ഒക്‌ടോബര്‍ 26
ഏലിയാസ്ലീവാ മൂശക്കാലം എട്ടാം ഞായര്‍
മൂശെ നാലാം ഞായര്‍
നിയ 12:29-32 ഏശയ്യ 42:1-9
1 തിമോ 5:1-10 മത്താ 22:23-33
ഏലിയാ സ്ലീവാ മൂശക്കാലത്തെ അവസാനഞായറാഴ്ചയായ ഇന്ന് ദൈവവചനപ്രഘോഷണങ്ങളെല്ലാം തെറ്റായ പ്രബോധനങ്ങളില്‍ വീഴാതിരിക്കുന്നതിനെക്കുറിച്ചും ശരിയായവിധത്തില്‍ പ്രബോധനങ്ങള്‍ നല്കുന്നതിനെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത് മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രബോധനമാണ്. ഈശോയുടെ പഠിപ്പിക്കലിന്റെ പ്രധാനവിഷയം സ്വര്‍ഗരാജ്യവും സ്വര്‍ഗരാജ്യപ്രവേശനവും മരണാനന്തരജീവിതവുമായിരുന്നു. ആദിമസഭയുടെ വിശ്വാസത്തിന്റെ കേന്ദ്രവും മിശിഹായുടെ ഉത്ഥാനമായിരുന്നു. പൗലോസ് ശ്ലീഹാ പ്രഘോഷിക്കുന്നത് മിശിഹാ ഉയിര്‍ത്തിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസവും ഞങ്ങളുടെ പ്രസംഗവും വ്യര്‍ഥം എന്നാണ്.
മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചുള്ള ചോദ്യവുമായാണ് ഇന്നത്തെ സുവിശേഷഭാഗം ആരംഭിക്കുന്നത്. സദുക്കായരാണ് ചോദ്യമുയര്‍ത്തുന്നത്. യഹൂദന്മാരുെട അധികാരശ്രേണിയില്‍ മുമ്പന്തിയില്‍ ഉള്ളവരായിരുന്നു സദുക്കായര്‍. തോറായായിരുന്നു ഇവര്‍ സുപ്രധാനഗ്രന്ഥമായി കരുതിയിരുന്നത്. തോറായില്‍, മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു വ്യക്തമായ പ്രതിപാദ്യം ഇല്ലാത്തതുകൊണ്ട് ഇസ്രയേല്‍ക്കാരുടെയിടയില്‍ ക്രമേണ വെളിവാക്കപ്പെട്ട മരിച്ചവരുടെ ഉത്ഥാനം എന്ന യാഥാര്‍ഥ്യത്തോട് ഇവര്‍ പൊരുത്തപ്പെട്ടിരുന്നില്ല. ഈശോയുടെ പഠിപ്പിക്കലിനെ ഇവര്‍ നിരന്തരം ചോദ്യം ചെയ്തിരുന്നു.
ഒരിക്കല്‍ ഈശോ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് എതിര്‍വാദമുളവാക്കാന്‍ ഒരു ദൃഷ്ടാന്തവുമായി സദുക്കായര്‍ ഈശോയെ സമീപിക്കുകയാണ്. തോറായില്‍ (മൂശയുടെ ഗ്രന്ഥത്തില്‍) പറഞ്ഞിരിക്കുന്നതനുസരിച്ച് വിവാഹിതനായ ഒരുവന്‍ മക്കളില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ ആ സ്ത്രീയെ സ്വീകരിച്ച് മരണപ്പെട്ട സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണം എന്നുണ്ടായിരുന്നു. ഈ നിയമത്തിന്റെ പശ്ചാത്തലം പിടിച്ച് ഈശോയെ വാക്കില്‍ക്കുടുക്കുന്നതിനുവേണ്ടി സദുക്കായര്‍ ഒരു ദൃഷ്ടാന്തം ഉണ്ടാക്കുകയാണ്. ഏഴു സഹോദരന്മാര്‍ക്കു ഭാര്യയായ ഒരുവള്‍ പുനരുത്ഥാനത്തില്‍ ആരുടെ ഭാര്യയായിരിക്കും? ഈ ദൃഷ്ടാന്തം അവതരിപ്പിച്ചുകൊണ്ട് മരിച്ചവരുടെ പുനരുത്ഥാനം എന്നകാര്യം അര്‍ഥരഹിതമാണ് എന്നു വാദിക്കുകയാണ് സദുക്കായരുടെ ലക്ഷ്യം. ആ ചോദ്യത്തിന് ഉത്തരം നല്കാതെ സദുക്കായരുടെ പ്രബോധനങ്ങളും അവകാശവാദങ്ങളും തീര്‍ത്തും തെറ്റാണെന്ന് ഈശോ പ്രഖ്യാപിക്കുകയാണ്. വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാല്‍ അവര്‍ക്കു തെറ്റു പറ്റിയിരിക്കുന്നു എന്നാണ് ഈശോ പറയുന്നത്. അവര്‍ വിശുദ്ധലിഖിതങ്ങളെയും ദൈവത്തിന്റെ ശക്തിയെയും കേവലം മാനുഷികതലത്തില്‍മാത്രമാണ് കാണുന്നത്. അതിനാലാണ് അവര്‍ക്കു തെറ്റുപറ്റുന്നത്. സദുക്കായരുടെ തെറ്റായ പ്രബോധനങ്ങളെക്കുറിച്ചു ജാഗ്രത പുലര്‍ത്തണമെന്ന് ഈശോ കൂടക്കൂടെ ഓര്‍മിപ്പിച്ചിരുന്നു. സദുക്കായരുടെയും പ്രീശരുടെയും പുളിമാവിനെക്കുറിച്ചു സൂക്ഷിക്കാന്‍ ഈശോ പറയുമ്പോള്‍ ലക്ഷ്യം വച്ചിരുന്നത് അവരുടെ തെറ്റായ പ്രബോധനങ്ങളെ സൂക്ഷിക്കണം എന്ന കാര്യമാണ്. കാണപ്പെടുന്ന സൃഷ്ടവസ്തുക്കള്‍ക്കുമുപരിയായി ദൈവത്തെയും ദൈവികകാര്യങ്ങളെയും അവര്‍ കരുതിയിരുന്നില്ല. അതിനാല്‍ അവര്‍ക്കു തെറ്റുപറ്റിയിരുന്നു. ഈശോമിശിഹായിലൂടെ വെളിവാക്കപ്പെട്ടതും പഴയനിയമത്തിന്റെ പൂര്‍ത്തീകരണവുമായ ദൈവത്തെക്കുറിച്ചുള്ള അറിവ് അവര്‍ സ്വീകരിച്ചിരുന്നില്ല. ഭൗതികതലത്തില്‍ ജീവിക്കാനുള്ള നിയമങ്ങളും നിര്‍ദേശങ്ങളും മാത്രം നല്കുന്ന ഒരു നിയമദാതാവായിട്ടാണ് ദൈവത്തെ കണ്ടിരുന്നത്. ഈശോമിശിഹാ അതു തിരുത്തി പഠിപ്പിക്കുന്നു. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന കാലത്തേക്കുവേണ്ടിയുള്ള ഒരുകാര്യം മാത്രമാണ് ദൈവം എന്ന അവരുടെ ചിന്തയെ ഈശോ മാറ്റുകയാണ്. ദൈവം എന്നും ജീവിക്കുന്നവനാണ് എന്നും. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും ജീവിക്കുന്നു എന്നും ഈശോ വ്യക്തമാക്കുന്നു. അബ്രാഹവും ഇസഹാക്കും യാക്കോബും ദൈവത്തിന്റെ സന്നിധിയില്‍ ഇപ്പോഴും ജീവിക്കുന്നു എന്നും അവിടുത്തെ സന്നിധിയല്‍ മരിച്ചവര്‍ ഇല്ല, അവിടുന്ന് നിത്യം ജീവിക്കുന്നവനാണ് എന്നും ഈശോ വ്യക്തമാക്കുന്നു. ഭൗമികതലത്തിലുള്ള ജീവിതം സ്വര്‍ഗതലത്തിലുള്ളതില്‍നിന്നു തികച്ചും വ്യത്യസ്തമാണെന്നും സ്വര്‍ഗതലത്തില്‍ എല്ലാവരും ദൈവത്തിന്റെ മാലാഖമാരെപ്പോലെയാണെന്നും ഈശോ വ്യക്തമാക്കുന്നു.
തെറ്റായെ ദൈവസങ്കല്പങ്ങളുടെ പിന്നാലെ, മാനുഷിക കണ്ടെത്തലുകളായ ദൈവങ്ങളുടെ പിന്നാലെ പോകരുതെന്ന കാര്യമാണ് നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുമുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ പറയുന്നത്. ജനതകളുടെയിടയില്‍ നിലനിന്നിരുന്ന ദൈവസങ്കല്പങ്ങളുടെ പിന്നാലേ പോകരുത്. തങ്ങളുടെ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിന് മനുഷ്യബലിയര്‍പ്പണം തുടങ്ങി പല മ്ലേച്ഛപ്രവൃത്തികളും ജനതകള്‍ ചെയ്തിരുന്നു. അപ്രകാരമുള്ള തെറ്റായ അറിവുകളുടെ പിന്നാലെ ചരിക്കാതെ കര്‍ത്താവിന്റെ നിയമമനുസരിച്ചു ജീവിക്കാനാണ് മൂശയിലൂടെ കര്‍ത്താവ് അരുള്‍ചെയ്യുന്നത്. കര്‍ത്താവിനു മഹത്ത്വം നല്കാനും അവിടുത്തെ മഹത്ത്വത്തിനു നിരക്കാത്ത യാതൊരു പ്രവൃത്തികളിലും വ്യാപരിക്കരുതെന്നും നിയമാവര്‍ത്തനഗ്രന്ഥത്തില്‍നിന്നുമുള്ള വചനം പ്രബോധിപ്പിക്കുന്നു. വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള പ്രവചനമാണ് ഏശയ്യായുടെ പുസ്തകത്തില്‍നിന്നു ശ്രവിക്കുന്നത്. മുളപൊട്ടുന്നതിനുമുമ്പേ വരാനിരിക്കുന്ന കര്‍ത്താവിന്റെ അഭിഷിക്തനെക്കുറിച്ച് അറിവുനല്കുന്ന പ്രവചനമാണ് ഏശയ്യായുടെ പുസ്തകത്തില്‍നിന്നുമുള്ളത്. അവിടുന്ന് എല്ലാ ജനതകള്‍ക്കും നീതി പ്രദാനം ചെയ്യുന്നവനാണ്. കര്‍ത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവനും പ്രീതിപാത്രവുമായ അവിടുത്തെ വാക്കുകള്‍ക്കു ചെവികൊടുക്കണമെന്നാണ് പ്രവാചകന്‍ പറയുന്നത്.
തെറ്റായ പ്രബോധനങ്ങളിലും പ്രവൃത്തികളിലും വീണുപോകാതെ എല്ലാവരെയും ഉപദേശിക്കണമെന്നാണ് പൗലോസ്ശ്ലീഹാ തിമോത്തിയോസിനെഴുതിയ ലേഖനത്തിലൂടെ പഠിപ്പിക്കുന്നത്. ആധുനികകാലത്തും മരണത്തെക്കുറിച്ചും യുഗാന്തത്തെക്കുറിച്ചും പലപ്പോഴും തെറ്റായ പ്രബോധനങ്ങളുണ്ടാകുമ്പോള്‍ യഥാര്‍ഥ വിശ്വാസത്തോടു ചേര്‍ന്നുനിന്ന് വിശ്വാസത്തില്‍ ആഴപ്പെടണമെന്നാണ് ഇന്നത്തെ തിരുവചനഭാഗങ്ങള്‍ പറയുന്നത്. മിശിഹായുടെ ഉത്ഥാനത്തില്‍ പങ്കാളികളായി നിത്യജീവന്‍ പ്രാപിക്കുന്നതിന് യോഗ്യമായവിധത്തില്‍ ജീവിക്കാന്‍ ഏലിയാ സ്ലീവാ മൂശക്കാലം നമ്മെ ആഹ്വാനം ചെയ്യുന്നു.