്റൈന്‍ ഉറച്ച ഒരു തീരുമാനമെടുത്തു: 'ക്രിസ്തുമതം സ്വീകരിച്ച് യേശുക്രിസ്തുവിന്റെ അനുയായിയാവുക.' എന്നിരുന്നാലും, എ ഡി 313 ല്‍ മിലാന്‍ വിളംബരം പുറപ്പടുവിക്കുംവരെ അദ്ദേഹം തന്റെ തീരുമാനം രഹസ്യമായി സൂക്ഷിച്ചു.
മിലാന്‍ വിളംബരം
ചക്രവര്‍ത്തിമാരായ കോണ്‍സ്റ്റന്റൈനും ലിസിനിയസും ചേര്‍ന്നു പുറപ്പെടുവിച്ച മിലാന്‍വിളംബരം ക്രിസ്തുമതത്തിനു നിയമസാധുത നല്കുകയും മതമര്‍ദനം നിരോധിക്കുകയും ചെയ്തു. ക്രിസ്തുമതത്തില്‍ ചേരുന്നതു കുറ്റകരമല്ലെന്നു വിധിച്ചു. ഒരു റോമന്‍ പൗരന് ഏതു മതത്തില്‍ വിശ്വസിക്കാനും ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാനുമുള്ള സ്വാതന്ത്ര്യവും വിളംബരത്തിലൂടെ ലഭ്യമായി. ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും പ്രാര്‍ഥനകള്‍ക്കുവേണ്ടി സമ്മേളിക്കുന്നതിനുമുള്ള അനുവാദം നല്കിയതിനുപുറമേ, മതമര്‍ദനകാലത്ത് ക്രിസ്ത്യാനികളില്‍നിന്നു പിടിച്ചെടുത്ത വസ്തുവകകളെല്ലാം തിരിച്ചുനല്കുകയും ചെയ്തു.
ചരിത്രപ്രസിദ്ധമായ ലാറ്ററന്‍ കൊട്ടാരം സഭാതലവനായിരുന്ന മില്‍റ്റിയാഡെസ് മാര്‍പാപ്പയ്ക്ക് കോണ്‍സ്റ്റന്റൈന്‍ കൈമാറിയത് മിലാന്‍ വിളംബരത്തിനുശേഷമാണ്. കത്തോലിക്കാസഭയുടെ ആസ്ഥാനം വത്തിക്കാനിലേക്കു മാറ്റുന്നതുവരെയുള്ള ഒരു സഹസ്രാബ്ദക്കാലം ലാറ്ററന്‍ കൊട്ടാരം മാര്‍പാപ്പമാരുടെ ഔദ്യോഗികവസതിയായിരുന്നു.
വടക്കേ ആഫ്രിക്കയിലുള്ള കാര്‍ത്തേജ് രൂപതയിലെ മെത്രാന്‍ നിയമനത്തിനെതിരേ ഡൊണാറ്റിസ്റ്റുകള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ ഡി 314 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഫ്രാന്‍സിലെ ആള്‍സില്‍ മെത്രാന്മാരുടെ ഒരു സിനഡ് വിളിച്ചുചേര്‍ക്കുകയുണ്ടായി. 43 രൂപതാധ്യക്ഷന്മാര്‍ പങ്കെടുത്ത സിനഡിന്റെ തീരുമാനപ്രകാരം ഡൊണാറ്റിസ്റ്റ് എന്ന പാഷണ്ഡതയെ അപലപിക്കുകയും, അതിനു നേതൃത്വം കൊടുത്ത ഡൊണാറ്റസ് മാഗ്‌നസിനെ സഭയില്‍നിന്നു പുറത്താക്കുകയും ചെയ്തു. യേശുവിന്റെ തിരുവുത്ഥാനം നടന്നത് ഞായറാഴ്ചയായതിനാല്‍ അന്നേദിവസം വിശുദ്ധമായി ആചരിക്കണമെന്നും, പ്രാര്‍ഥനയ്ക്കായി മാറ്റിവയ്ക്കണമെന്നും കല്പന പുറപ്പെടുവിച്ചതും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ്.
കാല്‍വരിക്കു പുനര്‍ജന്മം
മാതാവായ ഹെലേന രാജ്ഞിയുടെ പ്രേരണയാലാണ് കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുമതം സ്വീകരിച്ചതെന്നു വിശ്വസിക്കുന്ന ചരിത്രകാരന്മാരുണ്ട്. എന്നാല്‍, കോണ്‍സ്റ്റന്റൈനാണ് തന്റെ അമ്മയെ ക്രിസ്തുമതത്തിലേക്കു കൊണ്ടുവന്നതെന്നാണ് കേസറിയായിലെ മെത്രാനായിരുന്ന യൗസേബിയസ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഏതായിരുന്നാലും, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം റോമാസാമ്രാജ്യത്തില്‍ ക്രിസ്തുമതത്തിന്റെ വളര്‍ച്ചയെ വളരെയധികം സ്വാധീനിച്ചുവെന്നു ചരിത്രം സാക്ഷിക്കും.
വിശുദ്ധനാടുകളിലേക്കു പോയി യേശുവിന്റെ പാദസ്പര്‍ശമേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന ഹെലേനരാജ്ഞിയുടെ ആഗ്രഹം സാധിച്ചുകൊടുത്ത ചക്രവര്‍ത്തി, അവിടെയുള്ള തിരുശ്ശേഷിപ്പുകള്‍ കണ്ടെത്തുന്നതിനും ദൈവാലയങ്ങള്‍ നിര്‍മിക്കുന്നതിനുമായി ഖജനാവില്‍നിന്നു യഥേഷ്ടം പണവും അനുവദിച്ചുനല്‍കി. കാല്‍വരിമലയുടെ മുകള്‍ഭാഗം ഇടിച്ചുനിരത്തി എ ഡി 130 ല്‍ ഹാഡ്രിയന്‍ ചക്രവര്‍ത്തി പണിതുയര്‍ത്തിയ വീനസ് ദേവതയുടെ ക്ഷേത്രം നശിപ്പിച്ച് അതിനടിയില്‍നിന്ന് യേശുവിനെയും രണ്ടു കള്ളന്മാരെയും തറച്ച കുരിശുകള്‍ വീണ്ടെടുത്തത് ഹെലേന രാജ്ഞിയാണ്. യേശുവിനെ തറച്ച കുരിശേതെന്നു തിരിച്ചറിയാന്‍ മരണാസന്നയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ മൂന്നു കുരിശുകളും മുട്ടിച്ചു. യേശുവിന്റെ കുരിശില്‍ സ്പര്‍ശിച്ചപ്പോള്‍ അവള്‍ അദ്ഭുതകരമായി സുഖപ്പെടുകയും ചെയ്തു. അക്കാലത്ത് ജറുസലെമിലെ മെത്രാനായിരുന്ന മക്കാരിയൂസിന്റെ സാന്നിധ്യത്തിലായിരുന്നു ഈ അദ്ഭുതം. കുരിശുകളുടെ അവശിഷ്ടങ്ങള്‍ക്കു പുറമേ, യേശുവിനെ കുരിശില്‍ തറച്ച ആണികളും ബന്ധിക്കാനുപയോഗിച്ച കയറുമെല്ലാം രാജ്ഞി വീണ്ടെടുത്തു.
യേശുവിന്റെ മൃതശരീരം അടക്കംചെയ്ത കല്ലറയ്ക്കു മുകളില്‍ നിര്‍മിച്ചിരുന്ന ജൂപ്പിറ്റര്‍ ദേവന്റെ ക്ഷേത്രവും രാജ്ഞിയുടെ കല്പനപ്രകാരമാണു നശിപ്പിച്ചത്. കാല്‍വരിമലയും കല്ലറയും ഉള്‍ക്കൊള്ളിച്ച് ഹെലേനരാജ്ഞിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച തിരുക്കല്ലറയുടെ ദൈവാലയം എല്ലാ ക്രിസ്തുമതവിഭാഗങ്ങളും പരിപാവനമായി കരുതുന്ന ആരാധനാലയമാണ്. കത്തോലിക്ക, ഗ്രീക്ക്ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍, കോപ്റ്റിക് സിറിയന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് തുടങ്ങി എല്ലാ ക്രിസ്തീയവിഭാഗങ്ങള്‍ക്കും തിരുക്കല്ലറ ദൈവാലയത്തില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, ആരാധനയ്ക്കായി ദൈവാലയം തുറന്നുകൊടുക്കുന്നതിനും സന്ധ്യാസമയങ്ങളില്‍ അടയ്ക്കുന്നതിനുമുള്ള അവകാശം രണ്ടു മുസ്ലീംകുടുംബങ്ങള്‍ക്കാണെന്നറിയുന്നത് അവിശ്വസനീയമായി തോന്നാം. എ ഡി 637 മുതല്‍ തുടരുന്ന ഈ ആചാരം യൗദേ, നുസൈബെ എന്നീ കുടുംബങ്ങള്‍ നിര്‍വഹിച്ചുപോരുന്നു. ദൈവാലയത്തിന്റെ അവകാശത്തിനുവേണ്ടി വിവിധ ക്രൈസ്തവിഭാഗങ്ങള്‍ തമ്മിലടിച്ചപ്പോള്‍ അന്നു ജറുസലെം കൈയടക്കിവച്ചിരുന്ന ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഖലീഫയായിരുന്ന ഒമര്‍ ഇടപെടുകയും, ജറുസലെമിലെ മെത്രാപ്പോലീത്തയായിരുന്ന സൊഫ്രോണിയസുമായി ഒപ്പുവച്ച ഉടമ്പടിപ്രകാരം താക്കോലുകള്‍ മേല്പറഞ്ഞ രണ്ടു കുടുംബങ്ങളുടെ ചുമതലയില്‍ ഏല്പിക്കുകയുമായിരുന്നു.
യേശുവിന്റെ ജനനസ്ഥലമായ ബേത്‌ലഹെമില്‍ സ്ഥിതിചെയ്യുന്ന തിരുപ്പിറവിയുടെ ദൈവാലയവും (Church of Nativity) ഒലിവുമലയിലുള്ള എലിയോണദൈവാലയവും ഹെലേന രാജ്ഞിയുടെ നിര്‍ദേശപ്രകാരം നിര്‍മിച്ചവയാണ്. പ്രവാചകനായ മോശയ്ക്ക് കര്‍ത്താവായ ദൈവം മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട സിനായ് മലയുടെ താഴ്‌വരയിലും അവര്‍ ഒരു ദൈവാലയം നിര്‍മിച്ചു. എ ഡി 326 മുതല്‍ 328 വരെയായിരുന്നു രാജ്ഞിയുടെ വിശുദ്ധനാടുസന്ദര്‍ശനം. അവിടെനിന്നു ശേഖരിച്ച പൂജ്യവസ്തുക്കളുമായി റോമില്‍ തിരിച്ചെത്തിയ അവര്‍ തിരുശ്ശേഷിപ്പുകളെല്ലാം സ്വന്തം കൊട്ടാരത്തില്‍ ഭദ്രമായി സൂക്ഷിച്ചു. റോമിലുള്ള സാന്താക്രൂസ് കത്തീദ്രലില്‍ കുരിശിന്റെ ഭാഗങ്ങളുള്‍പ്പെടെയുള്ള തിരുശ്ശേഷിപ്പുകള്‍ ഇപ്പോഴും കാണാനാകും.
തുര്‍ക്കിയിലെ കോനേയ് എന്ന പട്ടണത്തില്‍ അവിടത്തെ വിശ്വാസികള്‍ക്കായി അദ്ഭുതപ്രവര്‍ത്തകനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ ദൈവാലയം നിര്‍മിച്ചുനല്‍കിയതും ഹെലേന രാജ്ഞിയാണെന്നു വിശ്വസിക്കപ്പെടുന്നു. പാവങ്ങളോട് അടുത്തിടപെടുകയും അവരെപ്പോലെ വസ്ത്രം ധരിക്കുകയും ചെയ്തിരുന്ന പരോപകാരതത്പരയായിരുന്ന രാജ്ഞി, എ ഡി 330 ഓഗസ്റ്റ് 18-ാം തീയതി 80-ാമത്തെ വയസ്സില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ അന്തരിച്ചു. പില്‍ക്കാലത്ത് വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട ഹെലേന രാജ്ഞിയുടെ തിരുനാള്‍ കത്തോലിക്കാസഭ അതേദിവസം ആചരിക്കുന്നു. വിശുദ്ധയുടെ പേരിലുള്ള ഒരു കപ്പേള വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലുണ്ട്. തെക്കേ അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള ഒരു ദ്വീപസമൂഹം സെന്റ് ഹെലേന എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഹെലേന രാജ്ഞിയുടെ ജീവിതകാലത്ത് എ ഡി 325 ല്‍ നടന്ന പ്രധാനപ്പെട്ട ഒരു ചരിത്രസംഭവമാണ് ആദ്യ നിഖ്യാ സൂനഹദോസ്. അലക്‌സാണ്ട്രിയക്കാരനായ ആരിയസ് എന്ന പുരോഹിതന്‍ തുടക്കമിട്ട 'ആര്യന്‍ പാഷണ്ഡത'യെ അപലപിക്കാന്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത സൂനഹദോസില്‍ റോമന്‍ സാമ്രാജ്യത്തിലെ മുന്നൂറിലധികം മെത്രാന്മാര്‍ പങ്കെടുത്തു. യേശുക്രിസ്തുവിന്റെ ദൈവത്വത്തെയും ത്രിതൈ്വകദൈവത്തിലുള്ള വിശ്വാസത്തെയുമാണ് ആരിയസ് ചോദ്യം ചെയ്തത്. രണ്ടു മാസം നീണ്ടുനിന്ന സമ്മേളനത്തിനൊടുവില്‍ ആരിയസിനെയും ഏതാനും അനുയായികളെയും സഭയില്‍നിന്നു പുറത്താക്കി.
(തുടരും)