•  4 Jul 2024
  •  ദീപം 57
  •  നാളം 17
വേട്ടക്കാരായ വന്യജന്തുക്കള്‍

പുള്ളിപ്പുലി

കാട്ടിലെ ഏറ്റവും മികച്ച വേട്ടക്കാരന്‍ എന്ന സ്ഥാനം ആര്‍ക്കുനല്‍കും? സംശയം വേണ്ട, അതു പുള്ളിപ്പുലിക്കുതന്നെ കൊടുക്കാം എന്നാണു വന്യജീവികളെപ്പറ്റി പഠനം നടത്തിയിട്ടുള്ള വിദഗ്ധരുടെ അഭിമതം. പുലിയോളം മികച്ചൊരു പോരാളി കാട്ടിലില്ല. ഇരയെ വേട്ടയാടുന്നതില്‍ പുലിക്കുള്ള വേഗവും ശൗര്യവും കൃത്യതയും മാര്‍ജാരവംശത്തിലെ മറ്റൊരു മൃഗത്തിനുമില്ല.
പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെ നടക്കാനും എളുപ്പത്തില്‍ മരംകയറാനും പുലിക്കു നിഷ്പ്രയാസം കഴിയും. മൂര്‍ച്ചയുള്ള നഖങ്ങളും പല്ലുകളും ശക്തിയേറിയ താടിയെല്ലും ഇരകളെ പിടികൂടാന്‍ പുലിക്കു സഹായകമാകുന്നു. പോരാട്ടത്തില്‍ എന്നപോലെ സൗന്ദര്യത്തിലും പുലി മുന്നില്‍ത്തന്നെ! മഞ്ഞനിറമാര്‍ന്ന ശരീരത്തിലെ കറുത്ത പുള്ളികള്‍ പുലിയെ സുന്ദരനാക്കുന്നു. തലയിലെ പുള്ളികള്‍ക്കു വലുപ്പം കുറവാണ്. വയറിന്റെ അടിഭാഗത്ത് വെള്ളനിറമാണു കൂടുതല്‍.
സിംഹവും കടുവയുമില്ലാത്ത കാട്ടില്‍ പുലിയാണു രാജാവ്. ഒറ്റയ്ക്കാണ് ഇരപിടുത്തം. രാത്രിയിലാണ് അധികവും ഇരതേടല്‍. വേണ്ടിവന്നാല്‍ പകലും വേട്ടയ്ക്കിറങ്ങാറുണ്ട്. ചെറിയ ഇരകളോടാണു പുലിക്കു കൂടുതല്‍ താത്പര്യം. മുയല്‍, പുള്ളിമാന്‍, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയാണു പ്രധാന ഇരകള്‍. കാട്ടുപോത്തുപോലുള്ള വലിയ മൃഗങ്ങളെയും ആക്രമിക്കാറുണ്ട്. ഇരകള്‍ കൂട്ടമായി നിന്നാല്‍ കൂട്ടത്തില്‍നിന്ന് ഒറ്റപ്പെടുത്തി ഓടിച്ചിട്ടാക്രമിക്കുന്ന അടവുനയവുമുണ്ട്. എന്നാല്‍, ചെറുജന്തുക്കള്‍ കൂട്ടമായി നിന്നാലും പൊടുന്നനെ, കയറിയാക്രമിക്കുന്നു. ഇരയെ കൊന്നുകഴിഞ്ഞാല്‍ അതിനെ കടിച്ചെടുത്തുകൊണ്ട് വലിയ മരക്കൊമ്പിലേക്കു കയറിപ്പോകുകയാണു പതിവ്. ഇരയെ മറ്റാരും തട്ടിയെടുക്കാതിരിക്കാനും ആസ്വദിച്ചിരുന്നു കഴിക്കാനുമാണിത്. തന്നേക്കാള്‍ ഭാരമുള്ള ഇരയെപ്പോലും പുലി മിക്കവാറും കടിച്ചെടുത്തുകൊണ്ട് മരം കയറുന്നു.
സാധാരണമായി കഴുത്തില്‍ കടിച്ചുപിടിച്ചാണ് പുലി ഇരയെ കൊല്ലുക. വെള്ളമില്ലാതെ ദിവസങ്ങളോളം കഴിച്ചുകൂട്ടാന്‍ ഇവയ്ക്കു സാധിക്കും. ജനിച്ചു നാലുമാസം കഴിയുമ്പോള്‍ പുലിക്കുട്ടി അമ്മയോടൊപ്പം വേട്ടയ്ക്കിറങ്ങുന്നു. ഒരു വര്‍ഷം കഴിഞ്ഞാല്‍ പുലിക്കുഞ്ഞ് നല്ലൊരു വേട്ടക്കാരനാകും. മാര്‍ജാരവംശത്തിലെ വലിയ ജീവികളായ കടുവ, സിംഹം എന്നിവയ്‌ക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത പുലിക്കുണ്ട്. പുലിക്കു മനുഷ്യരോടു നായയെപ്പോലെ ഇണങ്ങാനും യജമാനസ്‌നേഹം പ്രകടിപ്പിക്കാനും കഴിയും. പണ്ടുകാലത്ത് പുലികളെ ഇണക്കിയെടുത്ത് വേട്ടനായ്ക്കളെപ്പോലെ നായാട്ടിനുപയോഗിച്ചിരുന്നു. പുലിക്കുഞ്ഞുങ്ങളെ പിടികൂടി പരിശീലിപ്പിക്കുകയാണു പതിവ്.
പാന്തറ പാര്‍ഡസ് എന്നാണ് ശാസ്ത്രനാമം. ലോകത്തു മിക്കയിടത്തും പുള്ളിപ്പുലിയുണ്ട്. താമസിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍നിമിത്തം അവയുടെ നിറത്തിലും വലുപ്പത്തിലുമൊക്കെ വ്യത്യാസങ്ങള്‍ കാണാം. പുള്ളിപ്പുലിയുടെ അടുത്ത കുടുംബബന്ധുക്കളാണ് ചീറ്റപ്പുലിയും ജഗ്വാറും. പുലിയുടെ ഉയരം 60-70 സെന്റീമീറ്ററും ഭാരം 50-90 കിലോഗ്രാം വരെയും. ശരീരത്തിന്റെ നീളം വാലുള്‍പ്പെടെ മൂന്നു മീറ്ററോളം വരും. ഇണചേരുന്ന കാലം ഒഴികെ ആണ്‍പുലികള്‍ ഒറ്റയ്ക്കാണു കഴിയുക. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ചുമതല പെണ്‍പുലിക്കുതന്നെ.

 

Login log record inserted successfully!