ഡിസംബര്‍ 14 മംഗളവാര്‍ത്തക്കാലം മൂന്നാം ഞായര്‍
ഉത്പ 21:1-12 ഏശ 40:1-11
1 കോറി 1:26-31 ലൂക്കാ 1:57-66
മംഗളവാര്‍ത്തക്കാലം ഒന്നാം ആഴ്ചയില്‍ സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചും കഴിഞ്ഞയാഴ്ചയില്‍ ഈശോയുടെ ജനനത്തെക്കുറിച്ചുമുള്ള മംഗളവാര്‍ത്ത ധ്യാനിച്ച ആരാധനാസമൂഹം ഇന്നു സുവിശേഷത്തില്‍നിന്നു ധ്യാനവിഷയമാക്കുന്നത് ഒന്നാമത്തെ ഞായറാഴ്ചത്തെ അറിയിപ്പിന്റെ പൂര്‍ത്തീകരണമാണ്; അതായത്, സ്നാപകയോഹന്നാന്റെ ജനനം. ഒന്നാം ഞായറാഴ്ചയിലെ ആദ്യവായന ഉത്പത്തിപ്പുസ്തകത്തില്നിന്നുള്ളതും അബ്രാഹത്തിന് ഒരു പുത്രന് ജനിക്കുമെന്നുള്ളതുമായ അറിയിപ്പായിരുന്നു. ആ വാഗ്ദാനം യാഥാര്‍ഥ്യമാകുന്ന കാര്യമാണ് മൂന്നാം ഞായറാഴ്ച ഒന്നാം വായനയായി ശ്രവിക്കുന്നത്.
വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കുന്ന, ഉടമ്പടിയോട് അചഞ്ചലമായ വിശ്വസ്തത കാണിക്കുന്ന ദൈവത്തെയാണ് വിശുദ്ധബൈബിളില് നാം കാണുന്നത്. ദൈവം അബ്രാഹത്തെ വിളിക്കുമ്പോള്‍ മൂന്നു വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്: നിന്നെ വലിയ ഒരു ജനതയാക്കും, നിന്റെ നാമം മഹത്തരമാക്കും, നിന്നെ ഞാന്‍ അനുഗ്രഹിക്കും (ഉത്പ 12:13). ഈ മൂന്നു വാഗ്ദാനങ്ങളും പിന്നീട് ഉടമ്പടികളായി സ്ഥാപിക്കുന്നുണ്ട് (ഉത്പ 15; 17; 22). തുടര്‍ന്ന് രക്ഷാകരചരിത്രത്തില്‍ ഈ മൂന്ന് ഉടമ്പടികളോടും അചഞ്ചലമായ വിശ്വസ്തത പുലര്‍ത്തുന്ന ദൈവത്തെ കാണാന്‍ സാധിക്കും. ഇസ്രയേലിന്റെ ചരിത്രത്തിലൂടെ ക്രമേണ രക്ഷാകരപദ്ധതി അനാവൃതമാകുന്നതു കാണാന്‍ സാധിക്കും.
അബ്രാഹത്തിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തന്ന ദൈവത്തെ അബ്രാഹം കൂടുതലായി മനസ്സിലാക്കുന്നതുപോലെ ദൈവത്തിന്റെ കാരുണ്യത്തെ കൂടുതലായി മനസ്സിലാക്കി എറ്റുപറയുന്ന സഖറിയായെയും എലിസബത്തിനെയുമാണ് സുവിശേഷത്തില്‍ നാം കെണ്ടത്തുന്നത്. ദൈവം കാണിച്ച കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവര്‍ തങ്ങളുടെ മകന് യോഹന്നാന് എന്നു പേരു നല്കുന്നു. അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവന്റെ ജനന വാര്‍ത്തയോട് (ലൂക്കാ 1:41), ദൈവത്തിന് കരം കൂടെയുണ്ടായിരുന്നവന്റെ ജനനവാര്ത്തയോടു (ലൂക്കാ 1:66) ചേര്‍ത്ത് വാഗ്ദാനത്തിന്റെ പുത്രന്റെ, ഉടമ്പടിയുടെ പുത്രന്റെ ജനനത്തെക്കുറിച്ചാണ് ഒന്നാമത്തെ വായനയില്‍ ശ്രവിക്കുന്നത്.
ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുമുള്ള രണ്ടാമത്തെ വായനയില്‍ ഇസ്രായേല്‍ജനത്തിനു നല്കുന്ന ഒരു മംഗളവാര്ത്തയാണു കേള്‍ക്കുന്നത്. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രയേല്ജനത്തിനുള്ള വിമോചനത്തെക്കുറിച്ചുള്ള വാര്‍ത്ത. ഇദംപ്രഥമമായി അടിമത്തത്തില്‍നിന്നുള്ള മോചനമാണ് ഇവിടെ പറയുന്നതെങ്കിലും വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള പ്രവചനംകൂടിയാണ്.
കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിലൂടെ പൗലോസ്ശ്ലീഹാ പറയുന്നതും ദൈവികതിരഞ്ഞടുപ്പിനെക്കുറിച്ചാണ്. ദൈവം തന്റെ പദ്ധതി നടപ്പിലാക്കുന്നതിനായി കാലാകാലങ്ങളില്‍ അതിനു ചേര്‍ന്ന ആളുകളെ വിളിക്കുകയും നയിക്കുകയും തന്റെ നീതിയും ജ്ഞാനവും നല്കി വീണ്ടെടുപ്പ് യാഥാര്‍ഥ്യമാക്കുകയും ചെയ്തു എന്ന് ശ്ലീഹാ പറയുന്നു.
ഇന്നത്തെ സുവിശേഷഭാഗത്തു കാണുന്ന മൂന്നു വ്യക്തികളുടെ പേരുകള്‍ സഖറിയ, എലിസബത്ത്, യോഹന്നാന് എന്നിവയാണ്. ദൈവത്തിന്റെ പ്രത്യേകമായ ഈ ഇടപെടലുകള്‍ മനുഷ്യചരിത്രത്തില്‍ എന്തുകൊണ്ടാണ് എന്ന് ഈ പേരുകള്‍ സൂചിപ്പിക്കുന്നുണ്ട്. സഖറിയ എന്ന വാക്ക് സഖാര്‍ + യാഹ്വേ എന്ന വാക്കുകള്‍ ചേര്‍ന്നുണ്ടാകുന്നതാണ്. അതിന്റെ അര്‍ഥം കര്‍ത്താവ് ഓര്‍ക്കുന്നു എന്നാണ് (സഖാര്‍ = ഓര്‍ക്കുക + യാഹ്വേ = കര്‍ത്താവ്). എന്താണ് കര്‍ത്താവ് ഓര്‍ത്തത് എന്ന് എലിസബത്ത് എന്ന വാക്ക് നമുക്കു പറഞ്ഞുതരുന്നുണ്ട്. എലിസബത്ത് എന്ന പേരിന്റെ ഹീബ്രുരൂപം ഏലീശ്വാ എന്നാണ്. എലിസബത്ത് എന്നത് ഗ്രീക്കുരൂപമാണ്. ഏലീശ്വാ എന്ന പേരും ഏല് + ശ്വഅ എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നുള്ളതാണ് അതിന്റെ അര്‍ഥം ദൈവത്തിന്റെ ശപഥം എന്നാണ് (ഏല്=ദൈവം+ ശ്വഅ = ശപഥം). മൂന്നാമത്തെ വ്യക്തി യോഹന്നാന് ആണ്. യോഹന്നാന് എന്ന പേര് യാഹ്വേ+ഹന്നാന്‍ എന്ന വാക്കുകള്‍ ചേര്‍ന്നാണ്. അതിന്റെ അര്‍ഥം കര്‍ത്താവ് കാരുണ്യവാനാകുന്നു എന്നാണ് (യാഹ്വേ=കര്‍ത്താവ്+ഹന്നാന്‍=കാരുണ്യം).
മനുഷ്യചരിത്രത്തിലെ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലുകള്‍ക്കു കാരണം ദൈവം തന്റെ ശപഥം ഓര്‍ക്കുന്നതുകൊണ്ടാണ്. ഏതു പ്രതിജ്ഞ എന്നു ചോദിച്ചാല്‍ പിശാചിന്റെ കൗശലത്തില്‍ വീണുപോയ മനുഷ്യകുലത്തെ രക്ഷിക്കാന്‍വേണ്ടി ദൈവം ചെയ്ത ആദ്യശപഥം (ഉത്പത്തി 3:15). മനുഷ്യകുലത്തെ രക്ഷിക്കാന്‍ ഒരു രക്ഷകന് വരുമെന്ന ശപഥം. ആ ശപഥം നിര്‍വഹിക്കുന്നതിനുവേണ്ടി ദൈവം പലപ്പോഴും ചരിത്രത്തില്‍ പ്രത്യകമായി ഇടപെടുന്നു. അതിനുവേണ്ടിയാണ് ദൈവം അബ്രാഹത്തെ വിളിച്ചതും അവനുമായി ഉടമ്പടി സ്ഥാപിക്കുന്നതും, ആ ഉടമ്പടിയുടെ പൂര്‍ത്തീകരണത്തിനായി അബ്രാഹത്തിലുടെ ഒരു ജനതയെ വാര്‍ത്തെടുക്കുന്നതും അവരുമായി ഒരുടമ്പടിയുണ്ടാക്കുന്നതും (ഉത്പത്തി 15; പുറപ്പാട് 19). എന്നാല്‍, ആ ജനം ദൈവത്തോടുള്ള ഉടമ്പടി ലംഘിക്കുകയും ദൈവത്തെ മറക്കുകയും ചെയ്തു. ജനം ദൈവത്തെ മറന്നാലും ദൈവം ജനത്തോടുള്ള ശപഥം ഓര്‍ത്തു, അവന് അവരോട് കാരുണ്യം കാണിച്ചു. ദൈവത്തിന്റെ ആ കാരുണ്യമാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തിനു വഴിയൊരുക്കാന്‍ വന്ന യോഹന്നാന്. യോഹന്നാന്റെ ജനനം വിളിച്ചറിയിക്കുന്നതുപോലെ ദൈവത്തിന്റെ കാരുണ്യം ഇന്നു നാം അനുഭവിക്കുന്നത് ദിവ്യകാരുണ്യത്തിലാണ്. ദൈവം ജനത്തോടു കാരുണ്യം കാണിച്ച് യോഹന്നാനെ നല്കി. എന്നാല്‍, ദൈവം തന്നെത്തന്നെ നല്കി കാരുണ്യമായി മാറി. അതാണ് ദിവ്യകാരുണ്യം.
ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
