•  4 Sep 2025
  •  ദീപം 58
  •  നാളം 26
വചനനാളം

യഥാര്‍ഥ വെളിച്ചം നല്‍കുന്നവന്‍

സെപ്റ്റംബര്‍  7  ഏലിയാസ്ലീവാ മൂശക്കാലം   ഒന്നാം ഞായര്‍   ഏലിയ ഒന്നാം ഞായര്‍

നിയ 6:20-25  ഏശ 31:4-9   2 തെസ 1:3-10 ലൂക്കാ 18:35-43
 
രാധനക്രമപരമായി  ഏലിയാസ്ലീവാ മൂശക്കാലങ്ങളിലേക്കു പ്രവേശിച്ചിരിക്കുകയാണ് നാം. സെപ്റ്റംബര്‍ 14 ന്  ആചരിക്കുന്ന സ്ലീവായുടെ പുകഴ്ചയുടെ തിരുനാളിനെ കേന്ദ്രീകരിച്ചാണ് ഈ ആരാധനക്രമകാലം ക്രമീകരിച്ചിരിക്കുന്നത്. സ്ലീവായുടെ തിരുനാളിനു മുമ്പ് ഏലിയാക്കാലവും സ്ലീവായുടെ തിരുനാളുമുതല്‍ മൂന്ന് അല്ലെങ്കില്‍ നാല് ആഴ്ചകള്‍  സ്ലീവാക്കാലവും തുടര്‍ന്നുവരുന്ന നാല് ആഴ്ചകള്‍ മൂശക്കാലവുമായി ആചരിക്കുന്നു. സ്ലീവായുടെ വിജയം,  മിശിഹായുടെ രണ്ടാമത്തെ ആഗമനം,   മനുഷ്യന്റെ മരണം, അന്ത്യവിധി എന്നിവയാണ് ഇക്കാലത്തെ പ്രധാന വിചിന്തനവിഷയങ്ങള്‍. സ്ലീവാകേന്ദീകൃതമായ ജീവിതത്തിലൂടെ വിശുദ്ധജീവിതം നയിക്കാനും സ്വര്‍ഗോന്മുഖമായി വളരാനും മഹത്ത്വപൂര്‍ണമായ മിശിഹായുടെ വരവുനോക്കി പാര്‍ത്തിരിക്കാനും ഈ ആരാധനക്രമകാലം പ്രചോദിപ്പിക്കുന്നു. 
   മിശിഹായുടെ രണ്ടാമത്തെ ആഗമനത്തില്‍ ആകാശമധ്യത്തില്‍ മഹത്ത്വപൂര്‍ണമായി പ്രത്യക്ഷപ്പെടുമെന്ന് ഈശോ പറഞ്ഞിട്ടുള്ള അടയാളം സ്ലീവായാണ് എന്ന് ആദിമസഭയില്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് സ്ലീവായുടെ ശക്തിയും വിജയവും മിശിഹായുടെ ദ്വിതീയാഗമനം അനുസ്മരിക്കുന്ന ഈ ആരാധനക്രമകാലത്ത് പ്രത്യേകം അനുസ്മരിച്ചിരുന്നു.  ജറുസലേമിലേക്കുള്ള മിശിഹായുടെ മഹത്ത്വപൂര്‍ണമായ യാത്രയില്‍ ജറീക്കോയിലെത്തിയപ്പോള്‍ ഈശോ പ്രവര്‍ത്തിച്ച ഒരു അദ്ഭുതമാണ് ലൂക്കായുടെ സുവിശേഷം 18:35-43 വചനങ്ങളില്‍ വിവരിക്കുന്ന ഒരു അന്ധനായ ഭിക്ഷാടകനെ  സുഖപ്പെടുത്തുന്ന സംഭവം. മിശിഹായുടെ ജറുസലേംയാത്രയുടെ ലക്ഷ്യമാണ് ഈ അദ്ഭുതത്തിലൂടെ വ്യക്തമാക്കുന്നത്. അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനത്തെ വീണ്ടെടുത്ത് പ്രകാശത്തിലേക്കു നയിക്കാനാണ് അവിടുന്ന് ജറുസലേമിലേക്കു പോകുന്നതും പീഡകള്‍ സഹിച്ച് മരിക്കുന്നതും. അന്ധനായ മനുഷ്യന്‍ ഈശോ കടന്നുപോകുന്നു എന്നറിഞ്ഞപ്പോള്‍ അവിടുത്തെ വിളിച്ചപേക്ഷിക്കുകയാണ്: ''ദാവീദിന്റെ പുത്രനായ മിശിഹായേ, എന്നില്‍ കനിയണമേ.'' ഈശോ അവനെഅടുത്തുവിളിച്ച് താന്‍ അവനുവേണ്ടി എന്തുചെയ്യണമെന്ന് ആരാഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: ''കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.'' കര്‍ത്താവ് അവനോടു പറഞ്ഞു: ''നിനക്കു കാഴ്ച വീണ്ടുകിട്ടട്ടെ.'' തത്ക്ഷണം അവനു കാഴ്ച വീണ്ടുകിട്ടി. ഇവിടെ കാഴ്ച നഷ്ടപ്പെട്ട ഒരുവനാണ് കര്‍ത്താവിന്റെ മുമ്പില്‍ വിളിച്ചപേക്ഷിക്കുന്നത്. കര്‍ത്താവ് അവനു കാഴ്ച വീണ്ടും നല്കുകയാണ്. കാഴ്ച വീണ്ടുകിട്ടിയ അവന്‍ കര്‍ത്താവിനെ അനുഗമിക്കുകയാണ്. അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനത്തെ പ്രകാശത്തിലേക്കു നയിക്കുന്ന മിശിഹായുടെ ദൗത്യമാണ് ഇവിടെ വ്യക്തമാക്കുന്നത്. മിശിഹായുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ത്തന്നെ പ്രഘോഷിച്ചിരുന്നത് 'അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം വലിയ പ്രകാശം കണ്ടു' എന്ന കാര്യമാണ്. അതുതന്നെയാണ് അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ഒരു   മനുഷ്യനെ സുഖപ്പെടുത്തിയതിലൂടെ ഈശോ ചെയ്യുന്നത്.  
അന്ധകാരത്തിന്റെ അടിമത്തത്തില്‍നിന്ന് ഈശോ അന്ധനെ സുഖപ്പെടുത്തിയതുപോലെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നു കര്‍ത്താവിന്റെ ശക്തമായ കരത്താല്‍ ഇസ്രയേലിനെ വിമോചിപ്പിച്ച് അവരെ വാഗ്ദത്തനാട്ടിലേക്കു നയിക്കുന്ന ദൈവത്തിന്റെ പ്രവൃത്തിയെക്കുറിച്ചാണ് നിയമാവര്‍ത്തനപ്പുസ്തക ത്തില്‍നിന്നുമുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ പറയുന്നത്. അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന നാട്ടിലേക്കു നയിക്കാനും, അതു നല്കാനുമായാണ് കര്‍ത്താവ്  അവരെ വിമോചിപ്പിച്ചത്. കര്‍ത്താവ് അവര്‍ക്കു നല്കിയ നിയമങ്ങളെല്ലാം  പാലിച്ച് നീതിയുള്ളവരായിരിക്കുന്നതിനുവേണ്ടിയാണ് അവിടുന്ന് നിയമം നല്കിയത്. അതു പാലിച്ചു  ജീവിച്ച് വാഗ്ദത്തനാട്ടില്‍ നിലനില്ക്കണമെന്നാണു  മനുഷ്യനെ സംബന്ധിച്ചുള്ള ദൈവികപദ്ധതി. 
കാഴ്ച നഷ്ടപ്പെട്ട അന്ധന് ഈശോ വീണ്ടും കാഴ്ച നല്കുന്നതുപോലെ വീണുപോയ ഇസ്രയേലിനെ വീണ്ടും ശക്തിപ്പെടുത്തി, സംരക്ഷിച്ച് പരിപാലിക്കുന്നതിനെക്കുറിച്ചാണ് ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുമുള്ള രണ്ടാമത്തെ പ്രഘോഷണത്തില്‍ കാണുന്നത്. അജ്ഞതയുടെ അന്ധകാരത്തിലേക്കു വീണുപോയ ഇസ്രയേലിനോട് പ്രകാശത്തിലേക്കു തിരിച്ചുവരുന്നതിനുള്ള ആഹ്വാനമാണ്  പ്രവാചകന്‍ നല്കുന്നത്. 
ആദിമസഭയുടെ പീഡനങ്ങളുടെയും സഹനങ്ങളുടെയും പശ്ചാത്തലത്തില്‍ പൗലോസ് ശ്ലീഹാ തെസലോനിക്കായിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍നിന്നുമാണ്  മൂന്നാമത്തെ പ്രഘോഷണം. കര്‍ത്താവായ മിശിഹാ തന്റെ ശക്തരായ ദൂതന്മാരോടൊപ്പം അഗ്നിജ്വാലകളോടുകൂടെ ആകാശമധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ യാതനകള്‍ക്കിരയായി കഴിയുന്നവര്‍ക്ക് സമാശ്വാസം ലഭിക്കും എന്നാണ് ശ്ലീഹാ പറയുന്നത്. കര്‍ത്താവിന്റെ മഹത്ത്വപൂര്‍ണമായ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചാണ്  ലേഖനം പറയുന്നത്. ഏലിയാസ്ലീവാ മൂശക്കാലങ്ങള്‍ അന്ധകാരത്തിന്റെ അജ്ഞതയെ നീക്കി പ്രകാശത്തിന്റെ പാതയില്‍ സഞ്ചരിച്ച് മിശിഹായുടെ മഹത്ത്വപൂര്‍ണമായ ആഗമനം കാത്തിരിക്കാനാണ് ആഹ്വാനം നല്കുന്നത്. പാപത്തിന്റെ അന്ധകാരത്തില്‍ വീണുപോകുന്നവര്‍ക്ക് കര്‍ത്താവു കടന്നുവരുന്ന വഴിയരികില്‍ കാത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിച്ച് അന്ധകാരത്തെ നീക്കം ചെയ്ത് പ്രകാശത്തിന്റെ പാതയില്‍ വീണ്ടും സഞ്ചരിക്കാനും കാഴ്ച വീണ്ടും ലഭിക്കാനും അങ്ങനെ അവിടുത്തെ അനുഗമിക്കാനും ഏലിയാ സ്ലീവാ മൂശക്കാലത്തെ വചനവിചിന്തനങ്ങളും പ്രാര്‍ഥനകളും നമ്മെ സഹായിക്കട്ടെ.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)