ഓഗസ്റ്റ് 17
കൈത്താക്കാലം നാലാം ഞായര്‍
നിയ 5:16-24 ഏശ 9:13-21
2 കോറി 10:12-18 മര്‍ക്കോ 7:1-13
മാനുഷികപാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം നല്കി ദൈവികനിയമങ്ങളെ മറന്നു ജീവിക്കുന്നവരെ ദൈവോന്മുഖരായി ജീവിക്കുന്നതിനു പ്രചോദിപ്പിക്കുന്ന ദൈവവചനഭാഗങ്ങളാണ് ഈ യാഴ്ച വിശുദ്ധ കുര്‍ബാനമധ്യേ പ്രഘോഷിക്കപ്പെടുന്നത്. നിയമജ്ഞരും ഫരിസേയരും ഈശോയുടെ പക്കല്‍വന്ന് അവിടുത്തെ ശിഷ്യന്മാര്‍ കൈകഴുകാതെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചു പരാതിപ്പെടുന്നു. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് തങ്ങള്‍ ശുദ്ധിയുള്ളവരാണെങ്കിലും ആചാരപരമായ കൈകഴുകല്‍ യഹൂദര്‍ നടത്തിയിരുന്നു. ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ദൈവികനിയമങ്ങള്‍ അനുഷ്ഠിക്കുന്നതിനു സഹായകമായിട്ടുള്ളതായിരുന്നു. എ ഡി 200 നോടുകൂടി മിഷ്‌ന എന്ന പേരില്‍ അവ എഴുതപ്പെടുന്നതുവരെയും വായ്‌മൊഴിയായാണ് ഇപ്രകാരമുള്ള ആചാരങ്ങള്‍ കൈമാറിയിരുന്നത്. ഈ ആചാരങ്ങള്‍ ഈശോയുടെ ശിഷ്യന്മാര്‍ തെറ്റിക്കുന്നതിനെക്കുറിച്ചാണ് ഫരിസേയരും നിയമജ്ഞരും ഈശോയുടെ പക്കല്‍ ചോദ്യമുയര്‍ത്തുന്നത്. ഫരിസേയര്‍ പാരമ്പര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്കിയിരുന്നവരാണ്. നിയമജ്ഞര്‍ നിയമത്തില്‍ വളരെ അറിവ് നേടിയവരുമായിരുന്നു. അവര്‍ ജറൂസലേമില്‍നിന്നു വന്നവര്‍ എന്നു പറയുമ്പോള്‍ ഔദ്യോഗികമായ അന്വേഷണസംഘത്തിന്റെ ഭാഗമാകാം (മര്‍ക്കോ 3:22).
മാതാപിതാക്കന്മാരെ ബഹുമാനിക്കണം, അവരെ ശുശ്രൂഷിക്കണം എന്നത് ദൈവികനിയമമായി ഇസ്രയേല്‍ക്കാര്‍ക്കുണ്ടായിരുന്നത് പില്‍ക്കാലത്ത് അവരുടെയിടയില്‍ ആരംഭിച്ചിരുന്ന ആചാരമനുസരിച്ച് മാതാപിതാക്കന്മാരെ നോക്കുന്നതിനു പകരം തങ്ങള്‍ക്കുള്ള സമ്പത്തില്‍നിന്ന് കൊര്‍ബാന്‍ ആയി നല്കിയാല്‍, ദൈവാലയത്തില്‍ കാഴ്ചയായി നല്കിയാല്‍, പിന്നീട് അവര്‍ മാതാപിതാക്കന്മാരെ സംരക്ഷിക്കാന്‍ കടപ്പെട്ടവരല്ലായിരുന്നു. ഇപ്രകാരമുള്ള മാനുഷികപാരമ്പര്യങ്ങളുടെപേരില്‍ ദൈവികനിയമങ്ങളെ ലംഘിക്കുന്നതിനെയാണ് ഈശോ പരാമര്‍ശിക്കുന്നത്. മാനുഷികമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയുംപേരില്‍ ദൈവവചനത്തെ ശൂന്യമാക്കുന്നതും ദൈവസ്‌നേഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നതുമാണ് ഈശോ വലിയ തെറ്റായി ചൂണ്ടിക്കാണിക്കുന്നത്. ഇക്കാലത്തും സഭയിലും സമൂഹത്തിലും തങ്ങളുടേതായ ആചാരങ്ങളുടെ പേരിലും സ്വാര്‍ഥതാത്പര്യങ്ങളുടെ പേരിലും ദൈവവചനത്തിനും ദൈവത്തിനും നിരക്കാത്ത പ്രവൃത്തികള്‍ അരങ്ങേറുമ്പോള്‍ ഈശോയുടെ വാക്കുകള്‍ പ്രത്യേകം വിചിന്തനത്തിനു വിഷയമാക്കേണ്ടതാണ്.
നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുമുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ ദൈവികനിയമങ്ങളാണ് നാം ശ്രവിക്കുന്നത്. കര്‍ത്താവിന്റെ ഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്നതിന് ദൈവം മോശയിലൂടെ നല്കിയ നിയമങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ നിയമങ്ങളെല്ലാം ദൈവവുമായും മനുഷ്യരുമായുമുള്ള ബന്ധങ്ങളുടെ വിശ്വസ്തമായ അനുഷ്ഠാനങ്ങളിലേക്കു നയിക്കുന്നതാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ ഇവ മാറ്റിനിര്‍ത്താവുന്നതല്ല. കര്‍ത്താവ് നല്കിയ പത്തുകല്പനകള്‍ പാലിച്ച് അവിടുത്തെ ഹിതം നിറവേറ്റുന്നവരാകണമെന്നു തിരുവചനം പറയുന്നു. പത്തുകല്പനകളെ സംഗ്രഹിച്ച് സ്‌നേഹത്തിന്റെ ഒറ്റപ്രമാണമായി പഠിപ്പിക്കുകയാണ് ഈശോ ചെയ്തത്. ആന്തരികവും ബാഹ്യവുമായ വിശുദ്ധിയുള്ളവരായി വര്‍ത്തിക്കണമെന്ന് തിരുവചനം ആവശ്യപ്പെടുന്നു.
ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുമുള്ള പ്രഘോഷണത്തില്‍ ദൈവികനിയമങ്ങള്‍ മറന്നു ജീവിക്കുന്നതിനെക്കുറിച്ചാണു പറയുന്നത്. ദൈവഭയമില്ലാതെ എല്ലാവരും അകൃത്യം പ്രവര്‍ത്തിക്കുന്നു. ജനത്തെ നയിക്കുന്നവര്‍തന്നെ അവരെ വഴിതെറ്റിക്കുന്നു. ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ കര്‍ത്താവിന്റെ ക്രോധത്തിനു വിധേയരാകേണ്ടിവരും. അത് അവരുടെ വീണ്ടെടുപ്പിനുവേണ്ടിയുള്ള ശിക്ഷണമാണ്.
പൗലോസ്ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പ്രബോധിപ്പിക്കുന്നതും മിശിഹായുടെ അനുയായി അഭിമാനിക്കേണ്ടത് കര്‍ത്താവിലാണ് എന്നാണ്. സ്വയം പ്രശംസിക്കുന്നവനല്ല; കര്‍ത്താവ് പ്രശംസിക്കുന്നവനാണ് സ്വീകാര്യന്‍. കര്‍ത്താവിനു സ്വീകാര്യമായ പ്രവൃത്തികളില്‍ വ്യാപരിച്ച് അവിടുത്തെ ഹിതം നിര്‍വഹിച്ച് കൈത്താക്കാലത്തിന്റെ ചൈതന്യമനുസരിച്ച് നല്ല ഫലം പുറപ്പെടുവിക്കുന്നവരാകാന്‍ ഇന്നത്തെ തിരുവചനഭാഗങ്ങളെല്ലാം നമ്മോടാവശ്യപ്പെടുന്നു.