ജനുവരി 14 ദനഹാക്കാലം രണ്ടാം ഞായര്‍
പുറ 3:9-16 പ്രഭാ 18:1-14
വെളി 1:4-8 യോഹ 8:21-30
ദനഹാക്കാലം വെളിപ്പെടുത്തലിന്റെ കാലമാണ്. ദൈവം തന്നെത്തന്നെയും ദൈവപുത്രനെയുമൊക്കെ വെളിപ്പെടുത്തുന്ന കാലം. രണ്ടാം ഞായറാഴ്ചയിലെ വായനകളെല്ലാം പിതാവായ ദൈവത്തെയും പുത്രനായ മിശിഹായെയും വായനക്കാര്‍ക്കു വ്യക്തമാക്കിക്കൊടുക്കുകയാണ്. ഒന്നാംവായനയില്‍ (പുറ. 3:9-16), ദൈവം തന്റെ പേര് മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്തത് മോശ അവതരിപ്പിക്കുന്നു. രണ്ടാം വായനയില്‍ (പ്രഭാ. 18:1-14) ദൈവത്തിന്റെ മഹത്ത്വത്തെക്കുറിച്ചും അവിടുത്തെ പ്രഭാവത്തെക്കുറിച്ചും പ്രഭാഷകന്‍ പങ്കുവയ്ക്കുന്നു. മൂന്നാം വായനയില്‍ (വെളി. 1:4-8) ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ ദൈവത്തെക്കുറിച്ച് യോഹന്നാന്‍ ശ്ലീഹാ അവതരിപ്പിക്കുന്നു. നാലാം വായനയില്‍ (യോഹ. 8:21-30) പിതാവായ ദൈവത്തില്‍നിന്നുള്ളവനാണ് ഈശോമിശിഹാ എന്ന സത്യം യോഹന്നാന്‍ സുവിശേഷകന്‍ അറിയിക്കുന്നു. വായനക്കാര്‍ക്കു ''ദൈവം'' എന്ന യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് എല്ലാ വായനകളുടെയും പ്രമേയം.
പുറപ്പാട് 3:9-16: ഇസ്രയേല്‍ജനത്തെ ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുക എന്ന മഹത്തായ ദൗത്യം ദൈവം മോശയെയാണു ഭരമേല്പിക്കുന്നത്. എന്നാല്‍, ഭാരിച്ച ഈ ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാന്‍ താന്‍ അയോഗ്യനാണെന്നും അപര്യാപ്തനാണെന്നും മോശ ദൈവത്തെ അറിയിക്കുന്നു. ഈ സാഹചര്യത്തില്‍ മോശയെ ദൈവം ശക്തിപ്പെടുത്തുന്നതു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ടാണ്. ഇന്നത്തെ വായനയിലെ ദൈവവും മോശയുമായുള്ള പരസ്പരസംഭാഷണങ്ങള്‍ ദൈവത്തെ വായനക്കാര്‍ക്കുമുമ്പില്‍ പ്രകാശിതമാക്കുന്നു.
ഈ മഹത്തായ ദൗത്യം നിര്‍വഹിക്കാന്‍ താന്‍ ആരാണ് എന്നതാണ് മോശയുടെ ഒന്നാമത്തെ ചോദ്യം (3:11). മോശ തന്റെ കഴിവില്ലായ്മയെക്കുറിച്ചു വിലപിക്കുകയാണിവിടെ. ''ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും'' (3:12). ഇതാണ് മോശയുടെ ചോദ്യത്തിനുള്ള ഉത്തരം. ദൈവം കൂടെയുള്ളപ്പോള്‍ എല്ലാം ചെയ്യാന്‍ മോശയ്ക്കു സാധിക്കുമെന്നുള്ള ഒരു ഉറപ്പ് നല്‍കലാണിത്. മാനുഷികകഴിവുകള്‍ക്കു പരിധിയും പരിമിതിയും ഉണ്ട്. ദൈവത്തിന് എല്ലാം സാധ്യമാണ്.
ഇസ്രയേല്‍മക്കളെ രക്ഷിക്കുന്ന ദൈവത്തിന്റെ പേര് എന്താണെന്നു ജനം ചോദിച്ചാല്‍ അതിന് എന്തുത്തരം കൊടുക്കണമെന്നതാണ് മോശയുടെ രണ്ടാമത്തെ ചോദ്യം (3:13). ആ ചോദ്യത്തിന് ദൈവം നല്‍കുന്ന ഉത്തരം ''ഞാന്‍ ഞാന്‍തന്നെ'' (I am who I am) എന്നാണ്. ഹയാഹ് അഷെര്‍ ഹയാഹ് എന്ന ഹീബ്രുപ്രയോഗത്തിന്റെ അര്‍ഥം ആയിരിക്കുന്നവന്‍ ആരോ അയാള്‍ എന്നാണ്. 'ഹയാ' എന്ന ഹീബ്രുപദത്തില്‍നിന്നാണ് ''ആയിരിക്കുക''(to be) എന്നര്‍ഥമുള്ള യാഹ്‌വേ (Yahweh) എന്ന പേരു രൂപപ്പെട്ടിരിക്കുന്നത്. 'ദൈവം' (God) എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ എലോഹിം((Elohim) എന്ന പദത്തിനു പര്യായമായിട്ടാണ് 'ആയിരിക്കുക' എന്നര്‍ഥം വരുന്ന ഹയാ (hayah) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് (3:14). തന്നില്‍ത്തന്നെ അസ്തിത്വം ഉള്ളവനാണ് ദൈവം; ഒപ്പം മറ്റുള്ളവയ്‌ക്കെല്ലാം അസ്തിത്വം നല്‍കുന്നവനും.
ദൈവം തന്നെത്തന്നെ വീണ്ടും പരിചയപ്പെടുത്തുന്നുണ്ട്: പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. 'എലോഹിം യാഹ്‌വെ' എന്ന പ്രയോഗം ശ്രദ്ധേയമാണ് യജമാനന്‍, കര്‍ത്താവ്(Lord)എന്നൊക്കെ അര്‍ഥം വരുന്ന യാഹ്‌വെ (YHWH) എന്ന പദം ദൈവം 'കര്‍ത്താവ്' ആണെന്നു സാക്ഷ്യപ്പെടുത്തുന്നു.
പ്രഭാഷകന്‍ 18:1-14: പ്രഭാഷകന്റെ പുസ്തകം പ്രബോധനങ്ങളുടെ പുസ്തകമാണ്. അതു ദൈവികമായ അറിവും ധാര്‍മികമായ ദര്‍ശനങ്ങളും പങ്കുവയ്ക്കുന്നു. അനശ്വരനായ ദൈവത്തെക്കുറിച്ചുള്ള അവതരണമാണ് ഇന്നത്തെ വായനയില്‍ നാം ശ്രവിക്കുന്നത്. ദൈവം സ്രഷ്ടാവാണ് (18:1), അവിടുന്ന് എന്നേക്കും ജീവിക്കുന്നവനാണ്. ദൈവം നീതിമാനാണ് (18:2).
അനശ്വരമായ, നിത്യമായ (eternal) എന്നര്‍ഥം വരുന്ന ഐയോണോസ് (aionos) എന്ന ഗ്രീക്കുവാക്കാണ് സപ്തതിയില്‍ (LXX) ഉപയോഗിച്ചിരിക്കുന്നത്. ദൈവം എന്നേക്കും നിലനില്‍ക്കുന്നവനാണെന്ന, ജീവിക്കുന്നവനാണെന്ന സൂചനയാണിതു നല്‍കുന്നത്. ദൈവം അനശ്വരനാണ്. ഇസ്രയേലിന്റെ ദൈവത്തിന്റെ വ്യതിരിക്തതയാണ് ഈ പ്രയോഗം വ്യക്തമാക്കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട ദൈവങ്ങള്‍ വര്‍ഷംതോറും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുവെന്നു കരുതിയിരുന്ന ഇതരമതവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ ദൈവത്തിന്റെ നിത്യതയും അനശ്വരതയും അവതരിപ്പിക്കുന്നത്.
ദൈവത്തിന്റെ മറ്റൊരു പ്രത്യേകത അവിടുത്തെ കാരുണ്യമാണ് (18:5,11). ദൈവത്തിന്റെ സ്വഭാവത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം 'എലെയോസ്' (eleos) എന്നതാണ്. കരുണ, അനുകമ്പ (mercy, compassion, sympathy) എന്നാണ് ഈ വാക്കുകളുടെ അര്‍ഥം. ദൈവം ആര്‍ദ്രഹൃദയനും എല്ലാവരോടും സഹാനുഭൂതി കാണിക്കുന്നവനുമാണെന്ന ചിന്താഗതി ഇസ്രയേല്‍ക്കാരുടെ ഇടയില്‍ പ്രബലമായിരുന്നു. അതാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.
വെളിപാട് 1:4-8: ഏഷ്യയിലെ ഏഴു സഭകള്‍ക്കായി എഴുതുന്ന കത്തില്‍ യോഹന്നാന്‍ ശ്ലീഹാ പരിശുദ്ധത്രിത്വത്തിലെ വ്യക്തികളെ എല്ലാവര്‍ക്കുമായി വെളിപ്പെടുത്തുകയാണിവിടെ. ദൈവത്തെക്കുറിച്ച് മൂന്നു വാക്കുകളാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവന്‍ (1:4). ഹോറെബ് മലയില്‍വച്ച് ദൈവം മോശയ്ക്കു വെളിപ്പെടുത്തിയ യാഹ്‌വെ (Yahweh)) എന്ന നാമത്തിന്റെ (പുറ. 3:14,15; 6:3,4) വ്യാഖ്യാനമാണിത്. കാലത്തിനതീതനായ, നിത്യനായവനാണ് ദൈവം എന്ന യാഥാര്‍ഥ്യം ഇതു വെളിവാക്കുന്നു.
സിംഹാസനസന്നിധിയിലെ സപ്താത്മാക്കള്‍ (Seven Spirits) ആരാണ്? 'ശ്വാസം, ആത്മാവ്' തുടങ്ങിയ അര്‍ഥങ്ങള്‍ വരുന്ന ഗ്രീക്കുഭാഷയിലെ പ്‌നെവുമ (pneuma) എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കൃപയുടെ ഉറവിടമായി ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ആത്മാവ് പരിശുദ്ധത്രിത്വത്തിലെ പരിശുദ്ധാത്മാവാണ്. ഏഴ് പൂര്‍ണതയെ സൂചിപ്പിക്കുന്ന പദമാണ്. ആത്മാവിന്റെ പൂര്‍ണതയാണ് അത് അര്‍ഥമാക്കുന്നത്. കൂടാതെ, സപ്തദാനങ്ങളുടെ ദാതാവിനെ (ഏശയ്യാ 11:2,3) യാവണം ഇവിടെ സപ്താത്മാക്കള്‍ എന്നു വിളിക്കുന്നത്.
ഈശോമിശിഹാ ആരാണെന്നു വ്യക്തമാക്കുന്ന മൂന്നു വാക്കുകളാണ് അഞ്ചാം വാക്യത്തില്‍ നാം വായിക്കുന്നത്. വിശ്വസ്തസാക്ഷി, മൃതരില്‍നിന്നുള്ള ആദ്യജാതന്‍, ഭൂമിയിലെ രാജാക്കന്മാരുടെ അധിപന്‍ (1:5). പിതാവായ ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയവനാണ് പുത്രനായ ഈശോ (trust worthy witness).. മരണത്തെ പരാജയപ്പെടുത്തിയ ആദ്യജാതനാണ് ഈശോ(first - born of the dead). . പിതാവായ ദൈവത്തില്‍നിന്നു സകല അധികാരവും സ്വീകരിച്ചിരിക്കുന്നവനാണ് ഈശോ (ruler of kings on earth) ''ഞാന്‍ അവനെ എന്റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനുമാക്കും (സങ്കീ. 89:27). കൂടാതെ, ആറാം വാക്യത്തില്‍ ഈശോയെ അവതരിപ്പിക്കുന്നത് സ്‌നേഹിക്കുന്നവനെന്നും, മോചിപ്പിക്കുന്നവനെന്നുമാണ്. ദൈവം ആദിയും അന്തവുമാണ്; ആല്‍ഫയും ഒമേഗയുമാണ് (1:8). ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ് ആല്‍ഫാ (Alpha); അവസാനത്തെ അക്ഷരമാണ് ഒമേഗ (Omega). . എല്ലാറ്റിന്റെയും ആരംഭവും എല്ലാറ്റിന്റെയും ലക്ഷ്യവും ദൈവംതന്നെയാണെന്ന സൂചനയാണിത്. ദൈവം സര്‍വശക്തനാണ്. പാന്തോക്രാത്തോര്‍ (pantokrator) എന്ന ഗ്രീക്കുപദമാണ് ദൈവത്തെ വിശേഷിപ്പിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സര്‍വചരാചരങ്ങളെയും, സൃഷ്ടവസ്തുക്കളെയുമെല്ലാം നിയന്ത്രിക്കുന്നത് സര്‍വശക്തനായ (All powerful; Almighty) ദൈവമാണ്. അവിടത്തെക്കൂടാതെ മറ്റൊരു ശക്തിയില്ല; അധികാരമില്ല. എല്ലാം അവിടുത്തെ കീഴിലാണ്.
യോഹന്നാന്‍ 8:21-30: ഈശോ ആരാണെന്നുള്ള നാലു പ്രഭാഷണങ്ങളാണ് യോഹ 8:12-59 ല്‍ യോഹന്നാന്‍ ശ്ലീഹാ നടത്തുന്നത്. ഈശോ ലോകത്തിന്റെ പ്രകാശമാണ് (8:12-20); ഈശോ 'ആയിരിക്കുന്നവന്‍' ആണ് (8:21-30); ഈശോ ദൈവപുത്രനാണ് (8:31-47); ഈശോ അബ്രാഹത്തെക്കാള്‍ വലിയവനാണ് (8:48-59). ഇന്നത്തെ സുവിശേഷത്തില്‍ നാം ശ്രവിക്കുന്നത് ഈശോ ആരാണെന്നുള്ള ശ്ലീഹായുടെ രണ്ടാമത്തെ പ്രഭാഷണമാണ്.
ഈശോ മുകളില്‍നിന്നുള്ളവനാണ് (8:23). ഉയരങ്ങളില്‍, ഉന്നതങ്ങളില്‍ (above, upward) എന്നര്‍ഥം വരുന്ന ഗ്രീക്ക് ഭാഷയിലെ അനോ (ano) എന്ന ക്രിയാവിശേഷണം സ്വര്‍ഗത്തെയാണു സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ പര്യായപദമാണ് സ്വര്‍ഗം. ഈശോ ദൈവമാണ്, ദൈവത്തില്‍നിന്നുള്ളവനാണ്.
ഈശോ പറഞ്ഞു: ഞാന്‍ ഞാന്‍തന്നെ. എഗോ എയ്മി (ego eimi) എന്ന ഗ്രീക്കു പ്രയോഗം ദൈവത്തിന്റെ നാമമായി ഉപയോഗിക്കുന്ന ഒന്നാണ്. താന്‍ ദൈവമാണ് എന്ന സത്യം ഈ വാക്കുകളിലൂടെ ഈശോ വ്യക്തമാക്കുന്നു (8:24). ഒരിക്കല്‍ കൂടി എഗോ എയ്മി (= I am He) എന്ന പ്രയോഗം ഈശോ നടത്തുന്നുണ്ട് (8:28). തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും താന്‍ 'ആയിരിക്കുന്നവനായ' ദൈവമാണെന്ന് എല്ലാവരും ഗ്രഹിക്കുമെന്നാണ് ഈശോ ഇവിടെ പറയുന്നത്.