നവംബര്‍ 9 പള്ളിക്കൂദാശക്കാലം രണ്ടാം ഞായര്‍
പുറ 40:1-16 1 രാജാ 8:22-29
ഹെബ്രാ 8:1-6 മത്താ 12:1-13
പള്ളിക്കൂദാശക്കാലം രണ്ടാം ഞായറാഴ്ച പ്രഘോഷിക്കപ്പെടുന്ന ദൈവവചനഭാഗളെല്ലാം ദൈവാലയത്തെയും അതിന്റെ പ്രതിഷ്ഠയെയും ലക്ഷ്യത്തെയും സംബന്ധിച്ചുള്ളതാണ്. ഒന്നാമത്തേത് പുറപ്പാടുപുസ്തകം 40-ാം അധ്യായത്തില്‍നിന്നുള്ളതാണ്.
തനിക്കു ജനത്തിന്റെകൂടെ വസിക്കുന്നതിനു നിര്‍മിക്കപ്പെട്ട ആലയവും പേടകവും എപ്രകാരം ക്രമീകരിക്കപ്പെടണമെന്നും അഭിഷേചിച്ച് വിശുദ്ധീകരിക്കണമെന്നും ദൈവം മൂശയോടു നിര്‍ദേശിക്കുന്നതും മൂശ കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച് അവ സ്ഥാപിക്കുന്നതും വിശുദ്ധീകരിക്കുന്നതുമാണ് പ്രതിപാദ്യം. മൂശ കര്‍ത്താവിന്റെ ഹിതമനുസരിച്ച് അവിടുത്തേക്ക് ഒരു ആലയം നിര്‍മിച്ച് പ്രതിഷ്ഠിക്കുന്നു. ദൈവാലയങ്ങള്‍ നിര്‍മിക്കപ്പെടേണ്ടത് കര്‍ത്താവിന്റെ ഹിതമനുസരിച്ചായിരിക്കണമെന്നു തിരുവചനം ഓര്‍മിപ്പിക്കുന്നു.
രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍നിന്നുമുള്ള രണ്ടാം പ്രഘോഷണം സോളമന്‍രാജാവ് ദൈവാലയം നിര്‍മിച്ച് സമര്‍പ്പിച്ചതിനുശേഷം നടത്തുന്ന പ്രാര്‍ഥനയുടെ ഭാഗമാണ്. കര്‍ത്താവിന്റെ നാമം വഹിക്കുന്ന ആലയത്തിന്മേല് അവിടുത്തെ കൃപാകടാക്ഷം രാപകല്‍ ഉണ്ടായിരിക്കണമെന്നും അവിടുത്തെ ദാസന്റെ പ്രാര്‍ഥനകളും യാചനകളും ശ്രവിക്കണമെന്നും സോളമന് അപേക്ഷിക്കുന്നു. ദൈവസന്നിധിയിലേക്കു കരങ്ങളുയര്ത്താനുള്ള സ്ഥലമാണ് ദൈവാലയമെന്ന് സോളമന് ഓര്‍മപ്പെടുത്തുന്നു.
സുവിശേഷഭാഗത്തു കാണുന്നത് ദൈവാലയത്തേക്കാള്‍ ശ്രേഷ്ഠനും സാബത്തിന്റെ അധീശനനുമായ ഈശോയുടെ വാക്കും പ്രവൃത്തിയുമാണ്. സാബത്തില്‍ ഈശോയുടെ ശിഷ്യന്മാര് നിഷിദ്ധമായ പ്രവൃത്തി ചെയ്യുന്നു എന്നാരോപിച്ചുകൊണ്ട് ഈശോയെ സമീപിച്ച ഫരിസയരോട്, ദൈവാലയത്തില്‍ ദാവീദും അനുചരന്മാരും പ്രവേശിച്ച് അവര്‍ക്കു നിഷിദ്ധമായിരുന്ന അപ്പം ഭക്ഷിച്ചതും (1 സാമു. 21:1-6) ദൈവാലയത്തിലെ പുരോഹിതര്‍ സാബത്തിലും ജോലിചെയ്യുന്നുവെങ്കിലും (ലേവ്യ. 24:5-9; സംഖ്യ. 28:9,10) കുറ്റവിമുക്തരാക്കപ്പെടുന്നതും പരാമര്‍ശിച്ചുകൊണ്ട് മനുഷ്യപുത്രന് സാബത്തിന്റെയും കര്‍ത്താവാണെന്നും ദൈവാലയത്തെക്കാല് വലിയവനാ െണന്നും വ്യക്തമാക്കുന്നു. ദൈവാലയശുശ്രൂഷയുടെ ഔന്നത്യം സാബത്തുനിയമത്തെ മറികടക്കുന്നതിനു പര്യാപ്തമായിരുന്നതു പോലെ മിശിഹായുടെ സാന്നിധ്യം ശ്ലീഹന്മാരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നുവെന്നു തിരുവചനം പറയുന്നു. കാരണം അവിടുന്ന് ദൈവാലയത്തെക്കാള്‍ മഹത്ത്വമുള്ളവനാണ്. സാബത്തില്‍ നന്മചെയ്യുന്നത് അനുവദനീയമാണെന്നതു വ്യക്തമാക്കി കൈ ശോഷിച്ച ഒരു മനുഷ്യനെ സാബത്തില്‍ സിനഗോഗില്‍വച്ച് സുഖപ്പെടുത്തിക്കൊണ്ട് സാബത്ത് നന്മചെയ്യുന്നതിനുള്ളതാെണന്ന് ഈശോ പഠിപ്പിക്കുന്നു. സാബത്ത് നന്മ ചെയ്യുന്നതിനുള്ളതാണ്; ജീവന് സംരക്ഷിക്കുന്നതിനുള്ളതാണ്. സാബത്ത് യഥാര്‍ഥത്തില്‍ ദൈവസാന്നിധ്യത്തിലായിരിക്കുന്നതാണ്, ദൈവൈക്യത്തില്‍ ആയിരിക്കുന്നതാണ്.
ഈ ഭൂമിയിലെ ദൈവാലയങ്ങളും സിംഹാസനങ്ങളുമെല്ലാം സ്വര്‍ഗത്തിന്റെ പ്രതിരൂപം മാത്രമാെണന്നും സ്വര്‍ഗീയസ്ഥലത്തിന്റെ സാദൃശ്യവും മാതൃകയുമാണ് ഭൗമികദൈവാലയങ്ങളും സിംഹാസനങ്ങളുമെല്ലാമെന്നു വചനം നമ്മോടു പറയുന്നു. മിശിഹാ നിത്യതയില്‍ അര്‍പ്പിച്ച ഏകബലിയാണ് കാല്‍വരിയില്‍ യാഥാര്ഥ്യമാക്കപ്പെട്ടതും ഇന്നും ദൈവാലയങ്ങളിലെ അള്‍ത്താരകളില്‍ അര്‍പ്പിക്കപ്പെടുന്നതും. മിശിഹായുടെ കുരിശു മരേണാത്ഥാനത്തിലൂടെ മനുഷ്യകുലത്തെ വീണ്ടെടുക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പും ദൈവപിതാവിന്റെ മുമ്പിലുള്ള മിശിഹായുടെ സമര്‍പ്പണവുമാണ് പള്ളിക്കൂദാശക്കാലത്ത് പ്രത്യേകം അനുസ്മരിക്കുന്നത്. മിശിഹായുടെ എന്നന്നേക്കുമുള്ള ഏകബലിയില്‍ പങ്കാളികളാകുകയാണ് ഭൗമികമായ ദൈവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ബലിയര്‍പ്പണങ്ങളിലൂടെ. മിശിഹാ നിത്യതയില്‍ അര്‍പ്പിക്കുന്ന ഏകബലിയില്ത്തന്നെ നാം പങ്കാളികളാവുകയാണ് ചെയ്യുന്നത്. സാബത്താചരണങ്ങളെല്ലാം മിശിഹായോടൊത്തു നിത്യതയില്‍ ദൈവപിതാവിന്റെ പക്കല്‍ ആയിരിക്കുന്നതിന്റെ പ്രതിരൂപംതന്നെയാണ്. പുതിയനിയമത്തില്‍ സാബത്ത് മിശിഹായോടൊത്ത് ആയിരിക്കുന്നതാണ്. അവിടുത്തെ ബലിയില്‍ പങ്കാളികളാകുന്നതാണ്.
ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
