നവംബര്‍ 3 പള്ളിക്കൂദാശക്കാലം ഒന്നാം ഞായര്‍
പുറ 33:1-11 ഏശ 40:21-31
ഹെബ്രാ 9:1-14 മത്താ 25:1-13
പള്ളിക്കൂദാശക്കാലം ''സഭയുടെ പ്രതിഷ്ഠ''യുടെ കാലമാണ്. പഴയനിയമത്തിലെ നാലു വിശുദ്ധാലയപ്രതിഷ്ഠകളുടെ (പുറ. 40:1-17; ജോഷ്വാ 18:1, 1 രാജാ. 8:62-66, എസ്രാ 3:2) അടിസ്ഥാനത്തിലാണ് പള്ളിക്കൂദാശക്കാലം നാല് ആഴ്ചകളിലായി ക്രമീകരിച്ചിരിക്കുന്നത്. സ്വര്‍ഗീയ ഓര്‍ശ്ലെമിലേക്കുള്ള സഭയുടെ പ്രവേശനത്തെയാണ് ഇക്കാലത്ത് പ്രധാനമായും അനുസ്മരിക്കുന്നത്. മണവാട്ടിയായ സഭ തന്റെ മണവാളനായ മിശിഹായെ യുഗാന്ത്യത്തില്‍ മുഖാമുഖം ദര്‍ശിക്കുന്നതും മിശിഹായോടൊപ്പം നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിക്കുന്നതുമാണ് ഇക്കാലത്തിന്റെ ധ്യാനവിഷയം.
ഒന്നാം വായനയില്‍ (പുറ. 33:1-11) ഇസ്രയേല്‍ജനം ദൈവികസാന്നിധ്യം അനുഭവിക്കുന്ന സമാഗമകൂടാരത്തെക്കുറിച്ചും; രണ്ടാം വായനയില്‍ (ഏശ. 40:21-31), ഇസ്രയേല്‍ജനത്തിന് ആശ്വാസത്തിന്റെ വാക്കുകള്‍ അരുള്‍ ചെയ്യുന്ന ദൈവത്തെക്കുറിച്ചും; അവിടുന്നില്‍ ആശ്രയം വയ്‌ക്കേണ്ടതിനെക്കുറിച്ചും, മൂന്നാം വായനയില്‍ (ഹെബ്രാ. 9:1-14), മനുഷ്യനിര്‍മിതമല്ലാത്ത കൂടാരത്തില്‍ പ്രവേശിച്ച മിശിഹായെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 25:1-13), ഒരുങ്ങിയിരിക്കുന്നവരെ മഹത്ത്വത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന മിശിഹായെക്കുറിച്ചും നാം ശ്രവിക്കുന്നു. ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും അതുവഴിയുണ്ടാകുന്ന ദൈവമഹത്ത്വത്തിന്റെ അനുഭവത്തെക്കുറിച്ചുമാണ് ഈ വചനഭാഗം പൊതുവായി അവതരിപ്പിക്കുന്നത്.
പുറപ്പാട് 33:1-11: ഇസ്രയേല്‍ജനം ഉടമ്പടി ലംഘിച്ചു. അവര്‍ അവിശ്വസ്തരായിരിക്കുകയും തിന്മ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇവര്‍ക്കു വീണ്ടും ദൈവസാന്നിധ്യം അനുഭവിക്കാന്‍ കഴിയുമോ? ഇസ്രയേല്‍ജനത്തിനു ദൈവത്തെ വീണ്ടും കണ്ടുമുട്ടാനുള്ള വഴികളാണ് ഈ വചനഭാഗത്തു പ്രധാനമായും പ്രതിപാദിക്കുന്നത്.
മോശയോടുള്ള സംഭാഷണത്തില്‍ ഇസ്രയേല്‍ജനത്തെ ദൈവം വിശേഷിപ്പിക്കുന്നത് 'നീ കൂട്ടിക്കൊണ്ടുവന്ന ജനം' എന്നാണ് (33:1). 'എന്റെ ജനം' എന്നു ദൈവം വിശേഷിപ്പിച്ച ജനം അവിശ്വസ്തതയും അനുസരണക്കേടും നിമിത്തം ദൈവത്തിന്റെ ജനമല്ലാതായിത്തീര്‍ന്നു. ജനത്തിന്റെ ദുശ്ശാഠ്യങ്ങളാണ് ഇതിനെല്ലാം കാരണം.
'ഞാന്‍ നിങ്ങളുടെ കൂടെ വരുന്നില്ല' എന്ന ദൈവത്തിന്റെ വാക്കുകള്‍ (33:3) ഇസ്രയേല്‍ജനം ദൈവത്തെ മറന്നു പ്രവര്‍ത്തിക്കുന്നതിന്റെ പ്രതിഫലനമാണ്. തിന്മയിലേക്കു ചാഞ്ഞിരിക്കുന്ന മനുഷ്യന്‍ ദൈവത്തെ കൂടെക്കൂട്ടുന്നില്ല. അവര്‍ ദുശ്ശാഠ്യക്കാര്‍ ആണ്. ഹീബ്രുഭാഷയിലെ 'ഖഷേഹ്' എന്ന പദത്തിന്റെ അര്‍ഥം ‘stiff - necked’ , ‘stubborn’ എന്നാണ്. കടുംപിടിത്തം നടത്തുന്നവരാണിവര്‍. പിടലി കടുത്തവരാണിവര്‍. നുകത്തിനു വഴങ്ങാത്ത കാളയുടെ പ്രതീകമാണവര്‍.
കര്‍ത്താവ് തങ്ങളെ പരിത്യജിച്ചുവെന്നു തിരിച്ചറിയുന്ന ജനം ദുഃഖാര്‍ത്തരായി വിലപിക്കുന്നുണ്ട്. ഹീബ്രുഭാഷയിലെ 'അബാല്‍' (abal) എന്ന പദത്തിന്റെ അര്‍ഥം 'ദുഃഖിക്കുക, കരയുക, വിലപിക്കുക' എന്നാണ്. ഇതു മാനസാന്തരത്തിന്റെ അടയാളമാണ്. തങ്ങളുടെ തെറ്റു തിരിച്ചറിയുന്ന അവര്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതു കര്‍ത്താവ് തങ്ങളുടെകൂടെ വരാനുള്ള ആഗ്രഹത്തില്‍നിന്നുള്ള പ്രവൃത്തിയാണ്.
പാളയത്തിനുപുറത്ത് മോശ നിര്‍മിച്ച കൂടാരമാണ് സമാഗമകൂടാരം. കര്‍ത്താവിന്റെ ഹിതമറിയാന്‍ ആഗ്രഹിച്ചിരുന്നവരെല്ലാം ഈ കൂടാരത്തിലേക്കാണു പോയിരുന്നത്. പ്രാര്‍ഥനയില്‍ ദൈവത്തെ കണ്ടുമുട്ടാന്‍ പ്രത്യേകം മാറ്റിവയ്ക്കപ്പെട്ട സ്ഥലമാണിത്. കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇറങ്ങിവരുന്ന മേഘം ദൈവസാന്നിധ്യത്തിന്റെ അടയാളമാണ്. തിന്മയില്‍നിന്നുള്ള തിരിച്ചുവരവില്‍ ദൈവം അവരുടെ കൂടെയുണ്ടാകും.
ഏശയ്യാ 40:21-31: ഇസ്രയേല്‍ജനം തങ്ങളുടെ അവിശ്വസ്തതവഴി ശിക്ഷ ഏറ്റുവാങ്ങിയവരാണ്. ശിക്ഷയ്ക്കു വിധേയരായെങ്കിലും ജനത്തെ ദൈവം വിസ്മരിക്കുന്നില്ല. അവര്‍ക്ക് ആശ്വാസത്തിന്റെ വചസ്സുകള്‍ ദൈവം നല്‍കുന്നുണ്ട് (40:1). ‘comfort, O comfort my people’എന്ന ദൈവികാഹ്വാനം ആശ്വാസത്തിന്റേതും ആനന്ദത്തിന്റേതുമാണ്.
ഏശയ്യാപ്രവാചകന്‍ 'അതുല്യനായ ദൈവത്തെ' ജനത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. ചില ചോദ്യങ്ങളിലൂടെയാണ് ഏശയ്യാ ഇത് ഇസ്രയേല്‍ജനത്തെ അനുസ്മരിപ്പിക്കുന്നത്. ദൈവം 'കൈക്കുമ്പിളില്‍ ആഴിയെ അളക്കുന്നവനാണ്' , 'ആകാശവിശാലതയെ ചാണില്‍ ഒതുക്കുന്നവനാണ്', 'ഭൂമിയിലെ പൊടിയെ അളവു പാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുന്നവനാണ്', 'പര്‍വതങ്ങളുടെ ഭാരം വെള്ളിക്കോലില്‍ നിശ്ചയിക്കുന്നവനാണ്', 'കുന്നുകളെ തുലാസില്‍ തൂക്കുന്നവനാണ്' എന്നീ പരാമര്‍ശങ്ങള്‍ ദൈവത്തിന്റെ 'ശക്തിയും മഹത്ത്വവും' വെളിപ്പെടുത്തുന്നു (40:12).
ദൈവം സ്രഷ്ടാവാണ്. എല്ലാറ്റിനും രൂപംകൊടുത്തവന്‍ അവിടുന്നാണ് (40:21). ഭൂമിക്കു മുകളില്‍ ആകാശവിതാനത്തിനുപരി ഉപവിഷ്ടനായിരിക്കുന്നവനാണ് ദൈവം. He sits above the 'horizon' of the earth (40:22). ഇതു ദൈവത്തിന്റെ മാഹാത്മ്യത്തെ വിളിച്ചോതുന്ന പരാമര്‍ശമാണ്. പ്രപഞ്ചസ്രഷ്ടാവായ ദൈവം പ്രപഞ്ചത്തിന്റെ മുഴുവനുംമേല്‍ അധികാരമുള്ളവനാണ്.
ഹെബ്രായര്‍ 9:1-14: ഹെബ്രായലേഖനകര്‍ത്താവ് തന്റെ ലേഖനത്തില്‍ 'ഈശോമിശിഹായുടെ ശ്രേഷ്ഠതയെ'ക്കുറിച്ചാണു വ്യത്യസ്തമാനങ്ങളില്‍ അവതരിപ്പിക്കുന്നത്. പഴയ ഉടമ്പടിയെക്കാള്‍ ശ്രേഷ്ഠമായ ഒരു ഉടമ്പടി ഈശോയില്‍ സ്ഥാപിക്കപ്പെെട്ടന്നും, പഴയ ബലിയര്‍പ്പണത്തില്‍നിന്നു വ്യത്യസ്തമായി ഉന്നതമായ ഒരു ബലി, 'എന്നന്നേക്കുമുള്ള ഏകബലി', മിശിഹാ അര്‍പ്പിച്ചുവെന്നുമാണ് ഹെബ്രായലേഖകന്‍ ഇന്നത്തെ വായനയില്‍ സമര്‍ഥിക്കുന്നത്.
ലേവ്യപുരോഹിതന്മാരാണ് ഭൗമികമായി വിശുദ്ധസ്ഥലത്ത് ആരാധനാനുഷ്ഠാനങ്ങള്‍ നടത്തുന്നത്. ബലിയര്‍പ്പണം നടത്തുന്ന സ്ഥലത്തെ വിശുദ്ധസ്ഥലമെന്നും അതിവിശുദ്ധസ്ഥലമെന്നും വിളിക്കുന്നു. ദീപപീഠവും മേശയും കാഴ്ചയപ്പവും വിശുദ്ധസ്ഥലത്തുണ്ട്. അതിവിശുദ്ധസ്ഥലത്ത് ധൂപപീഠവും വാഗ്ദാനപേടകവുമുണ്ടായിരുന്നു. പേടകത്തിനു മീതേയാണ് കൃപാസനം. ഇതു ദൈവമഹത്ത്വത്തിന്റെ സിംഹാസനമാണ്. പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തും പ്രധാനപുരോഹിതന്‍ അതിവിശുദ്ധസ്ഥലത്തും പ്രവേശിക്കുന്നു. തന്റെയും ജനത്തിന്റെയും തെറ്റുകള്‍ക്കുള്ള പരിഹാരത്തിനുവേണ്ടിയാണ് മൃഗങ്ങളുടെ രക്തവുമായി അദ്ദേഹം ആണ്ടിലൊരിക്കല്‍ ഇവിടെ പ്രവേശിക്കുന്നത്.
പ്രധാനപുരോഹിതനെന്ന നിലയില്‍ ഈശോ അര്‍പ്പിച്ച ബലി ലേവ്യപുരോഹിതപ്രമാണിയില്‍നിന്നു വ്യത്യസ്തമാണ്. കൂടുതല്‍ മഹനീയവും പൂര്‍ണവും മനുഷ്യനിര്‍മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെയാണ് ഈശോ അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചത്. ഈശോ നിത്യരക്ഷ സാധിച്ചത് സ്വന്തം രക്തത്തിലൂെടയാണ്. ലേവായപുരോഹിതര്‍ 'യോം കിപ്പൂര്‍' ദിനത്തില്‍ - പാപപരിഹാരദിനത്തില്‍ - കോലാടുകളുടെയും കാളക്കിടാങ്ങളുടെയും രക്തമെടുത്തുവെങ്കില്‍ ഈശോ തന്റെ രക്തം മനുഷ്യരക്ഷയ്ക്കുവേണ്ടി ചിന്തി. ഇത് എന്നന്നേക്കുമുള്ള ഏകബലിയാണ്.
മത്തായി 25:1-13: യുഗാന്ത്യോന്മുഖ കാഴ്ചപ്പാട് മത്തായിസുവിശേഷത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കര്‍ത്താവിന്റെ വരവിനെക്കുറിച്ചും, അടുത്ത വരവില്‍ ജാഗരൂകതയോടെ എല്ലാവരും ആയിരിക്കേണ്ടതിനെക്കുറിച്ചും സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ട്. മണവാളനെ എതിരേല്ക്കാന്‍ പുറപ്പെടുന്ന പത്തു കന്യകമാരുടെ ഉപമയെ ഈ പരിേപ്രക്ഷ്യത്തിലാണു മനസ്സിലാക്കേണ്ടത്. 'പറുസിയ' ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു പ്രതീകാത്മകമായി ഈ ഉപമ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
മണവാളന്‍ 'ഈശോയും', അവിടുത്തെ ആഗമനം 'കര്‍ത്താവിന്റെ രണ്ടാമത്തെ വരവും' , വിവേകവതികളായ കന്യകമാര്‍ 'ജാഗരൂകതയോടും വിവേകത്തോടുംകൂടെ ഒരുങ്ങിയിരിക്കുന്ന ക്രൈസ്തവരും' വിവേകശൂന്യകളായ കന്യകമാര്‍ 'അവിശ്വസ്തരും ജാഗരൂകതയോടെ പെരുമാറാത്തവരുമായ ക്രൈസ്തവരു'മാണ്. കര്‍ത്താവിനോടുകൂടെ ഒരുമിച്ചാകേണ്ട ഇടമാണ് 'സ്വര്‍ഗരാജ്യം.'
വിവേകവതികളെ സൂചിപ്പിക്കാനുപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം 'ഫ്രോണിമോസ്' (phronimos) എന്നാണ്. ഈ വാക്കിനര്‍ഥം intelligent, sensible, wise എന്നൊക്കെയാണ്. സ്വയം ഒരുങ്ങിയവരാണവര്‍. കര്‍ത്താവിന്റെ വരവിനുവേണ്ടി സത്പ്രവൃത്തികളാലും സുകൃതങ്ങളാലും തങ്ങളുടെ ജീവിതത്തെ ഒരുക്കിയവരാണവര്‍. അവരുടെ വിളക്കിലെ എണ്ണ 'അവരുടെ സത്കൃത്യങ്ങളാണ്.'
'വിവേകശൂന്യകള്‍' എന്നര്‍ഥം വരുന്ന 'മോറോസ്' (moros) എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥംuseless, foolishഎന്നൊക്കെയാണ്. പുണ്യത്തിന്റെ വഴികളില്‍ ചരിക്കാത്തവരാണിവര്‍. പൂര്‍ണമായ സമര്‍പ്പണം നടത്താത്തവരാണിവര്‍. ജീവിതത്തില്‍ സുകൃതങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നവരാണിവര്‍. വിവേകത്തോടെ, ജാഗരൂകതയോടെ നന്മയുടെ വഴികളില്‍ ചരിക്കുന്നവര്‍ക്കാണു സ്വര്‍ഗരാജ്യം ലഭ്യമാകുന്നത്. അല്ലാത്തവര്‍ക്കു ലഭിക്കുന്നതോ 'ശിക്ഷാവിധിയും.'
വചനനാളം