നവംബര്‍ 2 പള്ളിക്കൂദാശക്കാലം ഒന്നാം ഞായര്‍
പുറ 40:17-29, 34-38 ഏശ 6:1-8
1 കോറി 13:1-13 മത്താ 16:13-19
ആരാധനക്രമവത്സരത്തിലെ അവസാനത്തെ നാലു ഞായറാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന പള്ളിക്കൂദാശക്കാലത്തിലേക്കു നാം പ്രവേശിക്കുകയാണ്. മിശിഹായുടെ പീഡാനുഭവ കുരിശുമരണോത്ഥാനരഹസ്യങ്ങളിലൂടെ രക്ഷിക്കപ്പെട്ട സഭ മിശിഹായോടൊപ്പം സ്വര്‍ഗീയജറുസലേമില്‍ പ്രവേശിക്കുന്നതും അവിടുത്തോടൊപ്പം നിത്യം പിതാവിന്റെ ഭവനത്തില്‍ വസിക്കുന്നതുമാണ് ഈ അവസരത്തില്‍ തിരുസ്സഭാമാതാവ് ധ്യാനവിഷയമാക്കുന്നത്. സഭയുടെ യുഗാന്തോന്മുഖസ്വഭാവവും ദൈവസന്നിധിയിലുള്ള സമര്‍പ്പണവുമാണ് പ്രധാന ചിന്താവിഷയം. പഴയനിയമത്തില്‍ കാണുന്ന നാല് പ്രതിഷ്ഠാസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി നാല് ആഴ്ചകളായി ഈ ആരാധനാവത്സരത്തെ ക്രമീകരിച്ചിരിക്കുന്നു: മൂശയുടെ സമാഗമകൂടാരപ്രതിഷ്ഠ (പുറ 40:1-29); ഇസ്രയേല്‍ ജനം ഷീലോയില്‍ പ്രതിഷ്ഠിച്ച സമാഗമകൂടാരം (ജോഷ്വ 18:1); സോളമന്റെ ദൈവാലയപ്രതിഷ്ഠ (1 രാജ 8: 2 ദിന 6:17); ജോഷ്വായുടെയും സെറൂബാബേലിന്റെയും നേതൃത്വത്തിലുള്ള രണ്ടാം ദൈവാലയപ്രതിഷ്ഠ (എസ്രാ 3:2) എന്നിവയാണ് ആ നാലു പ്രതിഷ്ഠകള്‍. മിശിഹാ സ്ഥാപിച്ച സഭ യുഗാന്ത്യത്തില്‍ ദൈവപിതാവിന്റെ സന്നിധിയില്‍ പ്രതിഷ്ഠിക്കുന്നതിന്റെ പഴയനിയമപ്രതിരൂപങ്ങളായി ഈ സംഭവങ്ങളെയെല്ലാം കാണാന്‍ സാധിക്കും. ഈ കാലത്തെ ദൈവവചനവായനകളെല്ലാം ഈ ചൈതന്യം നിലനിര്‍ത്തുന്നതാണ്.
ആദ്യഞായറാഴ്ച പ്രഘോഷിക്കുന്ന ദൈവവചനഭാഗങ്ങളില്‍ ഒന്നാമത്തേത് പുറപ്പാട് പുസ്തകം 40-ാം അധ്യായത്തില്‍നിന്നുള്ളതാണ്. മൂശയോട് തനിക്കു ജനത്തിന്റെകൂടെ വസിക്കുന്നതിന് ഒരു കൂടാരവും അതിനുള്ളില്‍ ഒരു പേടകവും നിര്‍മിക്കാന്‍ ദൈവം ആവശ്യപ്പെടുന്നതും അഭിഷേകതൈലംകൊണ്ട് കൂടാരവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് വിശുദ്ധീകരിക്കാന്‍ നിര്‍ദേശിക്കുന്നതുമാണ് ഈ അധ്യായം ആദ്യഭാഗത്തു വിവരിക്കുന്നത്. തുടര്‍ന്നുള്ള വചനഭാഗമാണ് ഇന്നത്തെ ഒന്നാമത്തെ വായന. കര്‍ത്താവിന്റെ വാക്കനുസരിച്ച് കൂടാരം ക്രമീകരിക്കുന്നതും ബലിപീഠം സ്ഥാപിച്ച് അവിടുത്തേക്കു ബലിയര്പ്പിക്കുന്നതുമാണ് പ്രതിപാദ്യം. ദൈവാലയങ്ങളും അള്‍ത്താരകളും കര്‍ത്താവിന്റെ വാക്കനുസരിച്ച് ക്രമീകരിക്കണമെന്നു തിരുവചനം ഓര്‍മിപ്പിക്കുന്നു.
ഏശയ്യാപ്രവാചകനുണ്ടായ സ്വര്ഗദര്ശനമാണ് പ്രവാചകഗ്രന്ഥത്തില്നിന്നു വായിക്കുന്നത്. മഹ്വത്തീകരിക്കപ്പെട്ട സഭയുടെ ചിത്രമാണ് ഏശയ്യായുടെ ദര്‍ശനത്തില്‍ പ്രതീകാത്മകമായി കാണുന്നത്. സ്വര്ഗീയദൈവാലയമാകുന്ന സഭയുടെ മഹത്ത്വം സ്വര്‍ഗത്തിലും ഭൂമിയിലും നിറഞ്ഞിരിക്കുന്നത് ഏശയ്യാ കാണുന്നു. ഈ ഭൂമിയിലെ ദൈവാലയങ്ങള്‍ സ്വര്ഗീയദൈവാലയങ്ങളുടെ പ്രതിരൂപങ്ങള്‍ മാത്രമാകുന്നു. സ്വര്‍ഗത്തില്‍ വസിക്കുന്നവന്തന്നെയാണ് ഭൂമിയിലെ ദൈവാലയത്തിലും വസിക്കുന്നത് എന്ന് ഈ ദര്‍ശനം പഠിപ്പിക്കുന്നു.
മിശിഹാ സ്ഥാപിച്ച സഭയെന്താണെന്നും അതിന്റെ ധര്‍മം എന്താണെന്നുമാണ് ഇന്നു പ്രഘോഷിച്ച സുവിശേഷത്തില്‍ കാണുന്നത്. സഭ മിശിഹാ സ്ഥാപിച്ചതാണ്. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ് മിശിഹാ എന്ന് ഏറ്റുപറഞ്ഞ പത്രോസിന്റെ വിശ്വാസമാകുന്ന പാറമേലാണ് മിശിഹാ സഭയെ സ്ഥാപിച്ചത്. സഭയുടെ ദൗത്യം സ്വര്‍ഗത്തെ ഭൂമിയുമായും ഭൂമിയെ സ്വര്‍ഗവുമായി ബന്ധിപ്പിക്കുക എന്നതാണ്. സ്വര്‍ഗത്തിന്റെ കവാടവും താക്കോലുമാണ് സഭ. സഭയിലൂടെയാണ് എല്ലാവരും സ്വര്‍ഗത്തിലേക്കു പ്രവേശിക്കുന്നത്. ഭൂമിയില്‍ സ്വര്ഗമെത്തിക്കുക എന്നതാണ് സഭയുടെ ദൗത്യം. അതാണ് മിശിഹാ ലക്ഷ്യംവച്ച സ്വര്‍ഗരാജ്യസ്ഥാപനം. അതുകൊണ്ടാണ് ദൈവരാജ്യം നിങ്ങളുടെയിടയില്തന്നെയുണ്ട് എന്ന് അവിടുന്ന് പഠിപ്പിച്ചിരുന്നത്.
മിശിഹായാല്‍ സ്ഥാപിതമായ സഭ ഭൂമിയില്‍ എപ്രകാരമാണ് സ്വര്‍ഗരാജ്യമായി വര്ത്തിക്കേണ്ടതെന്നാണ് പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തില്‍നിന്നു ശ്രവിക്കുന്നത്. സ്നേഹത്തിന്റെ കീര്‍ത്തനമാണ് ലേഖനത്തില്‍ ഉള്ളത്. സ്നേഹത്തിന്റെ ഭാഷയായിരിക്കണം സഭയുടെ ഭാഷ. സ്നേഹത്തിലധിഷ്ഠിതമായ ജീവിതമാണ് സഭയുടെ ജീവിതം. സ്വര്‍ഗത്തെ ഭൂമിയില്‍ എത്തിക്കുന്ന സ്നേഹമാണ് സര്‍വോത്കൃഷ്ടം.
ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
