•  4 Jul 2024
  •  ദീപം 57
  •  നാളം 17
ഇസ്രയേലിന്റെ വഴികളിലൂടെ

മതമര്‍ദകരുടെ തേരോട്ടം

ഡി 81 മുതല്‍ 15 വര്‍ഷം റോമന്‍ സാമ്രാജ്യം ഭരിച്ച ഡൊമിഷ്യന്‍, നീറോയെപ്പോലെയോ അതിലധികമോ യഹൂദരെയും ക്രിസ്ത്യാനികളെയും പീഡിപ്പിച്ച ചക്രവര്‍ത്തിയാണ്. ചരിത്രം കണ്ട ഏറ്റവും മോശപ്പെട്ട ചക്രവര്‍ത്തിയായും ഡൊമിഷ്യന്‍ എണ്ണപ്പെട്ടു.
സാമ്രാജ്യത്തില്‍പ്പെട്ട എല്ലാവരും ''ഞങ്ങളുടെ കര്‍ത്താവും ദൈവവും'' എന്നു വിളിച്ചുപറഞ്ഞ് തന്നെ ആരാധിക്കണമെന്നായിരുന്നു രാജശാസനം. നഗരമധ്യത്തിലെ ചത്വരത്തില്‍ സ്ഥാപിച്ചിട്ടുള്ള തന്റെ പ്രതിമയ്ക്കുമുന്‍പില്‍ സുഗന്ധദ്രവ്യം ധൂപിച്ചുകൊണ്ടാണ് ആരാധിക്കേണ്ടത്. ക്രിസ്ത്യാനികളാകട്ടെ, ''യേശുവാണ് കര്‍ത്താവ്'' എന്ന് ഉദ്‌ഘോഷിച്ചുകൊണ്ടു പ്രാര്‍ഥിച്ചു. ഏഷ്യാമൈനറിലെ  (ഇപ്പോഴത്തെ തുര്‍ക്കി) ക്രിസ്ത്യാനികളായിരുന്നു  ഇക്കാര്യത്തില്‍ മുന്‍പില്‍ നിന്നത്. രാജകല്പന ലംഘിക്കുന്നവരെ നാടുകടത്തുകയോ തുറുങ്കിലടയ്ക്കുകയോ വധിക്കുകയോ പതിവായിരുന്നു. സുവിശേഷകനായ യോഹന്നാന്‍ ഇപ്രകാരമാണ് എഫേസോസില്‍നിന്നു പാത്‌മോസ്ദ്വീപിലേക്കു നാടുകടത്തപ്പെട്ടത്. പാത്‌മോസിലേക്ക് അയയ്ക്കപ്പെടുന്നതിനുമുമ്പ് യോഹന്നാനെ തിളച്ചുകൊണ്ടിരുന്ന എണ്ണയില്‍ മുക്കിയെങ്കിലും അദ്ദേഹത്തിന് യാതൊന്നും സംഭവിച്ചില്ലായെന്നു പറയപ്പെടുന്നുണ്ട്. ഏഷ്യാമൈനറിലെ ഏഴു സഭകളെ ക്രൈസ്തവജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും പ്രസക്തിയും അനുസ്മരിപ്പിക്കുന്നതിനും, അവിടത്തെ വിശ്വാസികള്‍ക്ക് ആത്മധൈര്യം പകര്‍ന്നുനല്കുന്നതിനുമാണ് യോഹന്നാന്‍ പാത്‌മോസ് ദ്വീപില്‍വച്ച്  'വെളിപാടുപുസ്തകം' രചിച്ചത്. (ഡൊമിഷ്യന്റെ ക്രൂരതകളെക്കുറിച്ചുള്ള സൂചനകള്‍ വെളിപാടുപുസ്തകത്തിന്റെ 13-ാം അധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)
അധികാരഭ്രാന്തു തലയ്ക്കുപിടിച്ച ഡൊമിഷ്യന്‍, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത സ്വന്തം പ്രതിമകള്‍ തലസ്ഥാനനഗരിയിലെ പ്രധാന നിരത്തുകളില്‍ സ്ഥാപിച്ചു. രാജ്യദ്രോഹികളും കുറ്റവാളികളുമായി കുറ്റംവിധിച്ച് യഹൂദരെയും ക്രിസ്ത്യാനികളെയും കൂട്ടത്തോടെ വധിച്ചു. ക്ഷാമം, പകര്‍ച്ചവ്യാധി, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍പ്പോലും അതിന്റെ പഴിയും യഹൂദരുടെയും ക്രിസ്ത്യാനികളുടെയുംമേല്‍ ചുമത്തിയായിരുന്നു ശിക്ഷാവിധി. എ ഡി 96 ല്‍ ആഥന്‍സിലെ ആദ്യമെത്രാനായിരുന്ന ഡയോനീഷ്യസ്  ആരിയോ പാഗേറ്റിനെയും അനുചരന്മാരെയും കഴുത്തറുത്തു വധിച്ചത് ഡൊമിഷ്യന്റെ കല്പനപ്രകാരമാണ്. സംശയദൃഷ്ടിയോടെ വീക്ഷിച്ച സ്വന്തം സഹോദരനെയും, രാഷ്ട്രീയപ്രതിയോഗികളെയും, ഏതാനും സെനറ്റര്‍മാരെയും ഡൊമിഷ്യന്‍ വകവരുത്തി. ചതിയിലൂടെയും വഞ്ചനയിലൂടെയും അവരുടെയെല്ലാം സ്വത്തും വസ്തുവകകളും തട്ടിയെടുത്തു. ഡൊമിഷ്യന്റെ പിന്‍ഗാമിയായ നെര്‍വ, സാമ്രാജ്യത്തില്‍നിന്നു പുറത്താക്കപ്പെട്ട യഹൂദരെയും ക്രിസ്ത്യാനികളെയും തിരികെയെത്തിക്കുകയും ക്രിസ്തുവിശ്വാസത്തെ ഒരു മതമായി അംഗീകരിക്കുകയും ചെയ്ത ഭരണാധികാരിയാണ്. റോമന്‍സാമ്രാജ്യം ഭരിച്ച ഏറ്റവും നല്ല ചക്രവര്‍ത്തിയായിട്ടാണ് നെര്‍വ കണക്കാക്കപ്പെടുന്നത്.
എല്ലാ പ്രജകളെയും സമഭാവനയോടെ വീക്ഷിച്ച ട്രാജനായിരുന്നു നെര്‍വയുടെ പിന്‍ഗാമി. ഏറ്റവും വിസ്തൃതമായ സാമ്രാജ്യമായി റോമാ വളര്‍ന്നത് ട്രാജന്റെ ഭരണകാലത്താണ്. വടക്ക് സ്‌കോട്ട്‌ലന്റുമുതല്‍ തെക്കു മൊറോക്കോ വരെയും, കിഴക്ക് അര്‍മേനിയ വരെയുമുള്ള മുഴുവന്‍ ഭൂപ്രദേശങ്ങളുടെയും അധിപന്‍ ട്രാജനായിരുന്നു. ''സമാധാനം ഭഞ്ജിക്കാത്തിടത്തോളം കാലം ക്രിസ്ത്യാനികളെയും യഹൂദരെയും വെറുതെ വിട്ടേക്കുക, അവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടേണ്ടതില്ല'' എന്ന തീരുമാനമാണ് ട്രാജന്‍ സ്വീകരിച്ചത്. എങ്കിലും, യേശുവിന്റെ ശിഷ്യരിലൊരാളും, ജറുസലെമിലെ രണ്ടാമത്തെ മെത്രാനുമായിരുന്ന 'തീവ്രവാദിയായ ശിമയോന്‍'  കുരിശില്‍ തറച്ചുകൊല്ലപ്പെട്ടത് ട്രാജന്റെ ഭരണകാലത്താണ്. ഹേറോദ് അഗ്രിപ്പാ രണ്ടാമന്‍ രാജാവു കഴുത്തറത്തു വധിച്ച യാക്കോബ്  ശ്ലീഹയായിരുന്നു ജറുസലെമിലെ പ്രഥമമെത്രാന്‍. നെര്‍വയില്‍ തുടങ്ങി ട്രാജന്‍, ഹാഡ്രിയന്‍, അന്റോണിനസ് പയസ്, മാര്‍ക്കസ് ഔറേലിയസ് വരെയുള്ള അഞ്ചു ചക്രവര്‍ത്തിമാരുടെ ഭരണകാലം റോമന്‍സാമ്രാജ്യത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ട്രാജന്റെ 17 വര്‍ഷഭരണകാലത്തിന്റെ അവസാന രണ്ടു വര്‍ഷങ്ങളില്‍ (എ ഡി 115-117) യൂദയായിലും ഈജിപ്തിലും സൈപ്രസിലും ലിബിയയിലും മെസപ്പൊട്ടോമിയയുടെ ചില ഭാഗങ്ങളിലും നടന്ന ഏറ്റുമുട്ടലുകളാണ് 'കിറ്റോസ് യുദ്ധം' എന്നറിയപ്പെടുന്ന രണ്ടാം യഹൂദ-റോമന്‍ കലാപം. രണ്ടു ലക്ഷം യഹൂദരാണു കലാപത്തില്‍ വധിക്കപ്പെട്ടത്.
ബാര്‍ കോഖ്ബ യുദ്ധം
ട്രാജനുശേഷം ഭരണഭാരമേറ്റ ഹാഡ്രിയന്‍ കര്‍ശനമായി നടപ്പാക്കിയ ഏതാനും നിയമങ്ങളാണ് 3-ാം യഹൂദ-റോമന്‍ യുദ്ധത്തിലേക്കു നയിച്ചത്. യഹൂദരുടെ വിശുദ്ധഗ്രന്ഥമായ 'തോറ' നിരോധിച്ച ഹാഡ്രിയന്‍, അവര്‍ നിര്‍ബന്ധപൂര്‍വ്വം  അനുഷ്ഠിച്ചുപോന്ന പരിച്ഛേദനകര്‍മവും അനുവദനീയമല്ലെന്നു കല്പിച്ചു. തടവറയില്‍ കഴിഞ്ഞിരുന്ന പതിനായിരക്കണക്കിനു യഹൂദരെ അടിമകളായി വിറ്റു. യൂദയാ ഇനിമേല്‍ 'സിറിയ - പലസ്തീന' എന്ന പേരിലായിരിക്കും ഭാവിയില്‍ അറിയപ്പെടുകയെന്നും, തലസ്ഥാനമായ ജറുസലെമിന്റെ പേര് 'എലിയ-കാപ്പിറ്റോലിന' എന്നായിരിക്കുമെന്നും ചക്രവര്‍ത്തി പെരുമ്പറ കൊട്ടി ജനങ്ങളെ അറിയിച്ചു. സിനഗോഗുകളെല്ലാം ക്ഷേത്രങ്ങളാക്കി മാറ്റി അവയ്ക്കുള്ളില്‍ റോമന്‍ദേവന്മാരുടെ പ്രതിമകള്‍ സ്ഥാപിച്ചു. ജറുസലെം ദൈവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് റോമാക്കാരുടെ പ്രധാന ദേവനായ ജൂപ്പിറ്ററിന്റെ ക്ഷേത്രവും നിര്‍മിച്ചു. യഹൂദജനത്തെയും അവരുടെ മതത്തെയും ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യണമെന്നു തീരുമാനിച്ചുറപ്പിച്ചുകൊണ്ടാണ് ഹാഡ്രിയന്‍ മേല്പറഞ്ഞ നിയമങ്ങളെല്ലാം യഹൂദരുടെമേല്‍ അടിച്ചേല്പിച്ചത്. എ ഡി 132 ല്‍ തുടങ്ങി നാലുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിനു നേതൃത്വം നല്കിയ സൈമന്‍ ബാര്‍  കോഖ്ബ എന്ന നേതാവിന്റെ പേരാണ് രൂക്ഷമായ ഈ പോരാട്ടങ്ങള്‍ക്കു നല്കിയത്. യഹൂദരുടെ രക്ഷകനായ മിശിഹായാണ് ബാര്‍ കോഖ്ബയെന്ന് പലരും വിശ്വസിച്ചുപോന്നു. എന്നാല്‍, എ ഡി 135 ല്‍ ബാര്‍ കോഖ്ബ വധിക്കപ്പെടുകയും യഹൂദസൈന്യം സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെടുകയും ചെയ്തു. തടവുകാരായി പിടിക്കപ്പെട്ടവരെ അടിമകളായി വിറ്റു. പലായനം ചെയ്തവരാകട്ടെ, ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ചിതറിയോടി. യഹൂദജനത്തിനു വീണ്ടും ഒരുമിച്ചുകൂടി സ്വതന്ത്രമായി ജീവിക്കുന്നതിന് 1800 ലധികം വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നുവെന്നതു ചരിത്രനിയോഗം. ബാര്‍ കോഖ്ബ യുദ്ധത്തില്‍ 5,80,000 യഹൂദരുടെ ജീവനാണു നഷ്ടമായത്.
മതപീഡനം തുടര്‍ക്കഥ
ഹാഡ്രിയന്റെ പിന്തുടര്‍ച്ചക്കാരായ മാര്‍ക്കസ് ഔറേലിയസും (എ ഡി 161-180) ഡേഷ്യസും (എ ഡി 249-251), ഗാലസും (എ ഡി 251-253), വലേറിയനും (എ ഡി 253-260) മതമര്‍ദകരായിരുന്നെങ്കിലും, സാമ്രാജ്യമൊന്നാകെ മതപീഡനം അഴിച്ചുവിട്ടത് എ ഡി 284 മുതല്‍ 305 വരെ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലേഷ്യനാണ്. ക്രിസ്തുമതാനുയായികളായ വിശുദ്ധ സെബാസ്റ്റ്യനെ എ ഡി 288 ലും വിശുദ്ധ ഗീവര്‍ഗീസിനെ എ ഡി 303 ലും വധിച്ചത് ഡയോക്ലേഷ്യന്റെ കല്പനപ്രകാരമാണെന്ന് അനുമാനിക്കപ്പെടുന്നു. ഡയോക്ലേഷ്യന്റെ 21 വര്‍ഷ ഭരണകാലത്ത് മൂവായിരത്തഞ്ഞൂറോളം ക്രിസ്ത്യാനികള്‍ രക്തസാക്ഷിത്വം വരിച്ചതായി ചരിത്രകാരനായ യൗസേബിയൂസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചോരക്കൊതിയനും ക്രൂരതയുടെ പര്യായവുമായിരുന്ന ഡയോക്ലേഷ്യന്‍ ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കിയും ദൈവാലയങ്ങള്‍ നശിപ്പിച്ചും സംഹാരതാണ്ഡവമാടി. എ ഡി 311 ഏപ്രില്‍ മാസം 30-ാം തീയതി ഗലേറിയസ് ചക്രവര്‍ത്തി പുറപ്പെടുവിച്ച 'സഹിഷ്ണുതയുടെ രാജശാസനം' (Edict of Tolerance) പ്രാബല്യത്തിലാകുംവരെ മതമര്‍ദ്ദനം തുടര്‍ന്നു. ഗലേറിയസിനൊപ്പം  അധികാരത്തിലിരുന്ന കോണ്‍സ്റ്റന്‍ഷ്യസ് ചക്രവര്‍ത്തിയുടെ പുത്രന്‍ മഹാനായ കോണ്‍സ്റ്റന്റൈന്‍ എ ഡി 313 ല്‍ പുറത്തിറക്കിയ 'മിലാന്‍ വിളംബരം'Edict of Milan)  നിയമമായതോടെ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി അംഗീകരിക്കപ്പെടുകയും ചെയ്തു.
(തുടരും)

 

Login log record inserted successfully!