•  5 Dec 2024
  •  ദീപം 57
  •  നാളം 39
ഇസ്രയേലിന്റെ വഴികളിലൂടെ

ഹാഗിയ സോഫിയയും ഓട്ടോമന്‍ അധിനിവേശവും

മുപ്പത്തിയഞ്ചുവര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കിയ ഹാഗിയ സോഫിയയുടെ പ്രതിഷ്ഠാകര്‍മം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ദ്വിതീയപുത്രനായ കോണ്‍സ്റ്റന്‍ഷ്യസ് രണ്ടാമന്റെ സാന്നിധ്യത്തില്‍ അന്ത്യോഖ്യയിലെ മെത്രാനായിരുന്ന യുഡോക്‌സിയസ് എ ഡി 360 ഫെബ്രുവരി 15 നു നിര്‍വഹിച്ചു. ഭൂഗര്‍ഭ അറകളിലും ഒളിത്താവളങ്ങളിലും രഹസ്യമായി സമ്മേളിച്ചിരുന്ന ക്രിസ്ത്യാനികള്‍ക്കു ഭയപ്പാടില്ലാതെ ഒരുമിച്ചുകൂടാനും പ്രാര്‍ഥിക്കാനും സാധിച്ചത് ഹാഗിയ സോഫിയയുടെ സമര്‍പ്പണത്തിനുശേഷമാണ്.
269 അടി നീളവും 240 അടി വീതിയും 182 അടി ഉയരവും രണ്ടുലക്ഷം ചതുരശ്ര അടി തറവിസ്തീര്‍ണവുമുള്ള ഹാഗിയ സോഫിയ പ്രാചീനകാലത്തെ ഏറ്റവും വലിയ ദൈവാലയമായിരുന്നു. ആര്‍ച്ച് ആകൃതിയുള്ള 40 ജനലുകള്‍ താങ്ങിനിര്‍ത്തുന്ന 102 അടി വ്യാസമുള്ള പ്രധാന താഴികക്കുടം ദൈവാലയത്തിന്റെ ഉള്‍ഭാഗം മുഴുവനും മൂടുംവിധമാണു  നിര്‍മിച്ചത്. തടിയില്‍ പണിത ഇത്രയും വലിയ ഒരു താഴികക്കുടം അന്നുവരെ നിര്‍മിച്ചിട്ടുണ്ടായിരുന്നില്ല. വിദേശരാജ്യങ്ങളില്‍നിന്നും എത്തിച്ച മാര്‍ബിള്‍ ഫലകങ്ങള്‍കൊണ്ടും, വിവിധ നിറങ്ങളിലുള്ള വിലകൂടിയ കല്ലുകള്‍കൊണ്ടും ഭിത്തികളുടെ ഉള്‍ഭാഗം വര്‍ണാഭമാക്കിയിരുന്നു. ദൈവാലയത്തിന്റെ 104 മാര്‍ബിള്‍ തൂണുകള്‍ എഫേേസാസിലെ ആര്‍ട്ടെമിസില്‍നിന്നു കൊണ്ടുവന്നവയാണെന്നു ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ദൈവാലയത്തിന്റെ ചുമരുകളിലുള്ള  മനോഹരമായ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പരിശുദ്ധകന്യകാമറിയം പത്രോസിന്റെയും പൗലോസിന്റെയും മധ്യത്തിലിരുന്നുകൊണ്ട് ഉണ്ണിയേശുവിനെ തൊട്ടിലാട്ടുന്ന ചിത്രമാണ്. 
എ ഡി 404 ല്‍ നടന്ന ഒരു കലാപത്തില്‍ തീപിടിച്ചു നശിച്ച ദൈവാലയം എ ഡി 415 ല്‍ തിയോഡോഷ്യസ് രണ്ടാമന്‍ ചക്രവര്‍ത്തിയാണു പുനര്‍നിര്‍മിച്ചത്. പിന്നീട്, എ ഡി 532 ല്‍ ജസ്റ്റീനിയന്‍ ഒന്നാമന്റെ ഭരണകാലത്തു നടന്ന നിക്ക കലാപത്തില്‍ അഗ്നിക്കിരയാക്കപ്പെട്ട ദൈവാലയം അഞ്ചുവര്‍ഷംകൊണ്ടു പുനരുദ്ധരിച്ചു. ഈജിപ്തിലെ കടുംപച്ചനിറമുള്ള മാര്‍ബിള്‍ ശിലകളും സിറിയയില്‍നിന്നും എത്തിച്ച മഞ്ഞനിറമുള്ള കല്ലുകളുമെല്ലാം  ദൈവാലയത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചു. 10,000 തൊഴിലാളികളുടെ കഠിനാധ്വാനത്തിനൊടുവില്‍ എ ഡി 537 ല്‍ ദൈവാലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. ബൃഹത്തായ ഈ ദൈവാലയസമുച്ചയത്തിന്റെ അറ്റകുറ്റപ്പണികളുടെ അഭാവത്താലും, എ ഡി 558 ലെ വലിയ ഒരു ഭൂകമ്പംമൂലവുമുള്ള ബലക്ഷയം പരിഹരിക്കാന്‍ എ ഡി 1354 ലാണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. (1985 മുതല്‍ യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിലും ഹാഗിയ സോഫിയ ഇടംപിടിച്ചിട്ടുണ്ട്.)
ഓട്ടോമന്‍ 
അധിനിവേശം
ഹാഗിയ സോഫിയയുടെ ചരിത്രം തിരുത്തിയെഴുതപ്പെടുന്നത് ഓട്ടോമന്‍ തുര്‍ക്കികളുടെ ആക്രമണത്തോടെയാണ്. കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിനു ചുറ്റുമുള്ള ബലവത്തായ കോട്ടകള്‍ തകര്‍ക്കാനും, ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ സുശക്തമായ സൈന്യത്തെ കീഴടക്കാനും തുര്‍ക്കികള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. 15 അടി ഘനത്തിലും, 45 അടി ഉയരത്തിലും മൂന്നു നിരകളിലായി തിയോഡോഷ്യസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തു നഗരാതിര്‍ത്തിക്കു ചുറ്റും നിര്‍മിച്ച വമ്പന്‍കോട്ടയാണ് ഒരു സഹസ്രാബ്ദക്കാലം കോണ്‍സ്റ്റാന്റിനോപ്പിളിനെ സംരക്ഷിച്ചുപോന്നത്. ശത്രുസൈന്യത്തെ നിരീക്ഷിക്കാനും അമ്പുകളെയ്തു വീഴ്ത്താനും 65 അടി ഉയരമുള്ള  96 ഗോപുരങ്ങളും കോട്ടയ്ക്കു മുകളിലുണ്ടായിരുന്നു. മതിലുകള്‍ക്കടുത്തേക്കെത്തണമെങ്കില്‍ 65 അടി വീതിയും 32 അടി ആഴവുമുള്ള  വെള്ളം നിറച്ച കിടങ്ങുകൂടി നീന്തിക്കടക്കണമായിരുന്നു. എന്നാല്‍, ഈ പ്രതിബന്ധങ്ങളെല്ലാം മറികടന്ന് ഒരു ശത്രുസൈന്യത്തിനും തകര്‍ക്കാന്‍ പറ്റുകയില്ലെന്നു വിശ്വസിച്ചുപോന്ന തിയോഡോഷ്യന്‍ കോട്ടകള്‍ ഓട്ടോമന്‍ സൈന്യത്തിന്റെ 500 കിലോ വീതം ഭാരമുള്ള പീരങ്കിയുണ്ടകള്‍ തകര്‍ത്തെറിഞ്ഞു. അന്നത്തെ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ പതിനൊന്നാമന്‍ ശത്രുവിനെ പ്രതിരോധിക്കുന്നതിനിടയില്‍ കുതിരപ്പുറത്തുനിന്നു വീണു മരിച്ചത്  ബൈസന്റൈന്‍സൈന്യത്തിന്റെ പരാജയഭീതി വര്‍ധിപ്പിക്കുകയും ചെയ്തു. എ ഡി 1453 മേയ് മാസം 29-ാം തീയതി സുല്‍ത്താന്‍ മെഹ്‌മെദ് രണ്ടാമന്റെ സൈന്യം നഗരഹൃദയത്തിലെത്തി.
മൂന്നു ദിവസത്തേക്കു നഗരം കൊള്ളയടിക്കാനുള്ള സുല്‍ത്താന്റെ അനുവാദം കിട്ടിയ സൈന്യം, വീടുകളും കച്ചവടസ്ഥാപനങ്ങളും കൈയേറി പണവും വസ്തുവകകളും കവര്‍ന്നെടുത്തു. കീഴടക്കപ്പടുന്ന രാജ്യത്തെ വിലപ്പിടിപ്പുള്ളതെല്ലാം അധിനിവേശസൈന്യം കൊള്ളയടിക്കുന്നത് അക്കാലത്തു സര്‍വസാധാരണമായിരുന്നു. നിസ്സഹായരായ സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടു. ദൈവാലയങ്ങളില്‍ അതിക്രമിച്ചുകയറിയ തുര്‍ക്കികള്‍ പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന വിശ്വാസികളെ പ്രായഭേദമെന്യേ വാളിനിരയാക്കി. രക്ഷപ്പെട്ടോടിയവരെ പിടികൂടി തടങ്കല്‍പ്പാളയങ്ങളിലടച്ചു. ദൈവാലയങ്ങള്‍ക്കുള്ളിലെ  വിശുദ്ധരുടെ പ്രതിമകള്‍ തച്ചുടച്ചു. ചുമരുകളില്‍ ഉറപ്പിച്ചിരുന്ന അമൂല്യമായ പുരാതനചിത്രങ്ങള്‍ (ഐക്കണുകള്‍) വലിച്ചുകീറി, വിശുദ്ധഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി.
എ ഡി 408 മുതല്‍ ചക്രവര്‍ത്തിയായിരുന്ന തിയോഡോഷ്യസ് രണ്ടാമന്റെ സഹോദരിയായ പുല്‍ചെറിയ രാജ്ഞി എ ഡി 450 ല്‍ നിര്‍മിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചിരുന്ന നിത്യസഹായമാതാവിന്റെ ചരിത്രപ്രസിദ്ധമായ ഛായാചിത്രം പല കഷണങ്ങളാക്കി വലിച്ചെറിഞ്ഞു. സുവിശേഷകനായ വിശുദ്ധ ലൂക്കാ ചിത്രീകരിച്ചതെന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ആദ്യചിത്രമായിരുന്നു അത്. ഭാഗ്യവശാല്‍, അക്കാലത്തെ ക്രിസ്ത്യാനികള്‍ ആ അദ്ഭുതചിത്രത്തിന്റെ അനേകം പകര്‍പ്പുകള്‍ സൂക്ഷിച്ചിരുന്നത് പില്‍ക്കാലത്തു പ്രയോജനപ്പെട്ടു. ഇപ്പോള്‍ നമ്മുടെ ദൈവാലയങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള നിത്യസഹായമാതാവിന്റെ ചിത്രം 'തിയോട്ടോക്കോസ് ഹൊഡേജെട്രിയ' എന്നു വിശേഷിപ്പിക്കപ്പെടുന്ന ആദ്യചിത്രത്തില്‍നിന്നു രൂപപ്പെടുത്തിയിട്ടുള്ളതാണ്. 'തിയോട്ടോക്കോസ്' എന്ന വാക്കിന്റെ അര്‍ഥം 'കന്യകയായ മറിയം' എന്നും, 'ഹൊഡേജെട്രിയ' എന്നാല്‍ 'വഴികാട്ടുന്ന അമ്മ' എന്നുമാണ്. മനുഷ്യകുലത്തിന്റെ രക്ഷകനായി കന്യകാമറിയം തന്റെ മകനെ ചൂണ്ടിക്കാണിക്കുന്നതാണു ചിത്രത്തിന്റെ മുഖ്യപ്രമേയം. നിത്യസഹായമാതാവിന്റെ യഥാര്‍ഥചിത്രം ജറുസലെമില്‍നിന്നു കണ്ടെടുത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലെത്തിച്ചത് തിയോഡോഷ്യസിന്റെ പത്‌നിയായ യൂഡോസിയ രാജ്ഞിയാണ്. 
ഇസ്താംബുള്‍ ജനിക്കുന്നു
കോണ്‍സ്റ്റാന്റിനോപ്പിളിലെ കത്തീഡ്രല്‍ ദൈവാലയമായിരുന്ന ഹാഗിയ സോഫിയയുടെ ശില്പഭംഗിയില്‍ ആകൃഷ്ടനായ മെഹ്‌മെദ് രണ്ടാമന്‍, ദൈവാലയത്തിനുള്ളില്‍ കയറി പ്രാര്‍ഥിക്കുകയും ഹാഗിയ സോഫിയ ഇനിമേല്‍ ഒരു മുസ്ലീം ദൈവാലയം ആയിരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ ആരാധനാലയമായിരുന്ന ഹാഗിയ സോഫിയയുടെ നാമം ഭാവിയില്‍ 'ആയാ സോഫിയ' അഥവാ 'വിശുദ്ധജ്ഞാനത്തിന്റെ ഭവനം' എന്നായിരിക്കുമെന്നും, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം എഡിര്‍നെയില്‍നിന്നു (ആഡ്രിയാനോപ്പിളിന്റെ പുതിയ പേര്) കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു മാറ്റുകയാണെന്നും, പുതിയ തലസ്ഥാനം ഇസ്താംബുള്‍ എന്നായിരിക്കും അറിയപ്പെടുകയെന്നും സുല്‍ത്താന്‍ വിളംബരം ചെയ്തു.
നഗരം കൈപ്പിടിയിലൊതുക്കിയതിന്റെ നാലാംനാള്‍ കൊള്ളയും കൊള്ളിവയ്പും അവസാനിപ്പിക്കാന്‍ കല്പന പുറപ്പെടുവിച്ചുകൊണ്ട് അദ്ദേഹം ഉദ്‌ഘോഷിച്ചത് ഇപ്രകാരമായിരുന്നു: ''ശത്രുവിന്റെ സകല സമ്പത്തും നാം കൈക്കലാക്കിയിരിക്കുന്നു. അവരുടെ സാമ്രാജ്യം നാം കീഴടക്കുകയും അവരുടെ മതത്തെ ഇല്ലാതാക്കുകയും ചെയ്തു. നമുക്കിനി ആഹ്ലാദിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം?''
കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുമ്പോള്‍ 21 വയസ്സു മാത്രമുണ്ടായിരുന്ന മെഹ്‌മെദിന്റെ പിന്നീടുള്ള വിജയകരമായ പടയോട്ടങ്ങളെല്ലാം തുര്‍ക്കിയുടെ മണ്ണില്‍ പാദമൂന്നി നിന്നുകൊണ്ടായിരുന്നു. ഗ്രീസ്, അല്‍ബേനിയ, സെര്‍ബിയ തുടങ്ങി അനേകം രാജ്യങ്ങള്‍ എ ഡി 1481 വരെയുള്ള അദ്ദേഹത്തിന്റെ 30 വര്‍ഷത്തെ ഭരണകാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. കീഴടക്കിയ രാജ്യങ്ങളിലെല്ലാം മോസ്‌കുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം തത്പരനായിരുന്നു. ഒരു തികഞ്ഞ ഇസ്ലാംമതവിശ്വാസിയായിരുന്നിട്ടും സാമ്രാജ്യത്തിലുള്ള യഹൂദരെയും ക്രിസ്ത്യാനികളെയും സമഭാവനയോടെയാണ് അദ്ദേഹം വീക്ഷിച്ചത്. യഹൂദരുടെ കാര്യങ്ങള്‍ മുടക്കംകൂടാതെ നിര്‍വഹിക്കുന്നതിന് ജറുസലെമില്‍നിന്ന് ഒരു റബ്ബിയെയും, ക്രിസ്ത്യാനികളുടെ മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരു പാത്രിയാര്‍ക്കീസിനെയും നിയമിച്ചു. ഇരുകൂട്ടരും പിന്തുടര്‍ന്നുവന്നിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വിഘ്‌നംകൂടാതെ തുടരുന്നതിനുള്ള അനുവാദവുമുണ്ടായിരുന്നു. മെഹ്‌മെദ് രണ്ടാമനുശേഷം സാമ്രാജ്യം ഭരിച്ച സുല്‍ത്താന്മാരും ഇതേ മൃദുസമീപനമാണു സ്വീകരിച്ചതെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്.
സ്വതന്ത്രതുര്‍ക്കിയുടെ പിതാവായ മുസ്തഫ കെമാല്‍ അത്താത്തുര്‍ക്ക്, അഥവാ മുസ്തഫ കെമാല്‍ പാഷയുടെ നേതൃത്വത്തില്‍ ഒരു ജനാധിപത്യസര്‍ക്കാര്‍ രൂപീകരിക്കുംവരെ ബൈസൈന്റന്‍ സാമ്രാജ്യം ഓട്ടോമന്‍ സുല്‍ത്താന്മാരുടെ ഭരണത്തിലായിരുന്നു. അഞ്ചു നൂറ്റാണ്ടുകള്‍ മോസ്‌കായി തുടര്‍ന്ന ഹാഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റുന്ന സര്‍ക്കാരിന്റെ ഉത്തരവു  പുറപ്പെടുവിച്ചത് കെമാല്‍ പാഷയാണ്. എന്നാല്‍, തുര്‍ക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റസെപ് തയ്യിപ് എര്‍ദോഗന്‍ വിശ്വപ്രസിദ്ധമായ ഹാഗിയ സോഫിയയെ 2020 ല്‍ ഒരു മോസ്‌കായി പ്രഖ്യാപിച്ചു. കെമാല്‍ പാഷയുടെ 1934 ലെ ഉത്തരവു റദ്ദാക്കിക്കൊണ്ടും, ലോകരാജ്യങ്ങളുടെയും വിവിധ ക്രൈസ്തവസഭകളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ടുമാണ് എര്‍ദോഗന്‍ ഉത്തരവിറക്കിയത്. 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)