ഒക്‌ടോബര്‍ 12 ഏലിയാസ്ലീവാ മൂശക്കാലം ആറാം ഞായര്‍ മൂശെ രണ്ടാം ഞായര്‍
നിയ 11:26-32 ഏശ 41:1-7
ഗലാ 5:16-26 ലൂക്കാ 8:41യ-56
മൂശക്കാലം രണ്ടാം ഞായര്‍ പങ്കുവയ്ക്കുന്ന ദൈവവചനഭാഗങ്ങളെല്ലാം, വിശ്വസിക്കുന്നതിനുള്ള പ്രതിഫലത്തെക്കുറിച്ചും വിശ്വാസത്യാഗത്തിനുള്ള ശിക്ഷയെക്കുറിച്ചുമാണു പറയുന്നത്. പഴയനിയമകാലത്ത് ദൈവത്തിലുള്ള വിശ്വാസത്തിന്റെ പ്രകടനമായിരുന്നു കല്പനകള്‍ പാലിക്കുക എന്നത്. അവിടുത്തെ കല്പനകള്‍ പാലിച്ച് ചട്ടങ്ങളനുസരിച്ചു ജീവിച്ചാല്‍ അനുഗ്രഹവും അവിടുത്തെ ധിക്കരിച്ചാല്‍ ശിക്ഷയുമെന്നായിരുന്നു മൂശയിലൂടെ നല്കിയിരുന്ന പ്രമാണം. ഈ ആഴ്ചയില്‍ പ്രഘോഷിക്കപ്പെടുന്ന നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ വായനയില്‍ ഇക്കാര്യമാണ് ഓര്‍മിപ്പിക്കുന്നത്. വാഗ്ദത്തനാട്ടില്‍ പ്രവേശിച്ചു ജീവിക്കുമ്പോള്‍ എപ്പോഴും ഇത് ഓര്‍മയില്‍ ഉണ്ടായിരിക്കണം എന്നാണ് മൂശ ജനത്തിനു നല്കുന്ന ഉപദേശം.
ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണത്തില്‍ ദൈവത്തിന്റെ കല്പനകള്‍ ലംഘിച്ചപ്പോള്‍ അവിടുന്ന് ഇസ്രയേലിനെ ശിക്ഷിച്ചതിനെക്കുറിച്ചും തുടര്‍ന്ന് അവിടുന്ന് വീണ്ടെടുക്കുന്നതിനെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. ഇസ്രയേല്‍ സത്യദൈവത്തെ ഉപേക്ഷിച്ചപ്പോള്‍ ദൈവം അവരെ അന്യജനതകള്‍ക്കു വിട്ടുകൊടുത്തുകൊണ്ട് ശിക്ഷണത്തിലൂടെ നയിച്ചു. അതായിരുന്നു അവര്‍ അനുഭവിച്ച വിപ്രവാസജീവിതം. അവിടുന്നുതന്നെ അവരെ വിമോചിപ്പിക്കുവാന്‍ വേണ്ടി ശക്തനായ രാജാവിനെ ഉയര്‍ത്തുകയും ചെയ്തു. ഇന്നത്തെ വചനഭാഗത്തു പറയുന്നു: ഓരോ ചുവടുവയ്പിലും വിജയം വരിക്കുന്ന കിഴക്കുനിന്ന് വരുന്നവനെ ഉയര്‍ത്തിയത് ആരാണ്? ബാബിലോണിയക്കാരില്‍നിന്നും ഇസ്രയേലിനെ വിമോചിപ്പിക്കാന്‍ വേണ്ടിയുള്ള കര്‍ത്താവിന്റെ ഇടപെടലിനെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ജഡത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് ആത്മാവിന്റെ പ്രേരണകള്‍ക്കനുസരിച്ചു ജീവിക്കാനാണ് പൗലോസ് ശ്ലീഹാ ഗലാത്തിയായിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പ്രബോധിപ്പിക്കുന്നത്. പഴയനിയമകാലത്ത് നിയമമനുസരിച്ചും അനുസരിക്കാതെയും ജീവിക്കുന്നതായിരുന്നു മാനദണ്ഡമായിരുന്നതെങ്കില്‍ മിശിഹായുടെ അനുയായിയുടെ മാനദണ്ഡം ആത്മാവിന്റെ പ്രേരണയ്ക്കനുസരിച്ചു ജീവിക്കുന്നോ ഇല്ലയോ എന്നതാണ്. ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്നവര്‍ നിയമത്തിനുമുപരിയാണ് എന്നാണ് ശ്ലീഹാ പറയുന്നത്. ആത്മാവിന്റെ പ്രേരണയനുസരിച്ചുള്ള പ്രവൃത്തികള്‍ ഒരിക്കലും നിയമത്തിനെതിരായിരിക്കുകയില്ല. ഈശോമിശിഹായിലുള്ളവര്‍ ആത്മാവിന്റെ പ്രവൃത്തികളില്‍ വ്യാപരിച്ച് ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ അനുവര്‍ത്തിക്കുന്നവരും അവയില്‍ വളരുന്നവരുമാകാനാണ് ശ്ലീഹാ ഉപദേശിക്കുന്നത്.
ഈശോയില്‍ ആഴമായ വിശ്വാസമുള്ള രണ്ടുപേര്‍ അതിന്റെ ഫലമനുഭവിക്കുന്നതിനെക്കുറിച്ചാണ് സുവിശേഷത്തില്‍നിന്നു നാം ശ്രവിക്കുന്നത്. തന്റെ മകളുടെ ജീവന്‍ അപകടത്തിലായിരിക്കുന്നയവസരത്തില്‍ കര്‍ത്താവിന്റെ പക്കല്‍വന്ന് മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന ജായ്‌റോസ് എന്ന സിനഗോഗധികാരിയും പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവത്താല്‍ വലഞ്ഞിരുന്ന സ്ത്രീയും. രണ്ടു പേരോടും ഈശോ പറയുന്നത് അവരുടെ വിശ്വാസത്തെക്കുറിച്ചാണ്. സ്ത്രീയോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. മകള്‍ മരിച്ചുകഴിഞ്ഞു, ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതുന്ന ജായ്‌റോസിനോടും ഈശോ പറയുന്നത്, ഭയപ്പെടേണ്ട, വിശ്വസിക്കുകമാത്രം ചെയ്യുക എന്നാണ്. അവരുടെ വിശ്വാസത്തിന്റെ ഫലമായി അവര്‍ക്ക് അദ്ഭുതങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചു. ഈ രണ്ട് അദ്ഭുതങ്ങളിലൂടെയും വ്യക്തമാക്കുന്നത് ഈശോ ജീവന്റെയും മരണത്തിന്റെയുമേല്‍ അധികാരമുള്ളവനാണ് എന്നാണ്.
ജീവന്റെയും മരണത്തിന്റെയുംമേല്‍ അധികാരമുള്ളവനായ മിശിഹായാണ് അന്തിമനാളിലെ പുനരുത്ഥാനത്തില്‍ വിധിയാളനായി വാനമേഘങ്ങളില്‍ എഴുന്നള്ളുന്നത്. മിശിഹായുടെ രണ്ടാം വരവിനെക്കുറിച്ചും അന്തിമവിധിയെക്കുറിച്ചും ധ്യാനിക്കുന്ന ഏലിയ സ്ലീവാ മൂശക്കാലത്ത് വിശ്വാസത്തില്‍ ആഴപ്പെട്ടും ആത്മാവിന്റെ പ്രേരണയ്ക്കനുസരിച്ച് വിശ്വാസത്തിന്റെ ഫലം പുറപ്പെടുവിച്ചും വിധിയാളനായ മിശിഹായില്‍നിന്നു രക്ഷയുടെ സ്വരം ശ്രവിക്കുന്നതിന് യോഗ്യരാകാനാണ് ഇന്ന് തിരുവചനം ആഹ്വാനം ചെയ്യുന്നത്.