സെപ്റ്റംബര്‍ 14 ഏലിയാസ്ലീവാ മൂശക്കാലം
രണ്ടാം ഞായര്‍ സ്ലീവാ ഒന്നാം ഞായര്‍
സംഖ്യ 21:4-9 ഏശ 42:13-17
1 കോറി 1:18-25 ലൂക്കാ 24:13-27
ഏലിയക്കാലം, സ്ലീവാക്കാലം, മൂശക്കാലം എന്നിങ്ങനെ മൂന്നു കാലങ്ങളെ ചേര്‍ത്തിണക്കി ആചരിക്കുന്ന ഒരു ആരാധനാക്രമവത്സരത്തിലാണു നാം. ഏലിയ സ്ലീവാമൂശക്കാലത്തിലെ രണ്ടാം ആഴ്ചയായ ഇന്ന് സെപ്റ്റംബര്‍ 14 കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസമാണ്. അതിനാല്‍ ഇന്നു മുതല്‍ സ്ലീവാക്കാലം ആരംഭിക്കുകയാണ്. ഇന്ന് സ്ലീവാക്കാലം ഒന്നാം ഞായറാഴ്ചയാണ്. എന്നാല്‍, ഈ ഞായറാഴ്ച സെപ്റ്റംബര്‍ 14 ആയതുകൊണ്ട് ഇന്നത്തെ വിചിന്തനത്തിന് ആരാധനക്രമപഞ്ചാംഗം നല്കിയിരിക്കുന്നത് കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുള്ള വചനഭാഗങ്ങളാണ്. സ്ലീവാക്കാലം ഒന്നാം ഞായറാഴ്ചത്തെ വചനഭാഗങ്ങള്‍ നിയമ. 8:11-20; ഏശയ്യാ 33:13-24; ഫിലിപ്പി 2:1-11 മത്താ, 4:12-17-13 എന്നിവയാണ്. സ്ലീവായുടെ തിരുനാളിനെക്കുറിച്ചും അന്നേ ദിവസത്തിനുവേണ്ടിയുള്ള വചനഭാഗങ്ങളെക്കുറിച്ചുമാണ് ഈ ആഴ്ചയില്‍ നാം വിചിന്തനം ചെയ്യുന്നത്.
സ്ലീവാകേന്ദ്രിതമായ മനുഷ്യജീവിതത്തെയും സ്ലീവായിലൂടെ യാഥാര്‍ഥ്യമായ രക്ഷയെയും സംസ്ഥാപിതമായ സ്വര്‍ഗരാജ്യത്തെയും വരാനിരിക്കുന്ന നിത്യമഹത്ത്വത്തെയുംകുറിച്ച് ആരാധനസമൂഹം ധ്യാനവിഷയമാക്കുകയാണ് സ്ലീവാക്കാലത്തു ചെയ്യുന്നത്
വി. സ്ലീവായുടെ തിരുനാള്‍ സഭയിലെ വലിയ ഒരു തിരുനാളായി പൗരസ്ത്യസഭകളും പാശ്ചാത്യസഭയും വളരെ പ്രാചീനകാലംമുതല്‍ ആചരിച്ചിരുന്നതാണ്. സ്ലീവായുടെ മഹത്ത്വം പ്രഘോഷിക്കുന്നതിനൊപ്പം സഭയുടെ ചരിത്രത്തിലെ ഏതാനും സംഭവങ്ങള്‍ അനുസ്മരിക്കുന്ന ഒരു തിരുനാളുകൂടിയാണിത്. ഒന്നാമതായി, വിശുദ്ധ ഹെലേന ഈശോയുടെ കുരിശ് കണ്ടെത്തിയതും, ഈശോയുടെ തിരുക്കല്ലറയുടെ മുകളിലായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠയും ഈശോയുടെ കുരിശ് പരസ്യവണക്കത്തിനായി ആ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചതും അനുസ്മരിക്കുന്നു. ഏ ഡി 614ല്‍ ജറുസലെംദൈവാലയം പേര്‍ഷ്യന്‍ ആക്രമണത്തിനിരയാവുകയും ജറുസലെമിലെ പാത്രിയാര്‍ക്കീസും ജനങ്ങളുമെല്ലാം ബന്ദികളാക്കപ്പെട്ട് പേര്‍ഷ്യയിലേക്കു കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിനുശേഷം ഏ ഡി 629ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ പേര്‍ഷ്യയില്‍നിന്നു പാത്രിയാര്‍ക്കിനെയും ജനത്തെയും വിമോചിപ്പിച്ചു കൊണ്ടുവരുകയും വീണ്ടും സ്ലീവാ ജറുസലെംദൈവാലയത്തില്‍ പരസ്യവണക്കത്തിനായി പുനഃപ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഇത് 629 സെപ്റ്റംബര്‍ 14നായിരുന്നു. ഇപ്രകാരം രണ്ടുപ്രാവശ്യം ഈശോയുടെ കുരിശ് ജറുസലെംദൈവാലയത്തില്‍ പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചതിനെ അനുസ്മരിക്കുന്ന തിരുനാളാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍. സ്ലീവായാണ് രക്ഷയുടെ അടയാളം. സ്ലീവായിലൂടെയാണ് മനുഷ്യരക്ഷ യാഥാര്‍ഥ്യമായത്. സ്ലീവായുടെ പുകഴ്ചയുടെ തിരുനാള്‍ നമ്മുടെ കര്‍ത്താവിന്റെ മഹത്ത്വത്തിന്റെ പ്രഘോഷണമാണ്.
സ്ലീവായുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നു പ്രഘോഷിക്കുന്ന സുവിശേഷഭാഗം എമ്മാവൂസിലേക്കു പോകുന്ന രണ്ടു ശ്ലീഹന്മാരെക്കുറിച്ചും അവര്‍ക്ക് ഈശോ പ്രത്യക്ഷപ്പെടുന്നതും അവിടുന്ന് അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതുമാണ്. അവരുടെ സംഭാഷണത്തിനിടയില്‍ ശിഷ്യന്മാര്‍ ആ ദിവസങ്ങളില്‍ നടന്നതിനെക്കുറിച്ചെല്ലാം ആധിയോടെ ഈശോയോടു പറയുമ്പോള്‍ അവിടുന്ന് പറയുന്നത്, മനുഷ്യപുത്രന്‍ ഇവയെല്ലാം സഹിച്ച് മഹത്ത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ? എന്നാണ്. തന്റെ കുരിശുമരണത്തെ മഹത്ത്വത്തിലേക്കുള്ള പ്രവേശനമായാണ് ഈശോ കാണുന്നത്. സ്ലീവായുടെ തിരുനാള്‍ മഹത്ത്വീകൃതമായ മിശിഹായുടെ തിരുനാളാണ്. സ്ലീവാ എന്ന വാക്കിന്റെ അര്‍ഥം ക്രൂശിക്കപ്പെട്ടവന്‍ എന്നാണ്. കുരിശിലൂടെ മഹത്ത്വത്തിലേക്കു പ്രവേശിക്കപ്പെട്ട ഉത്ഥിതനായ മിശിഹായെയാണ് സ്ലീവായുടെ തിരുനാള്‍ ആചരിക്കുന്നതിലൂടെ മഹത്ത്വപ്പെടുത്തുന്നത്. ആദിമസഭയില്‍ സ്ലീവാ ഉപയോഗിച്ചിരുന്നത് ഉത്ഥിതനായ മിശിഹായെ പ്രതിനിധാനം ചെയ്യുന്നതിനായിരുന്നു. വിവിധങ്ങളായ രീതിയില്‍ ശൂന്യമായ കുരിശ് ചിത്രീകരിച്ചുകൊണ്ട് മിശിഹായെ മഹത്ത്വപ്പെടുത്തുകയാണു ചെയ്തിരുന്നത്. എല്ലാ ആരാധനക്രമപാരമ്പര്യത്തിലും ഉത്ഥാനത്തെ സൂചിപ്പിക്കുന്ന ശൂന്യമായ കുരിശുകളാണ് ഉപയോഗിച്ചിരുന്നത്. ക്രൂശിക്കപ്പെട്ടവന്റെ രൂപത്തോടെ ആദിമസഭയില്‍ സ്ലീവാ ഉപയോഗിച്ചിരുന്നില്ല. മധ്യനൂറ്റാണ്ടുകള്‍ മുതലാണ് ക്രൂശിതനായ മിശിഹായുടെ രൂപത്തോടെയുള്ള കുരിശുരൂപങ്ങള്‍ ഉപയോഗിച്ചുതുടങ്ങുന്നത്. മിശിഹായിലൂടെ യാഥാര്‍ഥ്യമായ രക്ഷയെയാണ് അതു സൂചിപ്പിച്ചിരുന്നത്. ആ രക്ഷയിലുള്ള പങ്കാളിത്തമായിരുന്നു ആരാധനക്രമം. അതിനാല്‍ സ്ലീവായുടെ മുമ്പിലായിരുന്നു എല്ലാ ആരാധനക്രമത്തിലും ദിവ്യരഹസ്യങ്ങള്‍ പരികര്‍മം ചെയ്തിരുന്നത്. ഉത്ഥിതനായ മിശിഹായുടെ പ്രതീകമായി മാര്‍ത്തോമ്മാനസ്രാണികളുടെയിടയില്‍ ഉപയോഗിച്ചിരുന്ന സ്ലീവായായിരുന്നു മാര്‍ത്തോമ്മാ സ്ലീവാ. മരണത്ത കീഴടക്കി ഉത്ഥാനം ചെയ്ത് മനുഷ്യകുലത്തിനു പ്രത്യാശ നല്കിയ ഈശോമിശിഹായെയാണ് മാര്‍ത്തോമാസ്ലീവാ പ്രതിനിധാനം ചെയ്യുന്നത്.
സംഖ്യയുടെ പുസ്തകത്തില്‍നിന്നുമുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ നാം കാണുന്നത് രക്ഷയുടെ അടയാളമായി ഉയര്‍ത്തപ്പെടാനുള്ള മിശിഹായുടെ സ്ലീവായുടെ പ്രതിരൂപമായി മോശ മരുഭൂമിയില്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതിനെക്കുറിച്ചാണ്. മരുഭൂമിയില്‍ മോശ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മിശിഹായും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു എന്ന് യോഹന്നാന്‍ ശ്ലീഹാ എഴുതുമ്പോള്‍ മിശിഹായുടെ മഹത്ത്വപൂര്‍ണമായ കുരിശുമരണത്തെയും ഉത്ഥാനത്തെയുമാണ് സൂചിപ്പിക്കുന്നത്. മരുഭൂമിയില്‍ പാപത്തില്‍ വീണുപോയവര്‍ക്ക് രക്ഷയുടെ അടയാളമായ മോശ മരുഭൂമിയില്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയെങ്കില്‍ പാപത്തില്‍ വീണുപോയ മനുഷ്യകുലത്തിനു രക്ഷനല്കുന്നതിനുവേണ്ടി സ്ലീവാ ഉയര്‍ത്തപ്പെടുകയാണ്. മോശ ഉയര്‍ത്തിയത് രക്ഷയുടെ അടയാളം മാത്രമായിരുന്നുവെങ്കില്‍ കാല്‍വരിയില്‍ രക്ഷകന്‍തന്നെ ഉയര്‍ത്തപ്പെടുകയാണ്. മരുഭൂമിയില്‍ ഉയര്‍ത്തപ്പെട്ടത് രക്ഷയുടെ അടയാളംമാത്രമായിരുന്നു. രക്ഷ നല്കിയത് ദൈവമായിരുന്നു. എന്നാല്‍, കാല്‌വരിയില്‍ ഉയര്‍ത്തപ്പെട്ടത് രക്ഷ നല്കുന്നവന്‍തന്നെയായിരുന്നു. സ്ലീവായിലൂടെ രക്ഷ സാധ്യമായി.
ബാബിലോണിയായിലെ അടിമത്തത്തില്‍നിന്നു കര്‍ത്താവ് വിജയശ്രീലാളിതനായ ഒരു യോദ്ധാവിനെപ്പോലെ ഇസ്രയേല്‍ജനത്തെ വീണ്ടെടുത്ത് മഹത്ത്വത്തിലേക്കു നയിക്കുന്നതിനെക്കുറിച്ചാണ് ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണത്തില്‍നിന്നു ശ്രവിക്കുന്നത്. അവരുടെ മുമ്പിലെ അന്ധകാരത്തെ പ്രകാശപൂരിതമാക്കിക്കൊണ്ട് അവരെ നയിക്കും എന്നാണ് കര്‍ത്താവ് പ്രവാചകനിലൂടെ അരുള്‍ചെയ്യുന്നത്. മിശിഹായുടെ കുരിശിലൂടെ യാഥാര്‍ഥ്യമായ രക്ഷയാണ് പ്രവാചകവചസ്സുകളില്‍ നിഴലിച്ചുകാണുന്നത്.
ലോകത്തിന്റെ മുമ്പില്‍ ഭോഷത്തമായി കരുതിയിരുന്ന കുരിശിലൂടെ രക്ഷ നല്കിയതിനെക്കുറിച്ചാണ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ പ്രബോധിപ്പിക്കുന്നത്. യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്തവുമായ സ്ലീവായാണ് മനുഷ്യകുലത്തിനു രക്ഷയായി വര്‍ത്തിക്കുന്നത്. സ്ലീവായുടെ തിരുനാള്‍ ആചരിക്കുന്ന ഇന്ന് മിശിഹായിലൂടെ നല്കിയ രക്ഷ അനുഭവിക്കുന്നതിനും അത് ആരാധനയിലൂടെ പ്രഘോഷിക്കുന്നതിനുമാണ് തിരുസ്സഭ നമ്മെ ക്ഷണിക്കുന്നത്. സ്ലീവായാണ് രക്ഷ, സ്ലീവായിലൂടെയാണ് രക്ഷ. സ്ലീവായെ ആരാധിച്ചുകൊണ്ട് സ്ലീവായുടെ ശക്തിയാല്‍ മഹത്ത്വത്തിലേക്കു പ്രവേശിക്കാന്‍ നമുക്കു പരിശ്രമിക്കാം. മഹത്ത്വത്തിലേക്കു പ്രവേശിക്കുന്നതിനുള്ള ഇടുങ്ങിയ വാതിലാണ് സ്ലീവാ. സ്ലീവായുടെ പാതയില്‍ മുന്നേറുവാന്‍ സ്ലീവാക്കാലത്ത് നമുക്കു പ്രാര്‍ഥിക്കാം, ശക്തിനേടാം.